എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളിൽ ഉള്ളവർ മണ്ണിനടിയിൽ പോകുന്ന ദുരന്തങ്ങൾക്ക് കാരണം നമ്മളാണ്… നമ്മൾ തന്നെയാണ്

29

Jayarajan Jayarajan C N

ഒരു കഥ സൊല്ലട്ടുമാ. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളിൽ ഉള്ളവർ മണ്ണിനടിയിൽ പോകുന്ന ദുരന്തങ്ങൾക്ക് കാരണം നമ്മളാണ്… നമ്മൾ തന്നെയാണ്. പശ്ചിമഘട്ട മലനിരകളിൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് ശാസ്ത്രീയ നിഗമനം നടത്തിയ ഗാഡ്ഗിലിനെയും അദ്ദേഹത്തിൻ്റെ കമ്മിറ്റിയിലെ അംഗമായ വിജയനെയും ഹൈറേഞ്ചിൽ കാലുകുത്തിയാൽ വെട്ടുമെന്ന് പറഞ്ഞവരുടെ മുന്നിൽ പട്ടക്കാരുടെ കൂടെ ചെങ്കൊടിക്കാരുമുണ്ടായിരുന്നു. ജനാധിപത്യമെന്നത് അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുത്ത മദ്ധ്യവർഗ്ഗത്തിൻ്റെ വായ്ത്താരിയല്ല , അടിസ്ഥാന വർഗ്ഗത്തിൻ്റെ പൗരാവകാശങ്ങളുടെ, അതിജീവനത്തിൻ്റെ വിഷയമാണ്. പണ്ട് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ കേരള ദേശത്ത് മൂന്നാർ മുഴുവൻ അടക്കി വാണ കണ്ണൻ ദേവൻ വിദേശ തോട്ടം കുത്തക 1969ലെ ഫെറാ നിയമം മൂലം ജയിലഴി എണ്ണേണ്ട അവസ്ഥ വരുമെന്ന് കണ്ട് ടാറ്റായ്ക്ക് ഭൂമി മറിച്ചു വിറ്റപ്പോൾ അത് വിക്ടോറിയ റാണിയുടെ പേരിൽ ആയിരുന്നിട്ടും നമ്മൾ ആരുടെയും രോമത്തെ പോലും തൊടാൻ പോയില്ല.

ടാറ്റയുടെ കാലത്തും ലയങ്ങളിൽ കഴിയുന്ന പാവപ്പെട്ടവർക്ക് മേൽ ആധിപത്യം ചെലുത്തി ട്രേഡ് യൂണിയനുകൾ മുതലാളിക്ക് കങ്കാണിപ്പണി ചെയ്തതിൻ്റെ ഫലമായിട്ടാണ് ഇക്കാലമത്രയുമായിട്ടും ഈ പാവങ്ങൾ ലയങ്ങളിൽ മൃഗസമാനരായി ഇപ്പോഴും കഴിയുന്നത് – തികച്ചും വ്യാജ രേഖകളുടെ പുറത്തു മാത്രം തോട്ടമുടമകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി ഒരു ഓർഡിനൻസ് ഇട്ടാൽ ഏറ്റെടുക്കാമായിരുന്ന ഒന്നേയുള്ളൂ എന്നു ധൈര്യമായി ചൂണ്ടിക്കാണിച്ചത് സർക്കാരിൻ്റെ പ്ലീഡറായിരുന്ന അഡ്വക്കേറ്റ് സുശീല ഭട്ടാണ്. ആ വ്യാജരേഖാ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ ഏൽപ്പിച്ചിരുന്നെങ്കിൽ ഈ പ്രകൃതി ക്ഷോഭം വരുന്ന സ്ഥലത്ത് തൊഴിലാളികൾ വീടു വെച്ചു കിടക്കില്ലായിരുന്നു. ഉരുൾപൊട്ടാൻ പാകത്തിന് ഭൂമി വെട്ടിനിരത്താൻ അവർ സമ്മതിക്കില്ലായിരുന്നു –

58 – 59 കാലത്ത് ചർച്ച ചെയ്യാൻ തുടങ്ങിയ വിദേശ ഉടമസ്ഥത ഇതേ വരെ ഇല്ലാതാക്കാൻ കഴിയാത്ത നമ്മൾ വടക്കോട്ട് നോക്കി ആരെയാണ് പരിഹസിക്കുന്നത്? ടാറ്റായ്ക്ക് ഭൂമി കൈമാറിയതിൻ്റെ രേഖകൾ പരിശോധിക്കാൻ പോലും 1971 മുതൽ നാൽപ്പത് വർഷങ്ങൾ , 2011 വരെ , നമ്മുടെ സർക്കാരുകൾ ധൈര്യപ്പെട്ടിരുന്നില്ല .വലിയ തൊഴിലാളി മുന്നേറ്റങ്ങൾ നടത്തിയ പുരോഗമിച്ച ജനവിഭാഗമെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ സർക്കാരുകൾക്ക് , കങ്കാണിപ്പണി ചെയ്യുന്ന ട്രേഡ് യൂണിയനുകൾക്ക് ടാറ്റയെ കണ്ടാൽ മുട്ടു മടങ്ങും.നിരവധി കമ്മീഷനുകളെ വെച്ചു നോക്കി , ഈ നാണക്കേട് മാറ്റാൻ .നിവേദിത പി ഹരൻ കമ്മിറ്റി , ജസ്റ്റീസ് മനോഹരൻ കമ്മിറ്റി , ഡോ.’ സജിത് ബാബു കമ്മിറ്റി.ഒടുവിൽ രാജമാണിക്യം കമ്മിറ്റി .സകല കമ്മിറ്റിക്കാരും ഒറ്റ കാര്യം മാത്രം പറഞ്ഞു, “ഈ ഭൂമി വിദേശത്തേകകളുടെ യോ ടാറ്റയുടെയോ ഹാരിസണിൻ്റെയോ അല്ല .. ഇത് നമ്മുടെ ഭൂമിയാണ് ..” ഒടുവിൽ രാജമാണിക്കം വിശദമായി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മുതലാളിമാർ കേസിന് ഡൽഹിയിൽ നിന്നു വരെ പ്രഗത്ഭരായ വക്കീലന്മാരെ വരെ രംഗത്തിറക്കി. മറുവശത്ത് സർക്കാർ പ്ലീഡറായി അഡ്വക്കറ്റ് സുശീലാ ഭട്ടും രംഗത്തു വന്നു ..മാറ്റച്ചുരിക കൊടുക്കാതെ , മുളയാണി വെച്ച് കൊല്ലാൻ വിട്ടിട്ടും സുശീലാ ഭട്ട് ജയിക്കുമെന്ന ഘട്ടം വന്നപ്പോൾ 2016ൽ അവരെ പിരിച്ചു വിട്ടു.

രാജമാണിക്യത്തെ പറഞ്ഞു വിട്ടു 2020ൽ തൊഴിലാളികൾക്ക് ഭൂമി കിട്ടിയേക്കാവുന്ന എല്ലാ സാദ്ധ്യതകളും തകർത്തു. മൂന്നാറിൽ ഉയർന്നു വന്ന പെമ്പിളൈ ഒരുമൈ പോലുള്ള സമര ഉയിർത്തെഴുന്നേൽപ്പുകളെ തകർത്ത് ഇല്ലാതാക്കിയപ്പോഴും മൂന്നാറിൽ റിസോർട്ടുകളുടെ എണ്ണം വർദ്ധിക്കുകയും തോട്ടം തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടാതെ ദുരിതത്തിൽ തുടരുകയും ചെയ്തു കൊണ്ടേയിരുന്നു.രാജമല ദുരന്തം ഒറ്റപ്പെട്ടതല്ല എന്ന് നമുക്കറിയാം. കഴിഞ്ഞ വർഷങ്ങളിലെ ദുരന്തങ്ങൾ തന്നെ ആവർത്തിക്കുകയാണ്.

ഇതു മാറണമെങ്കിൽ നമ്മൾ മാറണം. നമുക്ക് മാറാനുള്ള ഇച്ഛാശക്തി ഉണ്ടാവണം. അടിസ്ഥാന വർഗ്ഗങ്ങൾക്ക് കരുത്തു പകരണം , അവരുടെ അതിജീവനക്കൾക്ക് ശാസ്ത്രീയ നിലപാടുകൾ സഹായമായി എത്തണം. പ്രകൃതിയെ കൊള്ളയടിക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ അവിടത്തെ അടിസ്ഥാന വർഗ്ഗങ്ങൾ ഇനിയെങ്കിലും തുരത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങണം.ഏറ്റവും ചുരുങ്ങിയത് അത്തരത്തിൽ ചിന്തിക്കാനെങ്കിലും നാം തുടങ്ങണം.അല്ലാത്ത കാലത്തോളം രാജമല ദുരന്തങ്ങൾ നമ്മളെ ഞെട്ടിച്ചു കൊണ്ടേയിരിക്കും..