45 വർഷങ്ങൾക്ക് മുൻപ് ഒരു ജൂൺ 25 ,സമയം രാത്രി 11.45

159

Jeevan Kumars

45 വർഷങ്ങൾക്ക് മുൻപ് ഒരു ജൂൺ 25 ,സമയം രാത്രി 11.45

ഇന്ദിര ഗാന്ധിയുടെ ശിപായി നീട്ടിയ ഒരു കെട്ട് കടലാസുകളുടെ താഴെ ഇന്ത്യൻ പ്രസിഡൻ്റ് ഫക്രുദീൻ അലി അഹമ്മദ് തൻ്റെ ഔദ്യോഗിക മുദ്രണം ചാർത്തുമ്പോൾ ക്ലോക്കിലെ സമയം അർദ്ധരാത്രി പിന്നിട്ടിരുന്നില്ല .ഉറക്കച്ചടവിൻ്റെ ആലസ്യത്തിൽ ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ ഒപ്പിട്ട് നൽകിയത് ജനാധിപത്യത്തിൻ്റെ മരണപത്രമായിരുന്നു. 1947ലെ ഒരു അർദ്ധരാത്രിയിൽ ഇന്ത്യ സ്വാതന്ത്രത്തിലേക്ക് ഉണർന്നെണ്ണീറ്റുവെങ്കിൽ 1975 ജൂൺ 25 ൻ്റെ അർദ്ധരാത്രിയിൽ സ്വാതന്ത്രം തൂക്കിലേറ്റപ്പെട്ടു !!
വാർത്ത പുറത്ത് വരാതിരിക്കാൻ ദില്ലിയിലെ എല്ലാ പത്രം ഓഫീസുകളിലേക്ക് ഉള്ള വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടു. ഉറക്കത്തിലായിരുന്ന തൻ്റെ മന്ത്രിസഭാ അംഗങ്ങളോട് പുലർച്ചെ 6ന് തൻ്റെ വീട്ടിലെത്താൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൽപ്പിച്ചു .ഉറക്കത്തിൻ്റെ ആലസ്യം വിട്ട് മാറിയിട്ടില്ലാത്ത അവരിൽ പലർക്കും എന്താണ് നടക്കുന്നത് എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.
പുലർച്ചെ 7 മണിയോടുകൂടി ഓൾ ഇന്ത്യ റേഡിയോ യിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്തു. റേഡിയോയുടെ മുന്നിലിരുന്ന ചുരുക്കം ചിലർ മാത്രം ഞെട്ടലോടെ ആ വാർത്ത കേട്ടു.

‘രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു ‘
പുലർച്ചെ ആയത് കൊണ്ട് തന്നെ രാജ്യത്തെ മഹാ ഭൂരിപക്ഷം ജനങ്ങളും ആ വാർത്ത അറിഞ്ഞിരുന്നില്ല .കേട്ടവർ പലരും ഞെട്ടലോടെ കൂടിയാണ് ആ വാർത്ത ശ്രവിച്ചത് . പുലർച്ചെ ഇന്ദിരാഗാന്ധി ഏതോ ചില സുപ്രധാനമായ പ്രസ്താവനകൾ നടത്തി എന്നു മാത്രമാണ് പലരും അറിഞ്ഞത്. വിശ്വാസം വരാത്തവർ ഓൾ ഇന്ത്യ റേഡിയോ വീണ്ടും ട്യൂൺ ചെയ്തു .ആകാശവാണിയുടെ നിർത്താതെയുള്ള വാർത്ത ബുള്ളറ്റിനുകളിലൂടെ വാർത്ത കാട്ട് തീ പോലെ പടർന്നു.

ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി ഉപാധികളോടെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്‌റ്റേ ചെയ്തിട്ട് അപ്പോൾ 24 മണിക്കൂർ പോലും പിന്നിട്ടിട്ടുണ്ടായിരുന്നില്ല!!
ജൂൺ 27 ന് ഇറങ്ങിയ രാജ്യത്തെ എല്ലാ ഭാഷ ദിനപത്രങ്ങളുടെയും തലക്കെട്ട് ചരിത്രത്തിലാദ്യമായി ഒന്നായിരുന്നു
അടിയന്തിരാവസ്ഥ പ്രാബല്യത്തിൽ ,പൗരാവകാശങ്ങൾ റദ്ദാക്കപ്പെട്ടു .. പത്രമാരണനിയമം നിലവിൽ വന്നു
പാർലമെൻറിൽ വോട്ടവകാശം ഇല്ലാത്ത എംപി ആയി തുടർന്നുകൊണ്ട് രാജ്യത്തെ നയിക്കാൻ ഇന്ദിര തയ്യാറല്ലായിരുന്നു. അതിനവർ കണ്ടെത്തിയ കുറുക്കുവഴി ആയിരുന്നു അടിയന്തരാവസ്ഥ.

1975 ജൂൺ 12

നിരീശ്വരവാദിയായിരുന്ന നെഹ്റുവിൻറെ മകൾക്ക് അന്നൊരു മോശം ദിവസമായിരുന്നു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജഗൻ മോഹൻ ലാൽ സിൻഹ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി. കോൺഗ്രസ് ഭരിക്കുന്ന യുപി സർക്കാർ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് റായ്ബറേലിയിൽ പ്രസംഗിക്കാൻ വേണ്ടി സർക്കാർ ചിലവിൽ വേദികൾ നിർമിച്ചു നൽകിയെന്നും ഇന്ദിരാഗാന്ധിയുടെ മുഖ്യതിരഞ്ഞെടുപ്പ് ഏജൻറ് ആയ യശ്പാൽ കപൂർ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് എന്നും കോടതി കണ്ടെത്തി. ഇന്ദിരയുടെ മുഖ്യ എതിരാളിയായ രാജ് നാരായണൻ നൽകിയ 14 കേസുകളിൽ 13 കേസുകളും കോടതി ഇന്ദിരാഗാന്ധിയെ കുറ്റവിമുകുക്തയാക്കി.

പ്രഹരം അവിടെ കൊണ്ട് തീർന്നില്ല ..
തൻ്റെ ചിരകാല സുഹൃത്തായ ജി.പി ധർ അന്തരിച്ചു എന്ന വാർത്തക്കൊപ്പം , ഗുജറാത്ത് നിയമസഭ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും അശുഭകരമായ വാർത്തകൾ വന്നുകൊണ്ടിരുന്നു .ദീർഘകാലം പ്രസിഡൻറ് ഭരണത്തിലായിരുന്ന ഗുജറാത്തിൽ ചരിത്രത്തിലാദ്യമായി കോൺഗ്രസ് ഭരണം നഷ്ടപെടാൻ പോകുന്നു, ജനതാ മുന്നണി മുന്നേറുന്നു .അവസാനമായി കോടതി വിധിയും
ജൂൺ 12 ഇന്ദിരക്ക് എന്ത്കൊണ്ടും ഒരു മോശം ദിവസമായിരുന്നു
തുടർന്നിങ്ങോട്ട് രാജ്യം കണ്ടത് ഏറ്റവും വലിയ ഉപജാപകം ആയിരുന്നു. ഹരിയാന മുഖ്യമന്ത്രിയായ ബൻസിലാൽ ദില്ലിയിലേക്ക് പ്രവർത്തകരെ എത്തിച്ചു തുടങ്ങി. പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ വീടിനുമുന്നിൽ ഇന്ദിരാ അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ദേവകാന്ത് ബറുവാ തടിച്ച് കൂടിയ ജനസഞ്ചയത്തെ നോക്കി ഒരിക്കൽ കൂടി പറഞ്ഞു
‘ഇന്ത്യ എന്നാൽ ഇന്ദിര , ഇന്ദിര എന്നാൽ ഇന്ത്യ’

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർഥ ശങ്കർ റേ ദില്ലിയിലേക്ക് പാഞ്ഞെത്തി. പ്രധാനമന്ത്രിയുടെ മുറിയിൽ സിദ്ധാർത്ഥ് ശങ്കർ റെയും ഇളയമകൻ സഞ്ജയ് ഗാന്ധിയും മാത്രം. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ സിദ്ധാർത്ഥ് ശങ്കർ റേ ഇന്ദിരാഗാന്ധിയുടെ ചെവിയിൽ ഉപദേശിച്ചു.
ആഭ്യന്തര അടിയന്തരാവസ്ഥ അതു മാത്രമാണ് ഏക പോംവഴി !!
രാമായണത്തിലെ കൈകേയിക്ക് വിനാശകരമായ രണ്ടു വരങ്ങൾ ചോദിക്കാൻ ഉപദേശം നൽകിയത് മന്ഥര എന്ന തോഴിയായിരുന്നെങ്കിൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരക്ക് ഉപദേശം നൽകിയത് ബംഗാൾ മുഖ്യമന്ത്രിയായ റേ !
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രതിപക്ഷ നേതൃ ഒന്നടങ്കം ജയിലിലടക്കപ്പെട്ടു. അടിയന്തരാവസ്ഥ നിലവിൽ വന്നതിനുശേഷം ആദ്യം വന്ന ഭരണഘടനാ ഭേദഗതി പ്രകാരം പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിനെ അസാധുവാക്കാൻ സുപ്രീം കോടതിക്ക് അധികാരം ഇല്ലാതാക്കി.. ഒരു പെൺ ഹിറ്റ്ലറുടെ പടയോട്ടം ആരംഭിക്കുകയായിരുന്നു !!
സുപ്രീംകോടതിയിലെ മൂന്നു സീനിയർ ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് എ എൻ റേ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അവരോധിക്കപ്പെട്ടു.നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രവാക്യം മുഴങ്ങി ..രാജ്യത്ത് എബാടും ആയി 1,10,806 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്യപ്പെട്ടു .ഏകാധിപത്യത്തിലും എതിർശബ്ദങ്ങൾ ഉണ്ടാകും
‘വ്യക്തിസ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വിചാരണ കൂടാതെയുള്ള തടവ് ഒരു ശാപമാണെന്ന് സുപ്രീംകോടതിയിലെ ജസ്റ്റിസ് ഖന്ന തുറന്നടിച്ചു.’

42 ഭരണഘടന ഭേദഗതി പ്രകാരം പാർലമെൻ്റിന് അഭൂതപൂർവമായ അധികാരങ്ങൾ നൽകി ,പാര്‍ലമെന്‍റിന് കാലാവധി സ്വമേധയാ നീട്ടമെന്ന് നിയമം വന്നു കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേൽ കൂടുതൽ അധികാരം ഇവയൊക്കെ ഈ ഭേദഗതി വ്യവസ്ഥപ്രകാരം ചെയ്യപ്പെട്ടു.നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ തമിഴ്നാട്ടിൽ പ്രസിഡൻറ് ഭരണം ഏർപ്പെടുത്തി. ഗുജറാത്തിലെ ഗവൺമെൻറിനെ കൂറ് മാറ്റത്തിലൂടെ അസ്ഥിരമാക്കി. അടിയന്തരാവസ്ഥയുടെ കെടുതികൾ പലതും ജനം അറിയുന്നുണ്ടായിരുന്നില്ല. രാജ്യത്ത് ഇറങ്ങുന്ന മിക്ക പത്രങ്ങളിലും ഇന്ദിരാഗാന്ധിയുടെ അപദാനങ്ങൾ മാത്രമാണ് നൽകിയിരുന്നത്.
വിനോബ ഭാവെയും മദര്‍ തെരേസയും ഖുശ്വന്ത് സിങും ജെ.ആര്‍.ഡി. ടാറ്റയും അടിയന്തരാവസ്ഥയെ പിന്തുണച്ചു. അച്ചടക്കത്തിന്റെ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത്.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകൾ പ്രതിഷേധിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ പദവി ഫാലി എസ് നരിമാൻ രാജിവച്ചു റിസർവ്ബാങ്ക് ഉപദേശകനായി തുടരാൻ വിസമ്മതിച്ച എം എൽ ദന്തേവാല രാജ്യത്തിൻ്റെ അഭിമാനം ഉയർത്തി . അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് ശിവരാമ കാരന്ത് പത്മവിഭൂഷൻ തിരികെ നൽകി . ജോർജ് ഫെർണാണ്ടസിനെ തിരക്കി ഇന്ദിരയുടെ പോലീസ് ഇന്ത്യ മുഴുവൻ അലഞ്ഞു, അദ്ദേഹത്തിൻറെ സുഹൃത്തായ നടി സ്നേഹലത റെഡ്ഡിയെ മൃഗീയ പീഡനങ്ങൾക്ക് വിധേയമാക്കി കൊന്നു. എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടും തന്നെ മാത്രം അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോൺഗ്രസിലെ ജ്ഞാന വൃദ്ധനായ ജെ ബി കൃപലാനി പരിവേദത്തോടെ പറഞ്ഞു . ഇന്ത്യ ഇനി ഒരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകില്ലെന്നും കോൺഗ്രസിൻറെ അനന്തരാവകാശി ഇന്ത്യൻ സൈന്യം ആണെന്നും ഒബ്സർവർ എന്ന വിദേശ പത്രം എഡിറ്റോറിയൽ എഴുതി .
സഞ്ജയ് ഗാന്ധിക്കു ചുറ്റും കറങ്ങുകയായിരുന്നു ഇന്ത്യ. അദ്ദേഹത്തിൻറെ അപ്രീതിക്ക് പാത്രമായ ഐ കെ ഗുജ്റാളിനെ വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്ഥാനത്തു നിന്നും മാറ്റി. സജ്ജയ് ഗാന്ധിയുടെ പെട്ടിയെടുപ്പ്കാരായ വി.സി ശുക്ലയും , ബൻസി ലാലിനും സുപ്രധാനമായ പദവികൾ ലഭിച്ചു . ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപർ ഖുശ്വന്ത് സിങ്ങ് ഇന്ദിരാഗാന്ധിയുടെ ഇളയ മകനെ പ്രകീർത്തിച്ച് നെടുങ്കൻ ലേഖനകൾ എഴുതി . ആ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ ആയി സഞ്ജയ് ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. ഓൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലും ആയി അഞ്ഞൂറിലേറെ വാർത്തകളാണ് സഞ്ജയ് ഗാന്ധിയെ പറ്റി മാത്രം പ്രക്ഷേപണം ചെയ്തത്. ലക്നൗ വിമാനത്താവളത്തിൽ വച്ച് സഞ്ജയുടെ കാലിൽ നിന്നും ഊരിത്തെറിച്ച ചെരുപ്പ് യുപി മുഖ്യമന്ത്രി വിനയപൂർവ്വം എടുത്ത് അദ്ദേഹത്തിന് തിരികെ നൽകി.

രാജ്യത്തിൻറെ ക്ഷേമത്തിനായി അമ്മ ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ പ്രഖ്യാപിച്ചു. സഞ്ജയ് ഗാന്ധിയുടെ വക പ്രത്യേക അഞ്ചിന് പരിപാടികൾ വേറെ ഉണ്ടായിരുന്നു.. ഡൽഹി വികസന അതോറിറ്റി ഉപാധ്യക്ഷൻ ജഗ് മോഹൻ , യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷയായിരുന്ന അംബികാ സോണി, റുക്സാന സുൽത്താന, നവീൻ ചാവ്‌ല, പിഎസ് ഭിന്ദൻ എന്നിവർ ഉൾപ്പെടുന്ന കിച്ചൻ ക്യാബിനറ്റ് രൂപപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും സഞ്ജയ് ഗാന്ധിയുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറാൻ തുടങ്ങി .

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പൂർണമായും യോഗ അദ്ധ്യാപകനായ ധീരേന്ദ്ര ബ്രഹ്മചാരിയുടെ ഉപദേശങ്ങൾ മാത്രം കേൾക്കാൻ തുടങ്ങി. ദില്ലിയിലെ ചേരികളും വൃത്തിയാക്കാൻ സഞ്ജയ് ഗാന്ധി തൻറെ വിശ്വസ്തനായ ജഗന്മോഹന നിർദ്ദേശം നൽകി. ദില്ലിയിലെ അസഫലി റോഡിനു പുറകിലുള്ള തുർക്ക്മാൻ ഗേറ്റ് പ്രദേശം ബുൾഡോസർ കൊണ്ടു നിറഞ്ഞു. ചേരി നിവാസികളുടെ ചെറുത്തുനിൽപ്പിനെ പോലീസ് വെടിയുണ്ടകൾ നേരിട്ടു. നൂറിലധികം ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്തെ 80 ലക്ഷത്തിലേറെ ആളുകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായി . നിർബന്ധിത കുടുംബാസൂത്രണ ത്തിൽ പല യുവാക്കൾക്കും സന്താന ഉൽപ്പാദനശേഷി എന്നെക്കുമായി നഷ്ടമായി . ഇന്ദിരാഗാന്ധിയോട് അനുഭവമുണ്ടായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് പോലും രോഷത്തോടെ കൂടി ഇതിനെതിരെ പ്രതികരിക്കേണ്ടതായി വന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർബന്ധിത വന്ധ്യംകരണത്തിന് ഉള്ള ടാർജറ്റ് നിശ്ചയിക്കപ്പെട്ടു.

ദിനംപ്രതി സഞ്ജയ് ഗാന്ധിയുടെ വീട്ടിൽ കൂടുന്ന കിച്ചൻ ക്യാബിനറ്റ് എല്ലാ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. വന്ധ്യംകരണത്തിന് പണം കണ്ടെത്താനുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ മഹാഗായകൻ ആയ കിഷോർ കുമാർനോട് സഞ്ജയ് ഗാന്ധി ആജ്ഞാപിച്ചു . വഴങ്ങാതിരുന്ന കിഷോർ കുമാറിൻ്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് ഓൾ ഇന്ത്യ റേഡിയോ വിലക്കി.
സ്ഞ്ജയ് ഗാന്ധിക്ക് കാമുകിമാര്‍ക്ക് പഞ്ഞം ഇല്ലായിരുന്നു. രാജ്യസഭാ അംഗവും ഒാള്‍ഡ് മങ്ക് റം നിര്‍മ്മാതാവുമായ വി ആര്‍ മോഹന്‍റെ മകള്‍ മാരുതി മോഹനുമായുളള കുപ്രസിദ്ധമായ പ്രണയം അത്തരത്തിലുളലതായിരുന്നു. അപ്പേ‍ാ‍ഴാണ് ബോംബേ ഡെയിങ്ങിന്‍റെ മോഡലായിരുന്ന മനേകാ ഗാന്ധി സഞ്ജയ് ഗാന്ധിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പക്ഷെ തന്‍റെ സ്വപ്ന പദ്ധതിയായ ‘ജനങ്ങളുടെ കാറിന്’ തന്‍റെ പ‍ഴയ പ്രണയിനിയുടെ പേര് നല്‍കി മാരുതിയോട് നിഗൂഢമായ പ്രണയം സഞ്ജയ് നിലനിര്‍ത്തി . അങ്ങനെ മാരുതി ഉദ്യേഗ് ലിമിറ്റഡ് എന്ന ചെറുകാര്‍ സംരഭം താജ്മഹലിന് ശേഷമുളള മറ്റൊരു പ്രണയസ്മാരകം കൂടിയായി മാറി!..14 അപേക്ഷകള്‍ തളളി കോണ്‍ഗ്രസ് നേതാവ് ബന്‍സിലാല്‍ 400 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാര്‍ കമ്പനി തുടങ്ങാന്‍ നല്‍കിയത് മുതലിങ്ങോട്ട് അ‍ഴിമതിയില്‍ നടന്നമാടുകയായിരുന്നു ഇന്ദിരാസര്‍ക്കാര്‍.

മുതിര്‍ന്ന ഉദ്യോഗസ്ഥരും തലമുതിര്‍ന്ന മന്ത്രിമാരും കേവലം എംപിയായ സഞ്ജയുടെ ആഞ്ജക്കായി കാത്തോര്‍ത്തു നിന്നു. കേരളത്തിലെ കെ .കരുണാകരനും, ജികെ മൂപ്പനാരും, എല്ലാമടങ്ങുന്ന അടുക്കള ക്യാബിനറ്റിന്‍റെ പിടിയിലായിരുന്നു എന്നും ഇന്ദിര.. ഇന്ദിരയെ ദുര്‍ഗ്ഗയെന്ന് വിളിച്ചവരില്‍ അന്നത്തെ ജനസംഘം നേതാവായിരുന്ന എബി വാജ്പേയി പോലും ഉണ്ടായിരുന്നു. അടിയന്തിരവസ്ഥ കാലത്ത് നിരവധി ആര്‍എസ് എസ് ജനസംഘം നേതാക്കള്‍ ജയിലിലടക്കപ്പെട്ടിരുന്നു .എന്നാല്‍ പതിവ് പോലെ നേതാവ് തനികൊണം കാണിച്ചു.

അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക്ക് ബാലസാഹെബ് ദേവറസ് ആദ്യം ജയിലിലടക്കപ്പെട്ടെങ്കിലും പൂനെ യെര്‍വാദ ജയിലില്‍ വെച്ച് മാപ്പെ‍ഴുതി കൊടുത്തു. അടിയന്തിരാവസ്ഥക്കെതിരെ അതിശക്തമായ പ്രതിരോധം ഉയര്‍ത്തിയത് സിപിഐഎം ഉം, ജനതാപാര്‍ട്ടിയുമെല്ലാമാണ് …സിപിഐഎം ന്‍റെ മിക്ക നേതാക്കളും വേട്ടയാടപെടുകയോ, ജയിലിലടക്കപ്പെടുകയോ ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ രാജ്യത്തെ തന്നെ ആദ്യത്തെ പ്രകടനം നടന്നത് തിരുവനന്തപുരത്താണ് .. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത എംഎ ബേബി, ജി.സുധാകരന്‍, എം വിജയകുമാര്‍ എന്നീ വിദ്യാര്‍ത്ഥി നേതാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയരായി. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ മിസ എന്ന കരിനിയമം ചുമത്തി ഒരു വര്‍ഷം ജയിലിടച്ചു. പേര് എടുത്ത് പറയാന്‍ ക‍ഴിയാത്ത അത്രയും നേതാക്കള്‍ ജയിലടക്കപ്പെട്ടു.പിണറായി വിജയന്‍ അടക്കമുളള പലരും ക്രൂരമര്‍ദ്ദനത്തിന് വിധേയരായി .

ഇന്ത്യയുടെ ശത്രുരാജ്യമായിരുന്ന പാകിസ്ഥാനില്‍ സുള്‍ഫീക്കല്‍ അലി ഭൂട്ടോ പട്ടാള ഭരണം അവസാനിപ്പിച്ച് രാജ്യത്തെ ഭരണാധികാരിയായതോടെ ഇന്ത്യക്കും ഗത്യന്തമില്ലാതെ അടിയന്തിരാവസ്ഥ പിന്‍വലിക്കേണ്ടതായി വന്നു. തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഇന്‍റലിജന്‍സ് ബ്യുറോ മേധാവി എസ് എന്‍ മാധൂര്‍ ഇന്ദിരക്ക് ഉറപ്പ് നല്‍കി. 1977 മാര്‍ച്ച് 21 അടിയന്തിരാവസ്ഥ പിന്‍വലിച്ച് രാഷ്ട്രപതിയുടെ ചുമതലക്കാരനായ ബി ഡി ജട്ടി ഉത്തരവിട്ടത്തോടെ അടിയന്തിരവസ്ഥ അവസാനമായി ഹിറ്റലറിനെ പോലെ, ഇറ്റലിയിലെ മുസോളനിയേ പോലെ, ലോകത്തെ ലക്ഷണമൊത്ത ഏകാധിപതിയായിരുന്നു ഇന്ദിരയും. എല്ലാ ഏകാധിപതികളെയും പോലെ ഇന്ദിരാഗാന്ധിയും മുഖ്യസ്തുതികളെയും മുഖവിലക്കെടുത്തു.പരദൂഷണങ്ങളെ ആധികാരികമാക്കി. അവര്‍ക്ക് ചുറ്റും ഉപജാപകസംഘങ്ങള്‍ ഇത്തിള്‍കണ്ണികളെ പോലെ പറ്റി കൂടി. ഏതൊരു ഏകാധിപധിയുടെയും മുഖ്യശത്രു അവരുടെ കൂടെ നിള്‍ക്കുന്നരായിരിക്കും. ഇന്ദിരയുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും , ശത്രുവും അവരുടെ മകന്‍ തന്നെയായിരുന്നു.

അടിയന്തരാവസ്ഥകാലത്തെ പീഡനങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1,10,806 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദില്ലിയില്‍ ഒന്നര ലക്ഷത്തോളം കുടിലുകള്‍ ഇടിച്ചു നിരത്തി. കണക്കില്‍ പെടുന്നതും പെടാത്തതുമായി ദശലക്ഷങ്ങള്‍ ഷണ്ഡീകരിക്കപ്പെട്ടു
റായ്ബറേലിയില്‍ ഇന്ദിരയും, അമേഠിയില്‍ മകനും തിരിഞ്ഞെടുപ്പില്‍ തോറ്റതോടെ അടിന്തിരാവസ്ഥയിലെ കെടുതികള്‍ക്ക് ജനം മധുരമായി പ്രതികാരം വീട്ടി

അടിയന്തരാവസ്ഥക്കാലത്ത് ദില്ലി സന്ദർശിച്ച ന്യൂയോർക്ക് ടൈംസിലെ ലേഖകനായിരുന്ന റോസൻ താൾ ഇങ്ങനെ എഴുതി ”ഇന്ദിരാഗാന്ധി ഇന്ത്യ ഭരിക്കുമ്പോൾ നെഹ്റു ജീവിച്ചിരുന്നുവെങ്കിൽ ഇരുവരും രാഷ്ട്രീയ പ്രതിയോഗികൾ ആയേനെ !!
A woman is like a tea bag – you can’t tell how strong she is until you put her in hot water.-Eleanor Roosevelt
45 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദിരയേയും ഇന്ദിരയുടെ അടിയന്തിരാവസ്ഥയേയും ഒാര്‍ക്കുമ്പോള്‍ എല്‍നോര്‍ റൂസ് വെല്‍റ്റിന്‍റെ ഈ വാചകം ഒാര്‍ക്കാതിരിക്കുന്നതെങ്ങനെ ?