ശ്രീമതി കണ്ണനെ പോലുള്ള‘വിജയിനികളോ’ട് ദയവായി ഫെമിനിസത്തെപ്പറ്റി ചോദിക്കാതിരിക്കുക

86

Jay D എഴുതുന്നു

I E Malayalam – ൽ എഴുതാറുള്ള കോളമിനു വേണ്ടി തയ്യാറാക്കിയതാണ് ഈ ചെറുലേഖനം. അവർ ഈ വിഷയം ഇനി ശ്രദ്ധിക്കണ്ട എന്നു തീരുമാനിച്ചെന്നു പറഞ്ഞുകൊണ്ട് തിരസ്ക്കരിച്ചു. ബീനാ കണ്ണൻ പരസ്യം നൽകില്ല എന്ന ഭയം കൊണ്ടല്ല എന്നു പ്രത്യേകം പറഞ്ഞു.ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. വിഷയം കുറേ മുൻപു നടന്നതാണ് എന്നാണ് എഡിറ്ററുടെ പക്ഷം. ഇതിനെപ്പറ്റി ചർച്ച ഇപ്പോഴും സജീവായതുകൊണ്ട് ആ വാദത്തോട് യോജിക്കാൻ പ്രയാസം.ഇവിടെ പോസ്റ്റു ചെയ്യുന്നു

വസ്ത്രവ്യാപാരി ബിനാ കണ്ണൻ ഒരു അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനം വലിയ ഞെട്ടൽ പലരിലും ഉണ്ടാക്കിയിരിക്കുന്നു. താൻ ഫെമിനിസ്റ്റല്ല, ഫെമിനിസ്റ്റുകളെ മാതിരി മുദ്രാവാക്യംവിളിയൊന്നും താൻ ഇഷ്ടപ്പെടുന്നില്ല, എന്നു പറഞ്ഞുകൊണ്ടാണ് അവർ തൻറെ ഭാഷണം തുടങ്ങുന്നത്. തുടർന്ന്, പുരുഷന്മാരെ തടസ്സമായി സ്ത്രീകൾ കാണുന്നത് ശരിയല്ല എന്നും, അവരെ ബഹുമാനിക്കാൻ സ്ത്രീകൾ പഠിക്കണമെന്നും, പുരുഷന്മാരുടെ ബഹുമാന്യതയെ മാനിക്കാത്ത സ്ത്രീകൾ ആ രീതി തിരുത്തണമെന്നും, കസേരകളിൽ മുൻഗണന പുരുഷന്മാർക്കു തന്നെ നൽകണമെന്നും, വിജയിനിയായ ഏതൊരു സ്ത്രീയ്ക്കു പിന്നിലും അനേകം പുരുഷന്മാരുടെ പിൻബലമുണ്ടെന്നും മറ്റും അവർ പറയുന്നു. ഇത് കാര്യമായ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്നു – അത്യാവശ്യം ലിബറൽ ഫെമിനിസത്തിന് എത്ര ഉപരിപ്ളവമാണെങ്കിലും കേരളത്തിൽ വ്യാപകമായ വേരോട്ടമുണ്ടായിരിക്കുന്നുവെന്ന് തെളിയിക്കാനും ഈ വിവാദം സഹായിച്ചിരിക്കുന്നു. ശീമാട്ടി എന്ന അവരുടെ കച്ചവടസ്ഥാപനത്തെ ബഹിഷ്ക്കരിക്കണമെന്ന നിർദ്ദേശം വരെ ആ പ്രതിഷേധം എത്തിയിരിക്കുന്നു.

പക്ഷേ ഫെമിനിസ്റ്റുകൾക്കിടയിൽ തന്നെ ഇവരുടെ വാക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണമെന്നതു സംബന്ധിച്ച് അഭിപ്രായഭിന്നതകൾ ഉണ്ട്. മുതലാളിത്തത്തിൻറെ സ്ത്രീവിരുദ്ധപുളപ്പായാണ് പല ഫെമിനിസ്റ്റുകളും ഇവയെ വായിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിൽ സ്ത്രീതൊഴിലാളികൾ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന രംഗങ്ങളിലൊന്ന് വസ്ത്രവ്യാപാരമായിരിക്കുന്ന സാഹചര്യത്തിൽ. ആണിനെക്കൂടി അനുനയിപ്പിച്ചു നിർത്തുന്നതാണ് തൻറെ വില്പനാസാദ്ധ്യതയ്ക്ക് ഗുണകരം എന്ന കണക്കുകൂട്ടൽ നടത്തുന്ന വെറും കച്ചവടമനഃസ്ഥിതിക്കാരിയാണ് ശ്രീമതി കണ്ണൻ, ഈ വിലയിരുത്തലിൽ.

എന്നാൽ ഇതേ വാക്കുകളെ മറ്റൊരുവിധത്തിൽ വ്യാഖ്യാനിക്കുന്ന ഫെമിനിസ്റ്റുകളുമുണ്ട്. സ്ത്രീകൾ അപൂർവ്വമായി മാത്രം വിജയം കണ്ടിട്ടുള്ള വസ്ത്രവ്യാപാരരംഗത്ത് സ്വന്തം ഇടം കണ്ടെത്തിയ സ്ത്രീ എന്ന നിലയ്ക്കാണ് ശ്രീമതി കണ്ണൻ കേരളത്തിൽ ശ്രദ്ധേയയായത്. അതുകൊണ്ടു തന്നെ പലരും അവരുടെ ഈ ഭാഷണത്തിന് കൂടുതൽ സങ്കീർണമവ്യാഖ്യാനങ്ങൾ നൽകണമെന്നും, അവരുടെ മനഃസ്ഥിതി എന്തുതന്നെയായാലും ഈ വാക്കുകളിൽ ലളിതമായ സ്ത്രീവിരുദ്ധയല്ല ഉള്ളതെന്നും അവർ സൂചിപ്പിക്കുന്നു. പുരുഷന്മാരോട് സൌജന്യം കാണിക്കണമെന്ന അഭിപ്രായം, പുരുഷന് മുകളിൽ നിന്നാകാനാണിട എന്ന് ഇവർ അവകാശപ്പെടുന്നു.

സത്യത്തിൽ ശ്രീമതി കണ്ണനെപ്പോലുള്ളവരുടെ വാക്കുകൾ ഇപ്പോഴും – അതായത് ദശകങ്ങളായി നവലിബറൽ വ്യക്തിവാദപ്രത്യായശാസ്ത്രത്തിൻറെ അധീശത്വത്തിനു കീഴിൽ കഴിഞ്ഞതിനു ശേഷവും – നമ്മിൽ ഞെട്ടലോ അത്ഭുതമോ എല്ലാം ഉണ്ടാക്കുന്നുവെന്നതാണ് അതിശയം. ശ്രീമതി കണ്ണൻ സംസാരിക്കുന്നതു കേട്ടാൽത്തോന്നും, നാം ഏതോ പിതൃമേധാവിത്വാനന്തര സങ്കല്പസ്വർഗ്ഗത്തിൽ എത്തിക്കഴിഞ്ഞെന്ന്. ഫെമിനിസം എന്നാൽ പുരുഷന്മാർക്കെതിരെയുള്ള മുദ്രാവാക്യംവിളിയാണെന്ന വിഡ്ഢിത്തം മുതൽ പുരുഷന്മാരെ സൂചിപ്പിക്കാൻ അവർ ഉപയോഗിക്കുന്ന ലാഘവമാർന്ന വാക്കിൽ–‘ഗൈസ്’ (guys) –വരെ അതാണ് എഴുന്നുനിൽക്കുന്നത്. എന്നാൽ ഈ വാക്കുകൾ പൂർണ്ണമായും പുരുഷന്മാർക്ക് അനുകൂലമെന്നും പറയാനാവില്ല. സ്ത്രീവിരുദ്ധമാണെങ്കിലും ഈ വാക്കുകളിൽ പുരുഷന്മാരോട് condescending എന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം ദയാദാക്ഷിണ്യവും നിഴലിക്കുന്നുണ്ട് – പിതൃമേധാവിത്വാനന്തരകാലത്ത് അധികാരശൂന്യരായവരോടു കാട്ടുന്ന സൌജന്യം പോലെ (എല്ലാ വിജയിയായ പുരുഷനു പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്ന പറച്ചിലിനെ തിരിച്ചിട്ടതടക്കം).

ശരിക്കും നവലിബറൽ ശാക്തീകരണത്തിൻറെ ഭാഷണമാണിത്. സർക്കാരിലായാലും വിപണിയിലായാലും നേട്ടം കൊയ്യുന്ന സ്ത്രീകളെ ആ നേട്ടങ്ങളെല്ലാം സ്വന്തം മിടുക്കിൻറെയും ബലത്തിൻറെയും ഫലമാണെന്നു ബോദ്ധ്യപ്പെടുത്തുന്ന വ്യവഹാരമാണ് നവലിബറൽ ഫെമിനിസം. സ്ത്രീകളുടെ കൂട്ടായ സമരങ്ങളോടും പ്രവർത്തനങ്ങളോടും എന്തെങ്കിലും ബന്ധം തങ്ങൾക്കുള്ളതായി ഈ വ്യവഹാരത്തിനുള്ളിൽ നിന്നു ചിന്തിക്കുന്ന സ്ത്രീകൾക്കു തോന്നാനിടയില്ല. സ്വന്തം കഴിവുകളെ വേണ്ടവണ്ണം വിനിയോഗിക്കാത്തതു മാത്രമാണ് സ്ത്രീകളുടെ പ്രശ്നമെന്നു കരുതുന്നവർക്ക് പുരുഷാന്മാരെ ‘ഗൈസ്’ എന്ന് ലഘൂകരിച്ചു കാണാൻ പ്രയാസമില്ല.

ഈ നൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ — ഇന്ത്യയിൽ നവലിബറൽ മുതലാളിത്തം തളിർത്തു പുഷ്പിച്ചിരുന്ന വർഷങ്ങളിൽ — മാദ്ധ്യമരംഗത്തും അക്കാദമികരംഗത്തും മറ്റും ഇവിടുത്തെ മേലാളസ്ത്രീകൾക്ക് അവസരങ്ങൾ ധാരാളം തുറക്കുന്നുവെന്ന സൂചനകൾ കണ്ട വർഷങ്ങളിൽ – ഈ മനോഭാവം ഇന്ത്യൻ അക്കാദമിക വൻനഗരങ്ങളിലെ ക്ളാസ്മുറികളിൽ കണ്ടിരുന്നു. കൂട്ടായ സമരങ്ങളിൽ ഊന്നിയ ഫെമിനിസത്തിൻറെ പ്രസക്തി നഷ്ടപ്പെട്ടെന്നും, വിപണിയുടെ വികാസവും സർക്കാരിൻറെ ശാക്തീകരണശ്രമങ്ങളും പിതൃമേധാവിത്വപ്രശ്നത്തെ ഇല്ലായ്മ ചെയ്തിരിക്കുന്നുവെന്നും അവകാശപ്പെട്ടിരുന്ന പല വിദ്യാർത്ഥിനികളെയും അക്കാലത്തു പരിചയപ്പെട്ടത് ഞാൻ ഓർക്കുന്നു. ഇന്ന്, ആ വിപണിവസന്തം അവസാനിക്കുക മാത്രമല്ല, ലോകം മുഴുവനും കടുത്ത സ്ത്രീവിരോധികളായ വലതുപക്ഷ ഭരണാധികാരികൾ അധികാരത്തിലേറിയതോടെ നവലിബറൽ ഫെമിനിസത്തിൻറെ വ്യാമോഹങ്ങളിൽ നിന്ന് വളരെയേറെ സ്ത്രീകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും അധികാരക്കൊടുമുടികളിൽ കഴിയുന്ന സ്ത്രീകൾക്ക് – ഇവാങ്കാ ട്രംപ് മുതൽ ശ്രീമതി കണ്ണൻ വരെയുള്ളവർക്ക് — അതു സഹായകമാണ്. ഫെമിനിസ്റ്റുനിരാസത്തോടൊപ്പം പുരുഷന്മാരോടും അധികാരപൂരിതമായ സൌജന്യം പുലർത്തുന്നതുമായ ഭാവം നിലനിർത്താൻ അത് അവരെ അനുവദിക്കുന്നു. ഈ ഭാഷണത്തിൽ സംസാരിക്കുന്നത് ശാക്തീകരിക്കപ്പെട്ടവളോ ഓണററി പുരുഷത്വം അനുഭവിക്കുന്നവളോ അല്ല, സ്ത്രീകളായാലും പുരുഷന്മാരായാലും ഒട്ടുമിക്കവർക്കും മുകളിലായി നിലകൊള്ളുന്ന മുതലാളിത്ത-അധികാരമാണ്.

കമലാ സുരയ്യയുടെ ചില പ്രസ്താവങ്ങളോട് സമാനമാണിതെന്ന് ഒരുപക്ഷേ തോന്നിയേക്കാം, പക്ഷേ ആ തോന്നൽ ശരിയല്ല. പുരുഷന്മാർ നല്ലവരാണ്, അവർ നമുക്ക് കുറേ ഉപകാരമൊക്കെ ചെയ്യുന്നുണ്ട് എന്നൊക്കെ അവർ പറഞ്ഞിട്ടുണ്ട് – മേൽപ്പറഞ്ഞ സൌജന്യഭാവത്തിൽ. പക്ഷേ പുരുഷന്മാർ എപ്പോഴും തങ്ങളുടെ കാമം വിസർജ്ജിക്കാൻ കക്കൂസുകൾ അന്വേഷിക്കുമെന്നും സ്ത്രീകൾ അതിനു വഴങ്ങരുതെന്നും അവർ പറഞ്ഞിട്ടുണ്ടെന്ന് മറന്നുകൂട.

അഭിമുഖം നടത്തുന്നവരോട് ഒരു അപേക്ഷയുണ്ട് – ശ്രീമതി കണ്ണനെ പോലുള്ള‘വിജയിനികളോ’ട് ദയവായി ഫെമിനിസത്തെപ്പറ്റി ചോദിക്കാതിരിക്കുക. നിങ്ങളുടെ ചരിത്രബോധമില്ലായ്മ ശരിക്കും ലജ്ജാകരം തന്നെ. വിപണിയിലായാലും രാഷ്ട്രീയത്തിലായാലും സാംസ്കാരികരംഗത്തായാലും, ഇന്ന് ഫെമിനിസ്റ്റ് അവബോധമല്ല ഉയർച്ചയുടെ മാർഗം. ഇന്ന് ഈ രംഗങ്ങളിൽ സ്ഥാപനപരമായ ഉയർച്ച, പാരിതോഷികങ്ങൾ, അധികാരം – ഇതൊന്നും (അത്യപൂർവമായ അപവാദങ്ങളുണ്ടെങ്കിലും) ഫെമിനിസ്റ്റ് ധാർമ്മികതയെ മുറുക്കിപ്പിടിക്കുന്നവർക്കല്ല (ഫെമിനിസ്റ്റ് ഭാഷയാണ് ഇവരിൽ പലരും സംസാരിക്കുന്നതെങ്കിലും). അതുകൊണ്ട് ശ്രീമതി കണ്ണനായാലും മറ്റേതു വിജയിനിയായാലും ഫെമിനിസ്റ്റായതാണ് അവരുടെ വിജയരഹസ്യം എന്നു മുൻകൂട്ടിത്തീരുമാനിച്ച് ചോദ്യമുന്നയിച്ച് അവരുടെ വായിൽ നിന്നു പ്രവഹിക്കുന്ന സ്വയംപുകഴ്ത്തലെന്ന മാലിന്യത്തെ ഞങ്ങളുടെ മേൽ പതിപ്പിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കരുത്. ഇന്ന് ഫെമിനിസമെന്ന പ്രയാസമേറിയ മാർഗം സ്വീകരിക്കുന്നത് ദീർഘകാല ജനാധിപത്യസാമൂഹികമാറ്റത്തിനു വേണ്ടി സ്വയം സമർപ്പിക്കുന്നവർ മാത്രമാണ്. അവർ അധികാരികൾക്ക് ഇഷ്ടമല്ലാത്തവരാണ്.രാഷ്ട്രീയത്തിലായാലും വിപണിയിലായാലും സാംസ്കാരികരംഗത്തായാലും അധികാരസ്ഥാപനങ്ങളിൽനിന്ന് എത്ര അകലം പാലിക്കുന്നോ, അത്രയും ഫെമിനിസ്റ്റ് എന്ന് മനസ്സിലാക്കുക. ദയവായി മുതലാളിത്ത അഹന്തയ്ക്കു മുന്നിൽ ഫെമിനിസ്റ്റ് ധാർമ്മികതയുടെ മുത്തുകൾ വിതറുക എന്ന വൃഥാവ്യായാമത്തിൽ നിന്ന് പിൻതിരിയുക.