പൗരത്വം ഉള്ള മുസ്ലിം, പൗരത്വം ഇല്ലാത്ത മുസ്ലിം എന്നു വേർതിരിക്കുന്നത് മുസ്ലിം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വഴിയുമാണ്

160

Jay D 

200 മില്ല്യൺ മുസ്ലിം പൗരജനങ്ങൾക്ക് നാസി ട്രീറ്റ്‌മെന്റ് കൊടുത്തുകളയാമെന്ന ഇന്നത്തെ ഹിന്ദുത്വ ദുർമോഹം ഒരു യാഥാർത്ഥ്യം മാത്രമാണ്. പൗരത്വബില്ലിനെ തുടർന്ന് ബിജെപിയുടെ ഇടത്തരം നേതാക്കൾ പലരും നടത്തിയ പ്രസ്താവനകൾ അതിനു തെളിവാണ്. 2021 ഒടുക്കത്തോടെ ഇന്ത്യയിൽ നിന്നും ക്രിസ്ത്യൻ-മുസ്ലിം ജനങ്ങൾ പാടെ തുടച്ചു നീക്കപ്പെടുമെന്നാണ് ഇവരിൽ ഒരാൾ പ്രസ്താവിച്ചിരിക്കുന്നത്.

ആറു മില്ല്യൺ ജൂതരോട് നാസികൾക്ക് ചെയ്യാൻ കഴിയാഞ്ഞത് ഇവിടെ – ഇവിടുത്തെ സർവവരുമാനസ്രോതസ്സുകളെയും അതിനായി വിനിയോഗിച്ചാൽപ്പോലും– നടക്കും എന്നു കരുതുന്നത് അബദ്ധം മാത്രം. വെറുപ്പ് പഴുത്തുകൂടി വ്രണമായി മാറിയ രോഗാതുരമനസ്സുകളുടെ വിഭ്രമം മാത്രം. ആ ഭ്രമത്തെ നല്ലൊരു പ്രായോഗിക സാദ്ധ്യത ആയി തുടർന്നും ചിത്രീകരിക്കാനുള്ള പരിശ്രമം ആണ് ഈ പൗരത്വബിൽ.

അതാണ് അതുകൊണ്ടുള്ള അപകടവും. ഈ ബിൽ ഇന്ത്യയിൽ വേരുള്ള മുസ്ലിമിന് എതിരെ അല്ല എന്ന് അതിന്റെ വക്താക്കൾ പറയുന്നു. ഇല്ലായിരിക്കാം. പക്ഷേ ഇന്ത്യൻ മുസ്‌ലിം ജനങ്ങളെ അവരോട് പകയോടെ പെരുമാറുന്ന ഉദ്യോഗസ്ഥവർഗത്തിന് വിട്ടു കൊടുക്കുന്നു അത്. പത്തു തലമുറയുടെ സാന്നിധ്യം ഈ നാട്ടിൽ ഉള്ള മുസ്ലിമിനെപ്പോലും കള്ള ആരോപണം ഉപയോഗിച്ച് നരകയാതന അനുഭവിപ്പിക്കാൻ അനുവദിക്കുന്ന ദുഷ്ടതയാണ് ഇതിൽ. ഈ നിയമത്തിന്റെ ഔപചാരിക അർത്ഥം അത് അനുവദിക്കില്ല എന്നത് ആശ്വാസമൊന്നും തരുന്നില്ല. കാരണം അമിത് ഷാ മുതൽ താഴോട്ടുള്ള ബിജെപി പ്രവർത്തകർ സകലവിധ രാഷ്ട്രീയ അധാർമികതയെയും ചാണക്യതന്ത്രമായി വാഴ്ത്തുന്നവരാണ്.

പൗരത്വം ഉള്ള മുസ്ലിം, പൗരത്വം ഇല്ലാത്ത മുസ്ലിം എന്നു വേർതിരിക്കുന്നത് മുസ്ലിം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വഴിയുമാണ്. കേരളത്തിൽ ഈ ബില്ലിനെ അനുകൂലിച്ച് മുസ്ലിം ജനങ്ങൾ മുഴുവൻ പരാന്നഭോജികൾ ആണെന്നും മറ്റും എഴുതിപ്പിടിക്കുന്ന മഹാദുഷ്ടക്കൂട്ടത്തിൽ നല്ലൊരു വിഭാഗം ഗൾഫിലെ സാംപത്തിക അഭയാർത്ഥികളാണ്. ആ നിലയിലാണ് അവർ എന്ന് അവർക്ക് ബോദ്ധ്യം വരണം. അതുകൊണ്ട് ഇനി മുതൽ മലയാളി പ്രവാസി എന്ന പ്രയോഗം ഉപേക്ഷിച്ച് മലയാളി സാംപത്തിക അഭയാർത്ഥി എന്ന പ്രയോഗം സ്വീകരിക്കുകയാണ് വേണ്ടത്.