Jayasree Radhakrishnan എഴുതുന്നു
ഈ ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുക എന്നുള്ളത് കുറച്ചു വെല്ലുവിളി ആണ് പലപ്പോഴും ഭാര്യമാർക്ക്. പലപ്പോഴും ദിശാബോധം നഷ്ടപ്പെട്ടു,
അയാളുടെ തലയിൽ അടുക്കള ജോലികളും, കുട്ടികളുടെ ചുമതലകളും കെട്ടി വെച്ചു കൊടുക്കുക എന്നുള്ളത്തിലേക്ക് ചുരുങ്ങുന്നതായും കണ്ടിട്ടുണ്ട്.
അങ്ങനെ വിജയ കരമായി എന്റെ ഭർത്താവിനെ ചൊൽപ്പടിക്ക് നിർത്തുന്നു എന്ന് അഭിമാനിക്കുന്നവരെയും കാണാം.

അത്ര നേരം കൂടെ ഫേസ് ബുക്കിൽ ചിലവഴിക്കുകയോ വാട്സാപ്പിൽ കൂട്ടുകാരുമായി ചാറ്റ് ചെയ്യുകയോ ഒക്കെ ചെയ്യാമല്ലോ. നിങ്ങൾക്ക്. കയ്യും നഖവും ചെളിയും വെള്ളവും പറ്റാതെ സൂക്ഷിക്കാം, പിള്ളേരുടെ അലട്ടൽ സഹിക്കണ്ട, സൗന്ദര്യം കേടുകൂടാതെ ഇരുന്നോളും… അങ്ങനെ എന്തെല്ലാം മെച്ചങ്ങൾ ആണ്. ഇതിനൊക്കെ ഉപരി അയാളെ നല്ല ഒരു പാഠ പഠിപ്പിച്ചു കാല്കീഴില് ആക്കി ചവിട്ടി അരക്കുന്നതിന്റെ ഉൾപുളകവും, ഗൂഡ ആഹ്ലാദവും.
പക്ഷെ നിങ്ങൾ ഒരു കാര്യം മനസിലാക്കുന്നില്ല… നിങ്ങളുടെ ഭർത്താവ് ഒരു പക്ഷെ സ്വപ്നം കണ്ടിരുന്ന ഒരു ജീവിത ലക്ഷ്യം ആയിരിക്കാം നിങ്ങൾ പടി പടിയായി തകർത്തു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ശാപവും, ദുർമുഖവും, പുലയാട്ടും, സർവോപരി അത്യാവശ്യ ഘട്ടങ്ങളിൽ ഉള്ള നിസ്സഹകരണവും താങ്ങാൻ വയ്യാതെ ആയിരിക്കും അയാൾ നിങ്ങളുടെ താളത്തിനൊത്തു തുള്ളാൻ നിര്ബന്ധിതൻ ആകു ന്നത്.
കാലക്രമേണ എല്ലാ ആവേശവും കെട്ടടങ്ങി, career, ബിസിനസ് മോഹങ്ങൾ തളച്ചിട്ടു, മുന്നോട്ടുള്ള കുതിപ്പിന് കടിഞ്ഞാണിട്ട് അയാൾ നിങ്ങളുടെ അടിമ ആയി മാറുന്നതു ഒരു ദുരന്തം ആണ്.
നിങ്ങളുടെ ഭർത്താവ് കുഴിമടിയനും, വൃത്തി ഹീനനും, വായിനോക്കിയും, കുടിയനും, കണ്ടടം നിരങ്ങി യും, മണ്ടത്തരത്തിനു കൈയും കാലും വെച്ചതും, ആണെങ്കിൽ നിങ്ങൾ അയാളെ വരുതിക്ക് നിർത്താനുള്ള ശ്രമങ്ങൾ ചെയ്തു കൊള്ളുക.
എന്നാൽ ചെറിയ ഒരു ശതമാനം എങ്കിലും വളരെ വ്യത്യസ്തരാണ്.
അവർ ഏറെ പ്രതീക്ഷയോടെ ഒരു സ്വപ്നം പിന്തുരുന്നവർ ആയിരിക്കാം, എഴുത്തുകാരനോ ചിത്രകാരനോ, ഫോട്ടോ ഗ്രാഫെറോ, ഗായകനോ അല്ലെങ്കിലും… അതൊക്കെ ഒരു ഹോബി ആയി വളർത്താൻ ആഗ്രഹിക്കുന്നവർ ആയിരിക്കാം. യാത്രകൾ ഇഷ്ടപ്പെടുന്നവർ ആയിരിക്കാം.
ഇതിനൊക്കെ ഉപരി ചിലർ ബിസിനസിലോ, ജോലിയിലോ ചില ലക്ഷ്യങ്ങളിൽ എത്തണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കാം. ചെറിയ കുട്ടികളുടെ വാസന കൾ കണ്ടെത്തണം എന്ന് പറയുന്നത് പോലെ തന്നെയാണ് നിങ്ങളുടെ ഭർത്താവിന്റെ കഴിവുകളും, സ്വപ്നങ്ങളും തിരിച്ചറിയുക എന്നതും.
അല്ലാതെ നിങ്ങളുടെ അമ്മായിയോ, ചേടത്തിയോ പറഞ്ഞു തന്ന ഉപദേശവും ശിരസാ വഹിച്ചു… കെട്ടിയോനെ വകക്ക് കൊള്ളാത്തവനാക്കി… അറിയാത്ത വീട്ടു ജോലിയും ചെയ്യിച്ചാൽ.. അനുഭവിക്കാൻ പോകുന്നത് നിങ്ങൾ മാത്രം ആയിരിക്കും..
അറിയാൻ പാടില്ലാത്ത, ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിച്ചു എന്നും വീട്ടിൽ വഴക്കും വക്കാണവും ഉണ്ടാക്കാം. രണ്ടുപേർക്കും മനസമാധാനം കളയാം. കൊള്ളാവുന്നവന്മാർ ആണെങ്കിൽ നിങ്ങളെയും പിള്ളാരെയും ഒഴിവാക്കാൻ വേറെ എങ്ങോട്ടെങ്കിലും മാറി പോകാനും മതി. അപ്പോഴും നഷ്ടം നിങ്ങള്ക്ക് തന്നെയാ. പിന്നെ ചെറുത്തു നിൽക്കാൻ ത്രാണി ഇല്ലാത്തവർ, ഒള്ള അഭിമാനവും മറന്ന്, പിള്ളാരോടുള്ള സെന്റിമെന്റ്സ് കാരണം നിങ്ങൾക്ക് അടിമപ്പെടും. കാല ക്രമേണ ഒന്നിനും കൊള്ളാത്ത, അഭിപ്രായം പോലുമില്ലാത്ത ഒരുത്തനെ നിങ്ങൾക്ക് ചുമക്കാം.
ഒരു 35–40 വയസാകുമ്പോൾ അത്യാവശ്യം സ്വാതന്ത്ര്യവും, drive ഉം ഉള്ള പുരുഷുക്കൾ career ലും ബിസിനസ് ലും ഒക്കെ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടാവും. ആ സമയം നിങ്ങൾ അയാളെ 100പേർക്ക് ബിരിയാണി ഉണ്ടാക്കി വിളമ്പാൻ പഠിപ്പിച്ചിട്ടുണ്ടാവും.
നഷ്ടം ആർക്കാ???
പാചകത്തിലും, അടുക്കള കാര്യങ്ങളിലും സ്വതവേ
തല്പരരും, ശീലം ഉള്ളവരുമായ പുരുഷന്മാരെ ഉദ്ദേശിച്ചല്ല കേട്ടോ.
നിങ്ങളുടെ ഭർത്താവിനെ ഒരു രാജാവാക്കുക… എന്നിട്ട് നിങ്ങൾ ഒരു റാണി ആയിക്കോ..
ഒരു അടിമ ആക്കിയാൽ… നിങ്ങൾക്ക് എന്നും ഒരു അടിമയുടെ ഭാര്യ ആയി ജീവിക്കാം .
തീരുമാനിച്ചോളൂ.. ഇതിലേതു വേണമെന്ന്.