മറ്റൊരു പെൺകുട്ടിയെ കൂടി ….

69

Jayarajan C N

മറ്റൊരു പെൺകുട്ടിയെ കൂടി …

മുംബൈ കോടതിയിലെ അഭിഭാഷകയായ നികിതാ ജേക്കബിനെ കൊണ്ടുപോകാൻ ഡൽഹിയിലെ പോലീസ് വന്നു.– ആളെ കിട്ടാഞ്ഞപ്പോൾ മൊബൈൽ അടക്കം എടുത്തു കൊണ്ടു പോയി.. – ഗ്രേറ്റ തും ബർഗ് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയാണെന്ന് ഏവരേക്കാളും നന്നായിട്ടറിയാവുന്നത് കാവി ഭരണകൂടത്തിനും കോർപ്പറേറ്റുകൾക്കും നന്നായി അറിയാം.
ദിശാ രവിയ്ക്ക് പിന്നാലെ നികിതയെ കൊണ്ടുപോകാൻ വരുന്നത് അവർ ഭീകരപ്രവർത്തനം നടത്തുന്നതു കൊണ്ടല്ല മറിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടത്തുന്നതു കൊണ്ടാണ്.പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ ഓരോ പ്രവർത്തനങ്ങളും ഇന്ന് കോർപ്പറേറ്റുകൾക്കെതിരെ ജനങ്ങളെ തെരുവിലിറക്കുന്ന പശ്ചാത്തലം സൃഷ്ടിക്കുന്നുണ്ട്.

ഉത്തരാഖണ്ടിൽ മുൻപ് വെള്ളപ്പൊക്കമുണ്ടായപ്പോഴും അതിന് മുൻപും ഒക്കെ ജലവൈദ്യുതി നിലയങ്ങൾ അവിടെ പാടില്ല എന്ന് മുന്നറിയിപ്പ് കിട്ടിക്കൊണ്ടിരുന്നതാണ്. ഇപ്പോൾ 200 ഓളം ആളുകൾ കാണാതായ , വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.ഈ സംഭവത്തെ അഖിലേന്ത്യാ തലത്തിൽ വാർത്തയാക്കുന്നത് പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും ആ നിലപാടുള്ള ചില രാഷ്ട്രിയ സംഘടനകളുമാണ്. തമിഴ്നാട്ടിൽ കാട്ടുപ്പള്ളി തുറമുഖ വികസനത്തിൻ്റെ പേരിൽ 5800 ഏക്കർ കടലോര ഭൂമി അദാനിയ്ക്ക് പതിച്ചു നൽകുന്നതിനെതിരെ ഗ്രാമവാസികൾ പ്രക്ഷോഭത്തിനിറങ്ങുന്നതിന് പിന്നിൽ പരിസ്ഥിതി സംരക്ഷണ പ്രനർത്തകരുടെ പങ്ക് ഗണനീയമാണ്…

നിരവധി പുതുതലമുറക്കാർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നത് കോർപ്പറേറ്റുകളുടെ ഭരണകൂടങ്ങൾ തടയുന്നത് സ്വാഭാവികം. കാവി ഫാസിസ്റ്റുകൾ അവരെ ഖാലിസ്ഥാൻ വാദിയാക്കുന്നതിൻ്റെ വിഡ്ഢിത്തം ആസൂത്രിത കൽപ്പനയാണ്. കർഷകരെയും ഗ്രാമവാസികളെയും ഒക്കെ തെരുവിലിറക്കുന്ന കോർപ്പറേറ്റ് മൂലധന താൽപ്പര്യങ്ങളും പരിസ്ഥിതിയും തമ്മിലുള്ള വൈരുദ്ധ്യം ഇപ്പോൾ എക്കാലത്തേക്കാളുമേറെ മൂർഛിച്ചിരിക്കുന്നു എന്നത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ഒരു ജനകീയ രാഷ്ട്രീയ പോരാട്ടത്തിൻ്റെ വഴി തുറന്നിടുന്നുണ്ട്. കോർപ്പറേറ്റുകൾ ഈ അപകടം മണത്തറിഞ്ഞ് നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിലാണ്. പരിസ്ഥിതി സംരക്ഷണ ജനകീയ സംഘടനകൾ കോർപ്പറേറ്റ് മൂലധന വിരുദ്ധ ദിശാബോധത്തോടെ ശക്തിപ്പെടേണ്ട ആവശ്യകതയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത് …