“ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ തലയിണ അമർത്തി അയാളെ കൊന്നുകളഞ്ഞാലോ എന്ന് പല ആവർത്തി ആഗ്രഹിച്ചു പോകാറുണ്ട്”

148

Jayalakhmi Koloth

പുരുഷന്റെ ലൈംഗികതയ്ക്ക് അടിച്ചമർത്തലുകളില്ല. അവനു സ്വതത്രനായി വിഹരിക്കാം. നട്ടപാതിരാക്ക്‌ കറങ്ങി നടക്കാം. തോന്നുമ്പോൾ വീട്ടിൽ വരാം. ആരും അതിൽ അസ്വാഭാവികത കാണില്ല. സ്ത്രീക്ക് സ്വന്തം വീട്ടിൽ പോകണമെങ്കിൽ പോലും പുരുഷനോട് അനുവാദം ചോദിക്കണം. ലൈംഗികതയിൽ അവൾക്കൊരു ചോയ്‌സ് ഇല്ല. കാമാസക്തി തീർക്കാൻ സ്വന്തം കുഞ്ഞിനെപ്പോലും കൊന്നുകളയാൻ തീരുമാനമെടുക്കുന്നതിലേക്കു ഒരു സ്ത്രീ ആയിത്തീരുന്നത് എങ്ങനെയാണ് ? 23വയസിനു മുൻപ് നടക്കുന്ന വിവാഹങ്ങളിൽ പലതും പിൽക്കാലങ്ങളിൽ വലിയ ട്രാജഡി ആയിട്ടാണ് കണ്ടുവരുന്നത്‌. 30വയസ്സാവുമ്പോഴേക്കും പല സ്ത്രീകളും ജീവിതം വെറുത്തിട്ടുണ്ടാവും. വിവാഹം കഴിഞ്ഞാലുടൻ വിശേഷമുണ്ടോ എന്നുള്ള ചോദ്യാങ്ങളാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും പക്ഷത്തുനിന്ന്. കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനമെടുത്തു ജീവിക്കുന്ന ദമ്പതിമാരുണ്ട്. ആഗ്രഹമുള്ളപ്പോൾ മാത്രം അവൾ ഗർഭം ധരിക്കാനുള്ള അധികാരം സ്ത്രീകൾക്കുണ്ടോ? ഒരു കുഞ്ഞിനെ പ്രസവിക്കാനായി മാത്രം ജീവിതകാലം മുഴുവൻ വിവാഹം കഴിച്ചു ജീവിക്കേണ്ടി വന്ന സ്ത്രീകളെയും എനിക്കറിയാം.

നമ്മുടെ രാജ്യത്തു അവിവാഹിതയായ സ്ത്രീകൾക്ക് ഒരു കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ കഴിയില്ല നാട്ടുകാരുടെ മുന്നിൽ അവൾ ‘വെടി ‘അല്ലെങ്കിൽ വേശ്യ എന്ന പേരിൽ അറിയപ്പെടും. എന്റെ കൂട്ടുകാരി റംഷീ കോഴിക്കോട്ടുകാരി .ഫിസിയോതെറാപ്പി പഠിക്കുന്നതിനിടയിലായിരുന്നു വിവാഹം. ഇപ്പോൾ വിവാഹം വേണ്ട എന്ന് കരഞ്ഞു കാലുപിടിച്ചു എന്നിട്ടും അമ്മാവന്മാരുടെ വാക്കിനെ എതിർക്കാൻ ഉപ്പാക്ക് കഴിയാത്തതുകൊണ്ട് ആ വിവാഹം നടന്നു. ഭർത്താവ് സുനീർ ഗൾഫിലേക്ക് തിരികെപോകും മുൻപുതന്നെ അവൾ ഗർഭിണിയുമായി. എന്നിട്ടും എല്ലാം എതിർപ്പിനെയും മറികടന്ന് അവൾ കോഴ്സ് പൂർത്തിയാക്കി. കുഞ്ഞുമായി ഗൾഫിൽ എത്തിയ റംഷി മിനിസ്ട്രീ ഓഫ് ഹെൽത്തിന്റെ പരീക്ഷ പാസ്സായി. കുഞ്ഞിനെ നോക്കണം അതുകൊണ്ട് ജോലിക്ക് പോകാൻ പാടില്ലായെന്നു ഭർത്താവ്. നിരാശപ്പെടും കരഞ്ഞും ജീവിതം കടന്നുപോയി. ഒരു നല്ല ഡ്രസിന് വേണ്ടി എന്തിനധികം അടിവസ്ത്രത്തിനുവേണ്ടിപോലും അയാളുടെ മുന്നിൽ കെഞ്ചി കൈനീട്ടേണ്ട അവസ്ഥ. കുഞ്ഞിനെ സ്കൂളിൽ ചേർത്തപ്പോൾ ജോലിക്ക് പോകാനുള്ള തീരുമാനത്തെ അവൾ മുന്നോട്ടു വവച്ചു. ജോലി കഴിഞ്ഞു തിരിച്ചുവരാൻ അല്പം വൈകിയാൽ ഡോർ തുറക്കപ്പെടില്ല. മൂന്നുമാസം കൊണ്ട് ജോലി അവസാനിപ്പിക്കേണ്ടി വന്നു. വീണ്ടും ഒരു കുട്ടി കൂടി പിറവിയെടുത്തു.

ഒരിക്കൽ വിളിച്ചപ്പോൾ അവൾ പറഞ്ഞു. എനിക്കെന്തോ ഒരു തരം മരവിപ്പാണ്. മക്കളെയോ ഭർത്താവിനെയോ സ്നേഹിക്കാൻ കഴിയുന്നില്ല എന്ന്.. സുനീർ ഉറങ്ങിക്കിടക്കുമ്പോൾ തലയിണ അമർത്തി അയാളെ കൊന്നുകളഞ്ഞാലോ എന്ന് പല ആവർത്തി ആഗ്രഹിച്ചു പോകാറുണ്ട് എന്നവൾ കൂട്ടിച്ചേർത്തു. ഒരിക്കലെങ്കിലും സ്വന്തം ഭർത്താവ്‌ ഒഴിഞ്ഞു പോയിരുന്നെങ്കിൽ മരണപ്പെട്ടിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത സ്ത്രീകൾ ഉണ്ടാവുമോ ? ഒരു സ്ത്രീക്ക് തന്റെ കുഞ്ഞിനെ കൊല്ലുവാൻ പാകത്തിനുള്ള മനസൊരുക്കി കൊടുക്കുന്നത് ആരാണ്. അതിന്റെ ഉത്തരവാദികൾ നമ്മൾ ഉൾപ്പെടുന്ന സമൂഹമല്ലേ ?