ഫിറോസ് കുന്നുംപറമ്പിൽ ഇന്നലെ ആ പ്രയോഗത്തിന് മാപ്പ് പറഞ്ഞു എന്നറിഞ്ഞു സന്തോഷം. അദ്ദേഹത്തിനെ പോലെ ഒരു വ്യക്തിത്വം ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.എങ്കിലും ഇന്നലെ അഷീൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കൂടി കണക്കിൽ എടുക്കേണ്ടത് ഉണ്ട്.
സർക്കാർ സർവീസിനെ ജനസേവനം ആയി മനസ്സിലാക്കുകയും അതിനുവേണ്ടി ജീവിതം തന്നെ ഒരു സപര്യയാക്കി മാറ്റുകയും ചെയ്ത അപൂർവ്വം ഉദ്യോഗസ്ഥന്മാർ മാത്രമേ കേരളത്തിൽ ഉണ്ടാകൂ. ജീവിതത്തിൽ വളരെയേറെ ആദരവോടെ കണ്ട ഒരാൾ ഡോക്ടർ പ്രഭുദാസ് സർ ആണ്. അട്ടപ്പാടിയിലെ കോട്ടപ്പടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ അമരക്കാരൻ. പണ്ട് പുതൂർ ആശുപത്രിയിൽ അദ്ദേഹം ജോലി ചെയ്യുമ്പോൾ രോഗികളുടെ ബാത്റൂം സ്വയം വൃത്തിയാക്കിയാണ് ഓരോ ദിവസവും അദ്ദേഹം തുടങ്ങിയിരുന്നത്.
തിരുവനന്തപുരത്ത് ചെന്നാൽ സാമൂഹിക സുരക്ഷാ മിഷൻ ഓഫീസിന്റെ മുകളിൽ ഒറ്റമുറിയിൽ രാവും പകലും ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ നിങ്ങൾക്ക് കാണാം. ജോലിയും താമസവും ഒക്കെ അവിടെ തന്നെ.
കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതിൽ ഉപരിയായി സാമൂഹിക സേവനം സപര്യയാക്കിയ ആ വ്യക്തിയാണ് ഡോക്ടർ മുഹമ്മദ് അഷീൽ.എം ബി ബി എസ് പഠന സമയത്തുതന്നെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ ബിൽഡിംഗ് അഴിമതി പുറത്തുകൊണ്ടു വരികയും അതിനെ തുടർന്ന് തന്റെ ആറുമാസത്തെ ഹൗസ്സർജൻസി അങ്ങ് നിർത്തിവെച്ച് ആ ബിൽഡിംഗ് ജോലി മേൽനോട്ടം വഹിച്ച ആളുടെ ചരിത്രം അധികപേർക്ക് പരിചയം ഉണ്ടാകില്ല.
അത് കഴിഞ്ഞു കേരളത്തിന്റെ വടക്കേ അറ്റത്ത് തലമുറകൾക്ക് ദുരിതം വിധിച്ച എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഒരു പ്രധാന സംഘടനയും ഇല്ലാത്തപ്പോൾ പോലും ഒറ്റക്ക് നിന്ന വ്യക്തിയാണ് അദ്ദേഹം.അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് എതിരെ സുപ്രീംകോടതി വരെ പോയ ബഹുരാഷ്ട്ര കമ്പനിക്ക് തോറ്റു മടങ്ങേണ്ടി വന്നു.
കറങ്ങുന്ന കസേരയും കാറും ഇല്ലാതെ തന്നെ യു എന്നിൽ വരെ വിഷയം അവതരിപ്പിച്ചു സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് എൻഡോസൾഫാൻ നിരോധനം യാഥാർഥ്യമാക്കിയ വ്യക്തിത്വം. പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ശ്രീചിത്രയിൽ നിന്ന് എം പി എച്ച് പഠിച്ചു പാസായത് വെറുതെയല്ല സമൂഹത്തിന്
വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യാൻ തന്നെ ആണ്.
ആറുനില കെട്ടിടത്തിൽ രണ്ടുനിലകൾക്കു മുകളിൽ പത്തുലക്ഷത്തിലേറെ വവ്വാലുകൾ കൂടുകൂട്ടിയ ഒരു കെട്ടിടം നിങ്ങൾ കണ്ടിട്ടുണ്ടോ. ഡോക്ടർ അഷീൽ ചാർജ്ജ് എടുക്കുമ്പോൾ എൻ ഐ പി എം ആർ എന്ന കല്ലേറ്റുംകര യിലെ സ്ഥാപനത്തിന്റെ അവസ്ഥ അതായിരുന്നു. മാസങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് വവ്വാലുകളെ പായിച്ച് അതു മനുഷ്യന് കയറാവുന്ന കെട്ടിടം ആക്കി മാറ്റിയത്.ഇന്നത് ദേശീയ അന്തർദേശീയ നിലവാരമുള്ള പുനരധിവാസ ചികിത്സാകേന്ദ്രമാണ്.
ഭിന്നശേഷിയുള്ള വ്യക്തികൾക്കായി ഈ കേന്ദ്രം നടത്തിയ ‘അവസരങ്ങളുടെ ആഘോഷ’മെന്ന പ്രോഗ്രാം ഫിറോസ് കണ്ടുകാണില്ല. ഈ കാലഘട്ടത്തിന് ഇടയിൽ സർവീസിലെ മികച്ച സേവനത്തിന് രണ്ടുതവണയാണ് സർക്കാർ അദ്ദേഹത്തെ ആദരിച്ചത് എന്നും അറിയുക.
ഫിറോസ് ചെയ്യുന്ന പ്രവർത്തനത്തിന് അപ്പുറം ഏതായാലും അദ്ദേഹം ഇക്കാലത്തിനിടക്ക് ചെയ്തിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷന് ‘വി കെയർ’ എന്ന പദ്ധതി ആരംഭിച്ചതും അത് വ്യാപകം ആക്കിയതും അദ്ദേഹമാണ്. വി കെയർ പദ്ധതിയിലൂടെ തന്നെ ഒരുപാട് പേർക്ക് സഹായഹസ്തം നീട്ടാൻ കേരള സാമൂഹ്യ സുരക്ഷാ മിഷന് ആയി. അത്, ഓഡിറ്റ് ചെയ്യപ്പെടാവുന്ന കണക്കാണ്.
ഫിറോസിന്റെ ചാരിറ്റിക്ക് എല്ലാവിധ സപ്പോർട്ടും നൽകാൻ താൽപര്യവും മനസ്സും ഉള്ള വ്യക്തിയാണ് ഞാൻ. അദ്ദേഹം എന്റെ പക്കൽ ഇതുവരെ അയച്ച കേസുകളെല്ലാം ഒരു ഡോക്ടർ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും എന്നാൽ കഴിയുന്ന വിധം ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. എന്നാൽ, ആദ്യഘട്ടത്തിൽ തന്നെ അദ്ദേഹത്തെ അറിയിച്ച ഒരു സൂക്ഷ്മതയുടെ ആവശ്യകത ഊന്നി പറയാൻ ഞാൻ നിർബന്ധിതനാകുകയാണ്.
1) ജനങ്ങളുടെ വിയർപ്പാണ് ആ പണമാണ് ഫിറോസിന് ചാരിറ്റിക്ക് ആയി വിശ്വസിച്ചു നൽകുന്നത്. ആ പണത്തിന് നമ്മൾ മൂല്യം കാണണം. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ ആശുപത്രിയിലെ കേവല രേഖ മാത്രം വെച്ച് പണം ആവശ്യപ്പെടാതെ ഒരു negotiation അദ്ദേഹം ചെയ്യേണ്ടതുണ്ട്.
ഇഖ്റയിൽ മൂന്നു ലക്ഷത്തിന് കിഡ്നി മാറ്റി വയ്ക്കുന്നുണ്ടെങ്കിൽ ചാരിറ്റി അടിസ്ഥാനത്തിൽ ചെയ്യുന്ന ഏത് കിഡ്നി മാറ്റി വെക്കലും അതേ തുകക്ക് തന്നെ ചെയ്യാൻ ഉള്ള സാധ്യത അന്വേഷിക്കണം.
2) കിഡ്നിക്ക് പണം നൽകുക പോലെയുള്ള പരിപാടികളെ പ്രത്യക്ഷമായോ പരോക്ഷമായോ അദ്ദേഹം പിന്തുണക്കരുത്. അതൊരു മാഫിയയുടെ ഭാഗമാണ്. നിയമപരമായും വലിയ തെറ്റാണ്.
3) പല ആശുപത്രികളും ഫിറോസിനെ പോലെയുള്ള വ്യക്തികളെ വിളിക്കാൻ പാവപ്പെട്ട രോഗികളോട് ആവശ്യപ്പെടുന്നുണ്ട്. അത്തരം സാഹചര്യത്തിൽ പോലും, അവരുടെ സൗകര്യങ്ങൾക്ക് നൽകുന്ന ഫീസുകളിലോ മറ്റോ ഒരു ഇളവും നൽകാൻ അവർ തയ്യാറാകാത്തത് വൻതുക താങ്കളെപ്പോലുള്ളവരുടെ ഇടപെടലുകളിൽ ലഭിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ ഒരു ജാഗ്രത ആവശ്യമാണ്.കോടികൾ ദിവസങ്ങൾ കൊണ്ട് സമാഹരിക്കുന്ന വ്യക്തിത്വങ്ങൾ ഉള്ളതിനാൽ സ്വന്തം പണം കൊണ്ടുതന്നെ ചികിത്സിക്കാൻ ആഗ്രഹമുള്ള, ഉള്ളതു കൊണ്ട് ചിലവ് കഴിയുന്ന, പലർക്കും ഇളവുകൾ നൽകാൻ ആശുപത്രികൾ മടി കാട്ടുന്ന അവസ്ഥയും ഉണ്ട്.
4) സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് ഫിറോസ് ചോദിക്കുന്നത്. നമ്മുടെ പോലെ ഒരു വികസ്വര രാജ്യത്ത് ഹൃദയം മാറ്റിവെക്കലും വൃക്കമാറ്റിവെക്കലും ഉദര-കരൾ രോഗത്തിനുള്ള ചികിത്സകളും ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സകളും സർക്കാർ മേഖലയിലും നടക്കുന്നുണ്ട്.മലബാർ കാൻസർ സെന്ററിൽ അടുത്ത കാലത്ത് തന്നെ വിജയകരമായി മജ്ജ മാറ്റി വെച്ച എഴുപതിലേറെ പേരുടെ സംഗമം നടന്നു. ഇനിയുമേറെ ആളുകൾ ഈ ചികിത്സ കാത്തിരിക്കുന്നു. സർക്കാർ ഇത്രയേറെ ചെയ്യുന്നതുകൊണ്ടാണ് അല്ലെങ്കിൽ ഈ 70 പേർക്കും വേണ്ടി ഫിറോസിന് ലൈവ് ഇടാൻ കഴിയുമോ.ഇവിടെ ഒരു സിസ്റ്റം ഉണ്ടെന്നും അതിനും അപ്പുറത്ത് ഉള്ള ചുരുക്കം കാര്യങ്ങൾ മാത്രമാണ് ഫിറോസിനോ മറ്റാര്ക്കെങ്കിലുമോ ചെയ്യേണ്ടി വരുന്നത് എന്നും മനസ്സിലാക്കണം.
5) ഫിറോസ് ഏജന്റ്നേയോ കോഡിനേറ്റർനേയോ നിയമിച്ചിട്ടില്ല എന്നു പറയുന്നുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി നേരിട്ട് രോഗിയുടെ ബന്ധുക്കളെ വിളിച്ച ഒരു കേസിൽ ഫിറോസിന്റെ എറണാകുളം ഹോസ്പിറ്റലിലെ കോഡിനേറ്റർ ആണ് എന്ന് പറഞ്ഞ് ബന്ധുവിൽനിന്ന് ഫോൺ വാങ്ങിയ വ്യക്തി ആരാണ് എന്ന് അറിയേണ്ടതുണ്ട്.
സർക്കാർ സംവിധാനത്തിനുമപ്പുറം പലകേസുകളും വിഷയങ്ങളും ഉണ്ട് എന്നത് അംഗീകരിക്കുന്നു. നമ്മുടെ സംവിധാനം ഇനിയും മുന്നോട്ടു വളരേണ്ടതുണ്ട്. ഫിറോസ് ഒരു വ്യക്തിക്കായി അയക്കുന്ന പണത്തിൽ നിന്ന് എന്തെങ്കിലും എടുക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കൂടി വന്നാൽ, അത് മറ്റുള്ള രോഗികൾ ആയ ആവശ്യക്കാർക്ക് പങ്കുവെക്കുന്നുണ്ടാക്കാം. സ്വന്തം ആവശ്യത്തിന് മൊബൈൽ കടയുടെ വരുമാനത്തിൽ നിന്നാണ് അദ്ദേഹം പണം കണ്ടെത്തുന്നത് എന്നും അറിയുന്നു.ഈ മനോഭാവമാണ് അദ്ദേഹത്തെ ഇത്രയേറെ സ്നേഹിക്കാനും പത്ത് ലക്ഷത്തിന് അടുത്ത് ഫോളോവർമാരെ ലഭിക്കാനും കാരണം.
തന്നെ ഇഷ്ടപ്പെടുന്നവർ നൽകുന്ന സമ്മാനങ്ങൾ, അത് വീടോ കാറോ ഫോണോ ആകട്ടെ നോ പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കുന്നില്ല എന്നതാണ് കുറെ പേരുടെ പരാതി ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.
ആരൊക്കെ കുറ്റപ്പെടുത്തിയാലും ഫിറോസിനെ കുറ്റപ്പെടുത്തരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതിന് കാരണം, നമ്മുടെ സംവിധാനം മുഴുവൻ വ്യക്തികൾക്കും പ്രാപ്യമാകുന്നതു വരെയെങ്കിലും ഫിറോസിന് പോലെയുള്ള നല്ലവരായ വ്യക്തികൾ സാമൂഹിക സേവനം തുടരുന്നത് കുറേ അധികം പാവപ്പെട്ട വ്യക്തികൾക്ക് ആശ്വാസമാണ് എന്ന തിരിച്ചറിവാണ്.
എങ്കിലും ഒരു സംവിധാനത്തിലേക്ക് ഇറങ്ങുമ്പോൾ അതിനെ പഠിക്കാനും വിലയിരുത്താനും ശ്രമിക്കണം എന്നും തന്റെത് അല്ലാത്ത വാക്ക് പറയുന്നവർ എല്ലാവരും തന്റെ ശത്രുക്കൾ ആണ് എന്ന രീതിയിൽ കരുതരുത് എന്നും അഭ്യർത്ഥിക്കുന്നു.