01

പത്താംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എന്നാലും ഐ.എ.എസ്സില്‍ കുറഞ്ഞ ഒരു ജോലിയും ചെയ്യില്ല എന്ന് വാശി പിടിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നാട്ടില്‍, ബിരുദത്തിനു പഠിക്കുമ്പോഴും ടു വീലര്‍ മെക്കാനിക്കായി സ്വന്തം ചിലവിനുള്ള പൈസയുണ്ടാക്കുന്ന സജീവിനെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.

രാവിലെ ഓഫീസിലേയ്ക്ക് പോകുന്ന വഴിയില്‍ എതിരെ വന്ന ഓട്ടോക്കാരന്‍ എന്റെ ബൈക്കിനിട്ട് ഒരു പണി തന്നതാണ് സജീവിനെ ഞാന്‍ പരിചയപ്പെടാന്‍ കാരണം. ഭാഗ്യത്തിന് , വണ്ടിയില്‍ നിന്നും ഒന്നു വീണു എന്നല്ലാതെ എനിക്കൊന്നും പറ്റിയില്ല. വണ്ടിയുടെ വലതു വശത്തെ ഫുട് റസ്റ്റ് ചെറുതായി വളയുകയും ചെയ്തു. സ്‌കൂള്‍ കുട്ടികളെയും കൊണ്ട് പോകുന്ന റിക്ഷ ആയതു കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല. ഏതായാലും വണ്ടി ശരിയാക്കിയതിന് ശേഷമാകാം ഓഫീസില്‍ പോകുന്നത് എന്ന് കരുതി ഞാന്‍ വണ്ടിയുമായി അടുത്തുള്ള വര്‍ക്കു ഷോപ്പിലെത്തി.

അവിടയാണ് ഞാന്‍ സജീവിനെ കാണുന്നത്. വെളുത്ത സുമുഖനായ ചെറുപ്പക്കാരന്‍. വിനയത്തോടെയുള്ള സംസാരവും പെരുമാറ്റവും. എന്നെ കണ്ടയുടന്‍ തന്നെ ഷോപ്പിനു പുറത്തെത്തി സജീവ് ചോദിച്ചു.

‘എന്ത് പറ്റി സാര്‍…രാവിലെ എവിടെയെങ്കിലും വീണോ ?’

‘ഹേയ്യ് വീണതല്ല. ഒരോട്ടോക്കാരന്‍ ചെറുതായി ഒന്നു മുട്ടി. അതേയുള്ളൂ..’

കോട്ടും സ്യൂട്ടുമിട്ട് പത്രാസ്സില്‍ വന്ന ഞാന്‍ ബൈക്കില്‍ നിന്നും ഉരുണ്ടുവീണു എന്ന് പറയുന്നത് നാണക്കേടല്ലേ? ഞാന്‍ കാര്യം നിസ്സാരമാക്കി പറഞ്ഞു.
‘ഏതായാലും ഞാന്‍ നോക്കട്ടെ’
സജീവ് ചാവി വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ഓടിച്ചു പോയി. ഞാന്‍ അവിടെ കണ്ട ഒരു കസേരയില്‍ ഇരുന്നിട്ട് പത്രമെടുത്ത് പേജുകള്‍ മറിച്ചു. അല്പം കഴിഞ്ഞപ്പോള്‍ സജീവ് ബൈക്കുമായി തിരിച്ചെത്തി.

‘വലിയ കുഴപ്പമൊന്നുമില്ല സാര്‍. പക്ഷെ ഹാണ്ടിലിനു ചെറിയ ഒരു വളവുണ്ട്. വീണപ്പോള്‍ പറ്റിയതായിരിക്കും..പിന്നെ പുറകിലത്തെ ബ്രേക്കും കുറവാണ്..’ വണ്ടി അകത്ത് കയറ്റുന്നതിനിടയില്‍ സജീവ് പറഞ്ഞു.

‘ഉടനെ ശരിയാകുമോ?’ ഞാന്‍ ചോദിച്ചു..

‘പിന്നെന്താ ഇപ്പം ശരിയാക്കാം. കൂടി വന്നാല്‍ ഒരു മണിക്കൂര്‍. അതിനുള്ളില്‍ എല്ലാം ശരിയാക്കാം.’

‘ആയിക്കോട്ടെ ഞാന്‍ വെയിറ്റ് ചെയ്യാം ‘.

സജീവ് തന്റെ പണി തുടങ്ങി. ഞാന്‍ അയാള്‍ ജോലി ചെയ്യുന്നതും നോക്കി ഇരുന്നു. ഇതിനിടയില്‍ ഞാന്‍ അയാളെക്കുറിച്ചും ജോലിയെക്കുറിച്ചും വെറുതെ ചോദിച്ചു. സജീവിന്റെ അച്ഛനാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. പ്ലസ് ടൂ കഴിഞ്ഞാണ് സജീവ് വര്‍ക്കു ഷോപ്പ് പണി പഠിച്ചത്. ഇപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ബി ടെക് ചെയ്യുന്നു. രാവിലെ കിട്ടുന്ന പണികള്‍ ചെയ്യുന്നത് സജീവാണ്. വൈകിട്ട് കോളേജില്‍ നിന്ന് വന്നാല്‍ വീണ്ടും സജീവ് വര്‍ക്കു ഷോപ്പിലെത്തും.

‘ ഞാന്‍ ജോലി ചെയ്തു കിട്ടുന്ന പൈസ അച്ഛന്‍ ചോദിക്കാറില്ല. അതു കൊണ്ട് അച്ഛനെ അധികം ബുദ്ധിമുട്ടിക്കാതെ പഠന കാര്യങ്ങള്‍ നടന്നു പോകുന്നു’.

വണ്ടിയുടെ മടങ്ങിപ്പോയ ഫുട്ട് റെസ്റ്റ് ലിവര്‍ ഇട്ടു പിടിച്ചു നേരെയാക്കുന്നതിനിടയില്‍ ചിരിച്ചു കൊണ്ട് അയാളത് പറഞ്ഞപ്പോള്‍ കരിയും ചെളിയും പുരണ്ട ഉടുപ്പിട്ട് ഇരുമ്പ് കഷണങ്ങളുമായി മല്ലിടുന്ന ആ ചെറുപ്പക്കാരനോട് എനിക്ക് ബഹുമാനം തോന്നി.

മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തന്നെ സജീവ് എന്റെ വണ്ടി ശരിയാക്കി തന്നു. നൂറ്റി എഴുപതു രൂപാ കൂലി ചോദിച്ച സജീവിന് ഞാന്‍ നൂറിന്റെ രണ്ടു നോട്ടുകള്‍ കൊടുത്തു. എന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകാന്‍ തുടങ്ങിയ ഞാന്‍ ബാക്കി മുപ്പതു രൂപയുമായി ഓടിയെത്തിയ സജീവിന് ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് ഓഫീസിലേയ്ക്ക് വിട്ടു.

പ്ലസ് ടൂ കഴിഞ്ഞു രണ്ടു വര്‍ഷമായിട്ടും എന്ട്രന്‍സ് എന്ന കടമ്പ കടക്കാന്‍ പാടുപെടുന്ന എന്റെ അനുജനെ ഞാന്‍ ഓര്‍ത്തു. അഥവാ ഭാവിയില്‍ അവനൊരു ‘എഞ്ചിനീയര്‍’ ആയാലും ജീവിതമെന്ന സ്വന്തം വണ്ടിയുടെ എഞ്ചിന്‍ നന്നാക്കാന്‍ അവനു കഴിയുമോ ആവോ?

എഴുതിയത് : രഘുനാഥന്‍

Advertisements