പിണറായി വിജയൻ ടീച്ചറെ സൈഡിലിരുത്തി പത്രസമ്മേളനം നടത്താൻ തുടങ്ങിയത് എന്നുമുതൽ എന്നറിയാമോ ? ആരാണ് കാരണമെന്നറിയാമോ ?

147
Jathin Das
നിങ്ങൾ ശ്രദ്ധിച്ചോ ? കോവിഡ് 19 കേരളത്തിൽ രണ്ടാമത് റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം മുതൽ മൂന്നുദിവസം പത്രസമ്മേളനം നടത്തിയിരുന്നത് ശൈലജ ടീച്ചർ ആയിരുന്നു.. അപ്പോഴാണ് രമേശ് ചെന്നിത്തലയും കൂട്ടരും കൂവൽ കലാപരിപാടിയിൽ തുടങ്ങി ടീച്ചറെ വ്യക്തിപരമായി ആക്രമിക്കുന്നതും ടീച്ചർക്ക് മീഡിയ മാനിയ ആണെന്നടക്കമുള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും.. അതുവരെ പിറകിലായിരുന്ന പിണറായി വിജയൻ അന്നുമുതലാണ് ടീച്ചറെ സൈഡിലിരുത്തി പത്രസമ്മേളനം നടത്താൻ തുടങ്ങിയത്.
ഒരു ക്യാപ്റ്റന്റെ ഗുണം നിങ്ങൾക്കവിടെ കാണാം .. ടീച്ചർക്കെതിരായ ചെന്നിത്തലയുടെ ആക്രമണത്തിന് ” മഹാമാരി വരുമ്പോൾ മനുഷ്യനെ അതിനുവിട്ടുകൊടുക്കാൻ പറ്റില്ല , പ്രതിരോധിക്കാൻ ആവുന്നതൊക്കെ ചെയ്യും , മനുഷ്യൻ ജീവിച്ചിരുന്നാലല്ലേ ബാക്കിയൊക്കെയുള്ളൂ” എന്ന വ്യക്തമായ ഭാഷയിൽ മറുപടി നൽകിയത് പിണറായി ആയിരുന്നു .. ടീമിലെ ഒരാളെ ആക്രമണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിച്ചുനിർത്താനുള്ള ആ ഗുണമുണ്ടല്ലോ.. ഒരു ലീഡറുടെ പ്രധാനഗുണം അതാണ് … ആ ഗുണമാണ് കേരളമാകെ അനുഭവിക്കുന്നതും… തലക്കുമുകളിൽ വെള്ളംവന്നാൽ അതിനും മുകളിൽ തുഴയെറിയും എന്ന ആത്മവിശ്വാസം കൂടെയുള്ളവർക്ക് പകർന്നുനൽകുക എന്നത് ചില്ലറകാര്യമല്ല.
വിഭാഗീയത കൊടുമ്പിരി കൊള്ളുന്ന മലപ്പുറം സംസ്ഥാന സമ്മേളന കാലത്ത് കേട്ടൊരു കഥയുണ്ട്… ഐസക്കിനെയും വേറെ രണ്ടുമൂന്നുപേരേയും സംസ്ഥാന കമ്മിറ്റി പാനലിൽ നിന്നും ഒഴിവാക്കിയാൽ മത്സരം ഒഴിവാക്കാമെന്നും വിട്ടുവീഴ്ചചെയ്യാമെന്നും കമ്മിറ്റിയിൽ വിഭാഗീയതയുടെ വക്താക്കളുടെ ഓഫർ വരുന്നു.. അന്ന് പിണറായി പറഞ്ഞതായി പത്രങ്ങളിൽ വന്നൊരു വാചകമുണ്ട് ” വിഭാഗീയചിന്തയുടെ ഭാഗമായി ഐസക്കിനെ ഒഴിവാക്കാൻ സാധ്യമല്ല”. ഐസക്കടക്കം പാനലിലെ എല്ലാവരും വിജയിച്ചുവരുന്നു … അതിന്റെയൊക്കെ തുടർച്ചയായാണ് ഉത്തമന്മാർക്ക് ഐസക്ക് “അമേരിക്കൻ ചാരനും”, “CIAയുടെ വക്താവും ” ഒക്കെയാകുന്നത്.. ഷാജഹാൻ ഭാഗവതരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്ന മരപ്പാഴുകളാണ്… അന്നൊക്കെയും ഐസക്കിനെ അണുവിടമാറാതെ സംരക്ഷിച്ചുനിർത്തിയത് അന്നത്തെ സിപിഐഎമ്മിന്റെ കേരളത്തിലെ അമരത്തുണ്ടായിരുന്ന പിണറായിയാണ്.. ആ തോമസ് ഐസക്കാണ് കേരളത്തിന്റെ ഇന്നത്തെ ധനമന്ത്രി ..
ആ ക്യാപ്റ്റന്റെ ഗുണം മുഖ്യമന്ത്രിയായപ്പോഴും കൈവിടാതെ കാക്കുന്നുണ്ട് പിണറായി … സർക്കാർ സംവിധാനത്തെ ഒന്നടങ്കം ഒറ്റമനസ്സാക്കി, ഒറ്റച്ചരടിൽ കോർത്തിണക്കി ചലിപ്പിക്കുക എന്നത് അത്രമേൽ ശ്രമകരമായ കാര്യമാണ്. സർക്കാർ ജീവനക്കാരുടെ ഒന്നടങ്കം വിശ്വാസം ആർജ്ജിച്ചെടുക്കാൻ ആ ടീമിന്റെ തലപ്പത്തുള്ളവർക്ക് കഴിയുന്നതിന്റെ പ്രതിഫലനമാണത് .
വാൽക്കഷ്ണം: സംഘബോധത്തിന്റെ സംഘശക്തിയുടെയും പാഠങ്ങൾ ആവോളം പഠിപ്പിക്കുന്ന പാർട്ടിയിൽ അത് പഠിച്ചും പഠിപ്പിച്ചും തന്നെയാണ് പിണറായി ഇതേവരെയെത്തിയത്. “ഞാൻ”, “എന്റെ” തുടങ്ങിയ ഏകവചനങ്ങൾ ഒരിക്കൽപോലും അയാളുടെ നിലപാടുകളിൽ കാണാറില്ല.. എക്കാലവും “ഞങ്ങൾ” “നമ്മൾ”, “നമ്മുടെ” എന്ന് പറഞ്ഞും പ്രവർത്തിച്ചും ശീലിച്ചൊരു മനുഷ്യനാണയാൾ.. എന്നെങ്കിലും എന്റേതെന്നോ ഞാനെന്നോ പറഞ്ഞുകൊണ്ടയാൾ ഏതെങ്കിലും വിഷയത്തെ സമീപിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ?