“ഇനി അവിടെ ചെന്നാൽ ഒരു കളി കിട്ടുവോ?” ഇതാണ് കുലപുരുഷന്മാരുടെ ചോദ്യം

326

Jazar Shahina Shahul

ചില ദമ്പതികൾ പിരിയാൻ പോകുന്നു എന്നറിയുമ്പോൾ ചിലരുടെ ആഹ്ലാദവും അട്ടഹാസവും ഇങ്ങനെയാണ്:
“ഇനി അവിടെ ചെന്നാൽ ഒരു കളി കിട്ടുവോ?!”
“സത്യം പറയടാ, നിനക്ക് അവളെ മടുത്തിട്ടല്ലേ?”
“നിന്റെ അസുഖം മനസ്സിലായി. നിനക്ക് അവളുടെ ശരീരം മടുത്തു. ഇനി പുതിയൊരെണ്ണം വേണം. അതല്ലെ കാര്യം?!”

സ്വന്തം പ്രൊഫൈലിൽ നിന്ന് വരാൻ പോലും ധൈര്യമില്ലാത്ത ഓരോ പാഴ്ജന്മങ്ങൾ, തന്റെ ജീവിതത്തിൽ അനുഭവിക്കുന്ന വിരക്തിയും തൃപ്തികേടും മനസ്സിലാക്കാതെയോ, അത് മനസ്സിലാക്കിയിട്ടും ഒന്നും ചെയ്യാൻ പറ്റാതെ, മനസ്സിൽ നാലഞ്ച് പച്ചത്തെറികൾ വിളിച്ചുകൊണ്ട്, ഉള്ളിലെ സകല ദേഷ്യവും വല്ലവരുടെയും പോസ്റ്റിനടിയിൽ കമെന്റുകളായി വർഷിക്കും. നാണവും മാനവും ഇല്ലാത്ത ചില ഫ്രോഡുകൾ.


എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ രണ്ട് പേര് കുറച്ചു കാലം പ്രണയത്തിലായിരുന്നു.
ഞങ്ങളുടെ ഗ്യാങിലെ ഒരു ജോടി. ഒരർത്ഥത്തിൽ ഒന്നും രണ്ടും പറഞ്ഞ് കളിയാക്കി അവരെ പരസ്പരം അടുപ്പിച്ചതും അവരുടെ സൗഹൃദം മറ്റൊരു നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതും ഞങ്ങൾ എല്ലാവരും കൂടി തന്നെയായിരുന്നു.

അങ്ങനെ ഒരു ദിവസം അവരെന്നോട് അവർ രണ്ട് പേരും അവസാനം പ്രണയത്തിലായെന്നും ഒരുമിച്ചു പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും മുന്നോട്ട് പോവാൻ തീരുമാനിച്ചുവെന്നും പറഞ്ഞു. അതിന് ശേഷം ഞങ്ങളുടെ അടുത്ത ഗ്യാങ് വീഡിയോ കാൾ മീറ്റിങ്ങിൽ എല്ലാവരും അതറിഞ്ഞു. അതൊരു ആഘോഷം തന്നെയായിരുന്നു.

പക്ഷെ ആ സന്തോഷം കുറച്ചു കാലം മാത്രം നീണ്ടുനിന്നുള്ളൂ.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, അവർ പിരിയാൻ തീരുമാനിച്ചുവെന്ന് അവൾ എന്നോട് പറഞ്ഞു. അവളുമായി ഞാൻ കുറെ നേരം സംസാരിച്ചു നോക്കി. പക്ഷെ കാര്യമുണ്ടായില്ല. അവർ പിരിയാൻ തന്നെ തീരുമാനിച്ചു. തൽക്കാലം എന്നോട് മാത്രം പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. മനസ്സിൽ ഒരുപാട് വിഷമവും പ്രയാസവും തോന്നിയെങ്കിലും അവരുടെ തീരുമാനത്തെ ഞാൻ മാനിച്ചു.രണ്ട് പേർക്കും നല്ല വിഷമം ഉണ്ടായിരുന്നു. അതവരുടെ മുഖത്തിലും സംസാരത്തിലും എല്ലാം പ്രകടമായിരുന്നു.

പക്ഷെ രണ്ട് പേരുടെ ഇടയിൽ മാനസികമായി അകലം വരുമ്പോൾ, അവരിൽ ഒരാളുടെ emotional demand–നൊത്ത് മറ്റെയാൾക്ക് എത്താൻ സാധിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അവരുടെ വികാരങ്ങൾ വെവ്വേറെ തട്ടുകളിലാണെങ്കിൽ, ഒരു വിധത്തിലും ഒത്തുപോവാനും ഒരുമിച്ചു നിൽക്കാനും ഒന്നിച്ചു മുന്നേറാനും പറ്റുന്നില്ലെങ്കിൽ പിന്നെന്തിനാണ് കടിച്ചു പിടിച്ചും കടിച്ചു തൂങ്ങിയും മുന്നോട്ട് പോവാൻ ശ്രമിക്കുന്നത്?

നേരത്തെ ഉണ്ടായിരുന്ന പോലെ പരസ്പരം അഗാധമായി സ്നേഹിക്കാനും ആഴത്തിൽ മനസ്സിലാക്കാനും പറ്റുന്നില്ലെങ്കിൽ, അതിലൊരു സന്തോഷമോ സംതൃപ്തിയോ ഇല്ലെങ്കിൽ―മറ്റുള്ളവർ എന്ത് വിചാരിക്കും, മറ്റുള്ളവർ എന്ത് പറയും, മറ്റുള്ളവരുടെ മുഖത്തേക്ക് എങ്ങനെ നോക്കും, ഇനി അങ്ങോട്ട് എങ്ങനെയാണ് ഒറ്റക്ക്, എന്നൊക്കെ ആലോചിച്ചു കൂട്ടി ആകെയുള്ള ഒരു ജീവിതത്തെ നശിപ്പിച്ചു തകർത്തു തരിപ്പണമാക്കേണ്ടതുണ്ടോ?

ഇത്രയൊക്കെ ആയിട്ടും, അവർ ഇപ്പോഴും വളരെ അടുത്ത കൂട്ടുകാരാണ്. പ്രണയബന്ധത്തിൽ നിന്ന് മാത്രമേ അവർ പിരിഞ്ഞിട്ടുള്ളൂ, സൗഹൃദത്തിൽ നിന്നുമല്ല.എന്തായാലും പുരോഗമനപരമായ ചിന്താഗതിക്കും മനുഷ്യത്വപരമായ മൂല്യങ്ങൾക്കും പ്രാധാന്യം കല്പിക്കുന്ന ഞങ്ങളുടെ ഗ്യാങിന് നല്ലൊരു മാതൃക കാണിച്ചു തന്ന അവർ രണ്ട് പേരോടും എനിക്ക് ഒരുപാട് ബഹുമാനമുണ്ട്.


എന്റെ ഉമ്മ എപ്പോഴും എന്നോട് പറയും പടച്ചവനെയും പേടിക്കണം പടപ്പുകളെയും പേടിക്കണമെന്ന്. മതവിശ്വാസിയായിരുന്ന കാലത്ത് പടച്ചവനെയും പടപ്പുകളെയും പേടിയായിരുന്നു. രണ്ടാമതൊന്ന് ആലോയ്ച്ചു പറഞ്ഞാൽ, പടച്ചവനേക്കാൾ പേടി പടപ്പുകളെയായിരുന്നു.മതം ഉപേക്ഷിച്ചപ്പോ, ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിയപ്പോൾ, ഇല്ലാത്ത പടച്ചവനെ എന്തിന് പേടിക്കണം എന്നും, എത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുറ്റം പറയാൻ വേണ്ടി പാത്തും പതിഞ്ഞുമിരിക്കുന്ന ചില “മറ്റുള്ളവരെ” പേടിക്കേണ്ട ഒരു കാര്യവും എനിക്കില്ല എന്നെനിക്ക് മനസ്സിലായി.

ഞാൻ ജീവിക്കുന്നത് എന്റെ ജീവിതമാണ്. അത് എങ്ങനെ ജീവിക്കണം എന്നത് എന്റെ തീരുമാനമാണ്. അതില് അഭിപ്രായം പറയാൻ ആർക്കും പറ്റും പക്ഷെ അഭിപ്രായം പറയാൻ മാത്രമേ സാധിക്കൂ എന്നത് അവർ മനസ്സിലാക്കിയാൽ അവർക്ക് നന്ന്.ഏത് വരെ? എന്റെ പ്രവർത്തികൾ കാരണം ഒരാൾക്ക് വേദനയുണ്ടാകുന്നത് വരെ.ഓരോരുത്തർക്കും ജീവിക്കാൻ സ്വന്തമായി ഒരു ജീവനും ജീവിതവും കിട്ടിയിട്ടുണ്ടല്ലോ.അത് നിങ്ങൾ നിങ്ങളുടെ ആഗ്രഹപ്രകാരം ജീവിക്ക്. ഒരാളും ചോദിക്കാൻ വരില്ല. വരരുത്. വരാൻ സമ്മതിക്കരുത്.
May be an image of 4 people and text that says "Manoj Sreedhar with ഞാനും ജീവിത പങ്കാ തീരുമാനിച്ചു Sulaiman. വൂക്തി ജീവിതത്തിൽ ങ്ങൾ ഒരുമിച്ച് ജീവിം കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ൽപ്പത്തിൽ ജീവിതം ഞങ്ങൾ നാട്ടുകാരെ വെല്ലുവിളിച്ച് (കമേണ ങളിലേക്ക്തന്നെ നവോഥാനം വിളമ്പാൻ ഇറങ്ങി. അവസാനം രഹനാഫാത്തിമയും പങ്കാളിയും തമ്മിൽതല്ലി പിരിഞ്ഞു."
(ഇതുപോലെയുള്ള thumbnail വെച്ചുകൊണ്ട് YouTube വീഡിയോ ഇറക്കുന്ന ചില ഊളകൾക്ക് ഇതെല്ലാം നിർവൃതി അടയാനുള്ള ഒരുതരം മാർഗ്ഗമാണ്.)

Previous articleഒരു മധുര പ്രതികാരത്തിന്റെ കഥ
Next articleഇനിയും ദയവു ചെയ്ത് ആരും ഇങ്ങനെ പോകല്ലേ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.