ഈ വിദേശ കുത്തകകൾക്ക് ഇപ്പോഴും എങ്ങിനെയാണ് കേരളത്തിൽ ഭൂമി കയ്യടക്കി വെയ്ക്കാൻ കഴിയുന്നത് ?

31

Jayarajan Jayarajan C N

”മാഡം , ഈ വിദേശ കുത്തകകൾക്ക് ഇപ്പോഴും എങ്ങിനെയാണ് കേരളത്തിൽ ഭൂമി കയ്യടക്കി വെയ്ക്കാൻ കഴിയുന്നത്?”

ഭൂസമര സമിതി ഓൺലൈനിൽ സംഘടിപ്പിച്ച “വിദേശതോട്ടം ഭൂ ഉടമസ്ഥതയും നിയമപ്രശ്നങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം മുൻ സർക്കാർ പ്ലീഡർ ശ്രീമതി സുശീലാഭട്ട് പൂർത്തീകരിക്കുന്നതു വരെ സശ്രദ്ധം കേട്ടുകൊണ്ടിരുന്നവരിൽ ഒരാളുടെ സംശയമാണ്.അവരുടെ മറുപടി കേൾക്കൂ…

ശബരിമല വിമാനത്താവള പദ്ധതി ...“ഈ ചോദ്യം ഞാൻ തിരിച്ചു ചോദിക്കുകയാണ്. ഈ ഭൂമിയിൽ ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികൾക്കവകാശപ്പെട്ട ഭൂമി എന്തു കൊണ്ടാണ് ഇപ്പോഴും വിദശക്കുത്തകകൾ കൈവശം വെച്ചു കൊണ്ടിരിക്കുന്നത്?” .ഗംഭീരവും അനൗപചാരികവും ലളിതവുമായ പ്രഭാഷണമായിരുന്നു അവരുടേത്.തുടക്കത്തിലേ തന്നെ അവർ പറഞ്ഞത് മാധ്യമങ്ങളെ കുറിച്ചായിരുന്നു. മാധ്യമങ്ങൾ ഈ ഭൂമി തട്ടിപ്പുകളിലേക്ക് കടന്നു ചെല്ലാറില്ല എന്നവർ ചൂണ്ടിക്കാട്ടി. ആമുഖമായി അവർ ചൂണ്ടിക്കാട്ടിയ ഒരു വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. ബ്രിട്ടീഷുകാർ നിർമ്മിച്ച വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഇപ്പോഴും പല തോട്ടമുടമകളുടെയും കൈകളിൽ ഭൂമിയിരിക്കുന്നത്. ഇത് എന്തൊരു നാണക്കേടാണെന്നവർ ചോദിക്കുന്നു ..!

അവർ രസകരമായ ഒരു ഉദാഹരണം പറഞ്ഞു: “ഒരു കള്ളനോട്ട് എത്ര കാലം കഴിഞ്ഞാലും കള്ളനോട്ട് അല്ലാതാവുന്നില്ല എങ്കിൽ ഇവിടെ ഭൂമിയുടെ കാര്യത്തിൽ സംഭവിക്കുന്നത് മറിച്ചാണ് “.1976 ൽ തോട്ട ഭൂമി കണ്ണൻദേവൻ കമ്പനിക്ക് അന്നത്തെ സർക്കാരിൻ്റെ ലാൻഡ് ബോർഡ് കൈമാറാൻ ഉത്തരവിറക്കും നേരം വിദേശക്കുത്തകകളുടെ ഭൂമി സർക്കാരിന് പിടിച്ചെടുക്കാനുള്ള നിയമം (ഫെറാനിയമം) വന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ സർക്കാർ അതറിഞ്ഞ മട്ടു കാണിച്ചില്ല. ഭാവിയിൽ ആയാലും തട്ടു കിട്ടുമെന്നറിഞ്ഞ കണ്ണൻ ദേവനാകട്ടെ ആ ഭൂമി ടാറ്റയ്ക്ക് കൈമാറി രക്ഷപ്പെട്ടു.

ഈ കൈമാറ്റ ആധാരത്തിൻ്റെ വിശദാംശങ്ങൾ 2013 വരെ വെളിച്ചത്തു കൊണ്ടു വരാൻ ഒരു സർക്കാരും തയ്യാറായില്ല. അതിൽ എഴുതിയിരുന്നത് “ബ്രിട്ടീഷ് റാണിയുടെ അനുമതിയോടെ 96000 ഏക്കർ ഭൂമി ടാറ്റയ്ക്ക് കൈമാറുന്നു ” എന്നാണ്! ഇന്ത്യൻ ദേശാഭിമാനത്തെ അപമാനിക്കുന്ന ഈ ആധാരത്തിൽ തന്നെയാണ് മൂന്നാർ ടൗണും ടാറ്റയ്ക്ക് കൈമാറുന്നത്!ആ രേഖയിൽ ” ഞങ്ങൾ കയ്യടക്കി വെച്ചിരിക്കുന്ന സർക്കാർ ഭൂമിയും നിങ്ങൾക്ക് കൈമാറുന്നു ” എന്നുണ്ടത്രെ!
“ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം ..ലായങ്ങളിൽ ദുരിതമനുഭവിക്കുന്ന ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികൾക്കവകാശപ്പെട്ട ഭൂമിയാണ് അത് ” സുശീലാ ഭട്ട് ഉറച്ച സ്വരത്തിൽ വെളിപ്പെടുത്തുന്നു .1974ൽ മലയാളം പ്ലാൻ്റേഷൻ എന്ന വിദേശക്കുത്തക മലയാളം പ്ലാൻ്റേഷൻസ് ആയി.. 1984 ൽ അവർ ഹാരിസണുമായി ചേർന്ന് ഹാരിസൺ മലയാളമായി .. ഇവരാണ് 2005ൽ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി കെ പി യോഹന്നാൻ്റെ ബിലിവേഴ്‌സ് ചർച്ചിന് കൈമാറുന്നത്.അതാകട്ടെ പൂർണ്ണമായും വ്യാജരേഖയാണെന്ന് സുശീലാ ഭട്ട് വെട്ടിത്തുറന്നു പറഞ്ഞു. അതിലെ സർവ്വേ നമ്പറുകൾ ശരിയല്ലെന്നവർ കൂട്ടിച്ചേർത്തു.

“വാമനൻ മൂന്നടി വെച്ചപ്പോൾ ചെയ്ത തന്ത്രത്തെ കവച്ചു വെക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത് ” സുശീലാ ഭട്ട് ഇതു പറഞ്ഞു ചിരിച്ചു.അതിരുകളില്ലാത്ത ഭൂമി കൈമാറ്റങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത് എന്നവർ നിഷ്ഠൂരമായ യാഥാർത്ഥ്യം ഫലിതവൽക്കരിച്ചു.
“സർക്കാരിന് മുന്നിൽ ഇവരെ തളയ്ക്കുന്നതിനുള്ള തടസ്സമെന്താണ്?” ഒരു ശ്രോതാവ് ചോദിക്കുന്നു .
“ഒരേയൊരു തടസ്സമേയുള്ളൂ … ഇച്ഛാശക്തി.” എന്നവർ മറുപടി പറയുന്നു ..
ഇന്നും ബ്രിട്ടീഷ് റാണിയുടെ പേരിൽ കരമടയ്ക്കുന്ന , ബ്രിട്ടീഷ് റാണിയുടെ പേരിൽ ഭൂമി കൈവശം വെയ്ക്കുന്ന , വിദേശക്കുത്തകകളുടെ ഉടമസ്ഥതയെ തുരത്തി ആ ഭൂമി അത്രയും തന്നെ ജനങ്ങളിൽ നിക്ഷിപ്തമാക്കേണ്ട ഉത്തരവാദിത്തത്തിൻ്റെ വർത്തമാന നിർണ്ണായക പ്രാധാന്യത്തെയാണ് സുശീലാ ഭട്ട് തൻ്റെ വാക്കുകളിലൂടെ വരച്ചു കാട്ടിയത്. സുശീലാ ഭട്ടിന് നന്ദി.. !
കേരളത്തിലെ ഭൂസമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ! അവർക്ക് ഈ പ്രഭാഷണം കൂടുതൽ ആവേശം നൽകട്ടെ!