Jijeesh Renjan
മലയാളികൾക്ക് ഏറെ പ്രിയമുള്ള സംവിധായകനാണ് സിദ്ദിഖ്. അദ്ദേഹത്തിൻറെ മുൻകാല നിത്യ ഹരിത സിനിമകളാണ് ഇതിന് കാരണം. ഈയടുത്ത് അദ്ദേഹം തന്നെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയുടെ എല്ലാവിധ എപ്പിസോഡുകളും കണ്ടിരുന്നു.അതിൽ നിന്നുതന്നെ കഥ പറയാനുള്ള അദ്ദേഹത്തിൻറെ കഴിവ് വ്യക്തമാണ്.ഒരു സിനിമയ്ക്ക് വേണ്ടി ഏത് സൂപ്പർ താരത്തിനൊപ്പവും ടീമിനൊപ്പവും ചേർന്ന് വർക്ക് ചെയ്യാൻ കഴിയും എന്നതാണ് സിദ്ദിഖിന്റെ മേന്മ.മലയാളത്തിൽ ചെയ്യുമ്പോൾ താരങ്ങളുടെ അഭിപ്രായം മാനിക്കുകയും എന്നാൽ സംവിധായകൻ എന്ന നിലയിൽ തന്റെ അധികാരവും അവകാശവും കൃത്യമായി ഉപയോഗിക്കുകയും ചെയ്യും.അതേ സമയം തമിഴിൽ സിനിമ ചെയ്യുമ്പോൾ കുറച്ച് കൂടി താരങ്ങൾക്ക് വേണ്ടി അദ്ദേഹം വിട്ടു വീഴ്ച്ച ചെയ്യും.എന്നാൽ ഹിന്ദിയിൽ സിനിമ ചെയ്തപ്പോൾ പല കാര്യങ്ങളിലും താരങ്ങളുമായും നിർമ്മാതാക്കളുമായി സഹകരിച്ച് അവർക്ക് കൂടുതൽ മേൽക്കോയ്മ നൽകി പ്രധാന അഭിപ്രായവും മാത്രം അഭിപ്രായവും തീരുമാനവും പറഞ്ഞാണ് അദ്ദേഹം സിനിമ ചെയ്തത്.
ബോഡി ഗാർഡ് ഹിന്ദിയിൽ ചെയ്തപ്പോൾ നായകനായി സൽമാനെയും അദ്ദേഹത്തിന്റെ സമ്മതത്തോടെ കരീനയെയും തീരുമാനിച്ചു.പിന്നീട് പല കാര്യങ്ങളും സൽമാൻ തന്നെയാണ് തീരുമാനിച്ചത് എന്ന് സിദ്ദിഖിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.സ്വന്തമായി ഒരു അസോസിയേറ്റിനെ വച്ച് കഴിഞ്ഞ് മ്യൂസിക്കും ആക്ഷനും ക്യാമറയും സഹതാരങ്ങളും എല്ലാം സൽമാന്റെ ഇഷ്ടപ്രകാരമായിരുന്നു.ഇതിനെയെല്ലാം കൂട്ടിയോജിപ്പിച്ചും ഫലപ്രദമായി ഉപയോഗിച്ചും ഈഗോ കൂടാതെ നിൽക്കാൻ കഴിഞ്ഞത് സിദ്ദിഖിന്റെ വിജയമായി.എല്ലാം സൽമാൻ തീരുമാനിക്കുന്നത് ഒരു പോസിറ്റീവ് കാര്യമായിട്ടാണ് സിദ്ദിക്ക് അവതരിപ്പിക്കുന്നത്.പ്രീതത്തിന്റെ പാട്ട് ശരിയാകുന്നില്ല എന്ന് വന്നപ്പോൾ സൽമാൻ പാട്ട് കേട്ട് സിദ്ദിഖ് പോലും അറിയാതെ ഹിമേഷ് രേഷമ്മ്യയേ വച്ചു.എന്നാൽ അദ്ദേഹം സൃഷ്ടിച്ച തേരി മേരി എന്ന പാട്ട് ഇന്ത്യ മുഴുവൻ തരംഗമായി എന്നത് ചരിത്രം.എന്നാൽ മിത്രാ കുര്യന്റെ റോളിലേക്ക് സൽമാൻ ലണ്ടനിൽ നിന്ന് കൊണ്ട് വന്ന നടി അത്ര ശരിയായില്ല എന്ന് തോന്നി.
അത് പോലെ മറ്റ് ഭാഷകളിലെ പോലെ സൽമാൻ ഖാന് കട്ട് പറയാൻ പറ്റില്ല.അതും സിദ്ദിക്ക് പോസിറ്റീവ് ആയി അവതരിപ്പിക്കുന്നുണ്ട്.സൽമാനു എല്ലാ സീനും ഡയലോഗും കാണാ പാഠം ആണെന്നും അത് കൊണ്ട് തെറ്റിയാൽ സ്വയം നിർത്തും എന്നുമാണ് അദ്ദേഹം പറയുന്നത്.ശരിക്കും അതൊരു താരാധിപത്യമാണെങ്കിലും സിനിമയ്ക്ക് വേണ്ടി വിട്ടു വീഴ്ച്ച ചെയ്ത് നിൽക്കാൻ സിദ്ദിഖ് തയ്യാറാവുന്നു എന്നത് മനസിലാകും.എൻ എൻ പിള്ളയെ കൊണ്ട് ഗോഡ് ഫാദറിൽ അഭിനയിപ്പിക്കാനും പിന്നീട് ഡബ് ചെയ്യിക്കാനും ക്ഷമയോടെ പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിയതും പിന്നീട് ആ സിനിമ മലയാളത്തിലെ എറ്റവും കൂടുതൽ ഓടിയ ചിത്രമായി ഇന്നും ആളുകൾ വീണ്ടും വീണ്ടും കാണുന്ന നിലയിലേക്ക് എത്തപ്പെട്ടതും ചരിത്രമാണ്.അത് പോലെ തന്നെ മറ്റൊരു രീതിയിൽ ക്ഷമയോടെ പ്രയത്നിച്ചപ്പോൾ ബോഡി ഗാർഡ് എന്ന ഇന്ത്യയിലെ തന്നെ മികച്ച കളക്ഷൻ നേടിയ ഹിന്ദി ചിത്രം സംവിധാനം ചെയ്ത് പേരെടുക്കാൻ സിദ്ദിഖിന് കഴിഞ്ഞു.നിലവിൽ പരാജയപ്പെട്ട സിനിമകൾക്ക് അദ്ദേഹം പറയുന്ന കാരണങ്ങൾ അത്ര ശരിയായി തോന്നുന്നില്ല.കുറച്ച് കൂടി ഗൗരവകരമായി ചിന്തിച്ച് തിരുത്തൽ വരുത്തിയാൽ വീണ്ടും ചരിത്രം സൃഷ്ടിക്കുവാൻ ഇപ്പോഴും പ്രാപ്തി സിദിഖിന് ഉണ്ട് എന്ന് വിശ്വസിക്കുന്നു. വേണമെങ്കിൽ ഇനി ഭാസ്കർ ദ റാസ്കൾ സൽമാനെ വച്ച് ചെയ്താൽ ഹിറ്റ് ആയേക്കും.മലയാളത്തിൽ പുതുമ വേണം.
ബോഡി ഗാർഡ് ഹിന്ദിയെ പറ്റി ചിന്തിച്ചപ്പോഴാണ് മറ്റൊരു കാര്യം ഓർമയിൽ വന്നത്.ഉദയനാണ് താരം വലിയ ഹിറ്റ് ആയ സമയത്ത് സംവിധായകൻ റോഷൻ ആൻഡ്രൂസിനെ തേടി ഹിന്ദിയിൽ നിന്നും ഓഫർ വന്നു.ഉദയനാണ് താരം അനിൽ കപൂറിനെ വച്ച് ചെയ്യാനായിരുന്നു ഓഫർ.അങ്ങനെ റോഷൻ ആൻഡ്രൂസ് അനിൽ കപൂറുമായി ചർച്ച നടത്തി.എന്നാൽ കാസ്റ്റിങ്ങും ടെക്നീഷ്യന്മാരെയും എല്ലാം അനിൽ കപൂർ തീരുമാനിച്ചു.അപ്പോ റോഷൻ ചോദിച്ചു പിന്നെ എന്താണ് എന്റെ റോൾ ? അനിൽ കപൂർ ചിരിച്ചു കൊണ്ട് പറഞ്ഞു നിങ്ങളാണ് സിനിമയുടെ ഡയറക്ടർ. എന്തായാലും അങ്ങനൊരു വിട്ടു വീഴ്ച്ച നടത്തി സംവിധാനം ചെയ്യാൻ റോഷൻ ആൻഡ്രൂസ് തയ്യാറായില്ല. ചിത്രം നടന്നുമില്ല. സിദ്ദിഖിനു സിദ്ദിഖിന്റെ നിലപാടും റോഷൻ ആൻഡ്രൂസിനു അദ്ദേഹത്തിന്റെ നിലപാടും ഉണ്ടാകും.ഏതാണ് ശരി എന്നൊന്നും പറയാനാവില്ല.അവനവന് ഏതാണോ സംതൃപ്തി നൽകുന്നത് അങ്ങനെ ഒരു തീരുമാനമാകും ആളുകൾ സ്വീകരിക്കുക.