വർഗ്ഗീയതയും വിദ്വേഷവും മാത്രം ഉരിയാടുന്ന ഒരു പ്രധാനമന്ത്രിയെ കിട്ടാനും വേണം യോഗം

36

Jazar Shahul

ജസിന്ദ മാനിയ

തന്റെ അനുയായികളെയും ന്യൂ സിലാണ്ട് ജനതയെയും പ്രതിപക്ഷ പാർട്ടികളിലെ മെംബർമാരെയും പോലും തന്റെ വ്യക്തിപ്രഭാവം കൊണ്ടും ബഹുമാനവും സ്നേഹവും ആകർഷിച്ചു, തന്നെയും തന്റെ പാർട്ടിയായ ലേബർ പാർട്ടിയെയും 2017 ലെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഭരണത്തിലേറിയപ്പോഴും, പ്രധാനമന്ത്രി എന്ന സ്ഥാനം വഹിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നൽകിയ രണ്ടാമത്തെ വനിതയെന്ന പേര് നേടിയപ്പോഴും (ആദ്യത്തേത് ബേനസീർ ഭൂട്ടോ 1990ൽ) വെറും 6 ആഴ്ചകൾക്ക് ശേഷം തിരിച്ചു ഭരണത്തിലേക്ക് എത്തിയപ്പോഴും,3 മാസം മാത്രം പ്രായമുള്ള തന്റെ മകളെ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി മീറ്റിംഗിലേക്ക് കൊണ്ട് വന്നപ്പോഴും, വെള്ളവർഗ്ഗ ആധിപത്യത്തിൽ വിശ്വസിക്കുന്ന തീവ്ര വലതുപക്ഷ തീവ്രവാദി ക്രൈസ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ വെടിയുതിർത്ത് ന്യൂ സിലാണ്ടിനെ ഭയത്തിലേക്കും ദുഃഖത്തിലേക്കും താഴ്ത്തി കളഞ്ഞപ്പോ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമായി മാറിയപ്പോഴും, നഷ്ടം ഏറ്റുവാങ്ങേണ്ടി വരുന്നവരുടെ മുന്നിൽ അവരുടെ വേഷത്തിൽ ഒരാളായി മാറി അവരുടെ കണ്ണുനീര് ഒപ്പിയും ഹൃദയത്തിലെ നീറ്റലിൽ തഴുകിയപ്പോഴും, അതിന്റെ കാരണക്കാരെ പരസ്യമായി തള്ളി പറഞ്ഞപ്പോഴും,
അതിർത്തി കടന്ന് മറ്റു രാജ്യങ്ങളിലെ പോലെ കോവിഡ് എന്ന അതിഭീകരമായ പകർച്ചവ്യാധിയുടെ പ്രഹരമേറ്റപ്പോൾ, ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് പൂർണ്ണമായ അയവില്ലാത്ത ലോക്ക്ടൗണിലേക്ക് “തന്റെ ടീമായ 50 ലക്ഷം” ജനങ്ങളെ കരുതലും ജാഗ്രതയുമുള്ള വാക്കുകൾ കൊണ്ട് നയിച്ചും അക്കാലം കഴിയുന്നത് വരെ ഫേസ്ബുക്ക് ലൈവ് വഴി നിരന്തരം അവരുമായി സംസാരിക്കുകയും വിശേഷങ്ങളും സ്ഥിതിഗതികളും പങ്കുവെക്കുകയും ചെയ്തുകൊണ്ട്, ഇന്നിതാ ന്യൂ സിലാണ്ടിനെ കോവിഡ് മുക്തമാണ് എന്ന് പ്രഖ്യാപിച്ചു ആഹ്ലാദത്തിന്റെ നൃത്ത ചുവടുകൾ ആടിയപ്പോഴും,ജസിന്ദ അർഡേണിനെ പോലെ ജനങ്ങളെ അറിഞ്ഞും അവരുമായി അടുത്തും അവരുടെ കൂട്ടത്തിലൊരാളായി പ്രവർത്തിക്കാൻ പറ്റുന്ന നേതാക്കളെ പ്രധാനമന്ത്രിയായി കിട്ടിയിരുന്നെങ്കിൽ എന്നൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്.വർഗ്ഗീയതയും വിദ്വേഷവും മാത്രം ഉരിയാടുന്ന ഒരു പ്രധാനമന്ത്രിയെ കിട്ടാനും വേണം യോഗം. ഫോട്ടോയിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി മീറ്റിംഗിൽ ജസിന്ദ തന്റെ മകൾ നെവിയോടൊപ്പം.