ദരിദ്ര ഭാരതത്തിൽ മോദിയുടെ മാനസപുത്രനായ അദാനിയുടെ കുതിച്ചുകയറ്റം

  85

  ജയരാജൻ സി എൻ ✍️

  ദരിദ്ര ഭാരതത്തിൽ അദാനിയുടെ കുതിച്ചു കയറ്റം

  2020 എന്ന വർഷം കോവിഡ് കൊണ്ടു കൂടി ഭാരതത്തെ തകർത്തെറിഞ്ഞ വർഷമാണ്. ജനങ്ങൾ പട്ടിണിയിലായി , തൊഴിലില്ലായ്മ കുതിച്ചുയർന്നു പാരമ്യതയിലെത്തി.കർഷകർ ഗതികെട്ട അവസ്ഥയിൽ ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തിലേയ്ക്കിറങ്ങി .എന്നാൽ ഇന്ത്യയിലെ പത്തു കോടീശ്വരന്മാർ മോദിയുടെ ഭരണത്തിൻ കീഴിൽ വളർന്നു കൊഴുത്തതും ഇതേ കാലഘട്ടത്തിൽ തന്നെയെന്ന് ബ്ലൂം ബെർഗ് ശതകോടീശ്വര സൂചിക – 2020 വെളിപ്പെടുത്തുന്നു. .ഇതിൽ ഏറ്റവും വലിയ വളർച്ചാ നിരക്ക് മോദിയുടെ മാനസപുത്രനായ അദാനിയ്ക്ക് തന്നെയാണ്.

  രാജ്യത്തെ പത്ത് ശതകോടീശ്വരന്മാർക്ക് മൊത്തത്തിൽ 76.3 ശതകോടി ഡോളറിൻ്റെ വർദ്ധനവാണ് കഴിഞ്ഞ ഒറ്റ വർഷം കൊണ്ടുണ്ടായത്. ഇതിൽ ഏറ്റവും കൂടുതൽ വളർച്ച അദാനിക്കാകുമ്പോൾ വളർച്ചയുടെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത് കോവിഡ് വാക്സിൻ ഉണ്ടാക്കിയ കമ്പനിയുടമ പൂനാവല്ലയാണ്! മൊത്തം സമ്പത്തെടുത്താൽ ഇപ്പോഴും അംബാനി തന്നെയാണ് മുന്നിൽ . 73. 4 ശതകോടി ഡോളറുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 34.5 ശതകോടിയുമായി അദാനിയും 26.2 ശതകോടിയുമായി പ്രേംജിയും രണ്ടാമതും മൂന്നാമതും സ്ഥാനങ്ങൾ വഹിക്കുന്നു.

  അദാനിക്ക് കഴിഞ്ഞ ഒറ്റ വർഷം കൊണ്ടുണ്ടായ വളർച്ച 171 ശതമാനം വളർച്ചയാണ്. 2021 ജനുവരി ആറാം തീയതിയിലെ കണക്കനുസരിച്ച് 34.7 ശതകോടി ഡോളർ സമ്പത്ത് ഉണ്ട്. സൈറസ് പൂനാ വല്ലയുടെ സമ്പത്തിൽ 86.7 ശതമാനത്തിൻ്റെ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. 2021 ജനുവരി 6 ന് ഇദ്ദേഹത്തിൻ്റെ സമ്പത്ത് 16.4 ശതകോടി ഡോളറായിരിക്കുമ്പോൾ അതിൽ 15.5 ശത കോടി ഡോളറും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ളതാണ്. എന്നു വെച്ചാൽ കോവിഡ് വാക്സിൻ ഉണ്ടാക്കിയാണ് സമ്പത്ത് ഇപ്പോൾ പെരുപ്പിച്ചതെന്നർത്ഥം.. ( 54 കൊല്ലത്തെ പ്രവർത്തന പാരമ്പര്യമുള്ള പൂനാ വല്ലയും കുറച്ചു കാലം കൊണ്ട് വളർച്ച നേടിയ അദാനിയും തമ്മിൽ വ്യത്യാസമുണ്ട് എന്നതും ശ്രദ്ധേയമാണ്.)

  കോർപ്പറേറ്റുകൾക്ക് കേന്ദ്ര സർക്കാർ സകല മേഖലകളും തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കയാണ്. വൈദ്യുതി മേഖലയിലെ സമരങ്ങൾക്ക് ശേഷം ഇന്ത്യയുടെ കാതലായ കാർഷിക മേഖല തീറെഴുതുന്നതിനെതിരെ കർഷകർ ഐതിഹാസികമായ പോരാട്ടത്തിലേർപ്പെമ്പോൾ ആ പോരാട്ടം ആത്യന്തികമായി ഇന്ത്യയിലെ സകല മേഖലയിലെയും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ട് എന്നതിനെ ശരിവെക്കുന്നതാണ് മറുവശത്ത് കോർപ്പറേറ്റുകൾ ഈ കഷ്ടകാലത്ത് തഴച്ചു വളരുന്നതിൻ്റെ കണക്കുകൾ ..