ഇതൊരു പഴങ്കഥയല്ല, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ക്രൂരതയാണ്

83

Jazar Shahul

ചൈനീസ് സർക്കാരിന്റെ മുസ്ലിം സമുദായ പീഡനത്തിനെതിരെ കടുത്ത എതിർപ്പ്

ഇതൊരു പഴങ്കഥയല്ല. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ക്രൂരതയാണ്.വേറൊന്നുമല്ല. ചൈനീസ് സർക്കാരിന്റെ മൃഗീയമായ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അവിടുത്തെ മുസ്ലിം സമുദായത്തെ പറ്റിയാണ്. ഇതിനെ പറ്റിയുള്ള വാർത്തകൾ മൂടിവെക്കാൻ ചൈന ഒരുപാട് ശ്രമിക്കുന്നുണ്ട്.ഒറ്റക്കെട്ടായ, ഒന്നായ ഒരു ചൈനയെ പടുത്തുയർത്താൻ വേണ്ടി ചൈനീസ് പ്രസിഡന്റ് ചി ജിൻപിങിന്റെയും അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെയും പദ്ധതിയുടെ ഭാഗമായിട്ടാണ് ന്യൂനപക്ഷങ്ങളുടെ സംസ്കാരങ്ങൾ, അതിന്റെ അടിസ്ഥാനം എന്തു തന്നെ ആയിക്കോട്ടെ, ഭൂമുഖത്തിൽ നിന്നു തന്നെ തുടച്ചു കളയുക.

🔴 Xinjiang എന്ന ചൈനയുടെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള സംസ്ഥാനത്തിൽ, ഏകദേശം 10 ലക്ഷം Uighur മുസ്ലീങ്ങളെയും മറ്റു ന്യൂനപക്ഷ വർഗ്ഗങ്ങളെയും നൂറ് കണക്കിന് ക്യാമ്പുകളിൽ ചൈനീസ് സർക്കാരിന്റെ പരമാധികാരം ഉപയോഗിച്ചു പാർപ്പിക്കുന്നുണ്ട്. ചൈനീസ് സർക്കാർ ഇതിനെ വിളിക്കുന്നത് “reeducation centres” എന്നാണ്. ഇവിടെ അവരവരുടെ മതങ്ങളെയും ആചാരങ്ങളെയും സംസ്കാരത്തെയും നിരാകരിക്കാനും നിർബന്ധിത പരിവർത്തനത്തിനും വിധേയമാക്കുകയാണ്. മാത്രവുമല്ല, അവരെ അവിടെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഭക്ഷണത്തിന് വേണ്ടി പോലും ചൈനയെയും ചി ജിൻപിങിനെയും പ്രകീർത്തിച്ചുകൊണ്ടുള്ള ദേശീയ പാട്ടുകളും മുദ്രാവാക്യങ്ങളും വിളിക്കാൻ അവർ നിർബന്ധിതരാണ്.2017 മുതൽ Uighur മുസ്ലീങ്ങളുടെ ജനസംഖ്യ കുറയ്ക്കാൻ വേണ്ടി അവരെ നിർബന്ധിത വന്ധ്യംകരണത്തിനും ഗർഭച്ഛിദ്രത്തിനും മറ്റും വിധേയമാക്കുകയാണ്. ഇതിനെയെല്ലാം ചൈന പലതരത്തിലും ന്യായീകരിക്കുന്നുണ്ട്. ഇപ്പോഴും “detention centers” പണിതോണ്ടിരിക്കുകയാണ് ചൈന.

🔴 ചൈനയിലെ Hui മുസ്ലിം സമുദായത്തെയും ചൈന വെറുതെ വിടുന്നില്ല. Hui മുസ്ലീങ്ങളാണ് ചൈനയിലെ മൂന്നാമത്തെ വലിയ ന്യൂനപക്ഷ വർഗ്ഗം. ഏപ്രിൽ 2018 മുതൽ, Hui മുസ്ലീങ്ങളുടെ പള്ളികളും വിദ്യാലയങ്ങളും അടച്ചുപൂട്ടി. Hui മുസ്ലീങ്ങളുടെ സമുദായ നേതാക്കളെ ജയിലിൽ അടച്ചിട്ടിരിക്കുകയാണ്.

🔴 ചൈനീസ് സർക്കാരിന്റെ ഏറ്റവും പുതിയ ഇരകളിൽ ഒന്നാണ് മറ്റൊരു മുസ്ലിം ന്യൂനപക്ഷ വർഗ്ഗമായ Utsuls. കഴിഞ്ഞ മാസം, അതായത് സെപ്റ്റംബർ 2020–ൽ, Utsul സമുദായത്തിന്റെ പാരമ്പര്യ വസ്ത്രത്തെ–ഹിജാബും നീളമുള്ള പാവാടയും– വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ധരിക്കാൻ പാടില്ല എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പാർട്ടി ഡോക്യൂമെന്റസിൽ നിന്നും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കടകളുടെ പേര് അറബിക്കിൽ എഴുതാൻ പാടില്ല എന്നും ഹലാൽ/ഇസ്‌ലാമിക്ക് എന്നുള്ള പ്രയോഗങ്ങൾ പാടില്ല എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഉത്തരവിട്ടു.


ഏത് വിശ്വാസത്തെ/മതത്തെ/ആചാരത്തെ സ്വീകരിക്കണം സ്വീകരിക്കാതെ ഇരിക്കണം, എന്ത് വസ്ത്രം ധരിക്കണം, എന്നൊക്കെ ഒരു മനുഷ്യന്റെ വ്യക്തിപരമായ കാര്യമാണ്. അതിനെ വിമർശിക്കാം, കാരണം ഭൂമിയുള്ള ഒന്നും വിമർശനത്തിന് അതീതമല്ല.
എല്ലാർക്കും വേണ്ടത് സ്വാതന്ത്ര്യമാണ്. അതൊരു മനുഷ്യന്റെ ജന്മാവകാശമാണ്. അതിനെ ഹനിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് മനുഷ്യത്വരഹിതമാണ്.ഏതെങ്കിലും ഒരു വിശ്വാസമോ മതമോ പ്രത്യയശാസ്ത്രമോ അടിച്ചേൽപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റുന്നതല്ല.ചൈനീസ് സർക്കാരിന്റെ ന്യൂനപക്ഷ പീഡന നയങ്ങളിൽ ശക്തമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.