സ്വർണ്ണക്കടത്ത് കേസ് അതിന്റെ വേരുകളിലേക്ക് പോകാതെ ഇലകളിൽ മാത്രം നിൽക്കേണ്ടത് മറ്റാരേക്കാളും കേരളത്തിലെ മാധ്യമങ്ങളുടെ കൂടി ആവശ്യമാണ്

82

Jathin Das

സ്വർണ്ണക്കടത്ത് കേസ് അതിന്റെ വേരുകളിലേക്ക് പോകാതെ ഇലകളിൽ മാത്രം നിൽക്കേണ്ടത് മറ്റാരേക്കാളും കേരളത്തിലെ മാധ്യമങ്ങളുടെ കൂടി ആവശ്യമാണ് … വേരുകളിലേക്ക് പോയാൽ ഈ സ്വർണ്ണം ആർക്കാണ് വരുന്നതെന്നും ആരാണത് ആഭരണങ്ങളാക്കി മാറ്റുന്നതെന്നും ഏതൊക്കെ ഭീമൻമാരും അല്ലാത്തവരുമാണ് ഇതുപയോഗിക്കുന്നതെന്നും അന്വേഷിക്കേണ്ടി വരും .. കേരളത്തിലെ മാധ്യമങ്ങളുടെ ഏറ്റവും വലിയ പരസ്യ വരുമാനം വരുന്നത് ഈ ഇത്തരം സ്വർണ്ണാഭരണ ഭീമന്മാരിൽ നിന്നാണ്.. സ്വർണ്ണ മുതലാളിമാരെ പിണക്കിയാൽ പരസ്യവരുമാനം അതോടെ തീരുമെന്നതുകൊണ്ടുതന്നെ ഒരുമാധ്യമവും അതിലേക്കൊന്നും പോകില്ല … ഉടലഴകും ശരീരവർണ്ണനയും മസാലയും മാത്രമേ അതുകൊണ്ടുതന്നെയവർ പറയൂ … ഇതിനുമുമ്പ് സ്വർണക്കടത്ത് പിടിച്ചപ്പോഴോ ജൂവല്ലറികളിൽ റെയ്ഡ് നടന്നപ്പോഴോ ഇവരിൽ ആരെങ്കിലും “പ്രമുഖ ജുവല്ലറി” എന്നല്ലാതെ ജൂവലറിയുടെ പേര് പറയുന്നത് നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ ? ഇല്ല ..അതാണതിന്റെ എക്കണോമിക്സ് … പരസ്യപ്പണം മുഖ്യം ബിഗിലേ.

ഈ കള്ളക്കടത്തിൽ അന്വേഷണ ഏജൻസികൾ തിരയുന്ന സന്ദീപ് നായർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നയാളാണ് … അയാളുടെ രാഷ്ട്രീയ ചായ്‌വും ആ ഐഡിയിൽ പകൽ പോലെ വ്യക്തവുമാണ് … ഒരു കല്യാണാലോചന വന്നാൽ പോലും ഇപ്പോൾ ആളുകൾ ആദ്യമെടുത്തുനോക്കുക അവരുടെ ഫെയ്‌സ്ബുക്ക് ഐഡിയാണ്. സന്ദീപിന്റെ കേസ് വന്നപ്പോൾ മനോരമക്കാരനും ഏഷ്യാനെറ്റുകാരനും തീർച്ചയായും ഈ ചെക്ക് നടത്തിയിട്ടുണ്ടാകും .. അങ്ങനെ ചെയ്യാതിരിക്കാൻ മാത്രം ബുദ്ധിയില്ലാത്തവരാണ് അവരുടെ തൊഴിലാളികൾ എന്ന തോന്നൽ എനിക്കില്ല. പക്ഷെ തപ്പിയപ്പോൾ കണ്ടത് ബിജെപിയുടെ സജീവ പ്രവർത്തകനാണ് സന്ദീപ് എന്ന അവർക്ക് താല്പര്യമില്ലാത്ത വസ്തുതയാണ് … സന്ദീപിനെ സിപിഐഎമ്മുമായി കൂട്ടിക്കെട്ടാൻ അതുവഴി കഴിയില്ല എന്നുമനസ്സിലാക്കിയ അവർ നേരെ നെടുമങ്ങാട്ടെ അയാളുടെ വീട്ടിലേക്ക് ചെന്ന് അയാളുടെ അമ്മയെ കണ്ടു … കാര്യങ്ങൾ ചോദിക്കുന്നു … അവർ മകന്റെ ബിജെപി ബന്ധം പറയുന്നു … അതിനിടയിൽ ശബ്ദം താഴ്ത്തി “നിങ്ങളോ” എന്ന് മനോരമക്കാരൻ ചോദിക്കുന്നു .. അതിന് ആ അമ്മ “സിപിഐഎം ആണ്” എന്ന് പറയുന്നു … “ഞാൻ” എന്നുകൂടി അവർ ആ വാചകത്തിന്റെ അവസാനം പറയുന്നുണ്ട് .

അതിനെ സമർത്ഥപൂർവ്വം എഡിറ്റ് ചെയ്ത് “നിങ്ങളോ” എന്ന ചോദ്യം ഒഴിവാക്കി “ഞാൻ ” എന്നത് ശബ്ദം കുറച്ച് “സന്ദീപ് സിപിഐഎംകാരനെന്ന് അമ്മ” എന്നാക്കിയ നാലാംകിട മാധ്യമധർമത്തിന്റെ പേരുകളാണ് മനോരമയും ഏഷ്യാനെറ്റും … KC ബിപിനടക്കമുള്ള മനോരമക്കാർ തിന്നുന്നത് മലമായതുകൊണ്ടും ചിന്തിക്കുന്നത് അന്നനാളം കൊണ്ടായതുകൊണ്ടും എന്തൊരാധാര്മികതയാണ് നിങ്ങളീക്കാണിക്കുന്നത് എന്ന് ചോദിക്കുന്നതിലും അയുക്തിയുണ്ട് .അവിടെ കള്ളിപൊളിച്ചത് കൈരളിയാണ് … ആ അമ്മയുടെ വാക്കുകൾ കൈരളി എഡിറ്റിങ്ങില്ലാതെ പ്രക്ഷേപണം ചെയ്തപ്പോൾ, കള്ളം പറഞ്ഞ മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്ന് ആ അമ്മ പറഞ്ഞപ്പോൾ മനോരമയ്ക്കും ഏഷ്യാനെറ്റിനും തങ്ങളുടെ കള്ളം പിൻവലിക്കേണ്ടി വന്നു .

കസ്റ്റംസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന കള്ളം ആദ്യം പറഞ്ഞത് അനിയൻ ബാവയായ കെ സുരേന്ദ്രനെന്ന ബിജെപി അധ്യക്ഷനും അതേറ്റുപിടിച്ചത് ചേട്ടൻ ബാവയായ രമേശ് ചെന്നിത്തലയുമാണ് …നാക്കിനെല്ലില്ല എന്നതുകൊണ്ട് എന്തും പറയാമെന്ന ധാരണയുള്ളവരാണ് രണ്ടുപേരും … അങ്ങനെയൊരു സംഭവം നടന്നിട്ടില്ലായെന്ന് കസ്റ്റംസ് തന്നെ പറഞ്ഞപ്പോൾ ആ നുണ പൊളിഞ്ഞു .പക്ഷെ മറ്റൊരു കാര്യം നടന്നു … ഈ ഉരുപ്പടി പിടിച്ചുവച്ചപ്പോൾ മറ്റൊരു കൂട്ടർ കസ്റ്റംസിനെ വിളിച്ചു … വിട്ടുകൊടുത്തില്ലെങ്കിൽ ജോലി തെറുപ്പിക്കും എന്നും പറഞ്ഞു .ആ വിളിച്ചത് സംഘപരിവാറിന്റെ തൊഴിലാളി സംഘടനയുടെ നേതാവായിരുന്നു … പക്ഷെ കൈരളിക്കൊഴികെ ബാക്കിയെല്ലാവർക്കും അത് “ട്രേഡ് യൂണിയൻ നേതാവ്” മാത്രമാണ് … ട്രേഡ് യൂണിയന് പേരില്ല !!… പാർട്ടി എന്നാൽ സിപിഐഎം , ട്രേഡ് യൂണിയൻ എന്നാൽ CITU എന്നൊരു പൊതുബോധം ഉണ്ടാക്കിയെടുത്തവരാണല്ലോ ഇവർ .. അപ്പോളതങ്ങനെ CITUവിന്റെ പെടലിക്ക് കിടക്കട്ടെ എന്ന രീതി … ഇതുമായി ബന്ധപ്പെട്ട ആ നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ് .. അതും പക്ഷെ കൈരളിയൊഴിച്ചുള്ളവർക്ക് “ട്രേഡ് യൂണിയൻ നേതാവിന്റെ വീട്ടിൽ റെയ്ഡ്” എന്നാകും …പിണറായിയെയൊന്ന് കശക്കിക്കളയാം എന്ന ധാരണയിൽ ഇറങ്ങിയ കോൺഗ്രെസ്സുകാരോടും ലീഗുകാരോടും ആദ്യമേ പറഞ്ഞിരുന്നു ഇതൊക്കെ കറങ്ങിത്തിരിഞ്ഞ് നിങ്ങളിലേക്ക് തന്നെയാകും എത്തുകയെന്ന് … വള്ളിക്കാട് കസ്റ്റംസ് റെയ്ഡ് നടത്തിത്തുടങ്ങിയിട്ടുണ്ട്… എല്ലാം വള്ളികൾ പൊട്ടിച്ച് വെളിയിൽ വരട്ടെ .

ഇടതുപക്ഷക്കാരോട്, വിശിഷ്യാ സിപിഐഎമ്മുകാരോട് – പാർട്ടിയെ സകലമാന മാധ്യമങ്ങളും വളഞ്ഞിട്ടുകൊത്തിയപ്പോഴും , എല്ലാ ന്യൂനതകളും ബാലാരിഷ്ടതകളും നിലനിൽക്കെത്തന്നെ നുണകളുടെ കൂമ്പാരങ്ങളെ തങ്ങളാലാവുംവിധം തുറന്നുകാട്ടാൻ എക്കാലവും ശ്രമം നടത്തിയിട്ടുള്ള ടീമാണ് കൈരളി. അതുകൊണ്ട് 24 കാരനടക്കമുള്ള സകലവരെയും ചാരി കൈരളിയെ കുറ്റം പറയുന്ന ഏർപ്പാട് പൊടിക്കങ് കുറക്കാം … അയൽക്കാരനെ കാട്ടി അപ്പനെ കുറ്റം പറയുന്ന ഏർപ്പാടാണത് … അപ്പൻ അപ്പനും അയൽക്കാരൻ അയൽക്കാരനും മാത്രമാണ് … കൈരളി പെർഫെക്‌ടാണ്‌ എന്നല്ല … അവർ ക്രിയാത്മകമായി വിമർശിക്കപ്പെടുകയും വേണം … പക്ഷെ അപ്പോഴും കൈരളിയെ വിമർശിക്കാൻ നിങ്ങൾ കൂട്ടുപിടിക്കുന്നവന്റെ കയ്യിലൊരു കഠാരയുണ്ടെന്നും അവസരം കിട്ടിയാൽ ആ കഠാര ഏതുനിമിഷവും അവർ നിങ്ങളുടെതന്നെ പള്ളക്ക് കേറ്റാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ കുത്തേറ്റ് വീണാൽ നിങ്ങൾക്ക് സഹായമായി വരിക കുത്തിയവന്റെ ചുമലിൽ കൈവെച്ച് ഇത്രയും നേരം നിങ്ങൾ കുറ്റം പറഞ്ഞ കൈരളിയായിരിക്കും എന്നുമുള്ള മിനിമം ബോധ്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കുക ..