കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകാർ ജയിക്കുന്നതും കോൺഗ്രസ്–ലീഗുകാർ ജയിക്കുന്നതും ഇനി ഒരുപോലെയല്ല

141

Jazar Shahul

“കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകാർ ജയിച്ചാലും കോൺഗ്രസ്–ലീഗുകാർ ജയിച്ചാലും ഒരുപോലെയല്ലെ? കോൺഗ്രസ്–മുസ്ലിം ലീഗിനോളം മതേതരത്വം കാത്തു സൂക്ഷിക്കുന്ന, പരിപാലിക്കുന്ന, അട്ടിപ്പേർ അവകാശപ്പെടുന്ന മറ്റൊരു പാർട്ടിയെയും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. അത്രയും കരുതലോടെയും ദീർഘവീക്ഷണത്തോടെയുമുള്ള സമീപനമാണ് കോൺഗ്രസ്–മുസ്ലിം ലീഗ് സഖ്യത്തിനുള്ളത്. ഇന്ത്യയെ ഭരിക്കാൻ എന്തുകൊണ്ടും പ്രാപ്തരും അർഹരും അവർ തന്നെ. അതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്റെ വോട്ട് അവർക്ക്.”

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം, കേരളത്തിൽ ഇടതുപക്ഷം ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടി വന്നപ്പോൾ, മറ്റേതൊരു ഇടതുപക്ഷക്കാരനെ പോലെ തന്നെ ഞാനും, കോൺഗ്രസ്–ലീഗ് അനുഭാവികളായ സുഹൃത്തുക്കളിൽ നിന്നും കേൾക്കേണ്ടി വന്ന വാക്കുകളായിരുന്നു ഇവ. നിരാശയുണ്ടായിരുന്നു, ഒരുപാട്. പക്ഷെ, അന്നും ഇന്നും ഇപ്പോഴും ആലോചിക്കുമ്പോൾ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കൂടുതലുകളും കുറവുകളും മനസ്സിലാക്കികൊണ്ട് തന്നെ അതിലൊരുപാട് ശെരികൾ ഉണ്ടെന്ന് പൂർണ്ണ ബോധ്യമുണ്ട്, വിശ്വാസമുണ്ട്.


റോമാ സാമ്രാജ്യത്തിന്റെ കിഴക്കേ ആസ്ഥാനമായിരുന്ന ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന കോൻസ്റ്റാന്റിനോപ്പലിൽ AD 537–ൽ പണി കഴിപ്പിച്ച, ക്രൈസ്തവർ ഏറ്റവും ആദരവോടെ കാണുന്ന പള്ളികളിൽ ഒന്നാണ് ഹഗിയ സോഫിയ. 1453–ൽ, ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ സുൽത്താൻ മേഹ്മെദ് ബൈസന്റൈൻ സാമ്രാജ്യത്തെ അക്രമിക്കുകയും അവരെ നിലപരിശാക്കുകയും ചെയ്തു. കോൻസ്റ്റാന്റിനോപ്പലിൽ എത്തിയപ്പോൾ, പൂർവ്വികരിൽ പലരും കാണിച്ച അതേ സ്വഭാവം തന്നെ സുൽത്താനും കാണിച്ചു. ഹഗിയ സോഫിയയെ ഒരു മുസ്‌ലിം പള്ളിയാക്കി മാറ്റി. അവിടുത്തെ അൾത്താരയും പള്ളിമണികളും നീക്കം ചെയ്തു. മാമോദീസ ചെയ്തിരുന്ന ബാപ്റ്റിസ്ട്രി കെട്ടിടം നശിപ്പിച്ചു. യേശുവിനെയും മറിയത്തെയും കാണിക്കുന്ന മോസയ്ക്കുകൾ കുത്തി കുളംതോണ്ടി.

പകരം അവിടെ മിനാരങ്ങളും ഉയർന്നു. ഇമാമിന് ഘോരഘോരം പ്രസംഗിക്കാൻ മിമ്പറുകൾ വന്നു. ഖിബ്‌ല നിശ്ചയിച്ചു അവിടെ നമസ്കാരങ്ങൾ തുടങ്ങി.യഥാർത്ഥ പള്ളി അധികാരികളായ ക്രൈസ്തവ പുരോഹിതർക്കും പള്ളിവികാരികൾക്കും സമീപത്തുള്ള പരിശുദ്ധ അപ്പോസ്തലന്മാരുടെ പള്ളിയെന്ന പേരിലുള്ള പള്ളിയിലേക്ക് മാറേണ്ടി വന്നു.

ഒരു കാലത്ത് ലോകത്ത് ഏറ്റവും വലിയ ക്രൈസ്തവ പള്ളിയായിരുന്ന, ലോകത്തിന്റെ ശില്പശാസ്ത്ര ചിന്താഗത്തിയെ മാറ്റിമറിച്ച, ക്രൈസ്തവർ ആരാധിക്കുന്ന പരിശുദ്ധാത്മാവിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ പള്ളിയായിരുന്നു അത്. പിന്നീട് ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കും മതതീവ്രവാദത്തിനും ഇരയായി മാറേണ്ടി വന്നു അതിന്. കാലം കുറേക്കൂടി മുന്നോട്ട് പോയി.
1931 വരെ അത് പള്ളിയായി തുടർന്ന്. 1935–ൽ, തുർക്കിയിൽ അധികാരത്തിലേറിയ മതേതര ഭരണകൂടം അതിനെയൊരു സ്മാരകമാക്കി മാറ്റി.

പിന്നെയും കാലം മുന്നോട്ട് പോയി. ഇസ്‌ലാമിസ്റ്റുകൾ ഭരണത്തിലേറി. തികഞ്ഞ ഇസ്‌ലാമിസ്റ്റും ഫാസിസ്റ്റുമായ ഏർഡോഗാൻ തന്റെ മാതൃക പുരുഷനായ സുൽത്താൻ മേഹ്മെദിന്റെയും ഓട്ടോമൻ സാമ്രാജ്യത്തിന്റെയും കടുത്ത ആരാധകനാണ്. സുൽത്താൻ മേഹ്മെദിന്റെ വഖ്ഫാണ് ഹഗിയ സോഫിയ എന്നും, അതുകൊണ്ട് തന്നെ അതിനെയൊരു സ്മാരമാക്കുന്ന നിയമം അസാധുവാണെന്നും അങ്ങനെയൊരു നിയമം തന്നെ സുൽത്താനോട് ചെയ്യുന്ന കൊടുംപാപമാണെന്നും എല്ലാം പറഞ്ഞും പ്രസ്താവിച്ചും കോടതി വിധി പുറപ്പെടുവിച്ചപ്പോൾ, എതിർപ്പുകൾക്ക് ചെവികൊടുക്കാതെ, പ്രതിഷേധങ്ങൾ വക വെക്കാതെ, ഏർഡോഗാൻ ഹഗിയ സോഫിയയെ ഒരു മുസ്‌ലിം പള്ളിയാക്കി മാറ്റി.


ഒന്ന് ചോദിച്ചോട്ടെ. ഇതുതന്നെയല്ലേ ഇന്ത്യയിലും നടന്നത്?

ബാബർ എന്ന മുഗൾ ചക്രവർത്തിയുടെ നിർദേശപ്രകാരം പണികഴിപ്പിച്ച ബാബ്‌റി മസ്ജിദ് നിലനിൽക്കുന്ന ഭൂമിയെ (അര ഇഞ്ച് ഇങ്ങോട്ടുമില്ല അങ്ങോട്ടുമില്ല) അല്ലെ അവരുടെ (അ)മര്യാദപുരുഷോത്തമനായ ശ്രി രാമന്റെ ജന്മസ്ഥലമാണെന്നും തൊട്ടിലാട്ടിയത് അവിടെയാണെന്നും ഓടി കളിച്ചതും വീണതും അവിടെയാണെന്നും എല്ലാം വാദിച്ചു ഹിന്ദുത്വവാദികൾ രാം ജന്മഭൂമിയാക്കി മാറ്റിയത്? ഇല്ലാത്ത ശ്രി രാമ അമ്പലം സ്ഥിതി ചെയ്തിരുന്ന ഭൂമിയാക്കി മാറ്റിയത്? 1949–ൽ അവിടെ പ്രതിഷ്ഠകൾ കൊണ്ടു വെച്ചത്? അതെടുത്ത് മാറ്റാൻ സാക്ഷാൽ ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും കടുത്ത നിർദ്ദേശം നൽകിയത്? 1984 മുതൽ ഹിന്ദുക്കൾക്ക് അവിടെ പ്രാർത്ഥിക്കണം എന്ന വാദവുമായി വിശ്വ ഹിന്ദു പരിഷത് കൂറ്റൻ രതയാത്രകൾ നടത്തിയത്? നാല് വോട്ട് കിട്ടുമെന്നായപ്പോൾ എന്നാൽ പിന്നെ അങ്ങനെയായിക്കോട്ടെ എന്ന് രാജീവ് ഗാന്ധി പറഞ്ഞത്?
പിന്നീട് 1992 ഡിസംബർ 6–ന് രാജ്യത്തുടനീളം പാർക്കുന്ന കർസേവകരെ മഹാരതയാത്രയിൽ സംഘടിപ്പിച്ച് ബാബ്‌റി മസ്ജിദ് പൊളിച്ചത്?

വർഷങ്ങൾക്ക് ശേഷം അതിനെതിരെ കൃത്യമായി തെളിവുകളുണ്ടായിട്ടും (അമ്പലമല്ല, പകരം കൂടുതൽ പള്ളികളാണ് ഉണ്ടായിരുന്നതെന്ന് ASI തന്നെ ഉറപ്പ് തരുമ്പോൾ) തർക്കഭൂമി ശ്രി രാമജന്മഭൂമിയാണെന്നും അവിടെ ഏതോ ഒരു കെട്ടിടം ഉണ്ടായിരുന്നുവെന്നും പക്ഷെ ഇനിയിപ്പോ അവിടെ ശ്രി രാമ അമ്പലം പണിയാമെന്നും സുപീം കോടതി വിധി വന്നതും?


ഇപ്പോൾ ആഗസ്റ്റ് 5–ന് ശ്രി രാമ അമ്പലത്തിന്റെ തരക്കല്ലിടുന്ന ചടങ്ങിൽ ഞങ്ങളെ വിളിച്ചില്ല, ഞങ്ങളെ ക്ഷണിച്ചില്ല, ഞങ്ങൾ ഇനി മിണ്ടൂല്ല എന്നൊക്കെ പറഞ്ഞും മുഖം കറുപ്പിച്ചും ഇരിക്കുന്ന സമുന്നത കോൺഗ്രസ് നേതാക്കളായ കമൽ നാഥും ദിഗ്‌വിജയ് സിംഗും എന്ത് മതേതരത്വത്തെ പറ്റിയാണ് പുലമ്പുന്നത്? എന്തിനവരെ പറയുന്നു, കേരളത്തിലിരുന്ന് കോൺഗ്രസ് ഒരിക്കലും ശ്രി രാമ അമ്പലത്തിന് എതിരല്ല എന്ന വാദവുമായി വന്ന കോൺഗ്രസ് നേതാവല്ലേ കെ മുരളീധരൻ?

കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ NSUI പ്രെസിഡന്റല്ലെ അതിന്റെ ആദ്യത്തെ സംഭാവനകളിൽ ഒന്ന് കൊടുത്തത്? ഇപ്പോൾ ഇതാ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പറും മലപ്പുറം ജില്ല പ്രസിഡന്റും പാണക്കാട് കുടുംബാംഗവുമായ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ ഹഗിയ സോഫിയയെ മുസ്‌ലിം പള്ളിയാക്കി മാറ്റിയ തീരുമാനത്തിൽ ഏർഡോഗാനിന് പൂർണ്ണ പിന്തുണയും സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തികൊണ്ടുള്ള ലേഖനം വരുന്നു. മുസ്‌ലിം ലീഗ് എന്ന പേരിൽ തന്നെ മതബോധവും വിഭാഗീയതും ഉളവാക്കുന്ന ഒരു പാർട്ടിയിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാൻ.

സമസ്ത കേരള ജമീയത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതത്തിൽ കോണ്ഗ്രസിനെ വിമർശിച്ചെന്ന വാർത്ത കണ്ടു. പക്ഷെ എന്തുകൊണ്ട് നിങ്ങൾ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഹഗിയ സോഫിയയുടെ വിഷയത്തിൽ എടുത്ത നിലപാടിനെ അപലപിക്കുന്നില്ല?ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടും നയവും ഇതുതന്നെയാണ്; ഹഗിയ സോഫിയ വിഷയത്തിൽ വിപരീത അഭിപ്രായം അവർ പ്രസ്താവിച്ചെങ്കിലും.എന്നിട്ടും മതേതരത്വത്തെ പറ്റി സംസാരിക്കുന്നതിന് യാതൊരുവിധ കുറവുമില്ല.


കനൽ ഒരു തരി തന്നെ മതി. ചെങ്കൊടി പിടിക്കാനും ഇടതുപക്ഷ ചിന്താഗതിയെ പറ്റി സംസാരിക്കാനും ഒരാൾ മതി. അയാളുടെ പിന്നിൽ എണ്ണിയാൽ തീരാത്ത അത്രയും മനുഷ്യത്വമുള്ള സഖാക്കൾ അണിചേരും. അതൊരു പ്രസ്ഥാനമായി മാറും. ഇപ്പോഴും എപ്പോഴും ഇടതുപക്ഷം ശെരിയായ നിലപാടിൽ നിലകൊള്ളുമെന്ന് ആത്മാവിശ്വാസമുണ്ട്. കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്–ലീഗുകാരും ജയിക്കുന്നത് ഒരുപോലെയല്ല എന്ന് ഇനിയെങ്കിലും മുസ്ലീങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.

(എന്നുവെച്ച് ക്രൈസ്തവ പുരോഹിതരും അധികാരകേന്ദ്രങ്ങളും പുണ്യഅലന്മാർ ആണെന്നല്ല. ലോകത്ത് ഏറ്റവും നന്നായി ഏകാധിപത്യം കൊണ്ടു നടന്നിരുന്നതും തുടരുന്നതും രാഷ്ട്രീയം കളിച്ചതും കളിക്കുന്നതും അവർ തന്നെയാണ്.)