മരണമെന്ന പ്രതിഷേധമുറ സ്വീകരിക്കേണ്ടി വരുന്ന ദളിതർ

0
81

Jazar Shahul

മരണമെന്ന പ്രതിഷേധമുറ സ്വീകരിക്കേണ്ടി വരുന്ന ദളിതർ

പത്താം ക്ലാസ്സും +2 വും നന്നായി പഠിച്ചു നല്ല മാർക്കോടെ പരീക്ഷയിൽ വിജയം കൈവരിച്ച രജനി 2002-ൽ അടൂരിലെ Institute of Human Resource Development Engineering (IHRDE) College-ൽ, രജനി എസ് ആനന്ദ് എന്ന പെണ്കുട്ടി അഡ്മിഷൻ എടുത്തു. സർക്കാർ മെറിറ്റ് സീറ്റ് ആയിരുന്നുവത്. പട്ടികജാതി വകുപ്പായിരുന്നു രജനിയുടെ ഫീസിന്റെ ആദ്യ ഗഡു ഫീസ് കൊടുത്തത്.
രജനി പഠിക്കുന്ന കോളേജിന് സ്വന്തമായി ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട്, അവൾ കോളേജ് ക്യാമ്പ്‌സിന്റെ പുറത്തുള്ള നായർ സർവീസ് സൊസൈറ്റി നടത്തുന്ന ഹോസ്റ്റലിൽ താമസിച്ചു. യാത്ര-പാഠപുസ്തക ചിലവുകൾക്ക് പുറത്തുള്ളതാണ് 1000 രൂപ എന്ന ഹോസ്റ്റൽ ഫീസ്. പക്ഷെ, പട്ടികജാതി വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ലഭിക്കുന്ന സർക്കാർ സ്റ്റൈപ്പന്റ് വെറും 315 രൂപയായിരുന്നു അന്ന്.

രജനിയുടെ അച്ഛൻ ഒരു ദിവസക്കൂലിക്കാരൻ ആയതുകൊണ്ട് അവളുടെ പഠിപ്പ് അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. അങ്ങനെയവർ ഒരു വായ്പ എടുക്കാൻ തീരുമാനിച്ചു. പൂഴനാട്ടിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിലേക്കാണ് അവർ പോയത്. വിദ്യാഭ്യാസ വായ്പയായിരുന്നു അവരുടെ മനസ്സിൽ. പക്ഷെ, അതപേക്ഷിക്കാൻ എഴുതേണ്ട ഫോം പോലും കൊടുക്കാൻ ബാങ്ക് മാനേജർ തയ്യാറായില്ല.

അതിനുശേഷം, അവരുടെ ജനപ്രതിനിധിയായ നെയ്യാറ്റിൻകര എം.എൽ.എ തമ്പാനൂർ രവിയെ കാണുകയും അദ്ദേഹത്തിന്റെ ഉറപ്പിൽ മാത്രമാണ്, ബാങ്ക് രജനിക്ക് അപേക്ഷിക്കാനുള്ള ഫോം കൊടുത്തത്. അപേക്ഷ നൽകി രണ്ട് ആഴ്ചകൾ കഴിഞ്ഞിട്ട് വരാൻ പറഞ്ഞു. അങ്ങനെ രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ രജനിയും അമ്മയും വന്നു. വായ്പ അതിന്റെ നടപടിക്രമങ്ങളിലാണ് എന്ന ഉത്തരം കിട്ടി. പിന്നെയും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ അവർ വീണ്ടും അന്വേഷിക്കാൻ വന്നു. അപ്പോഴും ഉത്തരത്തിന് മാറ്റമില്ല. അങ്ങനെ ചുരുങ്ങിയത് 20 പ്രാവശ്യമെങ്കിലും അവർ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പടികൾ കയറിയിറങ്ങി.

അവസാനം രജനിക്ക് ബാങ്കിന്റെ ഉത്തരം കിട്ടി: ലോൺ പാസാക്കാൻ സാധിക്കില്ല എന്ന ഉത്തരം. രജനിക്ക് സാമ്പത്തികമായി അതിനുള്ള അർഹതയില്ല എന്നായിരുന്നു ബാങ്കിന്റെ പ്രതികരണം. രജനിയുടെ കുടുംബത്തിന് ആകെയുണ്ടായിരുന്നത് 2.5 സെന്റ് സ്ഥലവും ഒരു കുടിലും. ഒരു ലോൺ പാസാക്കി കൊടുക്കാനുള്ള ആസ്തി അവൾക്ക് ഇല്ലായിരുന്നുവത്രെ.അതിനുശേഷം, രജനി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോറിനെ സമീപിച്ചിരുന്നു. അവരും തരാൻ പറ്റില്ല എന്ന് പറഞ്ഞു.പക്ഷെ, കാരണങ്ങൾ അതിലേക്ക് മാത്രം ചുരുക്കാൻ സാധിക്കില്ലല്ലോ. യഥാർത്ഥ കാരണം ഒറ്റ വാക്കിൽ ചുരുക്കാൻ പറ്റുന്നതാണ്: അവളൊരു ദളിത് വിഭാഗത്തിലെ കുട്ടിയായിരുന്നു. അതുതന്നെയാണ് അതിന്റെ കാരണം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം വിദ്യാഭ്യാസ ലോണിന് ഈട് ആവശ്യമില്ല. സർക്കാർ മെറിറ്റ് സീറ്റിൽ പഠിക്കുന്ന കുട്ടിക്ക് 4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ ലോണ് ഈടില്ലാതെ തന്നെ കൊടുക്കാൻ ബാങ്ക് ബാധ്യസ്ഥരാണ്. പഠിപ്പ് കഴിഞ്ഞ്, ജോലി ലഭിച്ചതിന് ശേഷം മാത്രം അത് തിരിച്ചടച്ചാൽ മതി.അങ്ങനെ ഒന്നുകൂടി തമ്പാനൂർ രവിയുടെ അടുത്തേക്ക് എത്തി. വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടന്നില്ല. ബ്ലോക്ക് പഞ്ചായത്തിലും പട്ടിക ജാതി ഓഫീസിലും പോയി പക്ഷെ വെറുംകയ്യോടെ തിരിച്ചു വന്നു.

മാസങ്ങളോളം കോളേജിൽ പോവാൻ പറ്റാതെ അവൾ വിഷമിച്ചു. ഹോസ്റ്റൽ ഫീസ് അടക്കാത്തതിന് അവരുടെ വക ഒരു വശത്ത്. ഫീസ് അടക്കാതെ ടിസി തരില്ല എന്ന കോളേജ് അധികാരികളുടെ ഭീഷണി മറുവശത്ത്. രജനിക്ക് ഫീസ് ഇല്ലാതെ പഠിക്കാനും താമസിക്കാനുമുള്ള സൗകര്യം മേരി മാതാ കോളേജ് വാഗ്ദാനം ചെയ്തിരുന്നു. കോളേജ് മാറാൻ വേണ്ടിയാണ് അവൾ ടിസിക്ക് അപേക്ഷിച്ചിരുന്നത്. അവളോട് ഫീസ് അടച്ചാൽ ടിസി തരാമെന്ന് പറഞ്ഞുകൊണ്ട് എൻട്രൻസ് കമ്മീഷണറുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ടു. ജീവിതം അപ്പോഴേക്കും മടുത്ത രജനി,”I am going from the world” എന്ന് നോട്ടുബുക്കിൽ എഴുതിവെച്ചുകൊണ്ട്,
ജൂലൈ 22, 2004 ന്, എൻട്രൻസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആ മടുത്ത ജീവിതം അവസാനിപ്പിച്ചു.

(ദളിത് വിദ്യാർത്ഥി മരണങ്ങളുടെ വാർത്ത പിന്നെയും പിന്നെയും വായിക്കുമ്പോൾ എവിടെയോ വായിച്ചു മറന്ന വാർത്ത ഒന്നുകൂടി തപ്പി നോക്കിയപ്പോൾ കിട്ടിയതാണ് രജനിയുടേത്. 16 വർഷം കഴിഞ്ഞിട്ടും ദളിത് വിഭാഗങ്ങളുടെ കാര്യത്തിൽ മാറ്റം സംഭവിച്ചുട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്)