പതുക്കെ കഴുത്തറക്കാന്‍ അറിയാത്ത പയ്യന്‍ എല്ലാം ഒറ്റവെട്ടിനു തീര്‍ത്തു എന്നു കരുതിയാല്‍ മതി

170

Jayan Sivapuram

ഷെയ്ന്‍ നിഗം വെറും ശുദ്ധനായ ഈഗോയിസ്റ്റ്

സിനിമയെപ്പറ്റി അല്‍പം നീണ്ട പ്രബന്ധമാണ്. സമയവും സാവകാശവുമുള്ളവര്‍ മാത്രം വായിക്കുക.

നടനും നടിയും അപാര സംഭവങ്ങളാണെന്നും അവരുടെ മൂഡ് മാറുന്നതിനനുസരിച്ച് ക്ഷമയോടെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് നിര്‍മാതാക്കളും സംവിധായകരും അരപ്പട്ടിണിക്കാരായ മറ്റ് അണിയറ പ്രവര്‍ത്തകരുമെന്ന വാദം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

കഥയോ കവിതയോ എഴുതുന്നതു പോലെ കടലാസും പേനയും മാത്രം ആവശ്യമായ കലാരൂപമല്ല സിനിമ. അത് സാങ്കേതികതയുടെ സൃഷ്ടിയാണ്. മുതല്‍മുടക്ക് വളരെ കൂടുതലാണ്. നിങ്ങള്‍ എത്ര വലിയ സിനിമാ സങ്കല്‍പങ്ങള്‍ മനസ്സില്‍ താലോലിച്ചാലും പണം മുടക്കാന്‍ ആളില്ലെങ്കില്‍ സിനിമ സാക്ഷാത്ക്കരിക്കപ്പെടുകയില്ല. സിനിമയുടെ പിന്നാമ്പുറം നന്നായി അറിയാവുന്നവര്‍ പോലും കാഴ്ചയില്‍ അഭിരമിക്കുമ്പോള്‍ അഭിനേതാക്കളാണ് മനസ്സില്‍ ചേക്കേറുക. തികച്ചും സ്വാഭാവികം. അവരില്ലെങ്കില്‍ സിനിമയില്ല.

ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഏതറ്റം വരെയും താഴുകയും കരഞ്ഞ് കാലു പിടിക്കുകയും ചെയ്യുന്ന അഭിനേതാക്കളുടെ ആത്മാവിഷ്‌കാരവാഞ്ഛയെ അംഗീകരിക്കാം. ഇങ്ങനെ അവസരം ലഭിക്കുമ്പോള്‍ തങ്ങളുടെ കഴിവു തെളിയിക്കുന്നവര്‍ നല്ല കലാകാരനോ കലാകാരിയോ ആണ്. തര്‍ക്കമില്ല. എന്നാല്‍ പ്രേക്ഷകര്‍ തങ്ങളെ സ്വീകരിച്ചു എന്നു മനസ്സിലാകുന്നതോടെ ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും സ്വഭാവം മാറുന്നു. മാറണം. ഇതും സ്വാഭാവികം.

മനഷ്യര്‍ക്ക് പല രൂപഭാവങ്ങളുണ്ട്. ലുക്ക് തന്നെയാണ് പ്രധാനം. പ്രതിഭയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും തങ്ങളുടെ കഥാപാത്രത്തിന് അനുയോജ്യമായ രൂപവും ഭാവവും ഒത്തിണങ്ങിയ അഭിനേതാക്കളെയാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ സിനിമ വന്‍ മുതല്‍മുടക്ക് ആവശ്യമുള്ള കലാരൂപമായതിനാല്‍ നിര്‍മാതാക്കള്‍ എപ്പോഴും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ അഭിനയിക്കിപ്പാനാണ് താല്‍പര്യപ്പെടുക. ഇതുകൊണ്ടാണ് നിലവില്‍ കച്ചവടമൂല്യമുള്ള താരങ്ങളുടെ രൂപഭാവങ്ങള്‍ക്കനുസരിച്ച് വാണിജ്യ സിനികളൊരുക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിതരാകുന്നത്.
ഇഷ്ടതാരം ഒരിക്കല്‍ പുതുമുഖമായിരുന്നുവെന്നും ഏതോ ഒരു നിര്‍മാതാവിന്റെ ത്യാഗത്തിന്റെ ഉല്‍പ്പന്നമാണെന്നും അധികമാരും ആലോചിക്കാറില്ല.

കലാരൂപമെന്ന നിലയില്‍ സിനിമയെ ഇഷ്ടപ്പെടുകയും അതിനായി ചില ത്യാഗങ്ങള്‍ സഹിക്കുകയും സ്വന്തം പുരയിടം വരെ വില്‍ക്കാന്‍ സന്നദ്ധത കാണിക്കുകയും ചെയ്യുന്ന ചില നിര്‍മാതാക്കളാണ് സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ ആഗ്രഹത്തിനൊത്ത് ഒരു പുതമുഖത്തിന് അവസരം നല്‍കുന്നത്. (താരപുത്രന്മാരും പുത്രിമാരും ഈ ഗണത്തില്‍ പെടുന്നില്ല. കാരണം അഭിനയശേഷിയൊന്നുമില്ലെങ്കിലും അവര്‍ക്കും വില്‍പന മൂല്യമുണ്ട്. ആര്‍ക്കും സിനിമയില്‍ താരമാകാം എന്ന് പൈതൃകം കൊണ്ടു മാത്രം തെളിയിച്ച കൊഴുക്കട്ടകള്‍ ഇന്ത്യയില്‍ ധാരാളമുണ്ടല്ലോ.)

മലയാള സിനിമയുടെ അഭിമാനമായി നമ്മള്‍ ലോകം മുഴുവന്‍ ഉയര്‍ത്തിക്കാട്ടുന്ന രണ്ടു സംവിധായകര്‍ ഉണ്ടായതിനു പിന്നില്‍ കൊല്ലത്തെ കശുവണ്ടി വ്യവസായിയായ രവീന്ദ്രനാഥന്‍ നായരുടെ വിശാല മനസ്‌കതയുണ്ട്. അദ്ദേഹത്തിന് ബിസിനസ്സില്‍ ലാഭം കിട്ടിയത് കാള്‍ മാക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്ത പ്രകാരം കശുവണ്ടിയുടെ തൊണ്ടു തല്ലിയ പാവം സ്ത്രീകളുടെ അദ്ധ്വാനത്തില്‍ നിന്നാണ്. ഇങ്ങനെ തൊഴിലാളികളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുത്ത എല്ലാ വ്യവസായികളും സിനിമ നിര്‍മിക്കാന്‍ സന്നദ്ധത കാട്ടിയിട്ടില്ല. രവീന്ദ്രനാഥന്‍ നായര്‍ കലാസ്‌നേഹിയായതിനാല്‍ അതിനു സന്നദ്ധനായി. തിയറ്ററില്‍ ഓടി ലാഭം കൊയ്യില്ലെന്ന് ഉറപ്പുണ്ടായിട്ടും കലാമൂല്യമുള്ള ചില ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ഇങ്ങനെ നല്ല സിനിമയുടെ സാക്ഷാത്ക്കാരത്തിന് പണമിറക്കിയ വിരലിലെണ്ണാവുന്ന നിര്‍മാതാക്കള്‍ കേരളത്തിലുണ്ട്. അവരില്ലായിരുന്നെങ്കില്‍ പ്രതിഭകളുടെ മനസ്സില്‍ അസ്തമിച്ചു പോകുമായിരുന്നു ഇന്നു നമ്മള്‍ കൊണ്ടാടുന്ന പല സിനിമകളും.

എത്രയോ പണക്കാരുടെ മുറ്റവും കോലായയും നിരങ്ങിയ ശേഷമാണ് ഒരു തിരക്കഥാകൃത്തിനും സംവിധായകനും നിര്‍മാതാവിനെ കിട്ടുന്നത്. കഴുത്തറപ്പന്മാരും സൂത്രശാലികളും സിനിമാക്കാരെ ആട്ടിപ്പുറത്താക്കും.

ഇതുകൊണ്ടുതന്നെ ഏതെങ്കിലുമൊരാള്‍ സിനിമ നിര്‍മിക്കാന്‍ തയാറായി എന്നു കേള്‍ക്കുമ്പോഴേ സിനിമാ പ്രവര്‍ത്തകര്‍ തന്നെ മൂക്കത്തു വിരല്‍ വയ്ക്കുകയും ഇതാ ഒരു വിഡ്ഢി കൂടി എന്നു മനസ്സില്‍ പറയുകയും ചെയ്യും. മലയാളത്തില്‍ ഇറങ്ങുന്ന തൊണ്ണൂറു ശതമാനം സിനിമകളും പരാജയപ്പെട്ടിട്ടും പിന്നെയും ചില സംവിധായകരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ കൂട്ടു നിന്ന നിര്‍മാതാക്കളാണ് ഈ വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോയത്. വെറും കലയല്ല. ഇതു വ്യവസായം തന്നെയാണ്. വ്യാവസായികോല്‍പ്പന്നമായ കലാരൂപമാണ് സിനിമ എന്ന് ഇനിയെങ്കിലും സ്വപ്നജീവികള്‍ മനസ്സിലാക്കുക.

ഒന്നോ രണ്ടോ ചിത്രങ്ങളുടെ വിജയത്തിനു ശേഷം സിനിമാ വ്യവസായത്തില്‍ കാലുറപ്പിക്കുന്ന നിര്‍മാതാക്കള്‍ പരിചയ സമ്പന്നരായ സംവിധായകരെയും അഭിനേതാക്കളെയും ഒരുമിപ്പിച്ച് ബിസിനസ് സംരംഭം ആരംഭിക്കുകയാണ് ചെയ്യുന്നത്. നന്നായി കച്ചവടം ചെയ്യാനുള്ള ടെക്‌നിക്കിനെയാണ് ഇവിടെ നാം ചലച്ചിത്രകലയായി തെറ്റിദ്ധരിക്കുന്നത്. (കുറോസോവയെയോ ബെര്‍ഗ്മാനെയോ ഗൊദാര്‍ദിനെയോ ഫെല്ലിനിയെയോ എന്തിന് സത്യജിത് റായിയെയോ ഘട്ടക്കിനെയോ പോലും ഇത്തരുണത്തില്‍ സ്മരിക്കരുത്. അവര്‍ക്കു വേണ്ടി ത്യാഗം സഹിച്ചവരെയും)

ഷൂട്ടിങ് തുടങ്ങി അവസാനിക്കുന്നതു വരെ ഈഗോയിസ്റ്റുകളായ സൂപ്പര്‍ താരങ്ങളുടെയും താരികളുടെയും ആട്ടും തുപ്പും സഹിച്ച് പിറകെ നടക്കുന്ന സംവിധായകനോ അണിയറ പ്രവര്‍ത്തകര്‍ക്കോ സത്യം തുറന്നുപറയാന്‍ നിര്‍വാഹമില്ല. കാരണം പറഞ്ഞാല്‍ അതോടെ തീരും അവരുടെ സിനിമാ സ്വപ്നങ്ങള്‍.

വ്യത്യസ്തമായ കഥയും പരിചരണ രീതിയും സ്വീകരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും പാഴാക്കിയ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കഴിവിനെ തെല്ലും അംഗീകരിക്കാതെ താരങ്ങള്‍ ജൈത്രയാത്ര തുടരുന്നു. ഇക്കൂട്ടത്തില്‍ ചിലര്‍ മാത്രം കലാകാരന്മാരോ കലാകാരികളോ ആയതിനാല്‍ ആത്മാര്‍ത്ഥതയോടെ എന്നും സിനിമയെ ഉപാസിക്കുന്നുണ്ടാവാം. അവര്‍ ക്ഷമിക്കുക. കാരണം അവര്‍ മുഖ്യധാരയില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്.

ഒരു കാര്യം മനസ്സിലാക്കുക. ഇപ്പോള്‍ മലയാള സിനിമയുടെ പൂമുഖത്ത് കസേരയിട്ടിരിക്കുന്ന നടീനടന്മാരേക്കാള്‍ അഭിനയശേഷിയുള്ള എത്രയോ പേര്‍ പുറത്തുണ്ട്. കാരണം സിനിമ നടിക്കാന്‍ വരുന്ന ആളുകളുടെ കലാരൂപമല്ല. താരമൂല്യം എന്ന ഉമ്മാക്കിയില്‍ വീണുപോകുന്ന തിയറ്റര്‍ ഉടമകളും വിതരണക്കാരുമാണ് ഇവരെ വെറുതെ ഉയര്‍ത്തിക്കാട്ടുന്നത്.

കഥാപാത്രത്തിന് അനുയോജ്യരായ ആര് അഭിനയിച്ചാലും ഞങ്ങള്‍ സിനിമ നിര്‍മിക്കാം എന്ന് നിര്‍മാതാക്കളും അത് പ്രദര്‍ശിപ്പിക്കാം എന്ന് തിയറ്റര്‍ ഉടമകളും തീരുമാനിച്ചാല്‍ നല്ല സിനിമയുണ്ടാകും. നല്ല സിനിമയാണെങ്കില്‍ ഏത് നടനെയും നടിയെയും അംഗീകരിക്കാന്‍ പ്രേക്ഷകര്‍ തയാറാണ്. അങ്ങനെ പല സിനിമകളിലെയും പുതമുഖങ്ങളെ അംഗീകരിച്ചതിന്റെ വെളിച്ചത്തിലാണല്ലോ പിന്നീട് ഓരോ നടനും നടിയും നെഗളിക്കുന്നതും നിര്‍മാതാക്കളെയും സംവിധായകരെയും വെള്ളം കുടിപ്പിക്കുന്നതും.

താരങ്ങളുടെ പിറകെ നടന്ന് അവരെ കഥ പറഞ്ഞ് തൃപ്തിപ്പെടുത്താനും സുഖിപ്പിക്കാനും കഴിയാത്തതിനാൽ നടക്കാതെ പോയ എത്രയോ സിനിമകളുടെ ശവപ്പറമ്പു കൂടിയാണ് ഇതെന്ന് ചലച്ചിത്ര പ്രവർത്തകർക്കറിയാം. നടിച്ച് ഞെളിയുന്നവർ ഓർക്കാനിടയില്ലെങ്കിലും.

ഷെയ്ന്‍ നിഗം ശുദ്ധനായതിനാല്‍ തനി സ്വരൂപം മറച്ചുവയ്ക്കാതെ പെരുമാറി ചീത്തപ്പേരു സമ്പാദിച്ചു. സമര്‍ത്ഥരായ എത്രയോ താരങ്ങള്‍ ഇതിലും മ്ലേച്ഛമായി പെരുമാറുകയും പിന്നെ വഴങ്ങുകയും കലാകാരന്മാര്‍ നോര്‍മലല്ല എന്ന് വരുത്തിത്തീര്‍ക്കുയും ചെയ്ത് നിര്‍മാതാക്കളെയും സംവിധായകരെയും വെള്ളം കുടിപ്പിക്കുന്നു. അവര്‍ ഇനിയും ഇതു തുടരുക തന്നെ ചെയ്യും.
ക്ഷമാശീലരായ വ്യവസായികൾ അവരെ സഹിക്കുകയും ചെയ്യും.

പതുക്കെ കഴുത്തറക്കാന്‍ അറിയാത്ത പയ്യന്‍ എല്ലാം ഒറ്റവെട്ടിനു തീര്‍ത്തു എന്നു കരുതിയാല്‍ മതി.