മാധ്യമ ചർച്ചകളുടെ ദുർഗന്ധം അസഹ്യം

128

ജയരാജ് 

മാധ്യമ ചർച്ചകളുടെ ദുർഗന്ധം അസഹ്യം

കൈതമുക്കിൽ റെയിൽവേയുടെ ഓരത്ത് പുറമ്പോക്കിലെ ശ്രീദേവിയുടെ കുഞ്ഞുങ്ങൾ മണ്ണു വാരിക്കഴിച്ചോ ഇല്ലയോ എന്ന തർക്കം മുതൽ Hunger ഉം പട്ടിണിയും രണ്ടാണെന്ന ശാസ്ത്രീയ വ്യാഖ്യാനങ്ങൾ വരെ നീളുന്ന നാലാം തരം ചർച്ചകൾ കൊണ്ട് മാദ്ധ്യമങ്ങളെന്താണ് നേടാൻ പോകുന്നത്?

ശ്രീദേവി എന്നത് ഒരു പ്രതീകം മാത്രമാണ് .. കേരളത്തിലെ തെരുവോരങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി പേരിന് ഒരു കൂരയുണ്ടാക്കി കുടുംബമായി കഴിയുന്നവർ.ഭർത്താക്കന്മാർ കുടിയും കഞ്ചാവുമായി അലഞ്ഞു തിരിയും നേരം കുഞ്ഞു വായിൽ നുണയാൻ, കുഞ്ഞു വയറുകളുടെ വിശപ്പടക്കാൻ സ്വന്തം വിശപ്പും വേദനകളും മാറ്റി വെച്ച് ജീവിതം മുഴുവൻ ഓടുന്ന ശ്രീദേവിമാർ ..

വീട്ടിൽ വന്നു വരുന്ന ഭർത്താക്കന്മാർക്ക് രണ്ടു കാര്യങ്ങളാണ് കെട്ടിക്കൊണ്ടു വന്നവളോട് നിർവ്വഹിക്കാനുള്ളത്… പുറത്തു നിന്ന് കുടിച്ചതിന്റെയും വലിച്ചു കേറ്റിയതിന്റെയും പറ്റ് ഇറങ്ങുന്നത് വരെ അവളെ തല്ലിച്ചതയ്ക്കുക എന്നതാണ് അതിലൊന്ന്…

സ്വന്തം ദുരിതം അറിഞ്ഞ് വീട്ടിലെത്തിയ പത്രക്കാരെയും രാഷ്ട്രീയക്കാരെയും കാണുമ്പോഴും ശ്രീദേവിയുടെ പരിഭ്രമം ഇനി ഇതിന്റെ പേരിലാവുമോ ഭർത്താവ് തന്റെ നടുവിടിച്ച് കലക്കാൻ പോകുന്നത് എന്നതായിരുന്നു കുടുംബത്തിൽ രണ്ടാമത്തെ ഭർതൃ ധർമ്മം സന്താനോൽപ്പാദനമാണ്… 10 കൊല്ലത്തിനിടയിൽ ആറു കുട്ടികളെ പടച്ചു വിട്ടവന് അമ്മയുടെ മുലപ്പാല് നിൽക്കാൻ പാടില്ലാന്ന് നിർബന്ധമുണ്ട് പോലും… !

ഇതൊക്കെ കേരളമാകെ ശ്രീദേവിമാർ അനുഭവിച്ചു കൊണ്ടേയിരിക്കയാണ്.ദളിതരും ആദിവാസികളും കേരളത്തിലെ സാമൂഹിക ഘടനയിൽ ഏറ്റവും അടിത്തട്ടിൽ തന്നെയാണ് തുടരുന്നത് .വീടുണ്ട് എന്നു പറയുന്ന കൂട്ടരാണ് ശവമടക്കിന് സ്വന്തം തറ പൊളിച്ചടക്കം ചെയ്തത്…തവരുടെ മക്കൾ കക്കൂസിൽ കിടന്നുറങ്ങിയത് … വീടില്ലാത്തവരാണ് ടാർപേളിൻ വലിച്ചുകെട്ടി തെരുവിൽ കഴിയുന്നത്…

മാലിന്യവും മണ്ണും കുഞ്ഞുങ്ങൾ തിന്നിട്ടുണ്ടെങ്കിൽ അത് ആദ്യമായി കേൾക്കുന്നതു പോലെ ചർച്ച ചെയ്യുന്ന ചാനൽ അവതാരകരൊക്കെ സ്മൃതി ഭ്രംശം വന്നവരാണോ?തെരുവിൽ അന്തിയുറങ്ങുന്ന ഇവർ ജാതീയമായി , സാംസ്കാരികമായി ഒക്കെക്കൂടി സമൂഹത്തിന്റെ പുറമ്പോക്കുകളിലാണ്‌.

തീർന്നില്ല , ഇവർക്കെതിരെയുള്ള ആക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ് എന്ന് NCRB കണക്കുകൾ കൃത്യമായി പറയുന്നുണ്ട്… അട്ടപ്പാടിയിൽ മധുവിനെ കെട്ടിയിട്ട് കൊന്നത് ഒരു ഉദാഹരണമേ ആവുന്നുള്ളൂ… കുറ്റകൃത്യങ്ങളിൽ 8 ശതമാനം പോലും പേർ ശിക്ഷിക്കപ്പെടുന്നില്ല എന്നതും രേഖപ്പെടുത്തിക്കഴിഞ്ഞ വസ്തുതകളാണ് .കേരളത്തിൽ ദളിത്- ആദിവാസി വിഭാഗങ്ങൾ പ്രക്ഷോഭരംഗത്താണ് … അവർ സമരമുഖത്തേയ്ക്ക് വരുന്നത് ഈ ഗതി കെട്ട അവസ്ഥയിൽ നിന്നാണ്…അവർക്ക് വേണ്ടത് ഭൂമിയാണ് , താമസയോഗ്യമായ പാർപ്പിടങ്ങളാണ് .ശ്രീദേവിമാരുണ്ടായത് പ്രളയം വന്നിട്ടല്ല .കാട് കാണാതെ മരം കാണുന്ന ചാനൽ ചർച്ചകൾ പഴയ പൈങ്കിളി റിപ്പോർട്ടുകളുടെ തുടർച്ച മാത്രമാണ്.