നൂറു പണക്കാർ ദേശീയ വരുമാനത്തിന്റെ 18% ത്തോളം കൈവശപ്പെടുത്തിയ ഇന്ത്യയിലിരുന്നു ഫിദലിന്റെ വീക്ഷണം നോക്കി നെടുവീർപ്പിടുകയെ നമുക്ക് നിവൃത്തിയുള്ളൂ

0
157
ജയഹരി കെ എം
“ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിൻ എന്ന ഈ ആശയം ജനിക്കുന്നത് 1998 ഒക്ടോബറിൽ സെൻട്രൽ അമേരിക്കൻ തീരത്ത് ആഞ്ഞടിച്ച മിച് കൊടുങ്കാറ്റ് നാൽപ്പതിനായിരം ജീവനുകൾ എടുത്തു എന്ന വാർത്തയെ തുടർന്നാണ്. അന്ന് മിച്ച് ആഞ്ഞടിച്ച രാജ്യങ്ങളിൽ ആ അപകടത്തിൽ നഷപ്പെട്ട ജീവനുകൾക്ക് തുല്യമായ ജീവനുകൾ മരണത്തിൽ നിന്നും രക്ഷപ്പെടുത്തി എടുക്കുന്നതുവരെ ഓരോ വർഷവും ക്യൂബ മധ്യ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഡോക്ടർമാരുടെ സംഘങ്ങളെ അയക്കുമെന്ന് പ്രതിജ്ഞ എടുത്തു. ഉപരോധങ്ങൾ ഏറ്റവും അധികം രാജ്യത്തെ ബാധിച്ച കാലത്തും നാം അത് ചെയ്യാൻ തെല്ലും മടിച്ചില്ല. അത് സാധിച്ചതിനു ഒരു കാരണമേ ഉള്ളൂ… USSR തകർന്ന് നമുക്ക് പുറത്തു നിന്നുള്ള സകല സഹായങ്ങളും നിഷേധിക്കപ്പെട്ട ആ കടും കാലത്തിന്റെ മധ്യത്തിലും.. ലോകം മൊത്തം നമ്മെ കൈവിട്ട ആ കാലത്തും ഒരു നിമിഷവും വിപ്ലവം നിലച്ചിരുന്നില്ല അത് മനുഷ്യ മൂലധനം ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു”
ക്യൂബയിലെ മെഡിക്കൽ കോളേജിൽ നിന്നും 1965ൽ തദ്ദേശീയരായ ആദ്യബാച്ച് ഡോക്ടർമാർ ബിരുദം എടുത്തു പുറത്തിറങ്ങുമ്പോൾ ക്യൂബൻ വിപ്ലവം കഴിഞ്ഞു കഷ്ടിച്ച് ആര് വര്ഷം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.. 2005ൽ ഫിദൽ ഈ പ്രസംഗം നടത്തുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12000 വിദ്യാർത്ഥികൾ ക്യൂബയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നു. നോക്കുക ഭാവിയെ പറ്റി വീക്ഷണം ഉണ്ടാക്കുക എന്നാൽ തന്റെ രാജ്യത്തെ പറ്റി മാത്രമല്ല, അതിനുമപ്പുറം മനുഷ്യ കുലത്തിന്റെ ആത്യന്തികമായ വികസനത്തിനും, നിലനിൽപ്പിനും, നന്മക്കും വേണ്ടി ചിന്തിക്കുക എന്ന് ഉറച്ചു വിശ്വസിച്ച ആ ഭരണാധികാരി അല്ലെങ്കിൽ ആ ഭരണ സംവിധാനം ക്യൂബൻ വിപ്ലവത്തിന് ശേഷം നിരന്തരമായി മനുഷ്യ മൂലധനത്തിൽ നടത്തിയ രാജ്യസമ്പത്തിന്റെ നിക്ഷേപങ്ങളുടെ ഫലമാണ് ഇന്ന് നിങ്ങൾ ആഘോഷിക്കുന്ന, ഇറ്റലിയിലേക്ക് അവർ അയച്ച ഡോക്ടർമാരുടെ ഒരു സംഘം.
ഈ കടും കാലം കാലം മൂടിവച്ച കനലുകളെ ഊതി തെളിയിക്കുകയാണ്… നൂറു പണക്കാർ ചേർന്ന് ദേശീയ വരുമാനത്തിന്റെ 18%ത്തോളം കൈവശപ്പെടുത്തിയ 2019 ലെ ഇന്ത്യയിൽ ഇരുന്നു ഫിദലിന്റെ വീക്ഷണം നോക്കി നെടുവീർപ്പിടുകയെ ഈ നാട്ടുകാർക്ക് നിവൃത്തിയുള്ളൂ. കാണുക.. കിണ്ണം മുട്ടി, ശംഖും വിളിച്ചു അർമ്മാദിക്കുമ്പോൾ കനലുകൾ കാറ്റിൽ തിളങ്ങുന്നത്.