പെട്ടിമുടി സംഭവത്തെ കൂടി മണ്ണിട്ടു മൂടുന്ന മലയാളി

25

Jayarajan C N

*പെട്ടിമുടി സംഭവത്തെ കൂടി മണ്ണിട്ടു മൂടുന്ന മലയാളി

പെട്ടിമുടിയിൽ ഉള്ളത് നമ്മുടെ സഹോദരങ്ങളാണ് എന്നു ചിന്തിക്കാൻ മടിക്കുന്ന ശരാശരി മലയാളിയുടെ പുരോഗമന നാട്യം നാൾക്കുനാൾ പൊഴിഞ്ഞു പോവുക തന്നെ ചെയ്യും. സ്വപ്ന- സ്വർണ്ണ – തീ കൊളുത്തൽ ഉത്സവാഘോഷങ്ങൾക്കിടയിൽ ഇനിപ്പറയുന്ന കാര്യങ്ങൾ നമുക്ക് കേൾക്കണമെന്നില്ലെങ്കിലും, അടിസ്ഥാന വർഗ്ഗങ്ങൾക്ക് വേണ്ടി പൊരുതുന്നവർ ഇത് ഉറക്കെ പറയുക തന്നെ ചെയ്യും. പെട്ടി മുടിയിൽ കുഞ്ഞുങ്ങളടക്കം മണ്ണിൽ പുതഞ്ഞു പോയവരിൽ ഇതുവരെ കിട്ടിയത് 82 പേരാണ്. ഇനിയും കിട്ടാനുണ്ടെന്ന് പെട്ടിമുടിക്കാർ പറയുന്നു. ഇതു കേട്ടാൽ ഞെട്ടലൊന്നും ഇല്ലാത്തത് മലയാളിയുടെ പൊതുബോധത്തെ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്.
ഈ മരണപ്പെട്ടവർ തൊഴിലാളികളാണ്. അവരുടെ കുടുംബങ്ങളാണ്. മനുഷ്യോചിതമല്ലാത്ത രീതിയിൽ അവരുടെ ഭൗതിക ശരീരങ്ങളെ കുഴിച്ചു മൂടിയെന്ന് അവിടെ പോയവർ പറയുന്നു. പണ്ട് കണ്ണൻ ദേവന് രാജാവ് സ്ഥലം കൈമാറുന്ന നേരത്ത് വലിയ മരങ്ങൾ വെട്ടിമാറ്റി തേയില വെക്കുന്ന നേരത്തും രാജാവ് നിഷ്കർഷിച്ച പോലെ തോട്ടത്തിന് മുകളിലെ മരങ്ങളോ പുഴയുടെ തീരത്തു നിന്ന് നിശ്ചിത അകലത്തേയ്ക്ക് ഉള്ള ഭൂമിയോ ഒരു മാറ്റവുമില്ലാതെ തുടർന്നിരുന്നു. എന്നാൽ ടാറ്റയുടെ കാലത്ത് ഇതെല്ലാം മാറ്റിമറിക്കപ്പെട്ടു. 1985 ന് ശേഷം ടാറ്റ നടത്തിയ കയ്യേറ്റങ്ങൾ നമുക്കറിയാത്തതല്ല .. പക്ഷേ അദാനിയുടെ കരുത്തിലെന്ന പോലെ ടാറ്റയുടെ മുന്നിൽ സകല ട്രേഡ് യൂണിയൻ കങ്കാണികളും രാഷ്ട്രീയ ദാസന്മാരും വഞ്ചീശ സ്തുതി പാടി നിൽക്കുന്ന കീഴ് വഴക്കമാണ് നമുക്കുള്ളത്.
തേയിലത്തോട്ടങ്ങൾക്ക് മുകളിലുള്ള മരങ്ങൾ വെട്ടിമാറ്റി തേയില നടാൻ തീരുമാനിക്കുമ്പോൾ പരിസ്ഥിതി ലോല പ്രദേശമായ ഇടങ്ങളിൽ മരങ്ങൾ മുറിച്ച് വേരുകൾ മാത്രമായ അവശേഷിക്കുമ്പോൾ അത് നല്ല മഴയുടെ കാലത്ത് ഉരുൾ പൊട്ടലുകളിലേക്ക് നയിക്കും എന്നറിയാതെ പോകുന്നതെന്തുകൊണ്ടാണ്? അത്തരം മേഖലകളിൽ ജനവാസം പാടില്ല എന്നറിയാതെ പോകുന്നതെന്തു കൊണ്ടാണ്? ഇതൊന്നും അറിയാതെ പോകുന്നതല്ല.ഒരു ജുഡീഷ്യൽ അന്വേഷണം ഇക്കാര്യത്തിൽ നടത്തണമെന്ന് അടിച്ചമർത്തപ്പെട്ട , പാർശ്വവൽക്കരിപ്പെട്ട ജനവിഭാഗങ്ങൾക്കി വേണ്ടി പോരാടുന്ന ജനകീയ സംഘടനകൾ ആവശ്യപ്പെടുന്നത് തികച്ചും ന്യായമാണ്.
മാനുഷികതയുള്ളവർ ഇക്കാര്യം ചിന്തിക്കാനെങ്കിലും തുടങ്ങണം.