വിവാഹം എന്ന കാരണത്താൽ മാത്രം വർഷങ്ങളോളം പതിനായിരക്കണക്കിന് ബലാൽസംഗം സഹിച്ച് ജീവിക്കുന്ന കുലസ്ത്രീകൾ ഇവിടെയുണ്ട്

954

Jaya Kumari

‘കുലസ്ത്രീ’കളായ ജന്മങ്ങൾ

എല്ലാ പുരുഷന്മാരും കരുതുന്നത് സ്ത്രീകൾ സംതൃപ്തരാണെന്നാണ്. തൊണ്ണൂറു ശതമാനം സ്ത്രീകളും സംതൃപ്തരല്ല. ഇത് എന്റെ ഒരു കണക്കാണ്. സെക്രട്ടേറിയേറ്റിൽ ജോലിയിലിരുന്നപ്പോൾ ഒരുപാടു പേരെ അടുത്തറിഞ്ഞു. കൊല്ലം മുതൽ തിരുവനന്തപുരം വരെ വഞ്ചിനാട് എക്സ്പ്രസിൽ ലേഡീസ് കമ്പാർട്ടുമെന്റിൽ 25 വർഷം ദിവസവും യാത്ര ചെയ്ത് പല സ്ത്രീ ജീവിതങ്ങളും അടുത്തറിഞ്ഞു. പല സ്ത്രീകളും പുരുഷന്റെ അക്രമം ഭയന്നാണ് എല്ലാത്തിന്നും വഴങ്ങിക്കൊടുക്കുന്നത്. കനലുകൾ എരിയുന്ന സ്ത്രീഹൃദയങ്ങൾ…!

ഒരു സ്ത്രീയെ ഞാനിവിടെ വരക്കുന്നു. 25 വർഷത്തിനു മുൻപ്. ഞാൻ കൊല്ലത്ത് വാടകക്ക് താമസിക്കയാണ്. അയൽ വീട്ടിൽ ഒരു അച്ചായൻ ഉണ്ട്. ഡ്രൈവർ ആണ്. അയാൾക്ക് ആറ് ആൺമക്കൾ. 2 പേർ കല്യാണം കഴിച്ചു. ഭാര്യ ഒരു പാവം സ്ത്രീ. ഒരു പേക്കോലം. ആ വീട്ടിൽ എന്നും ലഹളയാണ്. മർദ്ദനവും. വലിയ ചൂരൽകൊണ്ട് തലങ്ങും വിലങ്ങും അവരെ അടിക്കും. മുടിക്ക് ചുറ്റിപ്പിടിച്ച് വട്ടം കറക്കും. മദ്യപിച്ചിട്ടാണ് കലാപരിപാടി. ആ സ്ത്രീക്ക് പീഡനം ശീലമായിരിക്കുന്നു…. വഴക്ക് കഴിഞ്ഞ് അടുത്ത ദിവസം അവർ പതിവുപോലെ വീട്ടുകാര്യങ്ങളിൽ മുഴുകുന്നു….

ഒരു അവധി ദിവസം. എന്നെ കൊല്ലുന്നേ ഓടി വരണേ എന്നുള്ള അവരുടെ നിലവിളി… മതിൽ ചാടിയാലേ എനിക്കാ വീട്ടിൽ പോകാനൊക്കൂ. ഞാൻ മതിൽ ചാടി. (അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് കാമുകിയെ കാണാൻ പോകുമ്പോഴൊക്കെ അമ്മയുടേയും സഹോദരങ്ങളുടേയും അമ്മമ്മയുടെയും വിശപ്പു മാറ്റാൻ തെങ്ങുകയറ്റം ഞാൻ പഠിച്ചു. അതുകൊണ്ട് മതിൽ ചാട്ടം എളുപ്പമായി.) എന്താണിവിടെ എന്നു ദേഷ്യത്തിൽ ചോദിച്ചു: എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു. ഭാര്യയെ ഇതുപോലെ പ്രഹരിക്കുന്ന ഏത് പുരുഷനും എന്റെ ശത്രുവാണ്. എന്റെ അച്ഛനുൾപ്പെടെ. അച്ചായത്തിയുടെ ബ്ളൗസ് കീറിപ്പറിച്ചിട്ടിരിക്കുന്നു. അടിപ്പാവാടയും കീറിയിട്ടുണ്ട്. അർദ്ധനഗ്നയായി തറയിൽ അടികൊണ്ട് അവശയായി അവർ കിടക്കുന്നു. അരികിൽ വെട്ടുകത്തി. എന്നെ കണ്ടതും അച്ചായൻ അകത്തേക്ക് പോയൊളിച്ചു. ഇല്ലായിരുന്നെങ്കിൽ ഞാനയാളെ വെട്ടിക്കൊന്നേനെ! അവർ കരഞ്ഞുകൊണ്ട്‌ പറഞ്ഞു: മോളേ, ഇങ്ങേർ എന്നെ എന്നും തല്ലുന്നത് മറ്റേ കാര്യത്തിനാണ്…..പ്രായമായ ആൺമക്കളുടെ മുന്നിൽ …! ഞാൻ എതിർത്താൽ എന്നെ തല്ലും. എനിക്കിനി വയ്യ മോളേ.. തല്ലുകൊണ്ട് ഞാൻ തളർന്നു. പഴേപോലെ എനിക്കൊന്നിനും വയ്യ… ഇങ്ങേരുടെ സ്വഭാവം കാരണം രണ്ടു മക്കൾ വീട്ടിൽ കയറില്ല.

ഞാൻ പറഞ്ഞു: ഇനി ഇതാവർത്തിച്ചാൽ എന്നോട് പറയണം. മോഹൻസാറിനെക്കൊണ്ട് കേരളകൗമുദി പത്രത്തിൽ ഒരു വാർത്ത കൊടുക്കാം. സ്ത്രീ പീഡനത്തിന് കേസും കൊടുക്കാം. ഇവിടുത്തെ എസ് പി എന്റെ ബന്ധുവാണ് ( നുണ ) എന്നു അയാൾ കേൾക്കെ ഉറക്കെ പറഞ്ഞ് ഞാൻ തിരികെ വന്നു. രണ്ടു മാസം കഴിഞ്ഞ് ഞാൻ പുതിയ എന്റെ സ്വന്തം വീട്ടിലേക്ക് താമസം മാറി. പലപ്പോഴും ഞാനോർക്കും, ആ സ്ത്രീയെ. അയാൾക്ക് പകലെന്നില്ലാതെ രാത്രിയെന്നില്ലാതെ അവരെ ബലാൽസംഗം ചെയ്യണം. ഇങ്ങനെയുള്ളവൻമാർക്കായി കേരളത്തിൽ വേശ്യാലയങ്ങൾ പണിഞ്ഞൂടെ എന്ന് ഞാൻ മോഹനോട് ചോദിച്ചു. വൃദ്ധകളേയും 6 മാസം പ്രായമുള്ള കുരുന്നുകളേയും ബലാൽസംഗം ചെയ്യുന്ന തെണ്ടികൾ അങ്ങോട്ട് പോകട്ടെ! സത്യത്തിൽ വേശ്യാലയങ്ങൾ വേണ്ടിവരും…! ഇതിനുള്ള ചെറിയ പരിഹാരം അതാണെന്ന് എനിക്ക് തോന്നുന്നു. എത്ര വർഷമാണ് അയാളെ അവർ സഹിച്ചത്… ജീവിതാവസാനം വരെ… ദൈവമേ! നീ എന്തിനാണ് ഈ സ്ത്രീകളെ ഇങ്ങനെ ജനിപ്പിച്ചത്?

ഇതിവിടെ കുറിക്കുമ്പോൾ മിനിഞ്ഞാന്നത്തെ ഒരു അനുഭവം…എന്റെ ഒരു അടുത്ത ബന്ധുവിന്റെ സങ്കടങ്ങൾ… ഇവിടെ അഞ്ചാറു വരി കുറിക്കുകയാണ്.

അവരുടെ കഥ ഞാൻ നോവലായി എഴുതണമെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇത്രയും പീഡിതമായ, കേട്ടുകേൾവിയോ കഥകളിലോപോലും വായിച്ചിട്ടില്ലാത്ത ജീവിതാനുഭവങ്ങളാണ് അവർ പങ്കുവച്ചത്. വയസ് 70 ആയി. ഇനിയെങ്കിലും എന്റെ കഥ നീയെങ്കിലും അറിയണം എന്നവർ പറഞ്ഞു. അവരുടെ ഭർത്താവ് 10 വർഷമായി കിടപ്പിലാണ്. അവർ അയാളെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു; ചേച്ചിക്ക് എങ്ങനെ കഴിയുന്നു ഇത്ര നന്നായി ഇയാളെ നോക്കാൻ? ഞാനായിരുന്നെങ്കിൽ അന്നേ കഷണം കഷണമായി വെട്ടിനുറുക്കിയിട്ട് ജയിലിൽ പോയി കിടന്നേനെ!

അതിനവർ (കുലസ്ത്രീ) പറഞ്ഞ മറുപടി: ജീവിതമെന്ന ഒരു പുസ്തകം ഞാൻ തിരഞ്ഞെടുത്തു. വായിക്കാൻ തുടങ്ങി….അതിന്റെ അവസാന പേജുകളും വായിച്ചു തീർത്തിട്ടേ അടച്ചു വയ്ക്കാൻ എനിക്ക് കഴിയൂ …
നിങ്ങൾക്ക് അന്നൊക്കെ രക്ഷപ്പെടാമായിരുന്നില്ലേ എന്നു ഞാൻ ചോദിച്ചു. അതിനും അയാൾ സമ്മതിക്കില്ല; എനിക്കും അതിന് കഴിഞ്ഞില്ല. രണ്ടു പെൺമക്കളെ വളർത്താൻവേണ്ടി എല്ലാം സഹിക്കേണ്ടിവന്നു.

അതാണ്; ചില വിവാഹങ്ങൾ… സ്ത്രീയെ മാനസികമായും ശാരീരികമായും തകർത്തുകളയും. ചത്തതിനോക്കുമേ ജീവിച്ചിരിക്കിലും… ഇന്നു നാം കാണുന്ന എല്ലാ പീഡനകഥകളും…. കന്യാസ്ത്രീക്കഥകളും…. ഇങ്ങനെയാണ് ഇഴഞ്ഞു നീങ്ങുന്നത്. അഭയ മുതൽ… നമ്മളറിയാത്ത എത്രയോ കന്യാസ്ത്രീകൾ … പരമാവധി സഹിക്കും പാവങ്ങൾ! സഹിക്കാൻ മിടുക്കരാണല്ലോ സ്ത്രീകൾ… ഒടുവിലൊടുവിൽ അയാൾ അവളെ വല്ലാതങ്ങ് മുതലെടുക്കും. സഹിച്ച് സഹിച്ച് ജീവൻപോലും അപകടത്തിലാവുന്ന ഒരു സമയം വരും. അന്നാണ് അവൾക്ക് പൊരുതാൻ ധൈര്യമുണ്ടാവുക. ഇനി എന്തും വരട്ടെ എന്ന് അവളങ്ങ് കരുതും. അതുകൊണ്ടാണ് നമ്മുടെ പാവം കന്യാസ്ത്രീക്ക് പതിമൂന്ന് പീഡനംവരെ സഹിക്കേണ്ടി വന്നത്.

വിവാഹം കഴിച്ചു എന്ന കാരണത്താൽ മാത്രം മുപ്പതും നാൽപതും വർഷം പതിനായിരക്കണക്കിന് ബലാൽസംഗം സഹിച്ച് ജീവിക്കുന്ന കുറെ സ്ത്രീകൾ ഇവിടെ ഇപ്പോഴും ജീവിച്ചിരിക്കുന്നു…… ! കൂടാതെ അടിയും തൊഴിയും! അവരൊക്കെ ആരോടാണ് പരാതിപ്പെടേണ്ടത് ? ഒടുവിൽ സഹികെട്ട് പരാതിപ്പെട്ടാൽ “കുലസ്ത്രീകൾ” ഉൾപ്പെടെ പലരും ചോദിക്കും: ഇത്രനാളും എവിടായിരുന്നെന്ന്!!! അവരോട് എനിക്ക് ഒന്നും പറയാനില്ല……

ന്യൂജന്റെ വിവാഹസങ്കല്പത്തെ ഞാൻ അഭിനന്ദിക്കുന്നു. ഒരുത്തനെ- ഒരുത്തിയെ സഹിക്കാൻ ഒരു തരത്തിലും കഴിഞ്ഞില്ലെങ്കിൽ പിരിയുകതന്നെ വേണം. ആകെ ഒരു ജന്മം ! അതെന്തിന് മറ്റുള്ളവർക്കായി അടിയറ വയ്ക്കണം? ഞങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയച്ചപ്പോൾ അവരുടെ പിതാവ് അവർക്ക് കൊടുത്ത ഉപദേശം “മോൾക്ക് ഒട്ടും സഹിക്കാൻ കഴിയാത്ത ജീവിതാനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെങ്കിൽ സ്വന്തം വീട്ടിലേക്ക് തിരികെ വന്നേക്കണം. ഈ വീട് ഒരിക്കലും മക്കളെ ഉപേക്ഷിക്കില്ല….”