സിനിമയും ജീവിതവും സ്വപ്നവും – 3 സിനിമാനുഭവങ്ങൾ
Jijeesh Renjan
1. മേപ്പടിയാൻ
മേപ്പടിയാൻ സിനിമയിൽ സ്ഥല കച്ചവടത്തിനിറങ്ങി ശ്വാസം മുട്ടി ഒടുവിൽ രജിസ്ട്രേഷൻ എല്ലാം പൂർത്തിയാക്കി ആശ്വാസത്തോടെ ഇറങ്ങി നിൽക്കുകയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ജയകൃഷ്ണൻ .കുണ്ടറ ജോണിക്ക് നൽകാമെന്ന് ഏറ്റ തുകയ്ക്ക് അല്പം കുറവുണ്ട്.അതിനെ പറ്റി ചിന്തിച്ചു നിൽക്കുമ്പോഴാണ് എല്ലാത്തിനും ആദ്യം മുതൽ കൂടെ നിന്ന അജു വർഗ്ഗീസ് അവതരിപ്പിച്ച സേവ്യർ സമീപിക്കുന്നത്.
ജയകൃഷ്ണാ എന്റെ ഷെയർ കിട്ടിയില്ല. എന്റെ കമ്മീഷൻ?
‘ഏഹ് നമ്മൾ തമ്മിൽ അങ്ങനെ വേണോ?’
ജയകൃഷ്ണൻ ഞെട്ടൽ മറച്ചു വയ്ക്കാതെ ദയനീയമായി ചോദിച്ചു.
വേണം ജയകൃഷ്ണാ.കച്ചവടം വേറെ കമ്പനി വേറെ.സേവ്യറുടെ പതിഞ്ഞ സ്വരത്തിന് വ്യക്തത ഉണ്ടായിരുന്നു.
ഓ ഇതിന് വേണ്ടിയായിരുന്നല്ലേ എല്ലാത്തിനും കൂടെ നിന്നത്.ജയകൃഷ്ണൻ പിന്നെയും പതുങ്ങി.
പിന്നല്ലാതെ നാട്ടു നടപ്പല്ലേ..സേവ്യറിന് നിസ്സാരം
എല്ലാ ഡീലും കഴിഞ്ഞിട്ട് കമ്മീഷൻ തരാമെന്ന് പറഞ്ഞത് പോലും കേൾക്കാതെ കമ്മീഷൻ എണ്ണി തിട്ടപ്പെടുത്തി സേവ്യർ പോകുമ്പോൾ തികയാത്ത പൈസക്ക് വേണ്ടി ജയകൃഷ്ണൻ കഴുത്തിലെ മാല ഊരി ആശാന്റെ കയ്യിൽ കൊടുത്തു.ബാക്കി അമ്മയോട് വാങ്ങാൻ പറഞ്ഞപ്പോൾ അത് താൻ നോക്കിക്കൊള്ളാമെന്ന് ആശാൻ ഏറ്റു.
വീട് വരെ നഷ്ടപ്പെട്ട ദയനീയമായ അവസ്ഥയിലും കമ്മീഷൻ ചോദിക്കുന്ന സുഹൃത്ത്, എല്ലാത്തിലും കൊണ്ടിട്ട് ഒരു ഉത്തരവാദിത്തവും ഏൽക്കാത്ത സുഹൃത്ത്, പിന്നെ നനഞ്ഞടം കുഴിക്കുന്ന ഹാജിയാർ ഇവരെയൊക്ക ജീവിതത്തിൽ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെയാണ് ഉത്തരം.പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്ന ജേക്കബുമാരും ന്യായത്തിന് വേണ്ടി നിൽക്കുന്ന തരകൻ വക്കീലും സുഹൃത്തിന് വേണ്ടി നിലകൊള്ളുന്ന ആശാനും എല്ലാം നമ്മുടെ ചുറ്റുമുണ്ട്.ഓരോ സാഹചര്യം വരുമ്പോഴാണ് നമ്മുടെ ഒപ്പമുള്ളവർ എത്തരക്കാരാണ് എന്ന് നമ്മൾ മനസിലാക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനും എന്റെ ഒരു സുഹൃത്തും കൂടി അവന്റെ വല്യച്ഛന്റെ വീട്ടിൽ പോയി.അവന്റെ അച്ഛൻ കുറച്ച് മാസം മുൻപ് വാങ്ങിയ പൈസ തിരിച്ചു കൊടുക്കാനാണ് ചെന്നത്.അവന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവാണ് വല്യച്ഛൻ. അവിടെ ആന്റി വലിയ സ്നേഹത്തിൽ സ്വീകരിച്ചു.അവൻ വല്യച്ഛന് കാശ് കൊടുത്തു.അയാൾ അത് എണ്ണി നോക്കിയിട്ട്
ഇത് പോരല്ലോ മോനേ..
പിന്നെ അകത്ത് നിന്ന് ലാപ്പ് ടോപ്പ് എടുത്ത് പലിശ കണക്ക് കൂട്ടി പറഞ്ഞു.അടുത്ത ബന്ധു ആയത് കൊണ്ട് പലിശക്ക് ആയിരിക്കും എന്ന ചിന്ത അവന്റെ വീട്ടുകാർക്കുണ്ടായിരുന്നില്ല എന്ന് തോന്നുന്നു.അച്ഛനോട് പറയാം എന്ന് പറഞ്ഞ് അവനും ഞാനും അവിടെ നിന്നിറങ്ങി.അവിടെ ആന്റി കൊണ്ട് വസിച്ചിരുന്ന ജ്യൂസും കുടിച്ചു.
ജ്യൂസ് വേണ്ട ആന്റി.അങ്കിൾ അതിന് കൂടി പൈസ വാങ്ങും എന്ന് സിനിമാ മട്ടിൽ ഡയലോഗ് പറയാൻ എനിക്ക് തോന്നി.പക്ഷെ ജീവിതത്തിൽ അങ്ങനെ പറ്റണം എന്നില്ലല്ലോ.
ബൈക്കും എടുത്ത് മുന്നോട്ട് പോകുമ്പോൾ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.അല്പം കഴിഞ്ഞ് അവൻ നിരാശയോടെ പറഞ്ഞു
ഇട്ട് മൂടാനുള്ള പൈസ ഉണ്ട് പുള്ളിക്ക്.എന്നിട്ടാ
ഞാൻ ഒന്ന് മൂളി.
അല്ലേലും ഇങ്ങനെയൊക്കെ പൈസ കൈകാര്യം ചെയ്യുന്നവർക്കേ ദൈവം കൂടുതൽ പണം കൊടുക്കൂ എന്ന് കൂടി അവൻ കൂട്ടി ചേർത്തു.
അങ്ങനെ ആയിരിക്കുമോ എന്ന് ചിന്തിച്ച് കുഴങ്ങി ഞാനും കുറച്ചു നേരമിരുന്നു.
***
2. റോയ്
റോയ് സിനിമയിൽ ഭാര്യ മിസിംഗ് ആണെന്ന് പരാതി നൽകാൻ സുരാജ് പൊലീസ് സ്റ്റേഷനിൽ എത്തുന്നു.അയാൾ തന്റെ പരാതി സിഐ ആയ ഷൈൻ ടോം ചാക്കോയ്ക്ക് കൊടുക്കുന്നു.പരാതി പരിശോധിച്ച് വിശദാശംങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം അന്വേഷിച്ചിട്ട് വിവരം അറിയിക്കാമെന്ന് ഷൈൻ പറയുന്നു.അതിന് ശേഷം മറ്റൊരു കേസിന് പിറകെ പോകാൻ ഒരുങ്ങുന്ന ഷൈനോടും എസ് എസ് ഐയോടും സുരാജ് ചോദിക്കുന്നു.
“അല്ല അപ്പൊ എന്റെ ഭാര്യയുടെ മിസിംഗിനെ പറ്റി ഇപ്പൊ അനേഷിക്കുന്നില്ലേ?”
അയാളുടെ പ്രയാസവും വിചിത്രമായ പെരുമാറ്റവും കണ്ട് പോലീസുകാർ ഒന്നും പറയുന്നില്ല.അയാൾ പോയി കഴിഞ്ഞ് ഷൈൻ എസ് ഐയോട് പറഞ്ഞു
“ശരിക്കും ഇയാളാണ് മിസിംഗ്”
സുരാജ് വൃത്തിക്ക് ചെയ്തിട്ടുണ്ട് എങ്കിലും ഒരു പക്ഷെ റോയ് എന്ന കഥാപാത്രം ഷൈന് കുറേക്കൂടി യോജിച്ചേനേ..ഞാൻ ചുമ്മാ ഓർത്തത് ഈ ഒരു സീൻ ഡിസ്കസ് ചെയ്യുമ്പോൾ സംവിധായകനും ഷൈനുമായി ചിലപ്പോൾ രസകരമായ സംഭാഷണങ്ങൾ ഉണ്ടായിക്കാനും എന്നാണ്
ഷൈൻ: സംഭവം കൊള്ളാം.ഭാര്യ മിസിംഗ് ആണെന്ന് പറഞ്ഞു വരുന്ന ആളുടെ വിചിത്രമായ പെരുമാറ്റം കാണുമ്പോൾ ഞാൻ പറയണം ശരിക്കും ഭാര്യയല്ല അയാളാണ് മിസിംഗ് എന്ന്.അപ്പൊ കാണുന്നവർക്ക് തോന്നും അയാളാണോ ഭാര്യയാണോ മിസിംഗ് എന്ന്.അല്ല ഇനി ഇതെല്ലാം കൂടി കണ്ട് കഴിയുമ്പോൾ ആളുകൾക്ക് തോന്നുമോ നമുക്കാണ് മിസിംഗ് എന്ന്.ശരിക്കും ആർക്കാ..ഇനി താനാണോ മിസിംഗ്?എന്തായാലും ഇത് പോലെ വിചിത്രമായ ആളുകൾ വേറെ കാണില്ല.
ഇതൊക്കെ കേട്ടിരുന്ന് അന്തം വിടുന്ന സംവിധായകൻ :
“അത് ശരിയാ ഇത് പോലെ ഒരാൾ വേറെ കാണില്ല”
***
3. കഥ പറയാൻ ഗോകുൽ സുരേഷിനെ കാണാൻ ചെന്ന കഥ
ഒരു ദിവസം വൈകുന്നേരം ഒരു കഥ പറയാൻ ഗോകുൽ സുരേഷിനെ കാണാൻ ചെന്നു.ചെറുപ്പക്കാരനായത് കൊണ്ടാകും പെട്ടെന്ന് തന്നെ ഒരു പോസിറ്റീവ് വൈബ് ഉണ്ടായി.മാത്രമല്ല നല്ല പെരുമാറ്റവുമായിരുന്നു ഗോകുൽ.ഒന്ന് രണ്ട് കഥകൾ ഒക്കെ പറഞ്ഞിട്ട് ഗോകുലിന് ഒരു തൃപ്തി വന്നില്ല.പിന്നെ അയാൾക്ക് പറ്റിയത് ഒന്നും ഇല്ലല്ലോ എന്ന ആശങ്കയിൽ അല്ല അച്ഛന് പറ്റിയ ഒരെണ്ണം ഉണ്ട് ഒന്ന് കേട്ട് നോക്കുന്നോ എന്നായി ഞാൻ.
“ഓഹ് അച്ഛൻ ചെയ്യണമെങ്കിൽ അച്ഛൻ തന്നെ കേൾക്കണം.അല്ലാതെ അങ്ങനെയുള്ള കാര്യത്തിൽ ഒന്നും ഞാൻ ഇടപെടാറില്ല.അവരൊക്കെ അത്രേം എസ്സ്പീരിയസ് ഉള്ള ആൾക്കാരല്ലേ”
അത് ശരിയാണെന്ന് എനിക്കും തോന്നി.അങ്ങനെ പലതരം ചർച്ചകൾ വന്നപ്പോൾ ഞാൻ പറഞ്ഞ ഒരു കഥ ഗോകുലിന് ഇഷ്ടമായി.ഇത് സംഭവം കൊള്ളാല്ലോ.. ഇതിന്റെ സ്ക്രിപ്റ്റ് ഉണ്ടോ എന്നായി.
ശരിക്കും ആ ഒരു കഥയിലേക്ക് ഗോകുലിനെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ടായിരുന്നില്ല.പിന്നെ ഓരോന്ന് പറഞ്ഞു വന്ന കൂട്ടത്തിൽ അങ്ങ് പറഞ്ഞു പോയതായിരുന്നു.എന്തായാലും ഫുൾ സ്ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അയാൾക്കും താത്പര്യമായി.എന്നാൽ സംസാരിച്ച് ഒരുപാട് വൈകിയിരുന്നു.പെട്ടെന്ന് ഗോകുൽ പറഞ്ഞു
” ഒരു കാര്യം ചെയ്യ് നമുക്ക് നാളെ ഒന്ന് വായിക്കാം.കഥയൊക്കെ കേട്ട് ചുമ്മാ ചാടിക്കയറി ചെയ്തത് പലതും നല്ല പണി തന്നു.അത് കൊണ്ട് കുറച്ച് സെലക്ടീവ് ആകാമെന്ന് കരുതി”.
അല്ല പോയിട്ട് പിന്നെയും വരിക എന്ന് പറയുമ്പോൾ എനിക്ക് ..
പറഞ്ഞു തീരും മുൻപേ ഗോകുൽ പറഞ്ഞു നമുക്ക് ഇവിടെ കൂടാമെന്നെ..
പിന്നെ ഗോകുലിന്റെ മഹിന്ദ്ര ഥാറിൽ ഒരു നൈറ്റ് ട്രിപ്പ്.ഒരുപാട് സംസാരിക്കുകയും ചെയ്തു.പിന്നീട് ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ചു.വണ്ടി ചെന്ന് നിന്നത് വേറെ ഒരു കോട്ടേജിന്റെ മുന്നിലായിരുന്നു.ഒന്നും കാണാൻ വയ്യ ഭയങ്കര ഇരുട്ടും.അകത്ത് കയറിയ പാടെ അയാൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.
ഞാൻ രാവിലെ കണ്ണ് തുറന്ന് മൊബൈൽ നോക്കിയപ്പോൾ റെയിഞ്ച് ഒന്നുമില്ല,അകത്ത് പോയപ്പോൾ ഗോകുൽ ഉറക്കം.ഞാൻ തട്ടി വിളിച്ചപ്പോൾ കിടന്ന് കൊണ്ട് തന്നെ
“ഇയാൾ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങി കൊണ്ട് വാ.ഇവിടെ ഒന്നുമിരിപ്പില്ല”
ഞാൻ പതുക്കെ പുറത്തേക്ക് ഇറങ്ങിയപ്പോൾ വലിയ ഒരു കാടിന്റെ നടുക്കാണ് കോട്ടേജ്.സുരേഷ് ഗോപിയുടെ എസ്സ്റ്റേറ്റോ മറ്റോ ആകണം.
ഞാൻ പതുക്കെ നടന്നു.എങ്ങും എത്തുന്നില്ല.പിന്നീട് വഴിയും തെറ്റി.ആകെ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
കുറച്ച് അങ്ങനെ മുന്നോട്ട് നടന്നപ്പോൾ ഒരു താടി വച്ച ചെറുപ്പക്കാരനെ കണ്ടു.
അങ്ങോട്ട് ചോദിക്കുന്നതിന് മുൻപേ അവൻ ഇങ്ങോട്ട് വന്നു ചോദിച്ചു.
ഗോകുൽ സുരേഷിന്റെ കൂടെ വന്നതല്ലേ??
ഞങ്ങൾ ഒരുമിച്ച് കോട്ടേജ് ലക്ഷ്യമാക്കി തിരിച്ചു നടന്നു.അവിടെ ചെന്നപ്പോൾ ഥാറുമില്ല കോട്ടേജുമില്ല.അന്തം വിട്ട് നിൽകുമ്പോൾ പുറകിൽ നിന്ന് വേറെ ഒരു ചെറുപ്പക്കാരന്റെ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി.
ആ ഞെട്ടലിൽ ഞാൻ ഉറക്കം എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.വെളുപ്പിനെ 4.35.പിന്നെ ഉറക്കം വന്നില്ല.ഗോകുലിനെ കാണാൻ എന്താ കാര്യം?കിടക്കുന്നതിന് മുൻപേ അയാളും അജു വർഗീസും തമ്മിലുള്ള പരസ്യം കണ്ടത് കൊണ്ടാകും.എന്നാലും എന്റെ ഗോകുലേ ഇങ്ങനെ കഥ പറയാൻ വരുന്ന ചെറുപ്പക്കാരെ കാട്ടിൽ കൊണ്ട് തള്ളാമോ?എന്തിനായിരിക്കുമത്?