മിക്കവാറും ബിജെപിയുടെ ഐടി സെൽ രാഹുൽ ബജാജിനെ “ഷാഹുൽ ബജാജോ” “ഷാഹുൽ ഹമീദ് ബജാജോ” ആക്കും

342

Jathin Das

“Patriotism is the last refuge of a scoundrel.” എന്ന് പറഞ്ഞത് ലോകപ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായ സാമുവേൽ ജോൺസൻ ആണ്..

ഫാസിസ്റ്റുകളുടെ കാര്യം നേരെ തിരിച്ചാണ്. അവർക്കുള്ള ആദ്യ അഭയം ദേശീയത, രാജ്യസ്നേഹം, മതം എന്നിവയൊക്കെയാണ്.. അത് ലോകത്തെവിടെയും അങ്ങനെയാണ്. ഇന്ത്യയിലെ ഹൈന്ദവ-വർഗീയ-ഫാസിസ്റ്റുകളുടെ നിലയും അതിൽനിന്നും വ്യത്യസ്തമല്ല.

മുൻപൊരു ദേശീയ ചാനലിന്റെ ചർച്ചയിൽ ബിജെപി നേതാവിനോട് “ഹിന്ദു”, “മുസ്ലിം”, “പാകിസ്ഥാൻ”, “തീവ്രവാദി”, “റാം”എന്നീ വാക്കുകൾ ഉപയോഗിക്കാതെ ഒരു മിനിറ്റ് സംസാരിക്കാൻ പറ്റുമോ എന്നൊരു ലളിതമായ വെല്ലുവിളി ചർച്ചയിൽ പങ്കെടുത്ത ഒരാളുയർത്തി… വെല്ലുവിളി ഏറ്റെടുത്ത ബിജെപി നേതാവ് സംസാരിക്കാൻ തുടങ്ങി.. പതിനഞ്ച് സെക്കൻഡിൽ അയാളുടെ നാക്കിൽ “പാകിസ്ഥാൻ” വന്നു ..!!

പറഞ്ഞുവരുന്നത്, ജനങ്ങളുടെയും നാടിൻറെയും പ്രശ്നങ്ങൾക്കൊക്കെയുമുള്ള അവരുടെ ഒറ്റമൂലി ഇവയാണ്. രാജ്യം അതീവസമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നാളുകളിലും അവരുടെ ആയുധം ഇതുതന്നെയാണ്. ഗൗരവതരമായ പ്രശ്നങ്ങൾ ഉന്നയിക്കുന്നവരൊക്കെയും അവർക്ക് ദേശവിരുദ്ധരാണ്. രണ്ടുദിവസം മുൻപാണ് രാഹുൽ ബജാജ് (പ്രമുഖ വ്യവസായി) ചില വിഷയങ്ങൾ ഉന്നയിച്ചത്. ഇന്ത്യയിൽ ഭയത്തിന്റേതായ അന്തരീക്ഷം നിലനിൽക്കുന്നു എന്ന കാമ്പുള്ള വിമർശനത്തെ എങ്ങനെയാണ് ബിജെപിയും ധനകാര്യ മന്ത്രി നിർമല സീതാരാമനും നേരിടുന്നത് എന്ന് നോക്കൂ. “രാഹുലിന്റെ വിമർശനങ്ങൾ ദേശത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്” എന്നാണ് ബിജെപിയുടെ ചാണകക്കൂട്ടത്തിൽ അല്പം മെച്ചമെന്ന് നിഷ്ക്കുകളൊക്കെ പാടിനടക്കുന്ന നിർമല പറഞ്ഞത്. സർവ്വതും വിറ്റും തുലച്ചും നാടിനെ കുത്തുപാളയെടുപ്പിക്കുന്നതും പോരാ അതിനെതിരെ ആരെങ്കിലും വിമർശനമുന്നയിച്ചാൽ ഈ ഫാസിസ്റ്റുകൾ പരിചയായി ഉപയോഗിക്കുന്നത് ദേശീയതയും രാജ്യസ്നേഹവുമാണ്.. ഇനി കേൾക്കാൻ പോകുന്നത് അതിർത്തിയിലെ വെടിവെപ്പും രാജ്യസ്നേഹവുമായിരിക്കും…

മിക്കവാറും ബിജെപിയുടെ IT സെൽ രാഹുൽ ബജാജിനെ “ഷാഹുൽ ബജാജോ” ശേഷം “ഷാഹുൽ ഹമീദ് ബജാജോ” ആക്കും.. എന്നിട്ട് അയാളുടെ പൂർവ്വികർ പാകിസ്ഥാനികൾ ആണെന്നും അതിനാലാണ് അയാൾ “ദേശത്തിനെതിരെ” സംസാരിക്കുന്നത് എന്നും പോസ്റ്ററുണ്ടാക്കും. ചാണകസംഘികൾ അതൊക്കെ സോഷ്യൽ മീഡിയയിൽ പാറിനടന്നൊട്ടിക്കുകയും ചെയ്യും.. ശേഷം മിക്കവാറും പാകിസ്താനിലേക്കുള്ള ടിക്കറ്റും അയച്ചുകൊടുക്കും..

വാൽക്കഷ്ണം: ഇന്നലെ സാമ്പത്തികമാന്ദ്യത്തെ പറ്റിയുള്ള ചർച്ച മനോരമയിൽ കണ്ടു. അണികൾക്ക് പറ്റിയ നേതാവാണ് JR പദ്മകുമാർ. കേരളത്തിലെ ബിജെപി എന്തുകൊണ്ടാണ് ഗുണംപിടിക്കാത്തത് എന്ന് ആ ചർച്ച കണ്ടാൽ മനസിലാകും. ഒപ്പം പദ്മകുമാറൊക്കെ അടങ്ങുന്ന കേരളത്തെയാണല്ലോ നമ്മൾ ” സാക്ഷര കേരളം” എന്ന് വിളിക്കുന്നത് എന്നതിൽ നമ്മൾക്ക് നമ്മളോടുതന്നെ പുച്ഛം തോന്നുകയും ചെയ്യും.