“പറ്റില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോടാ…”എന്ന് പറയുന്നതിലെ നർമ്മം മനസിലാകുന്നില്ല

504

ചില തൊഴിലുകൾ ഇടിച്ചുതാഴ്ത്തുന്നത് നമ്മുടെ നാട്ടുകാരുടെ പണ്ടേയുള്ള ശീലങ്ങളിൽ ഒന്നുമാത്രം. എം.എൻ.കാരശ്ശേരി മാഷ് ഭാഷാപോഷിണിയിൽ എഴുതിയതാണ് ശരി, ‘മേലനങ്ങി പണിയെടുക്കുന്നവയെല്ലാം ഇവിടെ നികൃഷ്ടജാതി’ . തൊഴിൽപരമായ വിവേചനം സമൂഹത്തിന്റെ സർവ്വമേഖലകളിലും വ്യാപിച്ചിരിക്കുന്നു. വർക്കപ്പണിക്കാർ, ബാർബർമാർ…തുടങ്ങിയ ജോലിചെയ്യുന്നവർ അനുദിന സംഭാഷണങ്ങളിൽ പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം വൃത്തികെട്ട ബോധം പകർന്നുനല്കുന്നതിൽ സിനിമ വഹിക്കുന്ന പങ്കും ചെറുതല്ല. “പറ്റില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോടാ…”എന്ന് പറയുന്നതിലെ നർമ്മം മനസിലാകുന്നില്ല. അങ്ങനെ എല്ലാർക്കും ചെയ്യാൻ പറ്റിയ പണിയല്ല വാർക്കപ്പണിയെന്ന് അത് ചെയ്യുമ്പോൾ മനസിലാകും. ജിബിൻ ഫ്രാൻസിസ് എന്ന ചെറുപ്പക്കാരന്റെ ഈ കുറിപ്പ് വായിക്കൂ.

Jibin Francis എഴുതുന്നു

“പറ്റില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോടാ… ”
കുറെയധികം നാളുകളായി സിനിമകളിലും സോഷ്യൽ മീഡിയകളിലും തമാശക്കായി അല്ലെങ്കിൽ ഒരു വ്യക്തിയെ കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കുകൾ ആണിവ.
ഒരു പണിക്കും കൊള്ളാത്തവരെ നിങ്ങൾക്ക് പറ്റിയത് വാർക്കപണിയാണ് എന്ന് പുച്ഛത്തോടെ വിളിച്ചു പറയുന്നതിലെ നർമ്മം എന്താണെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല…

എന്റെ അപ്പച്ചൻ ഒരു വാർക്കപ്പണിക്കാരൻ ആയിരുന്നു. എന്നും വൈകുന്നേരം പണി കഴിഞ്ഞു വന്നു നാളെ തട്ട് അടിക്കാനും മറ്റും ആവശ്യമായ പലകയുടെയും സിമന്റിന്റെയും മറ്റും കണക്കുകൾ കൂട്ടിയും കിഴിച്ചുമൊക്കെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിമന്റ് തേക്കുന്നതിനു എന്തിനാണ് ഇത്ര വലിയ കണക്ക് കൂട്ടൽ എന്ന് പറഞ്ഞു ഞാൻ ചെറുപ്പത്തിൽ അപ്പച്ചനെ ഒരുപാടു കളിയാക്കിയിട്ടുമുണ്ട്. പിന്നീടൊരിക്കൽ കോളേജിൽ പഠിക്കുന്ന സമയത്താണ് എന്നെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ വീട് അപ്പച്ചൻ പണിതതാണെന്ന് ഞാൻ അറിയുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ പ്ലാനിൽ എൻജിനീയർ കാണാത്ത എന്തൊക്കെയോ കുഴപ്പങ്ങൾ കണ്ടെത്തിയതും അത് തിരുത്തിയതും കൂലിപ്പണിക്ക് വന്ന പണിക്കരാണ്. ആദ്യം എതിർത്തെങ്കിലും ഒടുവിൽ എൻജിനീയറിനു തന്റെ തെറ്റ് സമ്മതിക്കേണ്ടി വന്നു. അഭിമാനത്തോടെയാണ് സാറിൽ നിന്നും ഞാൻ ആ കഥ കേട്ടിരുന്നത്.

പൊള്ളുന്ന വെയിലിൽ നട്ടുച്ചക്ക് പോലും വീടിന്റെ തട്ടിൽ കയറി നിന്ന് അധ്വാനിക്കുന്ന, കോരി ചൊരിയുന്ന മഴയത് ബഹുനിലക്കെട്ടിടങ്ങൾക്ക് മുകളിൽ ഒരു സേഫ്റ്റിയുമില്ലാതെ പണിയെടുക്കുന്ന വർക്കപണിക്കാരും വർക്കപ്പണിയും തമാശയാക്കി ചിരിക്കുമ്പോൾ നിങ്ങൾ ഓർക്കുക നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന ആ കെട്ടിടം തേച്ചു മിനുക്കിയതു ഒരുപാടു കെട്ടിട നിർമ്മാണ തൊഴിലാളികളുടെ വിയർപ്പും കൂടി കൊണ്ടാണെന്ന്.

ഒരു പണിക്കും കൊള്ളാത്തവർക്ക് ചെയ്യാൻ പറ്റിയ പണിയല്ല വാർക്കപ്പണി, കാരണം ഒരു പണിക്കും കൊള്ളാത്തവർക്ക് ചെയ്യാൻ പറ്റിയ ഒരു പണിയും ഈ ലോകത്ത് ഇല്ല സുഹൃത്തേ….