യെ നേപ്പാളി കൗൻ ഹേ?
കഴിഞ്ഞ മാസം ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയും സംസാരിക്കുന്ന ലൈവ് ചാറ്റിനടിയിൽ വന്നൊരു കമെന്റാണ്:
യെ നേപ്പാളി കൗൻ ഹേ?
ഇന്ത്യൻ കായിക രംഗത്ത് നിലനിൽക്കുന്ന വംശീയതയ്ക്ക് വളരെ കാലത്തെ പഴക്കമുണ്ട്. രോഹിത് ശർമയും യുവരാജ് സിംഗും തമ്മിൽ നടന്ന സമൂഹ മാധ്യമ സംഭാഷണത്തിൽ, തന്റെ മറ്റൊരു ടീം അംഗത്തെ ജാതികൊണ്ട് അധിക്ഷേപിച്ചു. അത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സാധാരണയായി പറയുന്ന ന്യായീകരണം തന്നെയാണ് യുവരാജ് തന്നത്. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടു എന്ന്.
ശിഖർ ധവാൻ എന്ന ഇന്ത്യയുടെ സ്റ്റാർ ഓപ്പണറെ ജാട്ട് ജി എന്നാണ് വിളിക്കുന്നത്. ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ താനൊരു രജ്പുത്താണെന്ന കാര്യം ഫീൽഡിലായാലും പുറത്തായാലും ഒരിക്കലും മറച്ചു വെക്കാറില്ല. അതൊരു വലിയ കിരീടമായി തന്നെ കൊണ്ടുനടക്കാറുണ്ട്.
വെസ്റ്റ് ഇൻഡീസുകാരൻ ഡാരൻ സമി ഇന്ത്യയിൽ IPL കളിക്കാൻ വന്നപ്പോൾ തന്റെ ഹൈദരബാദ് സണ്റൈസേഴ്സ് ടീം അംഗങ്ങളിൽ നിന്നും നേരിടേണ്ടി വന്ന വംശീയ ആക്ഷേപത്തെ പറ്റി നമ്മളെല്ലാവരും സാമ്മിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും അറിഞ്ഞതാണ്. തന്നെ ‘കാലു’ എന്ന് വിളിച്ചിരുന്ന ടീം അംഗങ്ങൾ അത് സ്നേഹത്തോടെ വിളിക്കുന്ന ഒരു പേരായിട്ടാണ് ഡാരൻ സാമ്മി കരുതിയിരുന്നത്. പക്ഷെ പിന്നീട് ഒരു ടിവി ഷോയിലൂടെ സമിക്ക് മനസ്സിലായി ഇത്രയും നാൾ ‘കാലു’ എന്ന വിളിയിലൂടെ അവർ സമിയെന്ന സുഹൃത്തിനെയല്ല, പകരം സമിയുടെ കറുത്ത തൊലിയെയാണ് അവർ അഭിസംബോധന ചെയ്തിരുന്നത്. ഇത് പിന്നീട് ആക്ഷേപിച്ചു എന്ന് പറയപ്പെടുന്ന ക്രിക്കറ്റർ സമിയുമായി സംസാരിച്ചു പരിഹരിച്ചു.
പക്ഷെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആരും അതിനെ പറ്റി ഒരക്ഷരം മിണ്ടിയില്ല.തനിക്ക് മാത്രമല്ല ശ്രീലങ്കയുടെ തിസേര പെരേരയ്ക്കും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഡാരൻ സമി വെളിപ്പെടുത്തിയിരുന്നു.2017–ൽ, തമിഴ് നാട് ക്രിക്കറ്റർ അഭിനവ് മുകുന്ദ് തന്റെ തൊലിയുടെ നിറം കാരണം താൻ അനുഭവിച്ച മാനസിക പീഡനങ്ങളെ പറ്റി എഴുതിയിരുന്നു. ആരുടെയും പേര് പറയാത്തത് കൊണ്ട്, അന്ന് വിരാട് കോഹ്ലിയും മറ്റുള്ളവരും അഭിനവിന് വേണ്ടി ഐക്യദാര്ഢ്യം പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇങ്ങനെയൊരു പിന്തുണ ഡാരൻ സമിയുടെ കാര്യത്തിൽ ലഭിച്ചില്ല. കാരണം മുൻനിര കളിക്കാർ അതിൽ ഉൾപ്പെട്ടതുകൊണ്ട്.അഭിനവ് മുകുന്ദന് ഉണ്ടായ അനുഭവങ്ങൾ തനിക്കും ഉണ്ടായെന്നും പക്ഷെ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറിയെന്ന് ദൊഡ്ഡ ഗണേഷ് എന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ട്വീറ്റ് ചെയ്തിരുന്നു.
സൗത്ത് ഇന്ത്യൻ ക്രിക്കറ്റേഴ്സ് നോർത്ത് ഇന്ത്യയിൽ കളിക്കാൻ പോകുമ്പോൾ, മറ്റു കളിക്കാരുടെയും കാണികളുടെയും ഭാഗത്ത് നിന്നും നേരിടേണ്ടി വരുന്ന വംശീയ ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ നിന്നും വരുന്ന കായിക താരങ്ങൾക്ക് നേരിടേണ്ടി വരുന്നത് തൊലിയുടെ നിറത്തെ ചൊല്ലിയുള്ള ആക്ഷേപങ്ങൾ കൊണ്ടല്ല പകരം അവരുടെ വ്യത്യസ്തമായ ആകൃതി കൊണ്ടാണ്. ഓരോ ദിവസവും അവർ വംശീയ ആക്ഷേപങ്ങൾക്ക് ഇരയാവുന്നുണ്ട്.മോഹൻ ബഗാനിനെയും ഈസ്റ്റ് ബംഗാളിനെയും നയിച്ച ഫുട്ബോൾ താരം രണടി സിംഗും ബോക്സിങ് താരം സരിത ദേവിയുമൊക്കെ ട്രെയിൻ യാത്രകളിൽ നേരിടേണ്ടി വന്ന വേദനാജനകമായ അനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്.
മണിപ്പൂരിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കായിക താരങ്ങളെ നേപ്പാളി എന്നൊക്കെ വിളിച്ചാക്ഷേപിക്കുന്നവരുണ്ട്.ഗോത്ര പ്രദേശങ്ങളിൽ നിന്നും വരുന്ന താരങ്ങളെ ആദിവാസി എന്ന് വിളിച്ചു ആക്ഷേപിക്കുന്നതും വളരെയധികം വ്യാപകമാണ്. ദിലീപ് ടിർക്കി എന്ന മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ അത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നയാളാണ്. ആദ്യമായി ടീമിൽ അംഗമായപ്പോൾ, തന്റെ ടീം അംഗങ്ങൾ തന്നെ അവഗണിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഇന്ന് രൂർക്കെലയിൽ ദിലീപ് ടിർക്കിയുടെ പേരിൽ ഒരു സ്റ്റേഡിയമുണ്ട്.
മക്കളെ വളർത്തുമ്പോൾ ജാതി, നിറം, വംശം എന്നിവയുടെ പേരിൽ മനുഷ്യരെ വിവേചിക്കരുതെന്ന് പഠിപ്പിക്കണം. അധ്യാപകരും ഈ വിഷയത്തിൽ വളരെയേറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അമേരിക്കയിലെ ജോർജ് ഫ്ലോയ്ഡിന് വേണ്ടി മാത്രമല്ല, ഇന്ത്യയിൽ നിലനിൽക്കുന്ന ഇത്തരം കാലഹരണപ്പെട്ട ആചാരങ്ങൾക്കെതിരെയും നമ്മൾ നിരന്തരം ശബ്ദം ഉയർത്തേണ്ടതുണ്ട്.