ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം.അതു തന്നെയാണ് മോഡി–ഷാ കൂട്ടുകെട്ട് കഴിഞ്ഞ 6 വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത്.2018–ൽ ഭീമ കൊറേഗാവില, ദളിതർക്ക് നേരെ ഉഗ്രമായ അക്രമമുണ്ടായി. അതിന് ശേഷം മറുപടിയെന്ന പോലെ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടായി. അതിലും ചിലത് വലിയ രീതിയിൽ അക്രമാസക്തമായി. ചൂണ്ടുവിരലുകൾ കൃത്യമായി സംഘ് പരിവാർ നേതാകളിലേക്ക് നീങ്ങിയപ്പോൾ, കാര്യങ്ങൾ വളരെ സങ്കീർണമായി. കാരണം, മോഡി പോലും ആദരിക്കുന്ന മുൻ ആർ.എസ്.എസ് പ്രവർത്തകൻ സാംഭാജി ഭീടെയിലേക്കും പുണെയിൽ നിന്നുമുള്ള മിലിന്ദ് എക്ബോത്തെയിലേക്കും ആയിരുന്നു ഭീമ കൊറേഗാവ് കേസിന്റെ ഉത്തരവാദിത്തം എത്തിപ്പെട്ടത്.
അവരുടെ പിന്നാലെ പോകാൻ സാധിക്കില്ല എന്നത് ഇന്ത്യയിൽ ജീവിക്കുന്ന ആർക്കും മനസ്സിലാവുന്ന കാര്യമാണ്. അപ്പോൾ പിന്നെ ഇതൊക്കെയൊന്ന് ഒതുക്കിവെക്കാൻ എന്താണ് വഴി? സംഘ് പരിവാറിന്റെ തലക്ക് മീതെ എത്തിനിൽക്കുന്ന സംശയത്തിന്റെ ചൂണ്ടുവിരലുകൾ വളച്ചൊടിച്ച്, ഇന്ത്യയിൽ എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു സംഘത്തിനെതിരെ നീട്ടുക. അതായത് മാവോയിസ്റ്റുകൾക്ക് എതിരെ.അതുമാത്രം ചെയ്താൽ പോരല്ലോ. സംഘ് പരിവാർ അടക്കി വാഴുന്ന കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുകയും ജനങ്ങളുടെ വായടപ്പിക്കുന്ന തരത്തിലുള്ള അറസ്റ്റുകൾ വേണം. പ്രമുഖ ഇടതുപക്ഷ–അംബേദ്കറൈറ്റ് ചിന്തകരുടെ/ആക്ടിവിസ്റ്റുകളുടെ പേരുംകൂടി അതിൽ ഉൾപ്പെടുത്തിയാൽ മാത്രം അതിനൊരു വിശ്വാസ്യത ലഭിക്കു.
അങ്ങനെ തപ്പിയെടുത്തു ബലിയാടാക്കിയ മൂന്ന് പേരുകളാണ് അംബേദ്കറൈറ്റ്–മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് ടെൽടുംബടെയും, കവിയായ വരവര റാവോയും, ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫെസ്സർ ഹനി ബാബുവും.അങ്ങനെ ഹിന്ദുത്വയുടെ തീവ്രവാദ–അക്രമ മുഖത്തെ പ്രതിനിധികരിക്കുന്ന ഫാസിസ്റ്റ് തെമ്മാടികളെ രക്ഷിക്കാൻ ഇരുമ്പറകളിൽ തളച്ചിടുന്നത് രാജ്യത്തിന്റെ അഭിമാന സ്വത്തുക്കളായ കവികളെയും, അധ്യാപകരെയും ആക്ടിവിസ്റ്റുകളെയുമാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുൻ നിരയിൽ പ്രതിഷേധിച്ച നേതാക്കളെ തിരഞ്ഞു പിടിച്ചു രാജ്യദ്രോഹ കുറ്റം ചുമത്തുമ്പോഴും ഇതേ വഴിയാണ് മോഡി–ഷാ സർക്കാർ സ്വീകരിച്ചത്.മോഡി സർക്കാരിനെതിരെ ശബ്ദിച്ചതിന് കഫീൽ ഖാൻ, സഞ്ജീവ് ഭാട്ട് എന്നിവരെയെല്ലാം പിന്നെ പുറം ലോകം കാണിച്ചിട്ടില്ല. കശ്മീരിലെ ജനങ്ങളെ മാത്രമല്ല, ജനങ്ങൾ തെരഞ്ഞെടുത്ത ജമ്മു–കശ്മീർ നിയമസഭ അംഗങ്ങളെ പോലും വീട്ടു തടങ്കലിൽ വെച്ചു, ഇപ്പോഴും വെച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണത്രെ.