എല്ലാ സമുദായങ്ങളിലും തുടർന്ന് കൊണ്ടേയിരിക്കുന്ന നവോത്ഥാന പ്രക്രിയ

കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കമ്യുണിറ്റി എന്ന നിലയിൽ ആദ്യം സ്വയം വരുമാനം നേടിയത് ക്രിസ്ത്യൻ സ്ത്രീകളാണെന്ന് പറയാൻ സാധിക്കും. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴിയുടെ ‘കയറിൽ’ തകഴി ശിവശങ്കര പിള്ള നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ക്രിസ്ത്യാനികൾ രക്ഷപെട്ടത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതാണ്. ഇനി ‘കയറൊന്നും’ വായിക്കേണ്ട. മുപ്പതു നാൽപതു വർഷം മുമ്ബത്തെ കേരളത്തിൻറ്റെ അവസ്ഥ അറിയാവുന്ന ആർക്കും അറിയാം – കേരളത്തിലെ പല ക്രിസ്ത്യാനി കുടുംബങ്ങളും രക്ഷപെട്ടത് നേഴ്സുമാരുടെ പണം കൊണ്ടാണെന്നുള്ള കാര്യം. അതിനു വലിയ ഗവേഷണത്തിൻറ്റെ ഒന്നും ആവശ്യം ഇല്ല. ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ പോലും ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ദരിദ്രരായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി – എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സബന്നരാക്കിയത്.

പിന്നീട് നേഴ്സിങ്ങിൻറ്റെ സാധ്യത ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നല്കിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെൺകുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും, ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. മറ്റു സമുദായങ്ങൾ അവരുടെ യാതാസ്ഥികത്വം കാരണം അങ്ങനെ പെൺകുട്ടികളെ നേഴ്സുമാരാക്കാൻ വിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും, ജോലിയും ഒക്കെ നിഷേധിച്ചു. ഇപ്പോൾ ആ സമുദായങ്ങൾ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, ജോലിക്കും ഒക്കെ മുൻഗണന കൊടുക്കുന്നു; നേഴ്സുമാരാക്കാനും വിടുന്നു. ഇന്നിപ്പോൾ പുതിയ തലമുറയിൽ എല്ലാ കമ്യുണിറ്റികളിൽ നിന്നുമുള്ള പെൺകുട്ടികൾ നേഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് നേഴ്സ് ജോലിയിൽ ഉണ്ടായിരുന്ന മേൽക്കോയ്മ പതുക്കെ പതുക്കെ നഷ്ടപ്പെടുകയാണ്.

മന്നത്ത് പദ്മനാഭൻ തന്നെ പറഞ്ഞിട്ടുള്ളത് നായർ തറവാടുകൾ മിക്കവയും തകർന്നിട്ടുള്ളത് ‘മൂന്നു കെട്ടുകൾ’ കാരണമാണെന്നാണ്. ‘താലി കെട്ട്’, ‘നാല് കെട്ട്’, ‘കേസ് കെട്ട്’ ഇവയാണ് ആ മൂന്നു ‘കെട്ടുകൾ’. സ്മാർത്ത വിചാരം നടത്തി പല നമ്പൂതിരി തറവാടുകളും തകർന്നു. പി. കെശവദേവിൻറ്റെ പ്രശസ്തമായ ‘അയൽക്കാർ’ എന്ന നോവലിൽ കാണിച്ചു തരുന്നത് പോലെ തറവാടുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലിലും, വെട്ടിലും ഒക്കെ അവസാനിപ്പിച്ചിട്ട് പോലീസ് സ്റ്റെഷനിലും, കോടതിയിലും കൊണ്ട് പോയി പോലീസിനും, വക്കീലിനും കാശ് കൊടുത്ത് മുടിഞ്ഞു. സ്മാർത്ത വിചാരം നടത്തിയതിനും, കേസു കളിച്ചതിനും, ആർഭാടം കാണിച്ചതിനും ഉത്തരവാദി മറ്റുള്ളവരോ, മറ്റു സമുദായങ്ങളോ ആണെന്ന് പറയാൻ സാധിക്കുകയില്ല. ഇങ്ങനെ യാതാസ്ഥികത്ത്വവും, പുരുഷ മേൽകോയ്മയും, അക്രമവും കാണിച്ച മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ തലമുറ. ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ പുതിയ തലമുറ പുതിയ അവസരങ്ങൾ അവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി തേടി. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ പ്രക്രിയ ഇന്നത്തെ ‘ന്യൂ ജെനെറേഷൻ’ അനസ്യൂതം തുടരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലായ ‘ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു’ എന്ന നോവലിൽ പറയുന്നതുപോലെ പണ്ടത്തെ ആന മാഹാത്മ്യം പറഞ്ഞുകൊണ്ടിരുന്നാൽ ഒരിടത്തും ചെല്ലില്ല എന്നുള്ള കാര്യം ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ തലമുറയും, ഇന്നത്തെ ‘ന്യൂ ജെനെറേഷനും’ മനസിലാക്കി എന്നു തന്നെ വേണം കരുതാൻ.

നവോത്ഥാനം എന്നൊന്നുള്ളത് മുസ്‌ലീം കമ്യുണിറ്റിയിൽ നടക്കുന്നില്ലെന്നുള്ളത് ഒരു കെട്ടുകഥ മാത്രമാണ്. കഴിഞ്ഞ 20-30 വർഷങ്ങളിൽ സ്ത്രീ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ മുമ്പന്തിയിലെത്തിയ കൂട്ടരാണ് കേരളത്തിലെ മുസ്‌ലീം കമ്യുണിറ്റി. ഇതെഴുതുന്നയാൾ ചാവക്കാട് 20 വർഷങ്ങൾക്ക് മുമ്പ് സർവേ നടത്തിയപ്പോൾ അനേകം മുസ്‌ലീം സ്ത്രീകളെ പഞ്ചായത്ത് മെമ്പർമാരായും പ്രസിഡണ്ട്‌മാരേയും കണ്ടു. അന്ന് കണ്ടുമുട്ടിയ പഞ്ചായത്തു മെമ്പറായ ഒരു മുസ്‌ലീം ടീച്ചർ ഇതെഴുതുന്നയാളോട് പറഞ്ഞത് അവർക്ക് കല്യാണമാലോചിച്ചപ്പോൾ പലർക്കും ആലോചനയുമായി വരാൻ പേടിയായിരുന്നു എന്നാണ്. പഠിപ്പുള്ള പെണ്ണായതിനാൽ ‘പ്രൊപ്പോസലുകൾ’ തള്ളപ്പെടുമോ എന്ന് പല ആണുങ്ങളും ഭയപ്പെട്ടിരുന്നത്രേ. ഗൾഫ് പണം കേരളത്തിലേക്ക് ഒഴുകിയ ആദ്യകാലത്ത് മുസ്‌ലീം കമ്യുണിറ്റിയിലെ പലരും വലിയ വീടിനും, ആഡംബര കല്യാണങ്ങൾക്കും പണം മുടക്കിയെന്നുള്ളത് നേര് തന്നെയാണ്. പക്ഷെ ഇന്നിപ്പോൾ ആ പണം ഒക്കെ പോകുന്നത് വിദ്യാഭ്യാസത്തിനും ബിസ്നസ്നും ഒക്കെയാണ്. സിവിൽ സർവീസ് കോച്ചിങ്ങിന് ഡൽഹിയിൽ തന്നെ കേരളത്തിൽ നിന്ന് എത്രയോ മുസ്‌ലീം പെൺകുട്ടികൾ വരുന്നൂ. 1900-കളിൽ കോഴിക്കോട് നടന്ന സുന്നി മഹാസമ്മേളനത്തിൽ പെൺകുട്ടികൾ പഠിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയ കഥ കാരിശ്ശേരി മാഷ് എഴുതുന്നൂ. പക്ഷെ കാരിശ്ശേരി മാഷ് കണ്ട 1990 – കളുടെ തുടക്കത്തിൽ നിന്ന് 2019 ആകുമ്പോൾ സ്ത്രീ വിദ്യാഭ്യാസത്തിൻറ്റെ കാര്യത്തിൽ മുസ്‌ലീം കമ്യുണിറ്റി ഏറെ പുരോഗമിച്ചു എന്ന്‌ ഇതെഴുതുന്നയാൾക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.

കോളേജിലും, യൂണിവേഴ്സിറ്റിയിലും ഇതെഴുതുന്നയാളുടെ കൂടെ ഇഷ്ടം പോലെ മുസ്ലിം പെൺകുട്ടികൾ പഠിച്ചിട്ടുണ്ട്. അവരാരും തലമുടി പോലും മറച്ചു കണ്ടിട്ടില്ല. മറ്റു മോഡേൺ പെൺകുട്ടികളെ പോലെ തന്നെ ജീൻസും, ടോപ്പും, ചുരിദാറും ഒക്കെയായിരുന്നു അവരുടേയും വേഷം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട്ടും ഇതെഴുതുന്നയാൾ 20 വർഷം മുമ്പ് വിപുലമായ സർവേ നടത്തിയിട്ടുണ്ട്. അവിടേയും ഒരു സ്ത്രീ പോലും കണ്ണുകൾ മാത്രം പുറത്തു കാണത്തക്ക രീതിയിൽ കറുത്ത വസ്ത്രം ധരിച്ചു കണ്ടതേയില്ല. അന്ന് അവിടാരും തലമുടി പോലും മറച്ചിട്ടില്ലായിരുന്നു. ഒരു പ്രായമായ ഉമ്മയെ മാത്രമാണ് തട്ടമിട്ടു കണ്ടത്. പിന്നെ രണ്ടു മൂന്നു സ്ത്രീകൾ ഞങ്ങളോട് സംസാരിച്ചപ്പോൾ ക്രിസ്ത്യൻ സ്ത്രീകളൊക്കെ പള്ളിയിൽ പോകുമ്പോൾ ചെയ്യാറുള്ളത് പോലെ സാരി കൊണ്ട് വെറുതെ തല ഭാഗികമായി മറച്ചിരുന്നു. ഇതൊക്കെ ഇതെഴുതുന്നയാൾ നേരിൽ കണ്ട കാര്യമാണ്.

സൗദി അറേബ്യാ പോലുള്ള അറബ് രാജ്യങ്ങളിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത് പോലുള്ള സ്വോഭാവിക മാറ്റത്തിന് അപ്പുറം കാര്യമായ പുരോഗതി മുസ്ലിം സമുദായത്തിലെ പെൺകുട്ടികളുടെ ഇടയിൽ ഉണ്ടായിട്ടില്ല എന്നൊക്കെ ചിലർ പറയുന്നത് ഒട്ടുമേ ശരിയല്ല. കുറച്ചു നാൾ മുമ്പ് സൗദിയിലെ വനിതാ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്‌സുമായുള്ള ഒരു ഇൻറ്റർവ്യൂ ഇതെഴുതുന്നയാൾ ടി. വി. -യിൽ കണ്ടതാണ്. ആ ഡോക്കുമെൻറ്ററിയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ആ സൗദി സ്ത്രീകൾ സംസാരിക്കുന്നത് കണ്ടത്. ക്യാമറയും തൂക്കിയിട്ട് ബൈക്ക് ഓടിച്ചു ആ സ്ത്രീകളൊക്കെ വരുന്നത് ഡോക്കുമെൻറ്ററിയിൽ നന്നായി കാണിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലും ഉള്ളതുപോലുള്ള പ്രഫഷണൽ സ്ത്രീകളെയാണ് ഇതെഴുതുന്നയാൾക്ക് അപ്പോൾ കാണാൻ സാധിച്ചത്. അത്തരം പ്രഫഷണൽ മുസ്‌ലീം സ്ത്രീകളെ ഇന്നിപ്പോൾ കേരളത്തിലെ നേഴ്‌സിങ് രംഗത്തും കാണാം. തട്ടമിട്ട കേരളത്തിലെ അനേകം വനിതാ നേഴ്‌സുമാർ നൽകുന്ന സൂചനയും അതാണ്.

മുസ്‌ലീം കമ്യുണിറ്റിക്ക് എതിരേയുള്ള അവാസ്തവ പ്രചാരണങ്ങൾ മാത്രമാണ് അവർക്കെതിരേയുള്ള ആരോപണങ്ങളിൽ പലതും. ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിൽ മീരാ ജാസ്മിൻറ്റെ കഥാപാത്രം കാണിച്ചു തരുന്നത് പോലെ ചെറുപ്രായത്തിലേ ഒക്കത്ത് കൊച്ചുങ്ങളുമായി നടക്കുന്നവരല്ല ഇന്നത്തെ മുസ്‌ലിം പെൺകുട്ടികൾ. കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. അത് കൊണ്ടാവണം വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് യാഥാസ്ഥിതികർ പറഞ്ഞപ്പോൾ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്നത്.

ഒരു സമുദായവും ഭരണകൂടത്തിൻറ്റെയോ, ഭൂരിപക്ഷ സമുദായത്തിൻറ്റെയോ ‘ഹൈ ഹാൻഡഡ്നെസ്’ ഇഷ്ടപ്പെടുന്നവർ അല്ലാ. കാശ്മീർ താഴ്വരയിലെ ഒരു വലിയ വിഭാഗം പ്രാദേശിക വാസികൾ ‘ഹൈ ഹാൻഡഡ്നെസ്സിനെ’ ചെറുക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയാതെ പോയതാണ് കാശ്മീരിൽ ഇന്ന് പ്രശ്പരിഹാരം അസാധ്യമാക്കാനുള്ള മുഖ്യ കാരണം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 – ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. അത്രയും വലിയൊരു ജന സമൂഹത്തെ അടിച്ചൊതുക്കാമെന്ന് കരുതുന്നത് തന്നെ അങ്ങേയറ്റത്തെ വിഡ്ഢിത്ത്വം മാത്രമാണ്.

ഒരു സമുദായത്തിലെ വിരലിലെണ്ണാവുന്നവർ ചെയ്യുന്ന ഭീകര പ്രവർത്തനങ്ങളുടെ പേരിൽ ആ സമുദായത്തെ ഒന്നായി പഴിക്കുന്നത് ഒട്ടുമേ ശരിയല്ല. സംഘ പരിവാറുകാർ സ്ഥിരം ചെയ്യുന്ന പണിയാണിത്. സംഘ പരിവാറുകാർ ക്രിസ്ത്യാനികളെ മൊത്തം കുരിശു കൃഷിക്കാരാക്കുന്നു; ജോഷ്വാ പ്രൊജക്റ്റിൻറ്റെ ആളുകൾ ആക്കുന്നു. ഈ ജോഷ്വാ പ്രൊജക്റ്റിനെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവരാണ് മഹാ ഭൂരിപക്ഷം ക്രിസ്ത്യാനികളും എന്ന ലളിതമായ സത്യം അവർ മനസിലാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ കൂടി ന്യൂനപക്ഷങ്ങൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ വമ്പിച്ച പ്രചാരണങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സംഘ പരിവാറുകാർ നടത്തി വരുന്നത്. പണ്ട് അവരുടെ ഒക്കെ പ്രസിദ്ധീകരണങ്ങളിലും സംഘടനകൾക്കുള്ളിലും മാത്രം നടന്നിരുന്ന പ്രചാരണങ്ങൾ ഇന്ത്യയുടെ പൊതു വേദികളിലേക്കും ആണ് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരേയും അത്തരം അപവാദ പ്രചാരണങ്ങൾ നടന്നിരുന്നു.

അൽഫോൻസ് കണ്ണന്താനം മന്ത്രിയായിരുന്നപ്പോൾ മതം മാറ്റ ലോബികൾക്ക് വേണ്ടി പ്രവർത്തിച്ചു എന്നാണ് സംഘ പരിവാറുകാർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. മതം മാറ്റ ലോബിയുടെ ആളായിട്ടാണ് ചില സംഘ പരിവാർ അനുകൂലമായിട്ടുള്ള പ്രസിദ്ധീകരണങ്ങളിൽ അൽഫോൻസ് കണ്ണന്താനത്തെ ഇപ്പോൾ ചിത്രീകരിക്കുന്നത്. സംഘ പരിവാർ സംഘടനകളിൽ പെട്ട ആളുകൾ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കുറിച്ച് ഇതെഴുതുന്ന ആൾക്ക് ഒരു മതിപ്പുമില്ല. പക്ഷെ ഇപ്പോൾ കേൾക്കുന്ന മത പരിവർത്തനത്തിന് ഒത്താശ ചെയ്തു എന്ന ആരോപണം തീർത്തും വ്യാജമാണ്; വെറുതെ വിവാദം ഉണ്ടാക്കാൻ മാത്രമായി കെട്ടിചമച്ചതും ആണ് ആ വാർത്താ. സർക്കാർ തലത്തിൽ ഉണ്ടാകുന്ന സാധാരണ നടപടി ക്രമം മാത്രമാണ് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ചെയ്തത്. ഒരു മന്ത്രി എന്ന നിലയിൽ ഏതൊക്കെയോ കൃസ്ത്യൻ സംഘടനകൾ അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു കൊടുത്ത കത്തുകൾ കണ്ണന്താനം സർക്കാരിലെ ഉത്തരവാദിത്ത്വപെട്ടവർക്ക് അയച്ചു കൊടുത്തു. അത് ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വാഭാവികമായ നടപടി ക്രമം അല്ലെങ്കിൽ പ്രൊസീജ്യർ മാത്രമാണ്. കണ്ണന്താനം പോലും മതപരിവർത്തനം എന്ന് ഇപ്പോൾ കേൾക്കുന്ന ഒരു ആരോപണത്ത കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുക കൂടി ഇല്ലാ.

പ്രതീഷ് വിശ്വനാഥ് എന്ന ‘ഹിന്ദു രാഷ്ട്ര’ -യുടെ സേവകൻ ‘വഞ്ചിക്കപ്പെടുന്ന ഹിന്ദു സമൂഹം’ എന്ന തലക്കെട്ടോടെ ഈയിടെ ഫെയിസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ‘BHARATH TIMES’ എന്ന ഓൺലെയിൻ പത്രത്തിലെ വാർത്തയുടെ ലിങ്ക് കൂടി കൊടുത്തിരുന്നു. അൽഫോൺസ് കണ്ണന്താനത്തിൻറ്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നില്‍ മതപരിർത്തന ശ്രമങ്ങള്‍ക്ക് പിന്തുണ നൽകിയതാണ് എന്ന് സമർത്ഥിക്കാൻ ഈ ‘BHARATH TIMES’ എന്ന ഓൺലെയിൻ പത്രത്തിൽ കണ്ണന്താനം ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ്റ് സെക്രട്ടറിക്കും, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും എഴുതിയ നാല് കത്തുകളുടെ കോപ്പി കൂടി പ്രസിസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇവർക്കെങ്ങെനെയാണ് ഒരു കേന്ദ്ര മന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് എഴുതുന്ന കത്തുകളുടെ കോപ്പി കിട്ടുന്നത്??? എത്ര ശക്തമായാണ് ഇവരൊക്കെ ഓരോ ക്യാമ്പയിനും സംഘടിപ്പിക്കുന്നത് എന്നത്തിൻറ്റെ തെളിവാണ് കേന്ദ്ര മന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് എഴുതുന്ന കത്തുകളുടെ കോപ്പി ഇവർ പബ്ലീഷ് ചെയ്തതിൽ നിന്ന് കാണിക്കുന്നത്. സത്യത്തിൽ ഈ ആരോപണത്തിൽ വലിയ കഴമ്പൊന്നുമില്ല. ഒരു മന്ത്രിക്ക് നിവേദനം കിട്ടുമ്പോൾ അതനുസരിച്ചു ചില മന്ത്രിമാർ കത്തെഴുതാറുണ്ട്. പക്ഷെ കേരളത്തിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തരേന്ത്യയിലും മതംമാറ്റം നടത്തുന്ന ക്രിസ്ത്യൻ സഭകൾക്ക് വേണ്ടി കണ്ണന്താനം ഇടപെട്ടു എന്നുള്ള ഇവരുടെ ആരോപണം വരും കാലങ്ങളിൽ ശക്തി പ്രാപിക്കാൻ നല്ല സാധ്യതയുണ്ട്. മന്ത്രിയുടെ കത്തുകൾ പ്രസിദ്ധീകരിച്ചതിലൂടെ നൽകുന്ന സൂചനയും അതാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ് സംഘ പരിവാറുകാർ സ്ഥിരം മത ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിപ്പിക്കുന്നത്.

ഒരു സമുദായത്തെ പരിവർത്തനത്തിൻറ്റെ പാതയിലേക്ക് നയിക്കേണ്ടത് ആ സമുദായത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചായിരിക്കണം. ഇവിടെയാണ് ഗാന്ധിയൻ രീതികളുടെ പ്രസക്തി. 1947 -ലെ വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി മുസ്ലീങ്ങളുടെ സുരക്ഷക്ക് വേണ്ടി നിലകൊണ്ടത് താൻ ഒരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഗാന്ധി അവസാനം ഹിന്ദു – മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ചുരുക്കം പറഞ്ഞാൽ ഗാന്ധിജിയുടെ സഹന സമരങ്ങളോട് അന്നത്തെ മുസ്ലീങ്ങളും വളരെ ‘പോസിറ്റീവ്’ ആയി പ്രതികരിച്ചിട്ടുണ്ട്.

ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന ഗാന്ധിയൻ തത്ത്വസംഹിത എപ്പോഴും ഓർമിക്കേണ്ടതുണ്ട്. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ വിശ്വാസം പോയാൽ എല്ലാം തീർന്നു. സാധാരണ ജനങ്ങളാണ് എവിടെയും ഒരു രാജ്യത്തിൻറ്റെ മത സൗഹാർദ്ദത്തിൻറ്റെ സെക്യൂരിറ്റിയും, അടിത്തറയും. ആ സാധാരണ ജനങ്ങളുടെ ഇടയിലുള്ള മത സൗഹാർദവും, സാഹോദര്യവും എപ്പൊഴും നിലനിർത്തുകയാണ് വേണ്ടത്. ഇന്നും വർഗീയതയ്ക്കെതിരെ ക്രിയാത്മകമായ നിലപാടെടുക്കാൻ ഗാന്ധിയെ പോലെ ഇടതു പക്ഷത്തിനോ, അംബേദ്കറിസ്റ്റുകൾക്കോ സാധിക്കുന്നില്ല. ഗാന്ധിയെ കൂടുതൽ കൂടുതൽ അറിയേണ്ടതും, ഗാന്ധിയെ പറ്റി കൂടുതൽ പഠിപ്പിക്കേണ്ടതും വർഗീയത കണ്ടമാനം നടമാടുന്ന ഈ കാലഘട്ടത്തിൻറ്റെ ആവശ്യകതയാണ്. സത്യത്തിനും, ധാർമികതക്കും വേണ്ടി നിലകൊണ്ട ഗാന്ധിയെ പോലെ ഒരു നേതാവില്ല എന്നതാണ് വർത്തമാനകാല ഇന്ത്യയുടെ ഏറ്റവും വലിയ ദുര്യോഗം.

Advertisements
Previous articleആട്ടിൻ തോലിട്ട പിള്ളേച്ചൻമാർ ഇനിയും നിങ്ങളെ സമീപിക്കും
Next articleനമ്പൂതിരി മാട്രിമോണി, നായർ മാട്രിമോണി, ഈഴവ മാട്രിമോണി
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.