കനി എങ്ങനെ കുസൃതിയായി ?

0
280

ജയരാജൻ സി.എൻ

വാലു മുറിച്ച പാർവ്വതിയും വാലു വികസിപ്പിച്ച കനിയും ..!

കന്നഡയിൽ പോയി അഭിനയിച്ച പാർവ്വതിയ്ക്ക് അവിടെ ചെന്നപ്പോൾ അവിടെയുള്ളവർ ഒരു “മേനോൻ പട്ടം” നൽകിയിരുന്നു .കേരളത്തിൽ വന്നപ്പോൾ മലയാള സിനിമക്കാർ അതേറ്റു പിടിച്ചു.ചുംബന സമരം പോലുള്ള സമരങ്ങളിൽ സജീവമായി പങ്കെടുത്തവർ പോലും ഉന്നത ജാതി വാലുകൾ പരസ്യമായി നവമാദ്ധ്യമങ്ങളിൽ ബോധപൂർവ്വം പ്രദർശിപ്പിക്കുന്നതു മുതൽ പുതിയ സിനിമാ നടിമാരിൽ വാര്യരും നായരും വർമ്മയും മേനോനുമൊക്കെയടങ്ങുന്ന വാലുകൾ മദ്ധ്യവർഗ്ഗ മലയാളിയുടെ അംഗീകാരത്തിൻ്റെയും കമ്പോള സാദ്ധ്യതകളുടെയും പ്രതീകങ്ങളായിത്തീരുന്ന നേരത്താണ് തനിക്ക് മേനോൻ വാല് വേണ്ട എന്നു പാർവ്വതി പരസ്യമായി പറഞ്ഞത്.ഇത് പ്രായോഗികമായി നടത്തിയെടുക്കാൻ പാർവ്വതി ഒരു തന്ത്രം കൂടി പ്രയോഗിച്ചു.ടേക്ക് ഓഫ് എന്ന സിനിമയുടെ ടൈറ്റിൽ കാർഡിൽ അവർ സ്വന്തം പേര് പാർവ്വതി തിരുവോത്ത് എന്ന പേരെഴുതിച്ചേർത്തു…!

Parvathy Thiruvothu resigns from AMMA after alleged sexist remarks over  former woman member- The New Indian Expressഅങ്ങിനെയാണ് പാർവ്വതി ഇന്നത്തെ പാർവ്വതി തിരുവോത്താകുന്നത്‌.മൈത്രേയൻ്റെയും ജയശ്രീയുടെയും മകളായ കനിയുടെ പേരിൻ്റെ കൂടെ ഒന്നും ഇല്ലാതിരുന്നപ്പോൾ സ്കൂൾ അധികൃതർക്ക് വല്ലാത്ത വൈക്ലബ്യം .മാതാപിതാക്കളാവട്ടെ ഒരു സാമൂഹിക കീഴ്‌വഴക്കങ്ങളും പാടില്ല എന്ന കാഴ്ചപ്പാടുള്ളവരായിരുന്നു … കനി എന്നു മാത്രം മതി എന്നവർ അഭിപ്രായപ്പെട്ടു.ഈ പ്രതിസന്ധി കനി എന്ന കൗമാരക്കാരി വല്യ ബുദ്ധിമുട്ടൊന്നും കൂടാതെ പരിഹരിച്ചു.കനി എന്നതിൻ്റെ കൂടെ തൻ്റെ ”വികൃതിത്തരങ്ങളെ ” രേഖപ്പെടുത്തുമാറ് അവൾ 15 – ആം വയസ്സിൽ പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറത്തിൽ പേരൊന്നു പുതുക്കി എഴുതി.

Exploring sexuality on-screenഅങ്ങിനെ അവൾ “കനി കുസൃതി “യായി.വാല് കളഞ്ഞ പാർവ്വതിയിൽ നിന്ന് വാല് വെച്ചു പിടിപ്പിച്ച കനിയിലേക്ക് എത്തുമ്പോൾ ഒന്നു രണ്ടു കാര്യങ്ങൾ കൂടി നിങ്ങളറിയണം: ചെങ്ങറ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിയ്ക്കൽ പന്തലു കെട്ടി സത്യാഗ്രഹം നടത്തിയവരിൽ ഒരാൾ കുസൃതി ആയിരുന്നു! പാർവ്വതിയെ പിന്തുണച്ചു കൊണ്ട് പീഢിപ്പിക്കപ്പെട്ട നടിയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുസൃതി തൻ്റെ നിലപാട് ഉച്ചത്തിൽ വ്യക്തമാക്കിയിരിക്കുന്നു ..

1930ൽ പി കെ റോസി എന്ന ദളിത് ക്രിസ്ത്യൻ സ്ത്രീ മലയാളത്തിലെ ആദ്യത്തെ സിനിമ ആയിരുന്ന വിഗതകുമാരനിൽ സവർണ്ണ സ്ത്രീ കഥാപാത്രമായി അഭിനയിക്കുകയുണ്ടായി.തിരുവനന്തപുരത്ത് കാപ്പിറ്റോൾ തിയേറ്ററിൽ ഈ നിശ്ശബ്ദസിനിമ കളിച്ചപ്പോൾ അതിനെ കൂവിയും ചെരുപ്പുകളെറിഞ്ഞും സ്ക്രീൻ കുത്തിക്കീറിയും സവർണ്ണ വിഭാഗം തങ്ങളുടെ ജാതി ഭ്രാന്ത് വ്യക്തമാക്കി…
എന്നാൽ കാര്യങ്ങൾ അവിടം കൊണ്ടു തീർന്നില്ല. ചാലക്കമ്പോളത്തിൽ വെച്ച് റോസിയെ പരസ്യമായി വസ്ത്രാക്ഷേപം വരെ ചെയ്യുകയുണ്ടായി. ഇതിനും പുറമേ റോസിക്കും കുടുംബത്തിനും സമൂഹ ഭ്രഷ്ട് സവർണ്ണ മേലാളന്മാർ കൽപ്പിച്ചു.

ഗത്യന്തരമില്ലാതെ റോസി തനിക്കിഷ്ടമുള്ള ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് ഓടിപ്പോയി… അവരുടെ വീട്ടുകാർ വീടും സ്ഥലവും വിറ്റു നാടുവിട്ടു പോയി .90 വർഷങ്ങൾക്ക് ശേഷം നമ്മുടെ പ്രിയങ്കരിയായി മാറിയ കുസൃതി പറയുന്നു തനിക്ക് കിട്ടിയ പുരസ്കാരം താൻ റോസിയ്ക്ക് സമർപ്പിക്കുന്നുവെന്ന് … ! കുസൃതി തൻ്റെ ബോധത്തിൻ്റെ ആഴമാണ് ഇതിലൂടെ നമുക്ക് വെളിപ്പെടുത്തിത്തരുന്നത് .കുസൃതീ… സന്തോഷം ..സ്നേഹം.. അഭിമാനം… ഭാവുകങ്ങൾ .പല്ലു കൊഴിഞ്ഞ പുരുഷ കേസരികളുടെ മടകൾക്ക് മുന്നിൽ പെൺ വ്യാഘ്രങ്ങൾ ഇടിമുഴക്കിയലറാൻ തുടങ്ങിയിരിക്കുന്നു …