കേരളത്തിലെ പ്രബല ‘അവർണ’ ജാതി ആയ ഈഴവർ ഹിന്ദുക്കൾ അല്ല

223

ഈ പോസ്റ്റിൽ പറയുന്ന ചരിത്രപരമായ കാര്യങ്ങൾ വായിക്കുമ്പോൾ, ഇതൊക്കെ ഇന്നും എന്തിനാണ് പറയുന്നത് ഇതൊന്നും ഇന്നില്ലല്ലോ എന്നാകും ചില സംഘപരിവാർ മനസുള്ളവരുടെ ചോദ്യം. എന്നാൽ ഇതൊക്കെ പറഞ്ഞുകൊണ്ടേയിരിയ്ക്കണം, കാരണം അയിത്തവും ചതുർവർണ്യവും സമൂഹത്തിന്റെ ബാഹ്യതയിൽ നിന്നേ നീങ്ങിപ്പോയിട്ടുള്ളൂ. പക്ഷെ മനസുകളിൽ ഇന്നും അത് കൊടികുത്തി വാഴുകയാണ്. ഒന്നിച്ചിരുന്നു ചായ കുടിക്കുന്നതോ ആഹാരം കഴിക്കുന്നതോ അല്ല പുരോഗമനം. സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് പരീക്ഷിക്കാം. ജാതിവ്യവസ്ഥയുടെ പ്രധാന്യം, അതിനു അടിമകൾ ആയവർക്ക് നന്നായറിയാം. അതെന്തെന്നാൽ തങ്ങളുടെ കുലത്തെ ജാതിപരമായി ‘വംശശുദ്ധി’ കാത്തുസൂക്ഷിച്ചു നിലനിർത്തുക. അതിനു അവർ വിവാഹബന്ധങ്ങളിൽ കർശനമായി ജാതി നോക്കും. തങ്ങൾ മറ്റുള്ളവരേക്കാൾ ഉയർന്നവർ എന്ന് കാണിക്കാനുള്ള ഒരു വ്യഗ്രത മറ്റൊരു പ്രധാന ഘടകമാണ്. ജാതിവ്യവസ്ഥ ഇല്ലാതായാൽ വലിയവനെന്നോ ചെറിയവനെന്നോ ഉള്ള ബോധം ഉണ്ടാകില്ല. കാലങ്ങളായി മനസ്സുകൊണ്ടെങ്കിലും അധികാരങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നവർക്കു അതൊന്നും നഷ്ടപ്പെടാൻ ആഗ്രഹമില്ല. ഹിന്ദു ഏകീകരണം പറഞ്ഞു വിശ്വസിപ്പിക്കുന്നവരോട് നിങ്ങൾ ചോദിക്കേണ്ടതും ഇതാണ്, ഒന്നിച്ചിരുന്നു ചായ കുടിക്കുന്നതോ ആഹാരം കഴിക്കുന്നതോ ആണോ ഏകീകരണം ? അതല്ല ഹിന്ദുവിന്റെ എണ്ണം കൂടുതലെന്നു കാണിക്കാനുള്ള സംഖ്യകൾക്കപ്പുറത്തു ജാതിയുടെ പ്രിവില്ലേജുകൾ എല്ലാര്ക്കും ഒന്നുപോലെ കിട്ടുന്നുണ്ടോ ? വിവാഹബന്ധങ്ങൾ പരസ്പരം അനുവദിച്ചു തരുമോ ? ഇല്ലെങ്കിൽ പിന്നെ എന്ത് ഏകീകരണം ? ആദ്യം ജാതിവ്യവസ്ഥയെ പൊളിച്ചുകളയുക. അതിനു വേണ്ടി ഇങ്ങനെ ഓർമിപ്പിച്ചുകൊണ്ട് ഇരിക്കാം.

ജീവൻ മഠത്തിൽ എഴുതുന്നു

ആരായിരുന്നു ഈഴവർ ?

കേരളത്തിലെ പ്രബല അവർണ ജാതി ആയ ഈഴവർ ഹിന്ദുക്കൾ അല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്ന ചണ്ഡാളർ എന്ന വിഭാഗത്തിൽ ആയിരുന്നു, അന്നത്തെ സവർണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർണ ജോലി അവരുടെ സ്വപനം മാത്രം ആയിരുന്നു.

ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ് ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് പിന്നീടും ആശ്രയിക്കേണ്ടതായി വന്നു.

ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു. 16 അടി അകലം വക്കേണ്ടത് നായർ സമുദായക്കാരിൽ നിന്നായിരുന്നു. സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർകാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക. എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു.സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ

കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവി(1895-1914)ന്റെ കാലത്ത് വിചിത്രമായ ഒരു കല്പന തന്നെ ഉണ്ടായി. ക്ഷേത്രത്തില്‍ കയറണമെങ്കില്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ ചെല്ലണമെന്നായിരുന്നു കല്‍പ്പന. ഈഴവ സ്ത്രീകൾക്കു മാറു മറക്കാൻ അനുവാദം ഇല്ലായിരുന്നു. അത്തരത്തിലായിരുന്നു കേരളത്തിലെ ഹിന്ദു ജാതി വ്യവസ്ഥ.