മാലയോഗം ഇന്നും നമ്മൾ കണ്ടിരിക്കേണ്ട ഒരു സിനിമയാണ്

0
225

Jijeesh Renjan

കാലിക പ്രസക്തിയുള്ള സിനിമയാണു 1990 ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത്‌ പുറത്തിറങ്ങിയ മാലയോഗം എന്ന സിനിമ.സിനിമ ഇറങ്ങി മുപ്പത്‌ വർഷം കഴിഞ്ഞിട്ടും ഇതിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇന്നും അരങ്ങേറുന്നുണ്ട്‌.തൊഴിലില്ലായ്മയും പ്രാരാബ്ദവും കാരണം താൻ സ്നേഹിച്ചിരുന്ന പാർവ്വതി അവതരിപ്പിച്ച രമയെ സ്വീകരിക്കാൻ കഴിയാതെ പോയ ജയറാമിന്റെ കഥാപാത്രത്തിന്റെ വേദന നമുക്ക്‌ കാണാനാവും.

രമയെ വലിയ സ്ത്രീധനം കൊടുത്ത്‌ ഒരു ഡോക്ടർക്ക്‌ വിവാഹം ചെയ്തു കൊടുക്കുന്ന ഇന്നസെന്റ്‌ പിന്നീട്‌ അറിയുന്നത്‌ ഭർത്തൃ ഗൃഹത്തിലെ തന്റെ മകളുടെ മരണ വാർത്തയായിരുന്നു.ആത്മഹത്യാണൊ കൊലപാതകമാണൊ എന്നറിയാത്ത മരണം.സ്ത്രീധനത്തിന്റെ പേരിൽ തന്റെ മകളെ പീഡിപ്പിച്ച്‌ കൊണ്ടിരുന്ന മരുമകനിൽ നിന്നും അവളെ രക്ഷിക്കാൻ അയാൾക്ക്‌ ആയില്ല.

ഇടക്ക്‌ വച്ച്‌ അവളെ കണ്ട്‌ മുട്ടിയപ്പോൾ സുഖമാണൊ എന്ന് ചോദിച്ചപ്പൊൾ വിതുമ്പിയ രമയെ തന്റെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ പോലും കഴിവില്ലാത്ത നിസഹായനായിരുന്നു രമേശൻ.അവളുടെ മരണ ശേഷം ഇന്നസെന്റ്‌ വഴിയിൽ വച്ച്‌ കണ്ട്‌ മുട്ടുമ്പൊ രമേശന്റെ മുന്നിൽ തകർന്ന് പോയി.അയാൾ പറയുന്നു” നിങ്ങൾ തമ്മിലുള്ള ബന്ധം ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു എങ്കിലും നിനക്ക്‌ അവളെ രക്ഷിക്കാമായിരുന്നില്ലെ”.

രമേശനു കുറ്റബോധത്തോടെ നിശബ്ദനായി കേട്ടു നിൽക്കാനെ ആവുമായിരുന്നുള്ളൂ. പിന്നീട്‌ ആത്മ മിത്രമായ മുകേഷ്‌ അവതരിപ്പിച്ച ജോസിന്റെ പെങ്ങളുടെ വിവാഹം സ്ത്രീധനത്തിന്റെ പേരിൽ മുടങ്ങുമ്പൊൾ ജാതിയും മതവും പ്രാരാബ്ദവും എല്ലാം അവഗണിച്ച്‌ രമേശൻ അവളെ സ്വീകരിക്കുന്നു.നല്ല സന്ദേശത്തൊടെ അവസാനിക്കുന്ന മാലയോഗം ഇന്നും നമ്മൾ കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.