20000 പേരുടെ തൊഴിൽ കൂടി നഷ്ടമാക്കുന്ന കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം

735

Jayarajan Jayarajan C N എഴുതുന്നു

20000 പേരുടെ തൊഴിൽ കൂടി നഷ്ടമാക്കുന്ന കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം 

ജെറ്റ് എയർവേസ് പൈലറ്റുമാർ നരേന്ദ്ര മോദി യോട് SBI വഴി 1500 കോടി രൂപ അടിയന്തിരമായി തരപ്പെടുത്തിക്കൊടുക്കണമെന്നും 20000 തൊഴിലെടുക്കുന്നവരെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല…

2013 ൽ കിങ്ങ് ഫിഷർ വിമാനക്കമ്പനി തകരുകയുണ്ടായി. ഒരു കാലത്ത് രാജ്യത്തെ മുൻപന്തിയിലുള്ള വലിയ വ്യോമ കമ്പനി ആയിരുന്നു കിംഗ്ഫിഷർ ..

Jayarajan Jayarajan C N
Jayarajan Jayarajan C N

കിംഗ്ഫിഷർ തകർന്നപ്പോൾ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടെങ്കിലും 9000 കോടി രൂപയോളം ഇന്ത്യൻ ബാങ്കുകളിൽ കടബാദ്ധ്യത നിന്നിരുന്നുവെങ്കിലും 2016ൽ രോദിയുടെ ഭരണകൂടത്തിൻ കീഴിൽ എല്ലാവരുടെയും കൺമുന്നിലൂടെ വിജയ് മല്യ ഇംഗ്ലണ്ടിലേയ്ക്ക് കടന്നു…

ഇപ്പോഴിതാ ഇപ്പോഴത്തെ രണ്ടാമത്തെ ഏറ്റവും വലിയ വ്യോമക്കമ്പനി 1100 കോടി ഡോളർ കടവുമായി 20000 ൽ പരം തൊഴിലുകൾ നഷ്ടപ്പെടുത്തി തകർന്നു വീഴുന്നു…

മോദിയുടെ കാലത്ത് ഇന്ധന വിലയിലുണ്ടായ വൻ കുതിച്ചു കയറ്റം , യാതൊരു നിയന്ത്രണവുമില്ലാത്ത സാമ്പത്തിക – കട ഇടപാടുകൾ , കമ്പനികൾ തമ്മിൽ ഉള്ള കഴുത്തറപ്പൻ മൽസരങ്ങൾ , എല്ലാം കഴിഞ്ഞ് മുതലാളിമാർക്ക് സ്വന്തം തടിയൂരി അന്യരാജ്യത്തേക്ക് രക്ഷപ്പെടാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ അടക്കം കോർപ്പറേറ്റ് ഫിനാൻസ് മൂലധന വ്യവസ്ഥയുടെ സകല ജനദ്രോഹ – ധനിക പ്രീണന പരിപാടികളുടെ ഒരു ദുരന്ത ഫലം കൂടി പുറത്തു വന്നിരിക്കയാണ്…

നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് (NSSO) യുടെ തൊഴിൽ ശക്തിയെ കുറിച്ചുള്ള 2017-18 ലെ സർവ്വേ സർക്കാർ മുക്കിയത് തങ്ങളുടെ കോർപ്പറേറ്റ് ആർത്തികൾക്ക് വേണ്ടിയുള്ള നയങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്ക് പുറത്തറിയാതിരിക്കാനായിരുന്നു ..

അതു ചോർത്തിയെടുത്ത് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു… അതു പ്രകാരം 2011-12ൽ 30.4 കോടി ആളുകൾക്ക് തൊഴിൽ ഉണ്ടായിരുന്നെങ്കിൽ 2017- 18 ൽ അത് 28.6 കോടി ആയി കുറഞ്ഞു.. അതായത് ഈ കാലഘട്ടത്തിൽ ഏതാണ്ട് രണ്ടു കോടിയോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് സർക്കാരിന്റെ സ്ഥാപനമായ NSSO കണക്കുകൾ പറയുന്നു …

1972.73 കാലഘട്ടത്തിന് ശേഷം ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ( 6.1 %) എന്നു കൂടി NSSO റിപ്പോർട്ട് ചെയ്തിരുന്നു..

അതേ സമയം തന്നെ Centre for Monitoring Indian Economy (CMIE) യുടെ ഒരു റിപ്പോർട്ടിൽ 2017 ഡിസംബറിനും 2018 ഡിസംബറിനും ഇടയിൽ 11 ദശലക്ഷം തൊഴിലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു…

കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് വേളയിൽ മോദി പ്രസംഗിച്ചത് ഒരു കോടി തൊഴിൽ പ്രതിവർഷം ഉണ്ടാക്കും എന്നായിരുന്നു ..

മോദിയുടെ കോർപ്പറേറ്റ് നയങ്ങൾ അതിന്റെ സ്വാഭാവിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു … ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ട് പെരുവഴിയിലാകുമ്പോൾ സർക്കാർ സ്വന്തം സ്ഥാപനങ്ങൾ കണ്ടെത്തിയ വിവരങ്ങൾ മറച്ചു വെയ്ക്കാനും കള്ളക്കണക്കുകൾ ഉണ്ടാക്കാനും വൃഥാ പണിപ്പെടുന്നു.. കോർപ്പറേറ്റു മുതലാളിമാരെ രാജ്യത്ത് നിന്നു രക്ഷപ്പെടാൻ അനുവദിക്കുന്നു…. ജനകീയ രോഷം വഴി തിരിച്ചു വിടാൻ വർഗ്ഗീയതയുടെ ചോരയും വിഷവും തെരുവിൽ ഒഴുക്കുന്നു…

ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം ശരിയായ രീതിയിൽ നിറവേറ്റേണ്ടതുണ്ട്.