എഴുതിയത് : Jekọb Jb

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ രാഷ്ട്രീയ പരിസരം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ തിരുവിതാംകൂറിലെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക രംഗത്തെ അസമത്വങ്ങൾ ഉളവാക്കിയ തീക്ഷ്ണമായ രാഷ്ട്രീയ പരിതഃസ്ഥിതിയുടെ ഒരു ഉപോൽപ്പന്നമാണ് ക്ഷേത്ര പ്രവേശന വിളംബരം എന്ന ചരിത്ര സംഭവം.

ജാതി വ്യവസ്ഥ അതിന്റെ എല്ലാ സീമകളും അതി ലംഘിച്ച് സമൂഹത്തിൽ വേരൂന്നിയ കാലം ആയിരുന്നു അത് . നാട് വാണിരുന്ന സാക്ഷാൽ പൊന്നു തമ്പുരാൻ പോലും ബ്രാഹ്മണ മേധാവിത്വത്തിന്റെ കീഴിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. 1875 ലെ തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിൽ ബ്രാഹ്മണരെ വിശേഷിപ്പിച്ചിരുന്നത് “അന്നദാന പ്രഭുവും തമ്പുരാനും കാണപ്പെട്ട ദൈവവും പിന്നെ ഭൂ ദേവന്മാരും” ആയിട്ടാണ്. മറ്റു ജാതിക്കാരുടെ ഒരേയൊരു കർത്തവ്യം ഇവരെ തീറ്റി പോറ്റ്ക എന്നതായിരുന്നു.

Related imageആദ്യ കാലത്ത് പരദേശി ബ്രാഹ്മണര്‍ കയ്യടക്കി വച്ചിരുന്ന ഉദ്യോഗങ്ങൾ 1891 ൽ നടന്ന മലയാളി മെമ്മോറിയൽ പ്രക്ഷോഭത്തിന്റെ ഫലമായി നായൻമാർക്ക് കൂടി പ്രാപ്യമായി. ഈഴവർ ഉൾപ്പെടെയുള്ള മറ്റ് ജാതികൾ മുഖ്യധാരയ്ക്കു വെളിയിൽ തന്നെ നിന്നു. ഇൗ ഒരു പരിത സ്ഥിതിയിൽ നിന്ന് കൊണ്ടാണ് സ്വാമി വിവേകാനന്ദൻ ഇൗ നാടിനെ ഭ്രാന്താലായം എന്ന് വിളിച്ചത്.

ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയുടെ അടക്കമുള്ള വരുടെ നവോത്ഥാന പ്രവർത്തനങ്ങളുടെയും മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും ഫലമായി പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ ആദ്യം ഈഴവരിലും പിന്നീട് മറ്റ് ജാതിക്കാരിലും അവകാശ ബോധം ഉയർന്നു. അതിന്റെ ഫലമായിരുന്നു എസ് എൻ ഡി പി യുടെ സ്ഥാപനം.
1890 കൾ മുതൽ കഴിവും യോഗ്യതയും മാത്രം മാനദണ്ഡമായി ഉദ്യോഗങ്ങളിലെയ്ക്ക് നിയമനങ്ങൾ നടത്തണം എന്ന് ഈഴവർ വാദിച്ചു തുടങ്ങി. ഈഴവ മെമ്മോറിയൽ ഇൗ വാദത്തിന്റെ പ്രതിഫലനം ആയിരുന്നു.
ഏതാണ്ട് ഇതേ സമയത്താണ് ഉന്നത വൈദ്യ ശാസ്ത്ര ബിരുദം നേടി വന്ന ഡോക്ടർ പൽപ്പുവിന് തിരുവിതാംകൂർ സർക്കാര്‍ സർവീസിൽ ജോലി നിഷേധിക്കപ്പെട്ടത്. ഇത് ഈഴവരെ കൂടുതൽ പ്രകോപിതരാക്കി.1910 കളിൽ ഇൗഴവർ തങ്ങളുടെ സാമൂഹ്യമായ ഒഴിച്ച് നിർത്തലിനെ കൂടുതൽ ശക്തിയായി ചോദ്യം ചെയ്യാൻ തുടങ്ങി. 1923 ൽ കാക്കിനടയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത്‌ ഗാന്ധിജി യുടെ അനുഗ്രഹത്തോടെ തിരികെ എത്തിയ ഈഴവ നേതാവ് ടി കേ മാധവൻ ജാതി വ്യവസ്ഥക്ക് എതിരെ കേരളം കണ്ട ഏറ്റവും ശക്തമായ സമരമായ വൈക്കം സത്യാഗ്രഹത്തിന് മുൻകൈ എടുത്തു.
Related imageസത്യാഗ്രഹത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിന്റെ മൂന്ന് വശങ്ങളിലും കൂടിയുള്ള പൊതു വഴികൾ അവർണ്ണർക്ക് തുറന്നു കിട്ടി. പക്ഷേ ക്ഷേത്ര പ്രവേശനവും ആരാധനയും നിഷിദ്ധമായി തന്നെ തുടർന്നു.

1926 ലെ കണക്ക് അനുസരിച്ച് അന്ന് ആകെയുള്ള 29 തഹസിൽദാർമാരിൽ 13 ബ്രാഹ്മണര്, 13 നായർ , 1 ഈഴവൻ, 1 ക്രിസ്ത്യാനി, 1 മറ്റു സമുദായക്കാർ ഇങ്ങനെ ആയിരുന്നു. പ്രവർത്തിക്കാർ ഉദ്യോഗത്തിൽ ഒരൊറ്റ ഈഴവനോ ക്രിസ്ത്യാനിയോ മറ്റു ജാതി ഹിന്ദുക്കളോ ഉണ്ടായിരുന്നില്ല. 1935 ലെ കണക്ക് അനുസരിച്ച് സെക്രട്ടേറിയേറ്റ് ഉദ്യോഗത്തിൽ 12 ബ്രാഹ്മണര്‍, 13 നായർ 4 ഈഴവർ എന്നിങ്ങനെ ആയിരുന്നു ആക്കൊല്ലത്തെ നിയമനം.മറ്റു എല്ലാ ഉദ്യോഗങ്ങളിലും ഇതേ അനുപാതം തന്നെ ആയിരുന്നു സർക്കാര്‍ പിന്തുടർന്നിരുന്നത്
അന്ന് ജന സംഖ്യ ബ്രാഹ്മണര്‍ 60,590, നായർ 6,90495, ഈഴവർ 6,67935, കത്തോലിക്കർ 327979, മറ്റ് ക്രിസ്ത്യൻ 844955, മുസ്ലീം 270478 ഇങ്ങനെ ആയിരുന്നു എന്ന് ഓർക്കണം.

1932 ൽ വളരെ വിപ്ലവകരമെന്ന് കൊട്ടി ഘോഷിക്കപ്പെട്ട ഒരു നടപടിയിലൂടെ രണ്ടു മണ്ഡലങ്ങൾ ഉള്ള ഒരു നിയമസഭ തിരുവിതംകൂറിൽ സ്ഥാപിക്കപ്പെട്ടു. ശ്രീ മൂലം അസംബ്ലി എന്ന അധോസഭയും ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്ന ഉപരി സഭയും. പ്രതി വർഷം 5 രൂപയിൽ കൂടുതൽ നികുതി അടയ്ക്കുന്ന രജിസ്റ്റർ ചെയ്ത ഭൂ ഉടമകൾക്കും ബിരുദം നേടി പത്തു വർഷം പൂർത്തി യാക്കിയവർക്കും നായർ ബ്രിഗേഡിൽ നിന്ന് പിരിഞ്ഞവർക്കും മാത്രം ആയിരുന്നു വോട്ടവകാശം. ഇത് സഭയിൽ സവർണ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടി രാജാവിന്റെ ലീഗൽ ആൻറ് കോൺസ്റിട്ടൂഷനൽ അഡ്വൈസർ ആയിരുന്ന സി പി രാമസ്വാമി അയ്യർ നടത്തിയ ഒരു തന്ത്രമായിരുന്നു. കാരണം ഭൂമിയുടെ ഉടമസ്ഥാവകാശം നായർ ബ്രാഹ്മണ ജാതികൾക്കു ആയിരുന്നു. വിദ്യാഭ്യാസം മേൽജാതിക്കാരുടെ മാത്രം കുത്തക ആയിരുന്നു. അന്ന് തിരുവിതാംകൂറിന്റെ വരുമാനത്തിന്റെ 17 ശതമാനം മാത്രം ആയിരുന്നു ഭൂനികുതി യില് നിന്ന് ഉണ്ടായിരുന്നത്. മുഖ്യമായും ഇഴവരുടെയും മുസ്ലിങ്ങളുടെയം ക്രിസ്ത്യാനി കളുടെയും പക്കൽ നിന്ന് ഈടാക്കിയിരുന്ന എക്സൈസ് കസ്റ്റംസ് തീരുവ കൾ 34.7 ശതമാനം ആയിരുന്നു. എന്നാല് വോട്ടവകാശം നിർണയിക്കുന്നതിൽ ഇതൊന്നും പരിഗണിച്ചിുന്നില്ല. കാരണം തിരുവിതാംകൂർ ഒരു ഹിന്ദു രാജ്യമായി നില നിൽക്കണം എങ്കിൽ ഇത്തരം തന്ത്രങ്ങൾ ആവശ്യമാണ് എന്ന് സി പി യും രാജാവും രാജമാതാവും കരുതിയിരുന്നു. 1933 ലെ തിരഞ്ഞെടുപ്പിൽ തിരുവിതാംകൂറിലെ 5 ലക്ഷത്തോളം വരുന്ന പൗരന്മാരിൽ വെറും 1,56,797 പേർക്ക് മാത്രമാണ് വോട്ടവകാ ശം ഉണ്ടായിരുന്നത്.

1932 ലെ പരിഷ്കാരങ്ങൾ രാഷ്ട്രീയ അസ്വാസ്ഥ്യതിനും തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധായ പ്രക്ഷോഭങ്ങൾക്കും ആണ് വഴിതെളിച്ചത്. 1932 നവംബറിൽ കൊല്ലത്ത് ഈഴവ രാഷ്ട്രീയ ലീഗ് യോഗം ചേർന്ന് ഇൗ അനീതിക്കെതിരെ പ്രതിഷേധിച്ചു. തുടർന്ന് കത്തോലിക്കാ കോൺഗ്രസ്സ്, മുസ്ലീം സർവീസ് ലീഗ്, ലത്തീൻ ക്രിസ്ത്യൻ മഹാ ജന സഭ എന്നിവർ അവരവരുടെ സമുദായങ്ങൾക്ക് നേരിട്ട അവഗണയ്ക്കേതിരെ രംഗത്ത് ഇറങ്ങി. തുടർന്ന് ഇൗഴവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെട്ട ഒരു ത്രികക്ഷി സഖ്യം പൊതു ലക്ഷ്യത്തിനു വേണ്ടി സമരം ചെയ്യുക എന്ന തീരുമാനത്തോടെ രൂപം കൊണ്ടു. ഇവർ 1932 ഡിസംബറിൽ തിരുവനന്തപു രത്ത് യോഗം ചേർന്ന് അഖില തിരുവിതാംകൂർ ജോയിന്റ് പൊളിറ്റിക്കൽ കോൺഫറൻസ് എന്നൊരു സംഘടന രൂപീകരിച്ചു. ഇൗ സംഘടനയാണ് പ്രശസ്തമായ നിവർത്തന പ്രക്ഷോഭത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്. നിവർത്തന പ്രക്ഷോഭം ആദ്യഘട്ടത്തിൽ അതിശകതമായി അടിച്ചമർത്താൻ ആണ് സി പി ശ്രമിച്ചത്. പക്ഷേ പിന്നീട് 1937 ആയപ്പോഴേക്കും അതി ശക്തമായ സമരങ്ങളുടെയും സമ്മർധങ്ങളുടെടും ഫലമായി വോട്ടവകാശം ഒരു രൂപ കരമടയ്ക്കുന്നവർക്കായി നിജപ്പെടുത്തി, കൂടാതെ ഇൗഴവ, മുസ്ലീം, ലത്തീൻ സ ദായങ്ങൾക്ക് സംവരണവും ഏർപ്പെടുത്തി.
അതോടെ ജോയിന്റ് പൊളിറ്റിക്കൽ കോൺഫ്രൻസ് രാജാവിന്റെ പക്ഷമായ നായർ അംഗങ്ങൾക്ക്കെതിരെ സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലേയ്ക്ക് വന്നു.
പക്ഷേ ഇൗ സഖ്യം അധിക കാലം നീണ്ടു നിന്നില്ല.
സി പി യുടെ കു തന്ത്രങ്ങൾ മൂലം നേതാക്കൾ തമ്മിൽ രൂപപ്പെട്ട അനൈക്യവും പടല പിണക്കങ്ങളും മൂലം വെറും ഒറ്റ വർഷത്തിനുള്ളിൽ ജോയിന്റ് പൊളിറ്റിക്കൽ കോൺഫ്രൻസ് ശിഥില മാകുകയും പിരിച്ചു വിടപ്പെടുകയും അത് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന സംഘടനയായി രൂപാന്തര പ്പെടുകയും അത് വരെ എതിർ പക്ഷത്ത് ആയിരുന്ന പട്ടം താണുപിള്ള ഉൾപ്പെടെ ഉള്ളവർ അതിൽ അണി ചേരുകയും ചെയ്തു.

ഇൗ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ ആണ് സാമൂഹ്യവും മതപരവും ആയ ഒഴിച്ചു നിർത്തലിന് എതിരെ കൂടി ഈഴവ സമുദായത്തിൽ നിന്ന് ഉയർന്ന പ്രതിഷേധങ്ങളെ വിലയിരുത്തേണ്ടത്.
സി പി ഒരിക്കൽ ആരോപിച്ചിരുന്നത്‌ പോലെ “ക്രിസ്ത്യാനി കളുമായി ശ്രിംഗരിക്കുന്ന ഒരു സൗഹൃദം” ഈഴവർക്ക് ഉണ്ടാകാനുള്ള കാരണം ഇൗ രാഷ്ട്രീയ പരിത സ്ഥിതികൾ ആയിരുന്നു.
തിരുവിതംകൂറിനെ ഒരു ക്രിസ്ത്യൻ രാജ്യമാക്കാനായി ഹിന്ദുക്കൾക്കിടയിൽ ഭിന്നിപ്പുകൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ഒരു ക്രിസ്ത്യൻ പ്രസ്ഥാനം ആയി സി പി യും നായർ മേധാവികളും ജോയിന്റ് പൊളിറ്റിക്കൽ കൺഫ്രെറൻസിനെ മുദ്ര കുത്തി. അവരുടെ ഭയത്തിന് അടിസ്ഥാനവും ഉണ്ടായിരുന്നു. 1901 ൽ 70 ശതമാനം ഉണ്ടായിരുന്ന തിരുവിതംകൂറിന്റെ ഹിന്ദു ജന സംഖ്യ 1931 ൽ 62 ശതമാനം ആയി കുറഞ്ഞിരുന്നു. ക്രിസ്ത്യൻ ജനസംഖ്യ ആകട്ടെ 24 ഇൽ നിന്ന് 32 ശതമാനം ആയി ഉയർന്നിരുന്നു. ജോയിന്റ് പൊളിറ്റിക്കൽ കോൺഫ്രൻസ് ഇൗ മാറ്റത്തിന് ഗതിവേഗം പകരും എന്ന് അവർ കരുതി.

എന്നാല് സത്യത്തിൽ 1905 ൽ തന്നെ ഈഴവ സമുദായം സാമൂഹ്യമായ അവഗണനകളിൽ മനം മടുത്ത് മതം മാറ്റത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങിയിരുന്നു.
1905 ൽ ഈഴവ പത്രമായ സുജന നന്ദിനി പ്രസ്താവിക്കുന്നു. ” പലരും മതപരിവർത്തനത്തെ കുറിച്ച് ചിന്തിക്കുന്നു. ക്രിസ്തീയതയാണോ മുഹമ്മദീയ തയാണോ വേണ്ട സമാശ്വാസം നൽകുക എന്നത് ചർച്ചയിൽ ഇരിക്കുകയാണ്”.

ഈഴവ സമുദായം കൂട്ടത്തോടെ ബുദ്ധമത സ്വീകരിക്കാൻ ഒരുങ്ങുന്നു എന്നൊരു വാർത്ത 1920 കളിൽ തിരുവിതാംകൂറിൽ പ്രചരിച്ചിരുന്നു.
“നമ്മൾ ഹിന്ദുക്കൾ അല്ല ഹിന്ദുത്വത്തെ നിരാകരിക്കുവിൻ” എന്ന് സി കേശവൻ പ്രസ്താവിച്ചത് ഇൗ കാലഘട്ടത്തിൽ ആണ്. സി വി കുഞ്ഞിരാമൻ ഈഴവർ കൂട്ടത്തോടെ ക്രിസ്തുമതത്തിൽ ചേരണം എന്നൊരു ലഘുലേഖ പ്രസിദ്ധീകരിച്ചു. കൂടാതെ കോട്ടയത്തെ ഒരു സി എം എസ് ബിഷപ്പിനെ യും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സന്ദർശിച്ചു. ടീ കെ മാധവനും ഈഴവർ ക്രിസ്തു മതത്തിൽ ചേരണം എന്ന് അഭിപ്രായം ഉളളവർ ആയിരുന്നു. അതല്ല ഇസ്ലാമിൽ ചേരണം എന്ന് വാദിച്ചവരും ഉണ്ടായിരുന്നു.

ഇൗ അനുകൂല സാഹചര്യം മുതലെടുത്ത് തങ്ങളുടെ മതത്തിലേക്ക് ആളെ ചേർക്കാൻ ക്രിസ്ത്യൻ മിഷനറിമാർ തിരുവിതാംകൂറിലെയ്ക്കു കുതിക്കുകയാണ് എന്ന് തിരുവിതാംകൂർ സദർശിച്ച രാമേശ്വരി നെഹ്രു പ്രസ്താവിച്ചത് അന്നത്തെ സാഹചര്യത്തിന് തെളിവാണ്.1936 ൽ ക്രിസ്ത്യൻ മത സംഘടന മത പരിവർത്നതിലൂടെ രാജ്യത്തെ പൊതു സമാധാനത്തിന് ഭീഷണി ഉയർത്തിയിരിക്കുന്നു എന്ന് ഒരു നോട്ടീസിൽ ആരോപിച്ചിരുന്നു എന്ന് ബ്രിട്ടീഷ് റസിഡന്റ് രേഖപ്പെട്ത്തിയിരിക്കുന്നു. 1936 ആഗസ്റ്റ് ആയപ്പോഴേക്കും ഈഴവർ കൂട്ടമായി ക്രിസ്തു മതത്തിലേക്ക് നീങ്ങുന്നു എന്ന് വ്യക്തമായതായി ബ്രിട്ടീഷ് റസിഡന്റ് രേഖപ്പെടുത്തി.

ഒരു ഹിന്ദു രാജ്യം എന്ന തിരുവിതാം കൂറിന്റെ പദവി നില നിർത്തുന്നതിന് ക്ഷേത്ര പ്രവേശനം സാധ്യമാകാതെ മാറ്റ് വഴികളില്ല എന്ന് അതോടെ ദിവാന് ബോധ്യമായി. ക്രിസ്ത്യാനികൾ ഉയർത്തുന്ന ഭീഷണികളെ തടയാൻ ഹിന്ദുക്കളെ ജാതി വ്യത്യാസം ഇല്ലാതെ ഒറ്റക്കെട്ടയി നിർത്തേണ്ടത് ഉണ്ട്. നിർണായക മുഹൂർത്തത്തിൽ രാജ്യത്തെ ക്ഷേത്രങ്ങൾ എല്ലാ ജാതി ഹിന്ദുക്കൾ ക്കുമായി തുറന്ന് കൊടുക്കുന്നത് ഇൗ പാതയിൽ ഒരു നിർണായക കാൽവെയ്പ്പായിരിക്കും. ദിവാൻ രാജാവിനെ ഉപദേശിച്ചു. അതോടെ ഗത്യന്തരമില്ലാതെ 1936 ൽ ക്ഷേത്ര പ്രവേശന വിളംബരം സാധ്യമായി. അതിനു സർക്കാര്‍ ഉദ്ദേശിച്ച ഫലവും ഉണ്ടായി. മത പരിവത്തനങ്ങൾ പൊടുന്നനെ നിലച്ചു. മതം മാറിയ പലരും തിരിച്ച് സ്വ മതത്തിലേക്ക് വന്നു . ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാക്കിയ ആശയ കുഴപ്പങ്ങളും അലയോലികളിലും പെട്ട് ഉളഞ്ഞ ജോയിന്റ് പൊളിറ്റിക്കൽ കോൺഫറൻ സിനെ സി പി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇല്ലായ്മ ചെയ്തു. പക്ഷേ അത് മറ്റൊരു ചരിത്രത്തിന്റെ – സ്റ്റേറ്റ് കോൺഗ്രസിന്റെ – ഉദയം ആകും എന്ന് സി പി അറിഞ്ഞിരുന്നില്ല.

ഇൗ ചരിത്ര പ്രഖ്യാപനം കൊണ്ട് മഹാരാജാവ് യഥാർഥത്തിൽ ഉദ്ദേശിച്ചത് വിമോചനമോ ആത്മീയതയോ അല്ല എന്ന് എനിക്ക് ഉറപ്പുണ്ട്, മറിച്ച് ഇത്രയും വലിയ ഒരു സമുദായത്തിന്റെ വിച്ചേദനം ഹിന്ദുക്കളുടെ മരണ മണി ആയിരിക്കും എന്നുള്ള തിരിച്ചറിവും ഈഴവർ തങ്ങളുടെ ആയിടെയുള്ള പ്രവർത്തികൾ കൊണ്ട് അപായ സാധ്യത യാഥാർത്ഥ്യ മാക്കുമെന്ന് തെളിയിച്ചത് കൊണ്ടും ആണ് സർക്കാര്‍ ഗണ്യമായ രീതിയിൽ എന്തെങ്കിലും ചെയ്യാൻ നിർബന്ധിതമായത്. ഇൗ രാഷ്ട്രീയ സമ്മർദങ്ങൾ ഇല്ലായിരുന്നു എങ്കിൽ തിരുവിതാംകൂർ ഒരിക്കലും മാറില്ലായിരുന്നു. ഡോ അംബേദ്കർ പ്രസ്താവിച്ചു.

വ്യക്തിപരമായി ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവിന് തുടക്കം മുതൽക്കേ ക്ഷേത്ര പ്രവേശനം അനുവദിക്കണം എന്ന നിലപാട് ആയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അമ്മ സേതു പാർവതീ ഭായി തന്നെ പിന്തുണച്ചിരുന്ന നായർ സമുദായത്തെ പിണക്കാൻ തയാറായിരുന്നില്ല. മാത്രമല്ല റീജന്റ് ഭരണത്തെ പിന്താങ്ങിയിരുന്ന ക്രിസ്ത്യാനി കളോടും ഈഴവരോടും അവർക്ക് പകയും ഉണ്ടായിരുന്നു. ചിത്തിര തിരുനാളിന്റെ ഭരണത്തിൽ അമ്മയുടെത് ആയിരുന്നു അവസാന വാക്ക്. ദിവാൻ സി പി ആകട്ടെ ഒരു കൃസ്ത്യൻ വിരോധിയും ഹിന്ദു മഹാസഭ പോലുള്ള ചില മേൽജാതി ഹിന്ദു സംഘടകളുടെ ആരാധകനും ആയിരുന്നു. ഇതൊക്കെയാവാം ക്ഷേത്ര പ്രവേശനം അനുവദിക്കാൻ ഈഴവർ അറ്റകൈ പ്രയോഗിക്കുന്നിടം വരെകാത്തിരിക്കേണ്ടി വന്നതിന്റെ കാരണങ്ങൾ.

ഈഴവർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചത് ശേഷം റീജൻറ് റാണി ആയിരുന്ന സേതു ലക്ഷ്മി ഭായി തന്റെ മരണം വരെ തിരുവിതാംകൂ റിലെ ഒരു ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നില്ല എന്നതും ഇതോടു ചേർത്ത് വായിക്കണം.

Reference: സർ സി പി – തിരുവിതാംകൂർ ചരിത്രത്തിൽ, A ശ്രീധര മേനോൻ
ദന്ത സിംഹാസനം, മനു എസ് പിള്ള
മത പരിവർത്തന രസ വാദം , കുമാരനാശാൻ
ശ്രീ മൂലം അസംബ്ലി മീറ്റിംഗ് minutes
ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ, പ്രജാ സഭാ മീറ്റിംഗ് minutes

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.