Science
ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

ജയേഷ് വിശ്വനാഥൻ കൃഷ്ണൻ
ഭൂമിയിൽ വെച്ച് ഒരേ ലോഹത്തിന്റെ രണ്ടു കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ എന്ത് സംഭവിക്കും ? ശബ്ദം ഉണ്ടാവും എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല അല്ലേ..! എന്നാൽ, ബഹിരാകാശത്തുവച്ച് ഒരേ ലോഹത്തിന്റെ രണ്ടു കഷണങ്ങൾ കൂട്ടിമുട്ടിച്ചാലോ!?
ബഹിരാകാശ ശൂന്യതയിൽ ഒരേ തരത്തിലുള്ള ലോഹത്തിന്റെ രണ്ട് കഷണങ്ങൾ നിങ്ങൾ ഒരുമിച്ച് സ്പർശിക്കുകയാണെങ്കിൽ, അവ അനന്ത കാലം വരെ, അല്ലെങ്കിൽ നിങ്ങൾ അവയെ വേർപെടുത്തുന്നത് വരെ പരസ്പരം യോജിച്ച അവസ്ഥയിൽ തുടരും. അതായത്,ബഹിരാകാശത്തുവച്ച് ഒരേ ലോഹത്തിന്റെ രണ്ടു കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ അവ കൂടിച്ചേർന്ന് ഒറ്റ ലോഹക്കഷണമായി മാറും.
തീയോ, കറന്റോ ഒന്നും ഉപയോഗിക്കാതെ സാധാരണ താപനിലയിൽ ഒരേ ലോഹത്തിന്റെ രണ്ടു ഭാഗങ്ങൾ കൂട്ടി വച്ചാൽ അത് തനിയെ ഒന്നായിത്തീരുന്നതാണു കോൾഡ് വെൽഡിംഗ് (cold welding). ആ രണ്ടു ഭാഗങ്ങളുടെ കൂട്ടി മുട്ടുന്ന ഭാഗത്തുള്ള തന്മാത്രകൾ ഓക്സിഡേഷൻ മുഖേന മാറ്റം വരികയോ, അല്ലെങ്കിൽ മറ്റു വസ്തുക്കളുടെ തന്മാത്രകൾ അവയ്ക്കിടയിൽ വന്നു കൂടിച്ചേരലിനു തടസ്സം സൃഷ്ടിക്കുകയോ ചെയ്യരുത് എന്ന് മാത്രം.
ലോഹങ്ങളുടെ തന്മാത്രകൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി കൂട്ടിമുട്ടുന്ന മാത്രയിൽത്തന്നെ ഓക്സിഡേഷൻ നടക്കുന്നു.കൂടാതെ രണ്ടു ലോഹങ്ങൾ എത്ര ചേർത്തു വച്ചാലും അവയ്ക്കിടയിൽ വായുവിന്റെ നേർത്ത പടലം ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് കോൾഡ് വെൽഡിങ്ങ് നമ്മുടെ അന്തരീക്ഷത്തിൽ നടക്കാറില്ല.
എന്നാൽ ബഹിരാകാശത്തെ കാര്യം അങ്ങനെയല്ല. ചെമ്പൊ, അലുമിനിയമോ മറ്റോ ബഹിരാകാശത്തു വച്ചു ഒന്ന് ഒടിച്ചു വീണ്ടും ചേർത്ത് വച്ചാൽ അവ വീണ്ടും പഴയ പടി ഒന്നാവുന്നു. കോൾഡ് വെൽഡിങ്ങ് സംഭവിക്കാതിരിക്കാൻ സ്പേസിൽ പോകുന്ന വാഹനങ്ങളുടെ ലോഹ ഭാഗങ്ങൾ പ്രത്യേകം കോട്ടിംഗ് ചെയ്താണ് ഭൂമിയിൽ നിന്നും അയക്കുക.സ്പേസിൽ മാത്രമല്ല.. ഭൂമിയിലെ വാക്വം ചേംബറുകളിൽ വെച്ചും കോൾഡ് വെൽഡീങ്ങ് ചെയ്യാവുന്നതാണ്.
1,749 total views, 4 views today