സമ്മതത്തോട് കൂടിയുള്ള ലൈംഗികബന്ധം കുറ്റകരമല്ല, മറിച്ച് ഒരാളുടെ സ്വകാര്യതയാണ്

3045

Jenu Johny എഴുതുന്നു

സ്വവർഗാനുരാഗിയാണെന്ന കളിയാക്കലുകളിൽ മനംനൊന്ത് 19കാരൻ ആത്മഹത്യ ചെയ്തു. അവിൻഷു പട്ടേൽ എന്ന മുംബൈ സ്വദേശിയാണ് ചെന്നൈയിൽ ആത്മഹത്യ ചെയ്തത്. – ഇന്ന് വായിച്ച വാർത്തയാണ്.
ഇനി അലിഗഡ് എന്ന സിനിമയിലേക്ക് വരാം. ഒരു മനുഷ്യന്റെ ലൈംഗികത അയാളുടെ മാത്രം

Jenu Johny

സ്വാതന്ത്ര്യമാണ്. സ്ത്രീയോടോ പുരുഷനോടോ അല്ലെങ്കിൽ രണ്ടുപേരോടും ഒരാൾക്ക് ലൈംഗിക ആകർഷണം തോന്നാം , ആരോടും ലൈംഗിക താത്പര്യം ഉണ്ടാവാത്ത സാഹചര്യവും ഉണ്ട്. ഈ വസ്തുത ഉൾകൊള്ളാൻ പ്രയാസം ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഹിന്ദി ചിത്രമാണ് 2016ൽ റിലീസായ അലിഗഡ്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ മറാത്തി പ്രൊഫസർ ആയിരുന്ന രാമചന്ദ്ര സിറാസ് എന്ന വ്യക്തിയുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ സിനിമയാണ് അലിഗഡ്.
റിക്ഷ ഓടിക്കുന്നവനുമായി സ്വന്തം ഭവനത്തിൽ സെക്സിൽ ഏർപ്പെട്ടിരുന്ന പ്രൊഫസറിന്റെ സ്വകാര്യതയിലേക്ക് ലോക്കൽ ചാനൽ ക്യാമറയുമായി കേറിച്ചെന്ന് അവരെ ഹരാസ് ചെയുകയും ശേഷം പ്രൊഫസറെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും വീട് ഒഴിപ്പിക്കുകയും ചെയ്തു. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രൊഫസർ സിറാസിനു അനുകൂലമായിരുന്നു വിധി. പക്ഷെ ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് മുൻപ് തന്നെ പ്രൊഫസർ സ്വന്തം മുറിയിൽ മരണപ്പെട്ട് കിടക്കുക ആയിരുന്നു. അത് ആത്മഹത്യ ആയിരുന്നോ കൊലപാതകം ആയിരുന്നോ എന്നത് അജ്ഞാതമാണ് , എന്തായാലും പ്രൊഫസറിന്റെ മരണത്തിനു കാരണം സമൂഹമാണ്. സിറാസിനെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണം എന്ന കോടതിയുടെ സ്റ്റേറ്റ്മെന്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിയത് അദ്ദേഹം മരിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു.
2009ൽ ഡൽഹി ഹൈക്കോടതി കൺസന്റോഡ് കൂടിയുള്ള ലൈംഗികബന്ധം കുറ്റകരമല്ല മറിച്ച് ഒരാളുടെ സ്വകാര്യതയാണ് എന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫസർ നിരപരാധി ആവുകയും കേസ് ജയിക്കുകയും ചെയ്തത്. എന്നാൽ പ്രൊഫസറുടെ മരണശേഷം 2013ൽ സുപീം കോടതി വീണ്ടും സ്വവർഗരതിയെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു. മനുഷ്യത്വ രഹിതമായ ഈ നിയമത്തിനു എതിരെ lgbt സംഘടനകൾ അഞ്ച് വർഷത്തോളം പോരാടി ഒടുവിൽ ചരിത്രപ്രധാനമായ വിധി സെപ്റ്റംബർ ആറ് 2018ൽ സുപ്രീം കോടതി പ്രഖ്യാപിച്ചു , ” സ്വവർഗ ലൈംഗികബന്ധം കുറ്റകരമല്ല , വ്യക്തിപരമായ അവകാശവും ചോയിസും ആണ് ” എന്ന്. എന്നാൽ അന്ന് പ്രൊഫസർ സിറാസ് മരിച്ചപ്പോഴും ഇന്ന് അവിൻഷു പട്ടേൽ മരിക്കുമ്പോഴും ഹോമോസെക്ഷ്വലിറ്റി ലീഗലാണ് , എന്നിട്ടും സമൂഹം അവരെ കൊന്നു.
പോസ്റ്റിൽ ചേർത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ ശ്രദ്ധിക്കുക. ആദ്യ ചിത്രത്തിൽ പ്രൊഫസറെ കേസിൽ സഹായിക്കാൻ എത്തുന്ന ജേണലിസ്റ്റ് ആയ ദീപു തന്റെ മേലുദ്യോഗസ്ഥ ആയി മേക് ഔട്ട് ചെയ്യുകയാണ്. രണ്ടാമത്തെ ചിത്രത്തിൽ പ്രൊഫസർ സിറാസും റിക്ഷ ഓടിക്കുന്നവനും സമാനമായ അവസ്ഥയിൽ തന്നെ. ഇത് സിനിമയിലെ വളരെ പ്രധാനമായ ഒരു ട്രാൻസിഷനാണ് , ദീപുവിന്റെയും മേലുദ്യോഗസ്ഥയുടെയും ലൈംഗിക ബന്ധം കണ്ട് സ്‌ക്രീനിൽ നിന്ന് കണ്ണ് എടുക്കാതിരിക്കുന്ന പ്രേക്ഷകർ ഉടനെ കാണുന്നത് താഴത്തെ ചിത്രത്തിലെ സീനിന്റെ തുടർച്ചയാണ്. ഒരു അന്യപുരുഷനും സ്ത്രീയും ചുംബിക്കുന്നത് കാണാൻ ഇഷ്ടമാണേൽ അന്യ പുരുഷന്മാർ രണ്ടുപേർ തമ്മിൽ ചുംബിക്കുന്നത് കാണാൻ വിമുഖതയോ ഭയമോ തോന്നേണ്ട കാര്യമില്ല. ഹോമോസെക്ഷ്വലിറ്റി അല്ല ഹോമോഫോബിയ ആണ് അസുഖം. അത് മാറാൻ അലിഗഡ് പോലെ ശക്തമായ സിനിമകളും മറ്റ് കലാരൂപങ്ങളും സഹായിച്ചേക്കും. കാരണം സിനിമ എപ്പോഴും സിനിമ ആയി മാത്രം കാണാൻ ഉള്ളതല്ല , ഇത് പോലെ ജീവിതവും ആണ് , ജീവിതത്തെ സ്വാധീനിക്കുന്ന തിരിച്ചറിവ് നൽകുന്ന പവർഫുൾ ആർട്ടാണ്.

Advertisements