എന്തുകൊണ്ട് ലൂസിഫർ ഒരു ജനപ്രിയ സിനിമ ആയി ?

93

Jenu Johny

ലൂസിഫറിനെ ഒരു ജനപ്രിയ സിനിമ ആക്കിയതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് അതിലെ ഏതാനും മുഖ്യ കഥാപാത്രങ്ങളുടെ ബ്രില്യന്റ് കാസ്റ്റിങ്. കാസ്റ്റിങ്ങിലെ ഒരു ടീംവർക്കും ഇവിടെ വ്യക്തമാണ്, പ്രിത്വിരാജിന്റെയും മുരളി ഗോപിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും ഇടപെടലുകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

സ്റ്റീഫൻ നെടുമ്പള്ളി –
മോഹൻലാലിന് വേണ്ടി നിശ്ചയിച്ച സിനിമ ആണെങ്കിലും ലൂസിഫറിലെ നായകകഥാപാത്രം മോഹൻലാൽ ഇതിന് മുൻപ് ചെയ്ത എല്ലാ റോളുകളിലും നിന്നും വ്യത്യസ്തമായ ട്രെയിറ്റുകൾ ഉള്ള ഒന്നാണ്. മാസ് കഥാപാത്രങ്ങൾ ഇതിനു മുൻപ് ചെയ്തിട്ടുണ്ട് എങ്കിലും അതിലൊക്കെ നായകന് ഒരു സെലിബ്രെഷൻ മൂഡോ ഹ്യുമർ സെൻസോ ഗ്യാങ്ങിൽ ഉള്ളവരുമായി കോമഡിയോ പാട്ടോ ഡാൻസോ നായികയുമായി പ്രേമമോ ഒക്കെ ഉണ്ടാവാറുണ്ട്. എന്നാൽ സ്റ്റീഫൻ/ഖുറേഷി കുട്ടികളുടെ അടുത്ത് മാത്രം ലൈറ്റ് ഹാർട്ടഡ് ആയി ചിരിക്കുകയും കഥ പറയുകയും ബാക്കി എല്ലായിടത്തും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന കംപ്ലീറ്റ് ടഫായ ഒരു മനുഷ്യനാണ് എന്നാൽ അയാളെ കുറിച്ച് മിസ്റ്ററികളുമുണ്ട്. ഇത് പൊതുവെ മമ്മൂട്ടി ചെയ്യുന്ന ടൈപ്പ് അല്ലെങ്കിൽ അങ്ങേർക്ക് ഇണങ്ങുന്ന ഒരു കഥാപാത്രമാണ് (ഫൈറ്റ് സീനുകൾ ഒഴികെ). എന്നാൽ അതിലേക്ക് മോഹൻലാൽ ഇണങ്ങും എന്ന് തിരക്കഥ മാത്രം വായിച്ചാൽ ഉറപ്പിച്ചു പറയാനൊക്കില്ല. എന്നിട്ടും സ്‌ക്രീനിൽ എത്തിയപ്പോൾ മോഹൻലാലിനെ സ്റ്റീഫൻ നെടുമ്പള്ളി ആയും അബ്രാം ഖുറേഷി ആയും അങ്ങേയറ്റം സ്റ്റൈലിഷ് ലുക്കിൽ വമ്പൻ സ്ക്രീൻ പ്രസൻസോടെ ഡെവിളിഷ് ആയി അവതരിപ്പിച്ചത് പ്രിത്വിരാജിന്റെ സംവിധാന മികവാണ്.

ബിമൽ നായർ/ബോബി –
മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളിൽ വെച്ച് പണത്തിന്റെയും ഗ്യാങ് പവറിന്റെയും അതിന്റെ റീച്ചിന്റെയും എല്ലാം കാര്യത്തിൽ ഏറ്റവും ശക്തനാണ് ഖുറേഷി. ആ ഖുറേഷിയുടെ സ്റ്റീഫൻ അധ്യായത്തിൽ പ്രധാന വില്ലൻ ആവുന്ന ആൾ ഒട്ടും കുറഞ്ഞു പോവാൻ പാടില്ല. അതിന് വിവേക് ഒബ്രോയീടെ രൂപവും വിനീതിന്റെ ശബ്ദവും ആണ് ഇണങ്ങുന്നത് എന്ന് തീരുമാനിച്ചത് ആരായാലും അത് സിനിമക്ക് ഒരുപാട് ഗുണം ചെയ്തു. ഒട്ടും അപ്പോളജറ്റിക് അല്ലാത്ത ക്രൂരനായ വില്ലൻ, സ്റ്റീഫൻ വെടിവെച്ചു കൊല്ലുന്നതിനു മുൻപ് പോലും തോറ്റ മുഖമില്ലാതെ ചിരിച്ചുകൊണ്ട് നോക്കിയിരുന്ന കഥാപാത്രം വിവേക്-വിനീത് ടീമിന്റെ കൈയിൽ ഭദ്രം ആയിരുന്നു.

മഹേഷ് വർമ്മ –
സായികുമാറിനെ ഈ റോളിൽ കാസ്റ്റ് ചെയ്തത് പ്രിത്വിരാജിന്റെ ഐഡിയ ആണെന്ന് കരുതുന്നു. കാരണം അൻവർ, മൊയ്‌ദീൻ,താന്തോന്നി, തുടങ്ങിയ ചിത്രങ്ങളിലെ അച്ഛൻ വേഷങ്ങൾ ചെയ്തത് സായികുമാറാണ്. സേതുരാമയ്യറിൽ സുകുമാരന്റെ അതേ ഭാവങ്ങൾ വീണ്ടും ഗംഭീരമായി അഭിനയിക്കുകയും ചെയ്തു. അതുകൊണ്ടൊക്കെ ആയിരിക്കണം പൃഥ്വിരാജ് തന്റെ ആദ്യചിത്രത്തിന്റെ നിർമ്മാതാവായ സിദ്ദിഖിനെയും അല്ലെങ്കിൽ വിജയരാഘവനെയും ഒന്നും പരിഗണിക്കാതെ മഹേഷ് വർമ്മ ആവാൻ ഏറ്റവും യോജിച്ച ഇഷ്ടനടൻ സായികുമാറിനെ തന്നെ സമീപിച്ചത്.

മുരുകൻ –
ബൈജു മുരളി ഗോപിയുടെ സജഷൻ ആവാനുള്ള സാധ്യതയുണ്ട് അല്ലെങ്കിൽ മുരളി ഗോപി ചിത്രങ്ങളായ ഈ അടുത്ത കാലത്ത് , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടിട്ട് പ്രിത്വിരാജിന് തോന്നിയത് ആവണം. മോഹൻലാൽ കഴിഞ്ഞാൽ ഈ സിനിമയിലെ ഏറ്റവും നല്ല സംഭാഷണങ്ങളും ആറ്റിറ്റൂടും ഹീറോയിസവും ഒക്കെ ഉള്ളത് ബൈജുവിനാണ്, അത് പുള്ളി സ്വതസിദ്ധമായ ശൈലിയിൽ നന്നായി ചെയ്തിട്ടുമുണ്ട്.

അലോഷി –
ദൃശ്യത്തിലെ സഹദേവനോട് പ്രേക്ഷകർക്ക് ഒന്നടങ്കം തോന്നിയ ദേഷ്യം മുതലെടുക്കാൻ ആണ് ഒപ്പത്തിലും ലൂസിഫറിലും ഷാജോണെ കാസ്റ്റ് ചെയ്തത് എന്ന് തോന്നിയിട്ടുണ്ട് , മൂന്നും ആന്റണി പെരുമ്പാവൂർ പ്രൊഡക്ഷൻ ആയത് കൊണ്ട് അങ്ങേരുടെ ഇടപെടലും ഉണ്ടാവാം. ജോർജുകുട്ടി സഹദേവന്റെ തല്ല് കൊണ്ടതിന്റെ ദേഷ്യം ഒപ്പത്തിലും ലൂസിഫറിലും നായകന്റെ മുന്നിൽ പരാജയപ്പെടുന്ന ഷാജോണെ കാണുമ്പോ തീരും, അങ്ങനെ ആ കാസ്റ്റിങ് വർക്ഔട്ട് ആയിട്ടുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി ആരാണെന്നത് കാണുന്നതും വിവരിക്കുന്നതും തുടങ്ങി അവസാനം മുരുകന്റെ മുന്നിൽ എത്തുന്നത് വരെയുള്ള രംഗങ്ങളിൽ ഷാജോൺ പെർഫോമൻസിലും പെർഫെക്റ്റ് ആയിരുന്നു.
PS : തിലകനും കലാഭവൻ മണിയും ഇന്നും ഉണ്ടായിരുന്നെങ്കിൽ, ജഗതി സജീവം ആയിരുന്നെങ്കിൽ അവർക്കൊക്കെ പൃഥ്വിരാജ് ഏതെങ്കിലും റോൾ നൽകിയേനെ എന്ന് തോന്നിയിട്ടുണ്ട്. സായികുമാറിനെ പോലെ തന്നെ ഒപ്പം അഭിനയിച്ചവരിൽ കഴിവ് തിരിച്ചറിഞ്ഞു പൃഥ്വിരാജ് അഡ്മെയർ ചെയ്യാൻ സാധ്യതയുള്ള നടന്മാരാണ് അവരും.