ഇന്ത്യയിൽ ജനാധിപത്യം അവസാനിക്കുകയാണോ?

123

ജയരാജൻ സി എൻ ✍️

ഇന്ത്യയിൽ ജനാധിപത്യം അവസാനിക്കുകയാണോ?

കർഷക വിരുദ്ധ കാർഷിക ബില്ലുകൾ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് പെരുമാറ്റ ദൂഷ്യം ആരോപിച്ച് രാജ്യസഭയിൽ എംപിമാരെ പുറത്താക്കിയതിന് ശേഷം എളുപ്പത്തിൽ തൊഴിൽ നിയമ ഭേദഗതി പാസ്സാക്കി കഴിഞ്ഞിരിക്കുന്നു.ഇപ്പോൾ പാർലമെൻ്റ് എന്നത് പ്രതിപക്ഷമില്ലാത്ത , ചർച്ചകൾ ഇല്ലാത്ത കെട്ടിട സമുച്ചയങ്ങൾ ആയി മാറിയിരിക്കുന്നു.കോവിഡ് കാലഘട്ടം എല്ലാ തരത്തിലുമുള്ള ജന വിരുദ്ധ ബില്ലുകളും തെരുവിൽ ജനങ്ങളുടെ പ്രതിഷേധങ്ങൾ പോലും സംഘടിപ്പിക്കാൻ കഴിയാതെ പാസ്സായിപ്പോകുന്നു. സി എ എ വിരുദ്ധ പ്രതിഷേധം നടത്തിയ ഉമർ ഖാലിദടക്കം ജയിലിൽ അടയ്ക്കപ്പെടുമ്പോൾ കർഷക വിരുദ്ധ ബില്ലിനെതിരെയുള്ള ജന രോഷം മാദ്ധ്യമങ്ങളിൽ നിന്ന് മറച്ചു പിടിക്കാൻ ദീപികാ പദുക്കോണിനെ രാഷ്ട്രീയ വൈരാഗ്യം കൂടി ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ചോദ്യം ചെയ്യൽ നടക്കുന്നു.ഈ കോവിഡ് കാലയളവിൽ കൊണ്ടുവന്ന പരിസ്ഥിതി ആഘാത പ0ന , വിദ്യാഭ്യാസ ബില്ലുകൾ ഒക്കെത്തന്നെ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെങ്കിലും ഈ കോവിഡ് കാലഘട്ടത്തിൽ ജനകീയ പ്രതിഷേധങ്ങൾ ദുർബലമായി തുടരുകയാണ്.കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ നടന്ന പ്രക്ഷോഭത്തിനെതിരെ സംഘ പരിവാർ ഗുണ്ടായിസവും ആക്രമണങ്ങളും നടക്കുന്നു.ഡൽഹിയിലെ റെയിൽവേ ഓരത്ത് ഉള്ള 48000 കുടിലുകൾ പൊളിച്ചു മാറ്റാനും ലക്ഷങ്ങളെ തെരുവിലെറിയാനും നീതിന്യായപീഠവും സർക്കാരും ഒത്തു കളിക്കുകയാണ്.. അതിൻ്റെ ഭാഗമായി ഒഴിപ്പിക്കൽ നിർത്തിവെച്ചിരിക്കുന്നു എന്നു പറഞ്ഞിടത്ത് ഇപ്പോൾ നൂറുകണക്കിന് കുടിലുകൾ പൊളിച്ചു കഴിഞ്ഞു.

അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ടതിന് കണക്കുകളില്ല , തൊഴിലില്ലായ്മക്ക് കണക്കില്ല.. 50 കളിൽ ഇന്ത്യയിൽ പാർലമെൻ്ററി ജനാധിപത്യം വിഭാവനം ചെയ്ത നെഹ്രുവിനെ പാശ്ചാത്യ ലോകം അപ്രാപ്യമെന്ന് പറഞ്ഞു പരിഹസിച്ചതും ഇന്ത്യയിൽ നിരവധി ദശകോടികൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളും ജനപ്രതിനിധി സഭകളും വികസിപ്പിച്ചെടുത്തതും ചരിത്രത്തിൻ്റെ ഭാഗമാണ്.
ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിപ്പോൾ വീണ്ടും ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥിതി അസ്ഥിരമാണെന്ന ചർച്ച ഉയർന്നു വന്നെങ്കിലും 1977 ൽ തെരഞ്ഞെടുപ്പ് നടക്കുകയും ഇന്ദിര പരാജയപ്പെടുകയും ചെയ്തു എന്നതും ചരിത്രമാണ്..
പക്ഷേ, ജനാധിപത്യത്തെ കുറിച്ചുള്ള ഈ ആശങ്ക വസ്തുതാപരം തന്നെയാണ്. കാരണം ഇന്ത്യയെ പോലുള്ള വൈവിദ്ധ്യത നിറഞ്ഞ പ്രദേശത്ത് ജനാധിപത്യ സമ്പ്രദായങ്ങൾ സ്ഥാപിച്ചെടുക്കുന്നതും നിലനിർത്തുന്നതും ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ തന്നെ ആയിരുന്നു.

ഈ ജനധിപത്യ സംവിധാനം തീർച്ചയായും ബൂർഷ്വാ വ്യവസ്ഥിതിയുടെ ജീർണ്ണതയുമായി അഥവാ കോർപ്പറേറ്റ്വൽക്കരണത്തിൻ്റെ തീവ്രതയുമായി കൂടി ബന്ധപ്പെട്ടിട്ടുണ്ട് എന്ന കാര്യം തീർച്ചയായും ഉണ്ട്. നെഹ്രുവിൻ്റെ കാലത്തും ഈ ദൗർബ്ബല്യം ഉണ്ടായിരുന്നുവെങ്കിലും മിക്സഡ് എക്കണോമിയിൽ നിന്ന് പരിപൂർണ്ണ കോർപ്പറേറ്റ് കമ്പോള വ്യവസ്ഥിതിയിലേക്ക് മാറുന്നതിനനുസരിച്ച് ഈ ജനാധിപത്യക്രമം കൂടുതൽ കൂടുതൽ പണക്കൊഴുപ്പാർന്ന അഴിമതിയും ജനാധിപത്യവിരുദ്ധവുമായി തീരുകയുണ്ടായി. ഇന്ന് ലോകം എത്തി നിൽക്കുന്ന രൂക്ഷമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും ലോകത്ത് ആധിപത്യം പുലർത്തുന്ന ശക്തികളുടെ മേൽ കയ്യിൽ നടപ്പാക്കപ്പെടുന്ന ഫാസിസ്റ്റ് പരിപാടികളുടെയും തുടർച്ചയായി ഇന്ത്യയിലും ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ് –

2022 എത്തുമ്പോഴേയ്ക്കും പാർലമെൻ്റ് സമുച്ചയങ്ങൾ നിരവധി കോടികൾ മുടക്കി പുതുക്കിയാലും അതിൽ പാർലമെൻ്റ് സമ്പ്രദായമാണോ പ്രസിഡൻ്റ് സമ്പ്രദായമാണോ എന്നും ജനാധിപത്യത്തിൻ്റെ ഭാവി എന്ത് എന്നും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്..