Jayaprakash Bhaskaran
ജീവിച്ചിരുന്നെങ്കിൽ ഇന്ന് എംജി സോമന് 81 വയസ്സ് തികയുമായിരുന്നുവെന്ന് ആരൊക്കെയോ സോഷ്യൽ മീഡിയയിൽ കുറിച്ചു. എംജി സോമൻ സൂപ്പർതാരമായിരുന്ന കാലത്ത് ബാല്യവും കൗമാരത്തിന്റെ ആദ്യ പാതിയും പിന്നിട്ട ഒരാൾ എന്ന നിലയിൽ എംജി സോമൻ എന്നും ഓർമ്മകളിലെ അവിസ്മരണീയ സാന്നിധ്യമാണ്. സോമൻ x സുകുമാരൻ ദ്വന്ദത്തിൽ സുകുമാരനായിരുന്നു എൻറെ ഇഷ്ട താരം . അവർക്കിടയിലെ മത്സരം അവസാനിക്കുകയും രണ്ടുപേരും അപ്രസക്തരാവുകയും ചെയ്തപ്പോൾ ഒരു കാര്യം വ്യക്തമായി – ടോട്ടാലിറ്റിയിൽ സോമനായിരുന്നു സുകുമാരനെക്കാളും മികച്ച നടൻ . എങ്കിലും, ഏതൊക്കെയോ മേഖലകളിൽ സുകുമാരൻ സോമനെക്കാൾ ഏറെ മുന്നിലായിരുന്നു . സോമന്റെ ഏറ്റവും മികച്ച കഥാപാത്രം ഇതാ ഇവിടെ വരയിലെ വിശ്വനാഥൻ തന്നെയായിരുന്നു. അമ്പേ തോറ്റുപോയ നായകനായിരുന്നു വിശ്വനാഥൻ .
മാതാപിതാക്കളെ കൊന്ന പൈലി മാപ്പിളയെ കൊല്ലുകയും അയാളുടെ മകളെ ഗർഭിണിയാക്കി കടന്നുകളയുകയുമായിരുന്നു വിശ്വനാഥന്റെ ലക്ഷ്യം.സുദീർഘമായ സംഘട്ടനത്തിനൊടുവിൽ പൈലിയെക്കൊല്ലാൻ അയാൾക്ക് കഴിഞ്ഞില്ല . എപ്പോഴോ വിശ്വനാഥനെ ധാർമികമായി പരാജയപ്പെടുത്തിയ പൈലി അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു. മകളെ പിഴപ്പിച്ചെങ്കിലും അവളെ ഗർഭിണിയാക്കി കടന്നുകളയുക എന്ന എന്ന ലക്ഷ്യം സാധിച്ചില്ല . പൈലി മാപ്പിളയുടെ മരണത്തെ തുടർന്ന് കുറ്റബോധം തോന്നിയ വിശ്വനാഥൻ പിഴപ്പിച്ചപെണ്ണിനെ കൂടെപെറുക്കാൻ വിളിക്കുകയന്ന മഹാ ഔദാര്യം കാട്ടി. പോടാ പട്ടി എന്ന് പറയാതെ പറഞ്ഞ അവൾ ‘ ഞാൻ പൈലിയുടെ മോളാണ് എന്ന് മുഖമടച്ച് ആട്ടി കൊണ്ട്’ മുത്തച്ഛൻ ‘ മാപ്പിള യോടൊപ്പം കൊതുമ്പ് വള്ളത്തിൽ കയറി എങ്ങോട്ടോ പോയി. അങ്ങനെ, അവളും വിശ്വനാഥിനെ തോൽപ്പിച്ചു.
പക്ഷേ, തോറ്റുപോയ നായകനെ അവതരിപ്പിച്ച നടന് ആവർഷത്തെ മികച്ച നടനുള്ള അവാർഡ് ലഭിച്ചു, തുടർന്നുള്ള വർഷങ്ങളിൽ കൈ നിറയെ പടങ്ങളും .പല സിനിമകളിലും തോറ്റുപോയ നായകനായിരുന്നു സോമൻ . അവളുടെ രാവുകളിലും നാണം കെട്ട് തോറ്റുപോയ നായകനായിരുന്നു സോമൻ .
ഒടുവിൽ , ചതിപ്രയോഗത്തിൽ കുത്തേറ്റ് മരിച്ച ആനക്കാട്ടിൽ ഈപ്പച്ചനും തോറ്റുപോയ ഒരു കഥാപാത്രമായിരുന്നു. പ്രേം നസീറും മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും അധികം സിനിമകളിൽ നായകനായി അഭിനയിച്ചത്, ഒരുപക്ഷേ , എംജി സോമനായിരിക്കും. സോമന്റെയും സുകുമാരന്റെയും ഒരു പ്രത്യേകത അവർക്ക് മാനാഭിമാനങ്ങൾ ബാധകമല്ലായിരുന്നു എന്നതാണ് . മാനാപമാനങ്ങൾ ബാധകമല്ലാത്ത കഥാപാത്രങ്ങളിലൂടെയാണ് സോമനും സുകുമാരനും ജനഹൃദയങ്ങളിൽ ഇടം നേടിയത് . മിസ്റ്റർ ബ്രഹ്മചാരിയും ക്രോണിക് ബാച്ചിലറും പോലുള്ള ആഭാസങ്ങൾക്ക് തല വയ്ക്കും മുമ്പ് നായക പദവി നഷ്ടപ്പെട്ടതാണ് സോമന്റെയും സുകുമാരന്റെയും പുണ്യം –