പെണ്ണിന്റെ നെഞ്ചത്തും കാലിലും ആറ്റംബോംബ് ഒന്നും വച്ചിട്ടില്ല

181
Jazar Shahul
കഴുത്തിൽ നിന്നും കുറച്ചു ഇറങ്ങി കെടുക്കുന്ന ടോപ്പുകളും ചുരിദാറുകളും ടി–ഷർട്ടുകളും ധരിക്കാൻ ഇഷ്ടമാണ്. അല്ലാതെ കഴുത്തിൽ നിന്നും ഇത്രയിറങ്ങാൻ പാടുള്ളൂ എന്ന നിയമം വല്ലതുമുണ്ടോ? എന്റെ നെഞ്ചത്ത് രണ്ട് മുലകളല്ലേ ഉള്ളത്? ആ മുലകളുടെ മേൽഭാഗം മാത്രമല്ലേ കാണാൻ പറ്റുന്നത്? അല്ലാതെ നെഞ്ചത്ത് ആറ്റം ബോംബ് ഘടിപ്പിച്ചു വെച്ചിട്ടൊന്നുമില്ലല്ലോ?
ശരീരത്തോട് ചേർന്ന് കെടുക്കുന്ന വസ്ത്രം ധരിക്കാൻ ഇഷ്ടമാണ്. ചേർന്നു കെടുക്കാത്തവയും ഇഷ്ടമാണ്. താൽപര്യവും സാഹചര്യവും സന്ദർഭവും അനുസരിച്ച് തീരുമാനിക്കും ഏത് ധരിക്കണമെന്ന്.
ശരീരവടിവും ആകൃതിയും എടുത്തു കാണിക്കാൻ തോന്നിയാൽ ഇറുകിയ വസ്ത്രം ധരിക്കും. ഇല്ലെങ്കിൽ ഇല്ല.
(ഫോട്ടോ Anarkali Marikar)
സ്ലീവിന്റെ അളവ് കുറഞ്ഞതും സ്ലീവ് ഇല്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്. എന്നാൽ ഫുൾ സ്ലീവ് വസ്ത്രങ്ങളും പ്രിയമാണ്. പകുതി സ്ലീവായാലും സ്‌ലീവില്ലെങ്കിലും എന്റെ കൈകളല്ലേ കാണുന്നത്? അല്ലാതെ വടിവാളുകൾ ഒന്നുമല്ലല്ലോ?
സാരിയുടുക്കുമ്പോൾ വയർ കാണാതിരിക്കാൻ വേണ്ടി 50–ഓളം പിന്നുകൾ കുത്തേണ്ടി വരാതെ, വയർ കാണിച്ചുകൊണ്ട് തന്നെ ഉടുക്കാൻ ഇഷ്ടമാണ്. ശരീരത്തിന്റെ പുറം കാണുംവിധം സാരി ധരിക്കാൻ ഇഷ്ടമാണ്.
വയറാണ്, പുറംഭാഗമാണ്. ആർക്കും ഒരു ഉപദ്രവവും അവ ചെയ്യില്ല.
Skirt ധരിക്കാൻ ഒരുപാട് ഇഷ്ടമാണ്. Long skirt ആയാലും knee–length skirt ആയാലും Mini–skirt ആയാലും ധരിക്കാൻ ഒരുപാട് ഇഷ്ടമുണ്ട്. അതുപോലെ, Shorts ധരിക്കാനും നല്ല ആഗ്രഹമുണ്ട്.
എന്നാൽ എങ്ങാനും ധരിച്ചാൽ ഞാൻ രണ്ട് മനുഷ്യ കാലുകളിലാണോ അതോ ഇനി പൊയ്‌ക്കാലുകളിലാണോ നടക്കുന്നതെന്ന് എനിക്ക് തന്നെ സംശയം തോന്നി പോകുന്ന അവസ്ഥയാണ്.
Bikini അണിയാനും വളരെയധികം താല്പര്യമുണ്ട്. വിദേശ രാജ്യങ്ങളിലും സ്വദേശത്തുമുള്ള കടൽത്തീരങ്ങളിൽ, എത്ര ലാഘവത്തോടെയും മനഃക്ലേശങ്ങൾ ഇല്ലാതെയാണ് വിദേശി വനിതകൾ ബിക്കിനി അണിഞ്ഞു നടക്കുന്നത്. അവർക്കില്ലാത്ത എന്തുതരം extra–fittings ആണ് കേരളത്തിലെ സ്ത്രീകൾക്കുള്ളത്?
ഇപ്പറഞ്ഞ വേഷങ്ങളെല്ലാം അണിഞ്ഞാസ്വദിക്കണം എന്നൊക്കെ വളരെയധികം കാലത്തെ ആഗ്രഹങ്ങളാണ്. പക്ഷെ കേരളത്തിലാണ് ജീവിക്കുന്നതെങ്കിൽ ഈ ജന്മത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല.
എന്റെ ഏറ്റവും അടുത്ത പെണ്സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ കേട്ടതാണ് മേൽപറഞ്ഞ കാര്യങ്ങൾ. അതെല്ലാം ഒന്ന് വിസ്തൃതമായി എഴുതിയെന്ന് മാത്രം.
_________________________________________
നമ്മൾ പുതിയ വേഷങ്ങൾ തിരഞ്ഞെടുത്ത് അണിയുമ്പോൾ, ആ വേഷങ്ങളിൽ നമ്മളെ കാണാൻ സാധാരണത്തെക്കാളും ഭംഗിയും മോടിയുമൊക്കെ നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും തോന്നും/തോന്നാം. അവർ, അതായത് പുരുഷന്മാരായലും സ്ത്രീകളായാലും, നമ്മളെ നോക്കുകയും ചെയ്യും. അതൊരു തെറ്റല്ല.
അത് തികച്ചും മാനുഷികമായ, സർവ്വസാധാരണമായ ഒരു സ്വഭാവമാണ്. ആകർഷണം തോന്നുന്ന ആരെയും എന്തിനെയും നമ്മൾ നോക്കും. അത് മനുഷ്യരിലുള്ള ഒരു വികാരമാണ്.
നമ്മളെ അറിയുന്നവരാണെങ്കിൽ, അതിനുള്ള സ്വാതന്ത്ര്യം ഉള്ളവരാണെങ്കിൽ, നമ്മൾ അണിഞ്ഞ വേഷത്തെ പറ്റിയുള്ള അഭിപ്രായം നമ്മുടെയടുത്ത് വന്ന് പറയുകയും ചെയ്യും.
നോക്കുന്നതിൽ എന്താണ് തെറ്റ്? സൗന്ദര്യം ആസ്വദിക്കാനും ആസ്വാധിക്കപ്പെടാനും ഉള്ളതാണ്. പരസ്പരം അഭിനന്ദിച്ചും പ്രശംസിച്ചും മുന്നേറാനുള്ളതാണ്.
അടുത്തറിയുന്നവർ ആണെങ്കിൽ, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ, അവർക്ക് സഹായമായേക്കാം എന്ന് തോന്നുന്ന വിമർശനവും ആവാം. വേദനിപ്പിക്കുന്ന രീതിയിലാവരുത് എന്നേയുള്ളു.
നമ്മൾ പ്രകൃതിയിൽ കാണുന്ന മഴക്കാടുകളുടെയും മലകളുടെയും അരുവികളുടെയും താഴ്വാരങ്ങളുടെയും പുഴകളുടെയും നദികളുടെയും കടലുകളുടെയും മഞ്ഞിന്റെയും മേഘങ്ങളുടെയും അതേ പ്രകൃതിയിലെ അംഗങ്ങളുടെയും പക്ഷിമൃഗാതികളുടെയും മറ്റു ജീവജാലങ്ങളുടെയും എല്ലാം ഭംഗി നമ്മൾ ആസ്വദിക്കാറില്ലേ?
ഒരു ആർട്ട് ഗാലറിയിൽ പോയാൽ അവിടെ കാണുന്ന ചായച്ചിത്രങ്ങളും ശില്പികളും മറ്റു കലാസൃഷ്ടികളെയും നമ്മൾ ആസ്വദിക്കാറില്ലേ?
റോഡിൽ കാണുന്ന പുതുപുത്തൻ മോഡൽ വാഹനങ്ങളും ബൈക്കുകളും കാണുമ്പോൾ നമ്മുടെ കണ്ണുകൾ അതിന്റെയെല്ലാം പിന്നാലെ പോവാറില്ലേ?
കഥകളും കവിതകളും ലേഖനങ്ങളും മറ്റു എഴുത്തുകളും വായിക്കുകയും വീണ്ടും വീണ്ടും വായിച്ചുകൊണ്ട് അതിലെ വാക്കുകളിലെയും വാക്യങ്ങളിലെയും ഭംഗി നമ്മൾ ആസ്വദിക്കാറില്ലേ? ഇടക്കിടക്ക് അതെടുത്ത് നോക്കുകയും പൊടി തട്ടുകയും ചെയ്യാറില്ലേ?
അങ്ങനെ ഈ ലോകത്തുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ സകലതിനെയും നമ്മൾ ആസ്വദിക്കാറില്ലേ? ഇതിനെയെല്ലാം നമ്മൾ നമ്മുടെ കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കാറുണ്ടോ? കണ്ണുകളിൽ സ്പ്രിങ് ഘടിപ്പിച്ച പോലെ എത്തി നോക്കാറുണ്ടോ?
ടെലിസ്കോപ്പ് ഘടിപ്പിച്ച പോലെ വീക്ഷിക്കാറുണ്ടോ?
ഈ ലോകത്തിന്റെ ഭാഗം തന്നെയല്ലേ നമ്മളും? പിന്നെന്തുകൊണ്ട് നമുക്ക് നമ്മുടെയും നമ്മളെ പോലെയുള്ള മനുഷ്യരുടെ, സ്ത്രീ–പുരുഷ–ട്രാൻസ്ജെണ്ടർ വ്യത്യാസമില്ലാതെ, ഭംഗി ആസ്വദിച്ചുകൂടാ? എന്തുകൊണ്ട് മനുഷ്യരുടെ സൗന്ദര്യം ആഘോഷിച്ചുകൂടാ?
എന്തിനാണ് നമ്മൾ വൃത്തികെട്ട, നെറികെട്ട, വിലകുറയ്ക്കുന്ന, തരംതാഴ്ത്തുന്ന രീതിയിൽ നോക്കുന്നത്? എന്തിനാണ് പരിഹാസവും ആക്ഷേപാവും നിറഞ്ഞ ചിരികൾ സമ്മാനിക്കുന്നത്? ആവശ്യമെങ്കിൽ ആത്മാർഥമായി ഒന്ന് ചിരിച്ചു പ്രശംസിച്ചൂടെ?
_________________________________________
മുലകളുടെ ഇടയിലുള്ള വിടവ് ഒന്ന് കണ്ടുവെന്ന് കരുതി കാന്തിക ആകര്ഷണമേറ്റ പോലെ അവിടേക്ക് തന്നെ നോക്കുന്നത് എന്തിനാണ്?
ഒരു പെണ്കുട്ടി പാവാട ധരിച്ചാൽ, അല്ലെങ്കിൽ shorts ധരിച്ചാൽ, Mini–skirt ധരിച്ചാൽ, കാലുകളും തുടകളും കാണാൻ പറ്റുമായിരിക്കും. അതിലെന്താണ് ഇത്ര ആശ്ചര്യപ്പെടാൻ? എന്താണ് അതിലിത്ര വിചിത്രമായി തോന്നുന്നത്?
അങ്ങനെ സ്ലീവില്ലാത്ത വസ്ത്രമാണെങ്കിൽ കൈകളും, സാരി ധരിക്കുമ്പോൾ വയറും പുറവും, Bikini ധരിക്കുമ്പോൾ ശരീരം ഒരുവിധം മുഴുവനായും കാണാൻ പറ്റുവായിരിക്കും.
എന്നുകരുതി കണ്ണിൽ എണ്ണയൊഴിച്ചു, ഈർക്കിൽ കഷണങ്ങൾ കണ്പോളകളുടെ ഇടയിൽ കുത്തിതിരുക്കി, കഷ്ടപ്പെട്ട് നോക്കുന്നത് എന്തിനാണ്?
സ്ത്രീകളിലെയും പുരുഷന്മാരിലെയും ശരീരഘടന എടുത്തുനോക്കിയാൽ, പരിണമിച്ചു വന്നതിന്റെ ചില വ്യത്യാസങ്ങൾ ഒഴികെ, ഏകദേശം എല്ലാം ഒരുപോലെയാണ്. ഗർഭം ധരിക്കാനും ഒരു ജീവന് ജന്മം നൽകാനും അതിനെ ആദ്യകാലങ്ങളിൽ ഊട്ടാനും വേണ്ടി ചില അവയവങ്ങൾ സ്ത്രീകൾക്കുണ്ട്. അത്രയേയുള്ളൂ വ്യത്യാസം.
സ്ത്രീകൾക്ക് മുലകൾ വന്നത് ഇന്നോ ഇന്നലെയോ അല്ല. അവർക്ക് കൈകൾ ഉണ്ടായത് കഴിഞ്ഞാഴ്ചയല്ല. അവർക്ക് കാലുകൾ ഉണ്ടായത് കഴിഞ്ഞ മാസമല്ല. സ്ത്രീ ശരീരം തന്നെ ഉണ്ടായത് കഴിഞ്ഞ വർഷമല്ല. അതുകൊണ്ട് ഇതെല്ലാം കാണുമ്പോൾ മനുഷ്യരായ നമ്മൾ അസ്ഥിക്ക് തീ പിടിച്ചപോലെ വിറളി കൊള്ളേണ്ട ആവശ്യമില്ല.
ലിംഗ–തൊലിനിറ–രാജ്യ–മതം–ജാതി–വർഗ്ഗ ഭേദമന്യേ എല്ലാവരുടെയും ഭംഗിയും സൗന്ദര്യവും നമുക്ക് ശെരിയായ രീതിയിൽ ആസ്വദിക്കാനും ആഘോഷിക്കാനും സാധിക്കട്ടെ.
✒