കുട്ടിക്കാലത്ത് കളിച്ച കളിപ്പാട്ടങ്ങൾ ഓർമ്മയുണ്ടോ ?

49

Jazar Shahul

കുട്ടിക്കാലത്ത് കളിച്ച കളിപ്പാട്ടങ്ങൾ ഓർമ്മയുണ്ടോ?

എന്റെ ഓർമ്മയിലെ ആദ്യത്തെ കളിപ്പാട്ടം ഒരു എയ്റോപ്ലെയ്ൻ ആയിരുന്നു. വെള്ള നിറത്തിലുള്ള, മുകളിൽ ചുവപ്പ് നിറത്തിലുള്ള ബട്ടൺ അമർത്തിയാൽ ചുവന്ന-ഓറഞ്ച് നിറങ്ങളിലുള്ള പ്രകാശം മിന്നുന്ന, വിമാനം പൊങ്ങുന്നതിന്റെയും പറക്കുന്നതിന്റെയും ശബ്ദം ഉണ്ടാക്കുന്ന, കാണുമ്പോൾ തന്നെ ഒരു ഓമനത്തമുള്ള എയ്റോപ്ലെയ്ൻ. രണ്ട് എയ്റോപ്ലെയ്ൻ കിട്ടിയപ്പോൾ ഒന്ന് മറ്റൊന്നിന്റെ കൂടെ പറപ്പിക്കുകയും, കഥയിൽ ട്വിസ്റ് വരുത്താൻ വേണ്ടി ഒന്ന് മറ്റൊന്നിനെ അക്രമിക്കുന്നതുമൊക്കെ കളിച്ചു. ലോകത്ത് അതൊക്കെ ശെരിക്കും സംഭവിക്കുന്നുണ്ടെന്ന് പിന്നെയാണ് മനസ്സിലായത്.

റിമോട്ട് കണ്ട്രോൾ ഉപയോഗിച്ചു നീക്കുന്ന ഒരു ചുവന്ന കാറുണ്ടായിരുന്നു. രാവിലെ ആയാൽ അതിനെ വീട് മുഴുവൻ കാണിക്കുന്നതായിരുന്നു എന്റെ പ്രധാന പരിവാടി. അങ്ങനെ വീടിന്റെ ഓരോ മുക്കും മൂലയും കാണിച്ചു കൊടുത്ത് കഴിഞ്ഞപ്പോൾ പിന്നെ അതിനെക്കൊണ്ട് ഓരോ സ്റ്റണ്ടുകളും ചേഷ്ടകളും ചെയ്യിപ്പിക്കുന്നതിലായിരുന്നു രസം കണ്ടെത്തിയത്. അങ്ങനെ ഓരോ സ്റ്റണ്ട് കഴിയുമ്പോഴും അതിന്റെ പരിക്കുകൾ കൂടി കൂടി വന്നു. ഒരിക്കൽ ഹാളിൽ നിന്നും അടുക്കളായിലേക്കുള്ള ഹൈവേയിൽ അത് കാര്യമായി തന്നെ ചുമരിൽ ഇടിച്ചു. പിന്നെ എണീറ്റില്ല.

പിന്നെയുണ്ടായിരുന്നത് കുറെയധികം കുഞ്ഞു കുഞ്ഞു കാറുകളും മനുഷ്യന്മാരും ആയിരുന്നു. എല്ലാ നിറങ്ങളിലുമുള്ള കാറുകൾ ഉണ്ടായിരുന്നു. അവർക്ക് സഞ്ചരിക്കാൻ വേണ്ടി റോഡ് ഉണ്ടാക്കിയും പിന്നീട് അതൊരു കഥാരൂപത്തിലാക്കി കളിക്കുകയും ചെയ്യും. അതിൽ മൂന്നെണ്ണം പോലീസ് കാറുകൾ ആയിരുന്നു. പോലീസും കള്ളന്മാരും എന്താണെന്ന് മനസ്സിലായപ്പോൾ കഥയുടെ ഗതി മാറി. കള്ളന്മാർ നല്ലവരായ മനുഷ്യരുടെ കാറുകൾ പിടിച്ചെടുക്കുന്നു, സ്ഥലം വിടുന്നു. അവരുടെ പിന്നാലെ വൻ വേഗത്തിൽ പായുന്ന പോലീസ് കാറുകളും എന്നിട്ട് അവരെ ഇടിച്ചു വീഴ്റത്തുന്ന പോലീസുകാരെ കാണുന്നത് എന്നും ഒരു രോമാഞ്ചം ആയിരുന്നു. പിന്നീട് അതൊക്കെ GTA Vice City എന്ന കമ്പ്യൂട്ടർ ഗെയിമായി കളിക്കുമെന്ന് കരുതിയിരുന്നെയില്ല.

ചന്ദ്രനിലേക്ക് പോകുന്ന ബഹിരാകാശ മിഷന്റെ കളിപ്പാട്ടങ്ങൾ ആയിരുന്നു മറ്റൊരു വിനോദം. ഇത് ചന്ദ്രനിലേക്ക് പോകുമോ ഇല്ലേ എന്നൊന്നും അറിയില്ലായിരുന്നു. അതിൽ അല്ലായിരുന്നു ശ്രദ്ധ എന്നുവേണം പറയാൻ. അത് എങ്ങനെയെങ്കിലും അവർ നിർദേശങ്ങളിൽ കാണിച്ചു തന്ന പോലെ ആകിയെടുക്കുക എന്നതായിരുന്നു. എന്നിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കേണ്ട സ്പേസ് ഷട്ടിൽ, അമേരിക്കയിലേക്കും നാട്ടിലേക്കും (അന്ന് ദുബൈലായിരുന്നു താമസം) യാത്രക്കാരെ അയച്ചു സേവനം അനുഷ്ടിച്ചു.
എന്താലെ?!

കുറച്ചു വലുതായി 8ാം ക്ലാസ്സിൽ എത്തിയപ്പോൾ, അപ്പോഴേക്കും നല്ലപോലെ വില കുറഞ്ഞതു കാരണം കുറേ കാലത്തെ ആഗ്രഹമായിരുന്ന Sony Playstation 2 വാങ്ങിച്ചു. FIFAയും NFS ഉം Call of Duty യും എല്ലാം കളിക്കുന്ന ഒരു വികാരം ഒന്ന് വേറെ തന്നെയായിരുന്നു.ഒരു പ്രായം എത്തിയപ്പോൾ, എല്ലാവരുടെയും പോലെ, എന്റെ കളിപ്പാട്ടങ്ങളും ഷെൽഫിലോ കാർട്ടണിലോ വെക്കുന്ന വെറും സ്മാരകവസ്തുക്കളായി മാറി. ഇന്നലെ Toy Story 4 സിനിമ കണ്ടപ്പോൾ കളിപ്പാട്ടങ്ങൾ വെച്ചു കളിച്ച കാലവും അന്നു കളിയുടെ പുരോഗതിക്ക് വേണ്ടിയും ആവർത്ഥനവിരസത ഒഴിവാക്കാൻ വേണ്ടിയും നെയ്തെടുത്ത ഒരായിരം കഥകളെ ഓർത്തു പോയി. Toy Story സിനിമയുടെ ആദ്യഭാഗം കണ്ടതിന് ശേഷമാണ് ഷെൽഫിൽ ഇരിക്കുന്ന കളിപ്പാട്ടങ്ങളെല്ലാം ശെരിക്കും ജീവനുണ്ടാകുമോ എന്ന് ശെരിക്കും വിചാരിച്ചു പോയത്.

ശെരിയാണ്. Toy Story 4-ൽ യിൽ Sheriff Woody പറയുന്ന പോലെ ഒരു കളിപ്പാട്ടത്തിന് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് വെച്ചാൽ അതിനെ കളിക്കുന്ന മനുഷ്യ കുട്ടിയുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും, വിഷമഘട്ടങ്ങളിൽ സാന്ത്വനമാവുകയും മനസ്സിൽ ഭയം കയറുന്ന സന്ദർഭങ്ങളിൽ ധൈര്യം പകർന്നു കൊടുക്കുകയും ചെയ്യുന്നതാണ്.
ഇന്നാ കളിപ്പാട്ടങ്ങൾ എവിടെയാണെന്ന് പോലും അറിയില്ല.