ന്നാ താൻ കേസ് കൊട് – സിനിമാ റിവ്യൂ

ജയകുമാർ ഏഴിക്കര

‘ദേവദൂതർ പാടി’ എന്ന പഴയകാല ഹിറ്റ് പാട്ടിനൊത്ത് കുഞ്ചാക്കോ ബോബൻ മതിമറന്ന് ആടിത്തിമിർക്കുന്ന സീൻ വൈറൽ ആയതിനു പിന്നാലെ റിലീസ് ദിവസം പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ “തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് , എന്നാലും വന്നേക്കണേ..” എന്ന വാചകവും വിവാദമായിരിക്കുകയാണല്ലോ..? എന്തായാലും ഒരു കലാവിഷ്ക്കാരം എന്ന നിലയ്ക്ക് നമുക്ക് സിനിമയെ ഒന്ന് വിശകലനം ചെയ്യാം .

രാജീവൻ എന്ന് പേരായ ഒരു കള്ളനെ (മുൻ കള്ളനെ) ചുറ്റിപ്പറ്റിയാണ് കഥ . മോഷണപ്പണിയൊക്കെ നിറുത്തി ജോലി ചെയ്തു ജീവിക്കാൻ തീരുമാനിക്കുന്ന രാജീവനെ സ്ഥലം MLA യുടെ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ നിന്നും പിടികൂടുന്നു . മോഷണ ശ്രമത്തിനിടയിൽ കള്ളനെ പിടികൂടി എന്നാണ് പിടിച്ചവരുടെ ഭാഷ്യം . അയാൾക്ക് പട്ടികടിയും ഏൽക്കുന്നുണ്ട് . കേസ് കോടതിയിൽ എത്തുന്നു . താൻ മോഷ്ടിക്കാൻ ചെന്നതല്ലെന്നും , നിയന്ത്രണം വിട്ട ഒരു ഓട്ടോറിക്ഷ ഇടിച്ചിടാൻ വന്നപ്പോൾ രക്ഷപ്പെടാൻ വേണ്ടി മാത്രം മതിൽ ചാടിക്കിടന്നതാണെന്നും രാജീവൻ കോടതിയിൽ സ്വയം വാദിക്കുന്നു . റോഡിലെ കുഴിമൂലമാണ് അപ്രകാരം സംഭവിക്കാൻ ഇടയായതെന്നും , അതിനാൽ ആ കുഴി അവിടെ രൂപപ്പെടാൻ ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് രാജീവന്റെ ആവശ്യം . സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെത്തന്നെ പ്രതിചേർത്ത് രാജീവൻ കേസ് കൊടുക്കുന്നു . മന്ത്രി , റോഡ് കോൺട്രാക്ടർ , PWD എൻജിനിയർ എന്നിവർ വിചാരണ ചെയ്യപ്പെടുന്നു . അതോടെ റോഡ് നിർമ്മാണത്തിന്റെ പിന്നിലുള്ള ഉപജാപങ്ങൾ ചുരുളഴിയുന്നു . കോടതി മന്ത്രിക്കെതിരെ വിധി പ്രസ്താവിക്കുന്നു . ഇതാണ് സിനിമയുടെ രത്നച്ചുരുക്കം .

പൊതു റോഡുകളിലെ അപകടകരമായ കുഴികളെച്ചൊല്ലി ബഹു . പൊതുമരാമത്ത് മന്ത്രിയും , ബഹു . പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്ക്പയറ്റ് നടന്നുവരുന്ന സമയത്ത് ചിത്രത്തിൻറെ പരസ്യ വാചകം ഏറെ ആശയക്കുഴപ്പങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കി . ഈ അവസരത്തിൽ ബഹു . കേരള പൊതുമരാമത്ത് മന്ത്രി ശ്രീ . മുഹമ്മദ്‌ റിയാസിന്റെ വാക്കുകൾ ഇവിടെ സൂചിപ്പിക്കുന്നു . ”കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല . അതൊരു സിനിമയാണ് . അതിനെ അങ്ങിനെ തന്നെയെടുക്കുക .

വ്യക്തികൾക്കോ സംഘടനകൾക്കോ സിനിമ പോലുള്ള കലാ രൂപങ്ങൾക്കോ നമ്മളെ (സർക്കാരിനെ) വിമർശിക്കാം . നമ്മളെയെന്നല്ല , ആരെയും വിമർശിക്കാം . ക്രിയാത്മകമായ വിനർശനങ്ങളേയും നിർദ്ദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു . സുതാര്യമായ രീതിയിൽ പ്രശ്നങ്ങളെ പരിഹരിക്കാനാണ് ഞാൻ ശ്രമിക്കുന്നത് . വിമർശനങ്ങളെ വ്യക്തിപരമായി ഞാൻ സ്വാഗതം ചെയ്യുന്നു “.
റോഡിലെ കുണ്ടും കുഴികളും എന്നത് പെട്ടന്ന് പൊട്ടിമുളച്ച പ്രതിഭാസമല്ല . റോഡുണ്ടായ കാലം മുതലേ ഉണ്ട് കുണ്ടും കുഴികളും . അത് കേന്ദ്ര റോഡിലും ഉണ്ട് , സംസ്ഥാന റോഡിലും ഉണ്ട് . എല്ലാ ഭരണകൂടങ്ങളുടെ കാലത്തും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളെ കുറിച്ചുള്ള വാർത്തകളും ഉണ്ടായിട്ടുണ്ട് . ബഹു . ഹൈക്കോടതി നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയ വാർത്തകൾ വരെ വന്നിട്ടുണ്ട് . അപകടത്തിൽപ്പെടാതെ സുഗമമായി സഞ്ചരിക്കാൻ സാധിക്കുക എന്ന ഒരു യാത്രികന്റെ അവകാശ സംരക്ഷണത്തിനായി ഉദ്യോഗസ്ഥ വൃന്ദത്തോടും , അധികാരി വർഗ്ഗത്തോടും ഒരു സാധാരണ മനുഷ്യൻ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ . അത് ഏതെങ്കിലും കാലയളവിനുള്ളിൽ മാത്രം ഒതുക്കാവുന്നതല്ല .

സാധാരണക്കാരന്റെ പ്രതികരണ ശേഷിയുള്ള രാഷ്ട്രീയത്തെയാണ് അത് മുന്നോട്ട് വയ്ക്കുന്നത് . ഇനിയും നഷ്ടപ്പെടാത്ത ജുഡിഷ്യറിയിലുള്ള വിശ്വാസത്തെയും സിനിമ അടിവരയിട്ട് പറഞ്ഞു വയ്ക്കുന്നു . സിനിമയിൽ കഥയുടെ കാലാന്തരത്തെ സൂചിപ്പിക്കുമ്പോൾ അതാത് കാലത്തെ ഉയരുന്ന പെട്രോൾ വിലയും സ്‌ക്രീനിൽ എഴുതികാണിക്കുന്നുണ്ട് . ഒരു ഡയാലിഗിൽ “ഞാൻ ചാണകമല്ല തിന്നുന്നത് ” എന്ന് പറയുന്നുണ്ട് . രാഷ്ട്രീയ വിഷയങ്ങൾ സിനിമയ്ക്ക് ഇതിവൃത്തമാവുക എന്നത് സാധാരണമാണല്ലോ . ഈ സിനിമയെയും അപ്രകാരം വീക്ഷിക്കാവുന്നതാണ് . സമീപ ദിവസങ്ങളായി റോഡിനെ ചൊല്ലി നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളോട് സിനിമയുടെ പ്രമേയത്തിനുള്ള ബന്ധം എന്നത് കേവലം യാദൃച്ഛികത മാത്രമാണ് . കാരണം ഈ സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ എത്രയോ നാൾ മുമ്പേ തുടങ്ങിയതാണ് .

വടക്കൻ കേരളത്തിന്റെ മൊഴിവഴക്കങ്ങളെ തനിമയോടെ ഒപ്പിയെടുക്കാൻ ചിത്രത്തിന് സാധിച്ചു . ഒരു സാധാരണ ഗ്രാമീണ മനുഷ്യന്റെ ഭാവപ്രകടനങ്ങളെ അതിന്റെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചിട്ടുണ്ട് . പോസ്റ്റർ വിവാദമായെങ്കിലും , സിനിമ കണ്ടു കഴിയുമ്പോൾ തീർച്ചയായും ഇപ്പോഴുള്ള വിവാദങ്ങൾ അസ്ഥാനത്താണെന്ന് ബോധ്യമാകും . കലയെ വിദ്വേഷാത്മകമായും വിവാദമായും കാണാതെ , വിമർശനാത്മകമായും സംവാദാത്മകമായും കാണുന്നതാണ് അഭികാമ്യം .

 

Leave a Reply
You May Also Like

“വിമർശിക്കുന്നവർ ഉണ്ടോ ഇന്നാ പിടിച്ചോ”, വീണ്ടും സ്വിം സ്യൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തു ഇറാ ഖാൻ

അമീർഖാന്റെ മകൾ ഇറാ ഖാന്റെ 25​-ാം​ ​ജന്മദിനാഘോഷങ്ങൾ വിവാദത്തിൽ കലാശിച്ചിരുന്നല്ലോ. സ്വിമ്മിങ് പൂൾ സൈഡ് ജന്മദിനാഘോഷത്തിൽ…

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതി ഉദയനിധി…

മാരക മേക്കോവറിൽ ഐശ്വര്യ ലക്ഷ്മി

2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി…

റോഷൻ മാത്യുവിന്റെ അഭിനയത്തെ പുകഴ്ത്തി ആലിയ ഭട്ട്

റോഷൻ മാത്യുവിന്റെ പ്രശസ്തി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്. നവാ​ഗതയായ ജസ്മീത് കെ റീനാ സംവിധാനം…