Praveen William
മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ ലൊക്കേഷനായി അധികം തിരഞ്ഞെടുക്കാത്ത കേരളത്തിലെ ജില്ലകളിലൊന്നാണ് കൊല്ലം. തലസ്ഥാന നഗരം ആയതുകൊണ്ട് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരവും, ജലാശയങ്ങൾ കൊണ്ട് സമ്പന്നമായതിനാൽ മുകളിലുള്ള ആലപ്പുഴയിലും നിരന്തരം സിനിമാ ചിത്രീകരണം നടക്കുന്നുണ്ട്. എന്നാൽ കൊല്ലത്ത് വളരെ വിരളമായി മാത്രമേ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കാറുള്ളൂ. വീടിനു തൊട്ടടുത്ത് പണ്ട് കുട്ടിസ്രാങ്കിന്റെ ഷൂട്ടിംഗ് കണ്ടതാണ് കൊല്ലത്തെ ആകെയുള്ളൊരു ലൈവ് ലൊക്കേഷൻ അനുഭവം. പിന്നീട് ജയറാമിന്റെ നടൻ, അമീർ ഖാന്റെ ലാൽ സിംഗ് ചദ്ദ, ദുൽഖറിന്റെ സല്യൂട്ട്, മറിയം മുക്ക്, മാസ്റ്റർപ്പീസ്, മഹാസമുദ്രം തുടങ്ങിയ ചിത്രങ്ങളും അതിനും വർഷങ്ങൾക്ക് മുൻപ് മനു അങ്കിളും കൊല്ലത്ത് ചിത്രീകരിച്ചിരുന്നു.
ഒരു സിനിമയുടെ ലൊക്കേഷൻ ആയി കൊല്ലം, പത്തനംതിട്ട, കാസർഗ്ഗോഡ് ഒക്കെ വരുന്നതിനപ്പുറം ഒരു മുഖ്യധാര വാണിജ്യ സിനിമയുടെ ഭൂപ്രദേശമായി ഈ ജില്ലകൾ കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഇത്തരത്തിൽ കൊല്ലത്തിന്റെ ഭൂമികയെ വളരെ ആക്യുറേറ്റ് ആയി അടയാളപ്പെടുത്തിയ ‘ജയജയജയജയഹേ’ പോലെ മറ്റൊരു സിനിമ ഇല്ലെന്ന് തന്നെ പറയാനാവും. ഒട്ടും ഫോഴ്സ്ഡ് അല്ലാതെ കൊല്ലത്തിനെ അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് തന്നെയാണ് എടുത്ത് പറയണ്ടുന്നതും.
ടൈറ്റിൽ ക്രെഡിറ്റ്സിൽ കാണിക്കുന്ന സ്ഥലങ്ങളെക്കാളുപരി സിനിമയിലേക്ക് കടക്കുമ്പൊ ഈ പ്രാതിനിധ്യം തുടങ്ങുന്നത് ഒരു ‘സിംല’യുടെ കവറിൽ നിന്നാണ്. അണ്ടി ആപ്പീസിലേക്ക് രാവിലേ തന്നെ ജോലിക്ക് പോകുന്ന ഒരു സ്ത്രീ ഭക്ഷണം ഉണ്ടാക്കി കൊട്ടിയത്തുള്ള സിംല ടെക്സ്ടെയിൽസിന്റെ കവറിലാണ് കൊണ്ട് പോകുന്നത്. കൊല്ലത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്നവർ ആണെങ്കിലും സിംല ടെക്സ്ടെയിൽസ് ഒട്ടുമിക്ക ആളുകൾക്കും പരിചിതമായിരിക്കും. സിംലയുടെ കവർ ഇല്ലാത്ത വീടുകൾ ഒരുകാലത്ത് വളരെ വിരളമായിരുന്നിരിക്കണം.
കശുവണ്ടിയും കൊല്ലവും തമ്മിലുള്ള ബന്ധത്തിനെക്കുറിച്ച് പറയേണ്ടുന്ന കാര്യമില്ലല്ലോ. നായകനെ കശുമാങ്ങയോട് ഉപമിക്കുന്നതിനു പുറമേ കശുമാവ് പലയിടങ്ങളിലായ് പ്ലേയ്സ് ചെയ്തിട്ടുണ്ട്. ജയയുടെ വീട്ടിലാണെങ്കിലും, ജയയും സാറുമായ് സംസാരിക്കുന്ന സ്ഥലങ്ങളിൽ ആയാലും കശുമാവ് കാണാനാവും. കൊല്ലത്തെ പ്രസിദ്ധമായ എഴുത്താണിക്കടയും വെട്ടു കേക്കും, ഡീസന്റ് മുക്കിലെ മൂന്ന് രൂപ ചായക്കടയും മയ്യനാടും കാവനാടും കൊട്ടിയവും റമീസ് ഹോട്ടലും ഒക്കെ അങ്ങിങ്ങായി ഏച്ചുകെട്ടാതെ സംവിധായകൻ പ്ലേയ്സ് ചെയ്തിട്ടുണ്ട്. രാജേഷിന്റെ വീട് മയ്യനാട് ആണെന്ന് പറയുന്നുണ്ട്, മയ്യനാടിനു ഏറ്റവും അടുത്തുള്ള നല്ല തിയേറ്റർ ആണ് പാർത്ഥാ മൂവി ഹൗസ്. അവിടെ തന്നെയാണ് ഓരോ അടിക്ക് ശേഷവും രാജേഷ് ജയയുമായ് സിനിമയ്ക്ക് പോകുന്നതും. ഒരു കൊല്ലംകാരൻ എന്ന നിലയ്ക്ക് കൊല്ലത്തിന്റെ ഭൂമികയെ കൃത്യമായി അടയാളപ്പെടുത്തിയ ഒരു മുഖ്യധാരാ സിനിമ കാണാനായ് എന്നതിൽ സന്തോഷമുണ്ട്.