മാനവികത എന്നൊരാശയത്തെ ഇതിനേക്കാൾ നന്നായി സിനിമ എന്ന മീഡിയത്തിൽക്കൂടി സംവദിക്കാൻ ആകുമെന്ന് തോന്നുന്നില്ല

0
309

എഴുതിയത്  : Vineeth M Anchal

സിനിമ പലതരത്തിൽ ഉണ്ട്.
റീജിയണൽ സിനിമ, നാഷണൽ സിനിമ, ഇന്റർനാഷണൽ സിനിമ എന്നൊക്കെ.
ഇത് ഇന്റർനാഷണൽ സിനിമയാണ്. ഒപ്പം യൂണിവേഴ്സൽ thought ആണ്.

ജല്ലിക്കട്ട് എന്ന LJP ചിത്രം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരാൾക്ക് എങ്ങനെയാണു ഇത്രയും ഭാവന ഉണ്ടാവുക? അതും വളരെ കുറഞ്ഞ സമയപരിധിയിൽ ?
ഈ മ യൗ കഴിഞ്ഞയുടൻ തന്നെ ജല്ലിക്കട്ടിന്റെ പണിപ്പുരയിലേയ്ക്ക് നടന്നു കയറിയയാളാണ് ലിജോ ജോസ് പല്ലിശേരി. എന്നിട്ടും എന്ത് മാത്രം വിഷ്വൽ സെൻസ് ആണ് ആ സിനിമയുടനീളം. അത്ഭുതമാണ് ഇത്തരമൊരു ക്രാഫ്റ്റ് സെൻസ് !! ലക്ഷണമൊത്ത തിരക്കഥ കൈമുതലായി സംവിധാനം ചെയ്യാൻ വരുന്നവർക്കിടയിൽ വൺ ലൈൻ ത്രെഡ് കൊണ്ട് സിനിമ കൺസീവ് ചെയ്യുകയാണ് ഇയാൾ.
ഒരുതരം ഉന്മാദി !

Vineeth M Anchal
Vineeth M Anchal

അറക്കാൻ കൊണ്ടുവന്ന പോത്ത് ഇറങ്ങിയോടുമ്പോൾ വരുത്തുന്ന നാശനഷ്ടങ്ങളും അതിനെ പിടിക്കാൻ പോകുന്ന നാട്ടുകാരും എന്ന ഒറ്റക്കാഴ്ചയിലൊതുങ്ങുന്ന ‘തിരക്കഥയല്ല’ ജല്ലിക്കട്ട്.
മനുഷ്യന്റെ ഉള്ളിലുറങ്ങുന്ന ഹിംസാത്മകത പുറത്തുവരുമ്പോൾ നഷ്ടപ്പെടുന്നത് മാനവികതയോടൊപ്പം മനുഷ്യന്റെ ജീവനും ജീവിതവും ആണെന്ന് സ്ഥാപിക്കുന്നുണ്ട് ചിത്രം.

ശക്തിയുള്ളവനും ഇല്ലാത്തവനും തമ്മിൽ പോരടിക്കുന്നതും ഒടുവിൽ കയ്യൂക്കുള്ളവൻ ജയിക്കുന്നതും ആ ജയത്തിൽ അവൻ ആനന്ദം കണ്ടെത്തുന്നതും ഉള്ളിലുറങ്ങുന്ന മൃഗീയവാസനകൊണ്ടാണ്. പ്രാചീനയുഗത്തിലേക്കുള്ള ഒരുവന്റെ തിരിച്ചുപോക്ക് ആരംഭിക്കുന്നത് മേൽപ്പറഞ്ഞ ആനന്ദം അവനെ അടിമപ്പെടുത്തുന്നതോടുകൂടിയാണെന്ന് ചിത്രം പറഞ്ഞവസാനിക്കുമ്പോൾ ആ രംഗങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന തരത്തിൽ മെറ്റഫറുകളുടെ ഒരു ഘോഷയാത്ര തന്നെയൊരുക്കുന്നുണ്ട് ലിജോ.

ഓടുന്ന പോത്തിനെ വെട്ടാൻ കത്തിയെടുക്കുമ്പോൾ ട്യൂബ് ലൈറ്റിലേയ്ക്ക് അലച്ചെത്തുന്ന ഈയലുകളെ ക്ളോസപ്പിൽ കാണാം. തിന്മയെ തിരഞ്ഞിറങ്ങുമ്പോൾ പൊടുന്നനെ എരിഞ്ഞടങ്ങും ജീവനുകളൊക്കെയും എന്നത് ഇതിനേക്കാൾ നന്നായി വ്യക്തമാക്കാനാവില്ല.

പോത്തിന്റെ അമറൽ ശബ്ദത്തിൽ തുടങ്ങുന്ന ചിത്രം അവസാനിക്കുമ്പോൾ ആന്റണിയിലൂടെയും കുട്ടച്ചനിലൂടെയും കേൾക്കുന്നത് അതെ താളത്തിലുള്ള നമ്മുടെതന്നെ ആക്രോശങ്ങളാണ്. മനുഷ്യൻ മൃഗമായി മാറുമ്പോഴുള്ള ആ സംഘട്ടനം പോലും അത്തരത്തിലുള്ളതാണ്. കുത്തിയെറിഞ്ഞും നടുവിന് തൊഴിച്ചും പള്ളയ്ക്ക് കത്തി കേറ്റിയും അവർ പരസ്പരം പോരടിക്കുന്നത്പോലും പോത്തിനോട് ഏറ്റുമുട്ടുന്ന തരത്തിൽ.. !

സിനിമയുടെ ആദ്യഫ്രയിമുകളിൽ ഒരു വയോധികൻ ജീവന് വേണ്ടി ഊർധ്വശ്വാസം വലിക്കുന്നത് കാണാം.
അയാളുടെ മെല്ലിച്ച ശരീരത്തിൽ നിന്ന് ജീവൻ വേർപെട്ട് പോകുന്നത് ഒടുവിൽ ആ മനുഷ്യമല രൂപപ്പെടുമ്പോഴാണ്. തിന്മയിലേക്ക് ‘ഈയാംപാറ്റകൾ ‘ ഒരോരുത്തരായി ഓടിക്കയറുകയും ഇടയിൽ തെന്നിവീഴുന്നവർ വീണ്ടും മുകളിലേയ്ക്ക് ആഞ്ഞുവലിഞ്ഞുകേറുകയും ചെയ്യുന്നിടത്ത് അവർ അതുവരെ വേട്ടയാടിയ പോത്ത് അതിന്റെ ധർമം നിറവേറ്റുന്നു.

പൊട്ടക്കിണറ്റിൽ വീണ പോത്തിനെ അവർ കല്ലെറിഞ്ഞും കമ്പെറിഞ്ഞും തീക്കൊള്ളിയെറിഞ്ഞും ഹരം കൊള്ളുമ്പോൾ പോത്തിന്റെ പോയിന്റ് ഓഫ് വ്യൂവിൽ ഒരു ഷോട്ട് ഉണ്ട്. മൃഗങ്ങളുടെ കണ്ണുകൾ പോലെ വന്യതയോടെ തിളങ്ങി നിൽക്കുന്ന ചൂട്ടുകളും ടോർച്ചുകളും ഒക്കെ. ആരാണ് മൃഗം എന്ന്‌ സിനിമ നമ്മളോട് നേരിട്ട് വിളിച്ചു പറയുന്ന രംഗം.

ചിത്രത്തിന്റെ ആരംഭത്തിൽത്തന്നെ ഈ പറച്ചിൽ പലതവണ നടത്തുന്നുണ്ട് ലിജോ. പോലീസുകാരൻ വീട്ടിൽ ഭാര്യയോട് കയർക്കുന്നിടത്തും പള്ളീലച്ചൻ ചീനിത്തലപ്പ് വലിച്ചൊടിച്ചുകൊണ്ട് പള്ളിപ്പറമ്പിലെ കൃഷിനഷ്ടത്തെക്കുറിച്ച് പരാതിപ്പെടുന്നിടത്തും സൗമ്യമായ ഭാഷയിൽ മാത്രം സംസാരിച്ചാൽ മതിയെന്ന് ആവശ്യപ്പെടുകയും ഒടുവിൽ ക്രൗര്യത്തോടെ പോത്തിനെ നോക്കുകയും ചെയ്യുന്ന വൃദ്ധന്റെ പാത്രസൃഷ്ടിയിലും പുറത്ത് നിന്നും പോത്തിനെ പിടിക്കാൻ വന്ന കൂട്ടർ പോർവിളിക്കുന്നിടത്തും ആന്റണി കയറെടുക്കാൻ വരുമ്പോൾ അവളുടെമേൽ തന്റെ ഊക്ക് കാണിക്കുന്നിടത്തും മകളുടെ കല്യാണാലോചനയിൽ മകളോട് അനുവാദം ചോദിക്കാതിരുന്നിടത്തും ഒക്കെ മനുഷ്യമനസ്സിലെ വിഭിന്നമായ മൃഗീയതയെ അതിസമർത്ഥമായി സംവിധായകൻ പോർട്രെയ് ചെയ്യുന്നുണ്ട്.

മനുഷ്യന്റെയും മൃഗത്തിന്റെയും ഇടയിലുള്ള അതിർവരമ്പ് നേർത്ത് വരുമ്പോൾ ആരാണ് നീ എന്നൊരു ചോദ്യം സ്വയം ചോദിക്കേണ്ടതായി വരും. ആ ചോദ്യത്തിനുള്ള ഉത്തരമാണ് LJP യുടെ ജല്ലിക്കട്ട്.
മാനവികത എന്നൊരാശയത്തെ ഇതിനേക്കാൾ നന്നായി സിനിമ എന്ന മീഡിയത്തിൽക്കൂടി സംവദിക്കാൻ ആകുമെന്ന് തോന്നുന്നില്ല.

അത്രമാത്രം പെർഫെക്റ്റ് ആണ് ഓരോന്നും. ആദ്യം ടോർച്ചുമായി ഓടുന്നവർ പിന്നീട് പന്തവും ചൂട്ടുമായി കൂട്ടം കൂടുന്നിടത്ത് ശിലായുഗത്തിലേക്കുള്ള തിരിച്ചുപോക്ക് തുടങ്ങിക്കഴിഞ്ഞു. അതിലെ സർഗാത്മകത എന്താണെന്ന് വച്ചാൽ ആ പ്ലെയ്സ്മെന്റ് ഇന്റർവെല്ലിനു മുൻപും അതിനു ശേഷവും ആണെന്നുള്ളതാണ്. കൂടുതൽ അറിയാൻ ചുവടെ ചേർത്തിരിക്കുന്ന ചിത്രം ശ്രദ്ധിച്ചാൽ മതി.

Nb :

ഏറ്റവും രുചിയുള്ള ഇറച്ചി മനുഷ്യന്റെയാണെന്ന് കുട്ടച്ചൻ പറയുന്നിടത്ത് കേൾക്കുന്നവന്റെ ഭാവം പ്രേക്ഷകന് കാണാനായി മാത്രം വെളിച്ചം അവന്റെ മുഖത്തേയ്ക്കു ഒരുമാത്ര വീശുന്നുണ്ട്. ആ ഇരുട്ടിൽ നിങ്ങൾക്കവന്റെ ഭയം തിരിച്ചറിയാനായെങ്കിൽ നിങ്ങളിൽ ഇനിയും മനുഷ്യത്വം ബാക്കിയുണ്ട്.
മറിച്ച് അതൊരു തമാശയായിട്ടാണ് തോന്നിയതെങ്കിൽ, കുട്ടച്ചന്റെ ഹ്യുമർസെൻസ് ഓർത്ത് നിങ്ങൾ ചിരിച്ചെങ്കിൽ നിങ്ങളിലെ മനുഷ്യൻ അസ്തമിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുക.

(ക്യാമറ, എഡിറ്റിങ്, മ്യൂസിക്, ഒക്കെ മനഃപൂർവം ഒഴിവാക്കിയതാണ്. ഒരുപാട് പേര് അതൊക്കെ ഇവിടെ പറഞ്ഞുവല്ലോ. Outstanding work by the crew)

Vineeth M Anchal