Jijeesh Renjan
പലപ്പോഴും ജീവിതത്തിൽ ഒരു തലമുറ കൊണ്ട വെയിലാകും മറ്റൊരു തലമുറയ്ക്ക് തണലാകുന്നത്. ആ തണലിൽ നിന്ന് നോക്കിക്കാണുന്ന പുതു തലമുറയ്ക്ക് പലതും കുറ്റമായും കുറവായും തോന്നാം.ജീവിതം കെട്ടിപടുക്കാൻ പട്ടിണിയോടും പ്രകൃതിയോടും മത്സരിച്ച് അവസാനം നല്ല പ്രായം കടന്ന് പോകുമ്പോഴായിരിക്കും ഒരു തലമുറക്ക് എന്തെങ്കിലും സൗഭാഗ്യങ്ങളും സമ്പത്തും ഉണ്ടാകുക.അതൊന്നും മനസിലാകാതെ അവരോട് മക്കൾ പെരുമാറുമ്പൊൾ അവർക്ക് വേദനയും ഉണ്ടാകും.മക്കൾക്ക് അച്ഛൻ ദേഷ്യക്കാരനാണ്,അമ്മ പിശുക്കിയാണു എന്നൊക്കെ നൂറു പരാതികൾ ഉണ്ടാകും.വീണ്ടും ചില വീട്ടുകാര്യങ്ങളിൽ തിലകന്റെ ഒരു ഡയലോഗ് കേൾക്കുമ്പൊ ഇതിനെ പറ്റി ചിന്തിക്കാറുണ്ട്.
ഹോ എന്തൊരു എരപ്പത്തരമാണപ്പാ നമ്മുടെ അമ്മച്ചിക്ക്. 15000 രൂപ കളഞ്ഞതെങ്ങാനും അമ്മച്ചി അറിഞ്ഞാൽ കുറെ ദിവസത്തേക്ക് ഉറങ്ങില്ല എന്ന് റോയ് നിസാരമായി പറയുമ്പൊ എല്ലാത്തിനും കൂട്ട് നിൽക്കുന്ന കൊച്ചു തൊമ്മൻ ഒന്ന് ഇളകി.നെറികേട് പറയല്ലെടാ മൊനേ എന്ന് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.പിന്നെ മനസിൽ കടന്ന് വന്ന അനുഭവങ്ങൾ നിറഞ്ഞു. നീ ആ റോഡ് കണ്ടൊ നിന്റമ്മച്ചിയുടെ കയ്യും പിടിച്ച് അപ്പൻ വരുമ്പൊ അന്നവിടെ റോഡില്ല.ചെറിയൊരു കല്ലു വഴിയാ.കാലിൽ ചെരുപ്പൊ മാറിയുടുക്കാൻ മുണ്ടൊ ഇല്ല.ചെറിയ ഒരു ട്രങ്ക് പെട്ടിയുണ്ട് അമ്മച്ചിക്ക്.കിട്ടുന്നത് കിട്ടുന്നത് ഉറുമ്പ് കൂട്ടി വയ്ക്കും പോലെ അതിൽ സൂക്ഷിക്കും.അതിൽ നിന്നാടാ വീടും പതൻപത് ഏക്കർ സ്ഥലവും പ്രമാണിത്യവും എല്ലാമുണ്ടായത്.അതിന്റെ താക്കൊൽ ഞാൻ അന്നും കണ്ടിട്ടില്ല ഇന്നും കണ്ടിട്ടില്ല.15000 അല്ല 15 പൈസ അനാമത്ത് പോയാൽ അവൾക്ക് പൊള്ളും.
റോയി കുറ്റബോധവും അലസതയും കൊണ്ട് പഴങ്കഥയിൽ മടുപ്പ് പ്രകടിപ്പിക്കുമ്പൊ കൊച്ച് തൊമ്മൻ തുടരും.നിങ്ങൾക്കിത് പഴങ്കഥ.മടുക്കും.ഞങ്ങൾക്കിത് എത്ര പറഞ്ഞാലും മടുക്കില്ല.അഞ്ചാറു ലക്ഷം രൂപ കമ്പനിയിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കണത് കാണുമ്പൊ അമ്മച്ചിയുടെ മനസ് ഉരുകുന്നുണ്ട്.നീ അത് ആലോചിക്കാറുണ്ടൊ?
താൻ കടന്ന് വന്നത് തിക്തമായ അനുഭവങ്ങളിലൂടെ ആയിട്ടും മക്കളുടെ മേൽ അതൊന്നും അടിച്ചേൽപ്പിക്കാൻ കൊച്ചു തൊമ്മൻ ശ്രമിച്ചില്ല.അയാൾ പ്രാക്ടികൽ ആയിരുന്നു.മകന്റെ സന്തോഷത്തിനു വേണ്ടി എല്ലാ ആഗ്രഹങ്ങൾക്കും കള്ളത്തരത്തിനും കൂട്ടു നിന്നു.ഇതെല്ലാം ചെയ്യുമ്പോഴും ഒരു പ്രായം കഴിഞ്ഞ് അവനു ഉത്തരവാദിത്തവും കാര്യപ്രാപ്തിയും ഉണ്ടാകുമെന്ന് അയാൾ കരുതി.എന്നാൽ അങ്ങനെ വരുന്നില്ലാ എന്ന് കണ്ടപ്പൊ കൊച്ചു തൊമ്മൻ റോയിയെ ഒരു പാഠം പഠിപ്പിച്ചു.ജീവിതം എന്താണെന്ന് മനസിലാക്കിപ്പിക്കുന്ന പാഠം.അതിലൂടെ റോയ് നല്ലൊരു മനുഷ്യനായി.സർട്ടിഫിക്കറ്റ് ഇല്ലാത്ത ആ സിലബസ് പഠിപ്പിച്ച കൊച്ചു തൊമ്മനും ഒരു അധ്യാപകനാണു.സ്കൂളിലും കോളേജിലും അറിവ് പകർന്ന് തരുന്നവർ മാത്രമല്ല നമ്മുടെ ഗുരുക്കന്മാർ.ഈ അധ്യാപക ദിനത്തിൽ സിനിമയിൽ നിന്ന് ഓർക്കുന്നത് കൊച്ചു തൊമ്മനെയാണു.ഒപ്പം എനിക്ക് അറിവ് പകർന്ന് തന്ന എല്ലാ ഗുരുക്കന്മാരേയും സ്മരിക്കുന്നു.