Jishnu Muraleedharan
നമ്മൾ സിനിമാസ്വാദകർ ഈ അടുത്ത് ഏറ്റവുമധികം ആസ്വദിച്ചും റിപീറ്റ് അടിച്ചും കണ്ട വീഡിയോ ഏതാണെന്നു ചോദിച്ചാൽ ഞാൻ പറയും, അത് “പൊന്നിയിൻ സെൽവൻ” ഓഡിയോ ലോഞ്ചിലെ ജയറാമേട്ടന്റെ സ്പീച്ച് ആണ്. മണിരത്നം, കമൽഹാസൻ, രജനികാന്ത് തുടങ്ങിയ തമിഴ് സിനിമയിലെ ഇതിഹാസങ്ങൾ അണിനിരന്ന വേദിയെ തന്റെ സ്വതസിദ്ധമായ ശബ്ദാനുകരണ വൈഭവം കൊണ്ട് എത്ര ഈസിയായാണ് അദ്ദേഹം കൈയിലെടുക്കുന്നത്. ജയറാം ഏട്ടന്റെ എനർജി തന്നെയാണ് ആ വീഡിയോ വീണ്ടും വീണ്ടും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
എന്നാൽ, അതിനേക്കാളേറെ എന്നെ ആകർഷിച്ച മറ്റൊരു കാര്യം പൊന്നിയിൻ സെൽവനിലെ സഹതാരങ്ങൾ അദ്ദേഹത്തിനു നൽകുന്ന ബഹുമാനമാണ്. ഈ സിനിമയിലെ ആഴ്വാർകടിയൻ നമ്പി എന്ന കഥാപാത്രമായി മാറാൻ ജയറാമേട്ടൻ നടത്തിയ തയ്യാറെടുപ്പുകളെപ്പറ്റിയും അദ്ദേഹത്തിന്റെ പെർഫോമൻസിനെ പറ്റിയും പറയുമ്പോൾ ജയം രവിയുടെയും കാർത്തിയുടെയും വാക്കുകളിൽ ഈ ബഹുമാനം പ്രകടമാണ്. അതിനെ ശരിവയ്ക്കുന്ന തരത്തിൽ ജയറാം ഏട്ടന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറാൻ ആഴ്വാർകടിയൻ നമ്പി എന്ന കഥാപാത്രത്തിന് സാധിക്കുമെന്ന് തന്നെ വിശ്വസിക്കുന്നു. കാത്തിരിക്കുന്നു ആ പ്രകടനം അഭ്രപാളികളിൽ കാണുവാൻ.