പറയാതെ വയ്യ ഇതിന് മുമ്പ് ഇങ്ങനെയൊരു Theatre Experience മലയാളത്തിൽ വേറെ ലഭിച്ചിട്ടില്ല
This Local is International…❤️
1.
ഓട്ടമാണ്, നിർത്താതെയുള്ള ഓട്ടം ഒരു പോത്തിന് പിന്നാലെ പരിണാമത്തിൻ്റെ ഏതോ ഒരു ലോകത്തേക്കുള്ള ഇരു കാലി മൃഗങ്ങളുടെ ഓട്ടം.
മനുഷ്യ വംശത്തിൽ എവിടെ വേണമെങ്കിലും പറയാൻ കഴിയുന്ന ഒരു യൂണിവേഴ്സൽ റിയാലിറ്റിയെ ഇവിടെ ഈ ഹൈറേഞ്ചിൽ ഏലമലക്കാടുകളിലൂടെ കയറു പൊട്ടിച്ച് ഓടുന്ന ഒരു പോത്തിനും അതിനു പിന്നാലെ ഓടുന്ന മനുഷ്യരുടെയും ഇടയിൽ പറഞ്ഞു എന്നതാണ് ഈ യൂണിവേഴ്സൽ കൺസപ്റ്റ് ഇവിടെ കേരളത്തിൽ പ്രയ്സ് ചെയ്തതിൽ ലിജോ കാണിച്ച ബ്രില്ല്യൻസ്.
പരിണാമത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ നമ്മൾ സഹസ്രാബ്ധങ്ങൾ മുൻപ് മറികടന്നു എന്ന് സ്വയം കരുതുന്ന നാം ഇപ്പോൾ എത്തി നിൽക്കുന്ന ആധുനികതയിൽ നിന്ന് വളരെ വേഗം തിരിച്ചോടാൻ നമുക്ക് അതികം നേരം വേണ്ടെന്നാണ് ജെല്ലിക്കെട്ട് പറയുന്നത്, ആ ഓട്ടം പ്ലെയ്സ് ചെയ്യാൻ ഹൈറേഞ്ചുപോലെ കൃത്യമായി ഒരു ഇടം തിരഞ്ഞെടുത്തത് ഒട്ടും യാദൃശ്ചികമല്ല.
ജനിച്ച മണ്ണിനെയും ഉറ്റവരെയും ഉപേക്ഷിച്ച് വറുതിയിൽ കിഴക്കൻ മല തേടി രണ്ടും കൽപ്പിച്ചു യാത്ര തിരിച്ച മരംകോച്ചുന്ന തണുപ്പിലും, കൊടുങ്കാറ്റിലും, കാട്ടാനയും കാട്ടുപോത്തും ഉള്ള മലയിടുക്കിൽ ആണും പെണ്ണും ഭേദമില്ലാതെ ഒന്നിച്ചു പടപൊരുതിയ ഭൂമികയിൽ തന്നെ വേണം അത് പറയാൻ, പക്ഷെ പാലായിൽ നിന്നും, പൂഞ്ഞാറിൽ നിന്നും കുടിയേറിവന്ന മനുഷ്യരെ കുറിച്ച് മാത്രം അല്ലത് യുറോപ്യൻ ഭൂഖണ്ഡത്തിലോ, യുറേഷ്യയിലോ, ആഫ്രിക്കൻ വൻകരയിൽ നിന്നോ വന്ന. ഇന്ന് കുടിയേറ്റത്തിൻ്റെ ഇങ്ങേ തലയ്ക്കൽ അതിനു മുകളിൽ നടത്തുന്ന പാരമ്പര്യവാദ ചിന്തയ്ക്ക് ചെറിയൊരു തട്ട് കൊടുക്കുന്നുണ്ട് അത് പക്ഷെ ഒട്ടുംതന്നെ പ്രാദേശികമല്ല മനുഷ്യൻ ഉള്ള എല്ലാം ലോകത്തും സാധ്യമായ ഒന്നാണ്.
2.
മേപ്പാറക്കാരുടെ ആഭ്യന്തര വിഷയത്തിലേക്ക് ആഘോഷമായി വന്നിറങ്ങിയ പൂമാലക്കാരും, ഒരു ജീപ്പിൻ്റെ ബോണറ്റിൽ ഇരുന്ന് വരുന്ന കുട്ടച്ചനും ഗോത്ര കാലത്തെ വേട്ടയാലിൻ്റെ, ഇര തേടിയുള്ള ഓട്ടത്തിൻ്റെ വേഗത കൂട്ടാൻ തന്നെയാണ് എത്തുന്നത്. ആണത്തത്തിൻ്റെ ആഘോഷത്തെ, വീരത്വത്തെ കൂടുതൽ ശക്തമാക്കുകയാണ്, അടിമുടി ആണത്ത ആഘോഷം തന്നെയാണ് ജെല്ലിക്കെട്ട്.
ഇര തേടിയുള്ള പരക്കം പാച്ചിലിൻ്റെ, ഇണ തേടിയുള്ള വ്യഗ്രതയുടെ, ആൺ ഇടങ്ങളിലെ വേട്ടയാടലിൻ്റെ വിഷ്വൽ ട്രീറ്റ് ആണ് ഈ തൊണ്ണൂറ്റി ഒന്ന് മിനിറ്റ് നമ്മെ തളച്ചിടുന്നത്. മനപൂർവം തന്നെയാകും അഹന്തയുടെ ആഘോഷത്തിന് പുറത്തേക്ക് പെണ്ണ് മാറ്റി നിർത്തപ്പെട്ടത്, ആണിൻ്റെ അടങ്ങാത്ത വേട്ടയാടലിൻ്റെ നൈസർഗിക വാസനയ്ക്കും ആ തിരിച്ചു പോക്കിനും നമ്മിൽ ഒരുപാട് ദൂരമില്ലെന്നുമുള്ള, ഇരയ്ക്കും, ഇണയ്ക്കും വേണ്ടിയുള്ള നിലക്കാത്ത ഓട്ടത്തിൻ്റെ ആഘോഷമാണ് ജെല്ലിക്കെട്ട്.
മനുഷ്യൻ കുരങ്ങിൽ നിന്നുമൊക്കെ പരിണമിച്ച് വളരെയേറെ സംസ്കാരം ലഭിച്ച മഹാത്മാവായി തീരുമെന്നാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്നാൽ ഇപ്പോഴത്തെ സ്ഥിതി നോക്കുമ്പോൾ പരിണാമത്തിന്റെ തീവണ്ടി അതിന്റെ സ്റ്റേഷനിൽ എത്തിയിട്ട് മടക്കയാത്രയിലാണെന്ന് തോന്നുന്നു എന്ന് പറഞ്ഞത് ഇർവിൻ ഷ്രോഡിംഗർ ആണ്. എന്നാൽ ആ മടക്കയാത്ര അത്ര വിദൂരമല്ല നമ്മിൽ ഉൾച്ചേർന്ന് കിടക്കുന്ന എപ്പോൾ വേണമെങ്കിലും ഒരു പോത്ത് കയറു പൊട്ടിച്ചോടുന്ന ലാഘവത്തോടെ പുറത്ത് ചാടാൻ കഴിയുന്ന, മൃഗീയവും മാനുഷികവും എന്ന് വേർതിരിവ് ഇല്ലാതെ ഒരു കാൽ പാദമുദ്രയും മറുകാൽ പോത്തൻ കുളമ്പും ആയി തീരുന്ന അഭേദ്യ ബന്ധം പുലർത്തുന്ന, ഇരുകാലി മൃഗങ്ങൾ മാത്രമാണ് ‘ആണുങ്ങൾ’ എന്നും, ഇരയ്ക്ക് പിന്നാലെ പാഞ്ഞോടി വേട്ടയാടി നേടിയ ആരുടേതെന്ന് അറിയാത്ത വിജയത്തിന് മുകളിൽ ഒന്നൊന്നായി ചവിട്ടി കയറി പിരമിഡ് കണക്കെ സംസ്കാരം തന്നെ പടുത്തുയർത്തുന്ന ചരിത്രത്തിൻ്റെ ഏതോ തലത്തിൽ ആണ് ജെല്ലിക്കെട്ട് നമ്മെ കൊണ്ട് ചെന്നു നിർത്തുന്നത്.
3.
കഴിഞ്ഞ വർഷം എസ്.ഹരീഷ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇട്ടപ്പോൾ മുതൽ ജെല്ലിക്കെട്ട് എന്നത് ഉള്ളിൽ ഒരു നാല്കാലി മൃഗത്തിനായുള്ള കാത്തിരിപ്പ് ആയിരുന്നു കണ്ടിറങ്ങുമ്പോൾ , ദോ ‘അവൻമാരേ’ രണ്ടു കാലിൽ ഓടുന്നുണ്ടെങ്കിലും മൃഗമാ മൃഗം എന്ന് പോയിൻ്റിലാണ് ജെല്ലിക്കെട്ടിന് പിന്നാലെയുള്ള നമ്മുടെ ഓട്ടം ചെന്നു നിൽക്കുന്നത്.
4.
മൂന്ന് പേരുകൾ പറയാതെ വയ്യ യഥാക്രമം എസ്.ഹരീഷ്, ഗിരീഷ് ഗംഗാധരൻ, ലിജോ ജോസ് പല്ലിശേരി. ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന കഥ പലതരത്തിലുള്ള മാറ്റങ്ങൾ വഴി ജെല്ലിക്കെട്ട് ആകുമ്പോൾ, ലിജോ പറയുന്നത് പോലെ വളരെ സിംപിളായി അടുത്തത് എന്ത് ചെയ്യണം എന്ന് കൃത്യമായി ചാർട്ട് ചെയ്തു വരുന്ന ഹരീഷിൻ്റെ തന്നെ സ്ക്രിപ്റ്റ് ആണ് ഒന്ന്, ഗിരീഷ് എന്നൊരു Cinematographer ഉണ്ടായിരുന്നു എങ്കിലേ ഈ സിനിമ ചെയ്യാൻ പറ്റുമായിരുന്നുള്ളു, ഗിരീഷിൻ്റെ Involvement ഒരു കുതിപ്പ് ഇതിന് ആവശ്യമായിരുന്നു. ഈ കാടുകളിൽ എങ്ങനെ ഇത് ചെയ്തു എന്ന ആശ്ചര്യത്തെ ലിജോ പറയുന്നത് വളരെ ആയാസ രഹിതമായാണ് ചെയ്തത് എന്ന് തന്നെയാണ്. പക്ഷെ പറയാതെ വയ്യ ഇതിന് മുമ്പ് ഇങ്ങനെയൊരു Theatre Experience മലയാളത്തിൽ വേറെ ലഭിച്ചിട്ടില്ല.
ലിജോ ജോസ് പെല്ലിശേരി മനപൂർവം അല്ല എടുത്തു പറയാത്തത് വളരെ വിശദമായി പറയണം അത് ഓസ്കാർ വരുന്ന ആ നാളുകളിൽ തന്നെ ആകാം….