എഴുതിയത് Jayan George Abraham
ഇനിയും കാണാത്തവരുണ്ടൊ…? എങ്കിൽ ഞാൻ പറയുന്നു നിങ്ങൾ നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ ആയുസ്സിലെ ഏറ്റവും മികച്ച തീയേറ്റർ അനുഭവങ്ങളിൽ ഒന്ന് ആയിരിക്കും. മടിച്ചിരിക്കരുത്….. പോ….വേഗം… ഞാൻ ഉറപ്പു തരുന്നു ചില നഷ്ടങ്ങൾ പിന്നീട് തിരികെപ്പിടിക്കാൻ കഴിഞ്ഞെന്ന് വരില്ല…ഈ സിനിമ നിങ്ങളുടെ മൊബൈലിൽ എത്താനായി കാത്തിരിക്കുകയാണൊ നിങ്ങൾ…..? ഒരുകാര്യം ഞാൻ ഇപ്പോഴെ പ്രവചിക്കാം ഈ സിനിമ “മൊബൈൽ തീയറ്ററുകളിൽ “എത്തുന്ന കാലത്ത് ഇതിലെ പല സീനുകളും, ഫ്രെയിമുകളും എടുത്തു അടപടലം ട്രോളുന്ന ട്രോളന്മാരുടെ ചാകരയായിരിക്കും. പക്ഷേ വലിയ സ്ക്രീനിൽ… ഗംഭീര ശബ്ദ വിന്യാസങ്ങളോടെ രാജമൗലി എന്ന മാസ്റ്റർ, തീയറ്ററുകളിൽ ഒരുക്കിയിരിക്കുന്ന ഈ ദൃശ്യവിരുന്ന് ഞാൻ ഉറപ്പു തരുന്നു നിങ്ങളെ കാഴ്ചകളുടെ കൊടുമുടിയിലേക്ക് കൊണ്ട് പോകും.
രണ്ട് കാലഘട്ടങ്ങളിൽ, ചരിത്രത്തിൽ ജീവിച്ചിരുന്ന യഥാർത്ഥ കഥാനായകന്മാർ…..,അവരെ ഫിക്ഷൻ്റെ അകമ്പടിയോടെ ഒരുമിച്ച് കൊണ്ടുവരികയും, അവരുടെ രണ്ടു പേരുടെയും രണ്ടു തരത്തിലുള്ള ഫ്ലാഷ്ബാക്കുകളെ സൗഹൃദം, പ്രണയം ,പക, തുടങ്ങിയ വികാരങ്ങളിൽ തുന്നിചേർത്ത് തിരശ്ശീലയിൽ പകർത്തിയതുമായ കഥാസാരം.. എന്നാൽ ബാഹുബലി പോലെ തീവ്രമായി കഥാസാരം പ്രേക്ഷകരിലേക്ക് എത്തിചേർന്നുവോ എന്ന് ചോദിച്ചാൽ പ്രേക്ഷകർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം……ചില സ്വീക്വൻസുകൾ കാണുമ്പോൾ”‘ഇതൊക്കെ കത്തിയല്ലെ”എന്ന് ചോദിച്ചാൽ സംവിധാനം രാജമൗലിയാണ്, പശ്ചാത്തലം തെലുങ്ക് ഇൻഡസ്ട്രി ആണ് എന്നൊക്കെ പറയാനെ തരമുള്ളൂ… പക്ഷേ ഹോളിവുഡ് ഫിക്ഷനുകൾ കണ്ട് കയ്യടിക്കുന്ന നമുക്ക് നമ്മുടെ ഈ സ്വദേശി പ്രോഡക്റ്റ് അതിനൊപ്പം തന്നെ ചേർത്ത് വെക്കാം.
രാം ചരനേക്കാൾ ജൂനിയർ NTR നെ എനിക്ക് കൂടുതൽ ഹൃദയത്തോട് ചേർത്ത് വെക്കുവാനാകുന്നു. എന്തൊ അയാളുടെ കണ്ണുകളുടെയും ഭാവങ്ങളുടെയും തീവ്രത അത്രമേൽ മികവുറ്റത് തന്നെ ആണ്..അജയ് ദേവ്ഗൺ, ഒലിവിയ, ആലിയ ഭട്ട്, ശ്രീയ ശരൺ തുടങ്ങി സ്വദേശികളും വിദേശികളുമായ എല്ലാ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണു കാഴ്ചവെച്ചത്. സിനിമയിലെ ഡയലോഗുകൾ എന്താപറയുക…
“ഇതിനിടയിൽ മരണം എന്നെത്തേടി വന്നാൽ ഭായിയുടെ സൗഹൃദം നേടിയെന്ന സന്തോഷത്തോടെ ഞാൻ ഈ മണ്ണിലേക്ക് തിരികെ പോകും”
ഏകദേശം 400 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച സിനിമയ്ക്ക് അച്ഛൻ വിജേയന്ദർ പ്രസാദിന്റെ കഥയ്ക്ക് മകൻ രാജമൗലി തിരക്കഥ ഒരുക്കിയപ്പോൾ സംഭാഷണം സായി മാധവ് ബുരയുടേതാണ് പിന്നെ വിഷ്വലുകൾ സെന്തിൽ കുമാറിന്റെ ക്യാമറകണ്ണുകൾ നമ്മുടെ കണ്ണുകളെ തളർത്താതെ ഭ്രമിപ്പിക്കുകയും പലപ്പോഴും മാരകമായി വേട്ടയാടുകയും ചെയ്യുന്നു.. പിന്നെ സംഗീതം, പശ്ചാത്തലം കീരവാണി അയാളുടെ സംഗീതശകലങ്ങൾക്ക് സിരകളിൽ തീ പടർത്താനുള്ള കഴിവുണ്ട്.. ബാഹുബലിയിൽ അയാൾ അത് തെളിയിച്ചതുമാണ്.ചില അഭിനവബുദ്ധിജീവികൾ ഇറക്കിയിരിക്കുന്ന തീട്ടൂരപ്രകാരം VFX പോരാ……
എൻ്റെ പേഴ്സണൽ അഭിപ്രായത്തിൽ ബാഹുബലിയെ ക്കാൾ മികച്ച VFX വർക്കുകൾ നിങ്ങൾക്ക് ഇതിൽ കാണാം..
മറ്റൊന്ന് രാംചരണിൻ്റെ കഥാപാത്രം അവസാനഭാഗത്ത് രാമൻ്റെ വേഷം അണിയുന്നു ഒരുതരം അജണ്ടകൾ രാജമൗലി ഒളിച്ചു കടത്തുന്നു.. അദ്ദേഹത്തിന്റെ ബാഹുബലി ഇറങ്ങിയപ്പോഴും ഇതുപോലെ തള്ളുണ്ടായിരുന്നു… ഒരു കഥാപാത്രം രാമൻ്റെയൊ ക്രിസ്തുവിൻ്റെയൊ വേഷം ധരിച്ചാൽ അതിൽ എന്താണ് അപാകത…..?ഇമ്മാതിരി ഉടായിപ്പുകളുടെ വാക്കും കേട്ട് സമയം കളയാതെ വച്ച് പിടിച്ചോളു ഏറ്റവും അടുത്ത ഒരു നല്ല തീയേറ്ററിലേക്ക്… കഴിയുമെങ്കിൽ 3Dയിൽ തന്നെ കാണുക.. ഞാൻ കണ്ടത് 2D ആണ്, എറണാകുളം ഷേണായിസിൽ , മികച്ച അനുഭവം തന്ന തീയറ്റർ.
ഒരുകാര്യം കൂടി…..യാ മോനെ ഫസ്റ്റ് ഹാഫിൽ ഇടവേളയ്ക്കു തൊട്ടുമുമ്പ് ഒരു രംഗം ഉണ്ട് രോമാഞ്ചം, ഭ്രമാത്മകം എന്നൊക്കെ കേട്ടിട്ടില്ലേ ഉള്ളു.. അനുഭവിക്കണം എന്നാണേൽ നേരെ വിട്ടോളു തീയറ്ററുകളിലേക്ക്….മാതാപിതാക്കളോട് ഒരു വാക്ക് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്കാവുന്ന മനോഹരമായ ഒരു സന്തോഷമാണ് RRR. തീർച്ചയായും ഈ സിനിമ അവരേയും കൂട്ടി തന്നെ പോയി കാണുക.
രുധിരം രണം രൗദ്രം
ഒരു രാജമൗലി പടം🔥