അർണാബിനു ജാമ്യംകൊടുക്കാത്തതിൽ അസഹിഷ്ണുത പ്രകടിപ്പിച്ച സുപ്രീംകോടതി മറ്റുചിലരുടെ കാര്യത്തിൽ ചെയ്തത് എന്താണ് ?

132

Jijeesh Pb

ഇന്ന് അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞതിങ്ങനെയാണ്:  “ഓരോരോ കേസുകളിലായി ഹൈക്കോടതികൾ വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണ്”.കുറ്റം ഹൈക്കോടതികളുടേതാണ് ! അപ്പോൾ സുപ്രീംകോടതിയോ? അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയിലെ പാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടു ജീവിച്ച സുധ ഭരദ്വാജിന്റെ ജാമ്യാപേക്ഷ വന്നപ്പോൾ സുപ്രീംകോടതി എന്താണ് ചെയ്തത്? റിട്ടുമായി വരാതെ സാധാരണ ജാമ്യഅപേക്ഷ സമർപ്പിച്ചുകൂടെ എന്നല്ലേ ചോദിച്ചത്? പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദുചെയ്യുകയല്ലേ ഉണ്ടായത്? ഭീമകൊറേഗാവ് കേസിൽ ഗൗതം നവ്‌ലാഖയ്ക്കും ആനന്ദ് ടെൽടുംബ്ടെയ്ക്കും ജാമ്യം നിഷേധിച്ചത് സുപ്രീംകോടതിയല്ലേ? തെലുങ്ക് കവി, വരവര റാവുവിന്റെ ജാമ്യഅപേക്ഷ നിരസിച്ചതും സുപ്രീംകോടതി തന്നെയല്ലേ? കശ്മീരിൽ നിന്നുള്ള ഹേബിയസ് കോർപ്പസ് ഹർജികൾ ഓരോന്നായി എടുത്തു പറഞ്ഞാൽ എഴുതി തീരില്ല ഇപ്പോഴൊന്നും. അവിടെയൊക്കെ സുപ്രീംകോടതി ഈ വേഗവും പൗരസ്വാതന്ത്ര്യപ്രേമവും കാണിക്കുന്നത് കണ്ടില്ലല്ലോ.ഇത് കോടതിയുടെ നിരീക്ഷണത്തോടുള്ള വിയോജനകുറിപ്പല്ല. എല്ലാ പൗരരുടെയും സ്വാതന്ത്യത്തിന് വേണ്ടി നീതിന്യായ സംവിധാനം നിലകൊള്ളട്ടെ എന്ന പ്രത്യാശകൊണ്ട് എഴുതിയതാണ്.